Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഹിൻഡെൻബർഗ് റിപ്പോർട്ട് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് അദാനി അനുകൂലികൾ പറയുമ്പോഴും, സംഗതി ഗൗരവമായി കണ്ട് സെബി; കഴിഞ്ഞ ഒരുവർഷത്തിനിടെ, അദാനി ഗ്രൂപ്പ് നടത്തിയ വിദേശ ഇടപാടുകൾ പരിശോധിക്കുന്നു; മൗറീഷ്യസ്, യു.എ.ഇ, കരീബിയൻ രാജ്യങ്ങളിലെ ഷെൽ കമ്പനികൾ വഴി വിപണിയിൽ കൃത്രിമം കാട്ടി എന്ന ഹിൻഡെൻബർഗ് റിപ്പോർട്ടോടെ സെബി പിടിമുറുക്കുന്നു

ഹിൻഡെൻബർഗ് റിപ്പോർട്ട് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ടെന്ന് അദാനി അനുകൂലികൾ പറയുമ്പോഴും, സംഗതി ഗൗരവമായി കണ്ട് സെബി; കഴിഞ്ഞ ഒരുവർഷത്തിനിടെ, അദാനി ഗ്രൂപ്പ് നടത്തിയ വിദേശ ഇടപാടുകൾ പരിശോധിക്കുന്നു; മൗറീഷ്യസ്, യു.എ.ഇ, കരീബിയൻ രാജ്യങ്ങളിലെ ഷെൽ കമ്പനികൾ വഴി വിപണിയിൽ കൃത്രിമം കാട്ടി എന്ന ഹിൻഡെൻബർഗ് റിപ്പോർട്ടോടെ സെബി പിടിമുറുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കളി തുടങ്ങിയപ്പോൾ തന്നെ അദാനിയുടെ ഓഹരികൾക്ക് വല്ലാതെ വീണുപരിക്ക് പറ്റി. ഷോർട്ട് സെല്ലറായ ഹിൻഡെൻബർഗിന്റെ ഗവേഷണ റിപ്പോർട്ട് അദാനി കമ്പനികളുടെ ഓഹരി മൂല്യത്തിന് സാരമായ പരിക്കേൽപ്പിച്ച് കൊണ്ട് നിക്ഷേപകരുടെ കീശയിൽ കൈയിട്ട് വാരിയിരിക്കുകയാണ്.

എതിരാളി ശക്തനോ? ആരോപണങ്ങൾ ഇങ്ങനെ

കോർപറേറ്റ് രംഗത്തെ തട്ടിപ്പുകൾ പുറത്തുകൊണ്ടുവരുന്ന നിക്ഷേപ-ഗവേഷണ സ്ഥാപനമാണ് ഹിൻഡെൻബർഗ്. നാഥാൻ ആൻഡേഴ്സണാണ് സ്ഥാപകൻ. ഷോർട്ട് സെല്ലിങ് നിക്ഷേപ രീതിക്കാണ് കമ്പനി പ്രാധാന്യം നൽകുന്നത്. അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ചുവച്ച തുകയിലാണ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നാണ് ഹിൻഡൻബർഗിന്റെ ആരോപണം. 12000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും 2 വർഷമെടുത്തു തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പറയുന്നു.

അദാനി ഗ്രൂപ്പിന്റെ കമ്പനി അക്കൗണ്ടിങ്ങിലും കോർപ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നാണ് ഹിൻഡെൻബർഗിന്റെ ആരോപണം. അദാനി എന്റർപ്രൈസസിന് എട്ടു വർഷത്തിനിടെ അഞ്ച് ചീഫ് ഫിനാൻഷ്യൽ ഓഫീസർമാർ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്‌നങ്ങളുടെ സൂചനയാണ്. വിപണിയിൽ വലിയ രീതിയിൽ കൃത്രിമം നടക്കുന്നു. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മൗറീഷ്യസ്, യു.എ.ഇ., കരീബിയൻ രാജ്യങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം ഷെൽ കമ്പനികൾ വഴിയാണ് വിപണിയിൽ കൃത്രിമം നടത്തുന്നതെന്നാണ് ആരോപണം. 129 പേജുള്ള റിപ്പോർട്ട് തങ്ങളുടെ രണ്ടു വർഷത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയതാണെന്നാണ് ഹിൻഡെൻബർഗ് അവകാശപ്പെടുന്നത്. അദാനി ഗ്രൂപ്പ് ഏതുതരത്തിലുള്ള നിയമനടപടി സ്വീകരിച്ചാലും അതിനെ സ്വാഗതം ചെയ്യുന്നതായി ഹിൻഡെൻബർഗ് പ്രസ്താവനയിൽ പറഞ്ഞു. 'അദാനി ഗൗരവമായിട്ടാണ് നിയമനടപടിയെ കുറിച്ച് പറയുന്നതെങ്കിൽ ഞങ്ങൾ പ്രവർത്തിക്കുന്ന യുഎസിലും കേസ് ഫയൽ ചെയ്യണം. നിയമ നടപടികൾക്കാവശ്യമായ നിരവധി രേഖകൾ ഞങ്ങളുടെ പക്കലുണ്ട്', ഹിൻഡെൻബർഗ് അറിയിച്ചു.

ഹിൻഡെൻബർഗ് പറയുന്നത് വിശ്വസിക്കാമോ?

ഫോറൻസിക് ഷോട്ട് സെല്ലേഴ്‌സ് പറയുന്നത് എല്ലായ്‌പ്പോഴും ശരിയാകണമെന്നില്ല. അവർ പറയുന്നത് ശരിയായ ബോധ്യത്തിലാണെങ്കിൽ, കള്ളത്തരം കാണിക്കുന്ന കമ്പനികളെ ആദ്യം പിടിക്കുന്നതും ഷോട്ട് സെല്ലേഴ്‌സ് ആയിരിക്കും. ഈ നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടിലെ എന്റോൺ കുംഭകോണമായാലും, സമീപ പതിറ്റാണ്ടിലെ വയർ കാർഡ് കുംഭകോണമായാവും ഷോട്ട് സെല്ലേഴ്‌സോ, അന്വേഷണാത്മക മാധ്യമ പ്രവർത്തകരോ ആണ് ആദ്യം അക്കാര്യം നാട്ടുകാരോട് വിളിച്ചുകൂവിയത്. തട്ടിപ്പുകണ്ടുപിടിക്കുന്നതിലും നിലപാട് സ്വീകരിക്കുന്നതിലും, ഷോട്ട് സെല്ലർമാർ മറ്റുള്ളവരേക്കാൾ ഒരുവർഷമെങ്കിലും മുന്നിലായിരിക്കും. നിക്ഷേപകരും, വിപണിയെ നിയന്ത്രിക്കുന്നവരും ഒക്കെ ചിലപ്പോൾ വളരെ വൈകിയാവും കാര്യങ്ങൾ അറിയുക.

ഷോട്ട് സെല്ലേഴ്‌സ സാധാരണയായി രണ്ടുതരക്കാരാണ്. ഒരു കമ്പനിയുടെ ഓഹരിക്ക് അമിത മൂല്യമുണ്ടന്ന് വിലയിരുത്തി ഷോട്ട് സെല്ലിങ് നടത്തുന്നവർ. രണ്ടാമത്തെ കൂട്ടർ, മാസങ്ങളോ, വർഷങ്ങളോ ഒരു കമ്പനിയെ കുറിച്ച് ഫോറൻസിക് ഗവേഷണം നടത്തി ഒരു നിലപാട് സ്വീകരിച്ച് പൊതുജനങ്ങളെ അറിയിക്കുന്നു. ഹിൻഡെൻബർഗ് രണ്ടാമത്തെ തരക്കാരാണ്. മറ്റുചില പ്രശസ്ത ഷോട്ട് സെല്ലേഴ്‌സ് മഡി വാട്ടേഴ്‌സ്, സിട്രൺ റിസർച്ച്, കൈനിക്കോസ് അസേസിയേറ്റ്‌സ് എന്നിവയാണ്.

എളുപ്പത്തിൽ പണമുണ്ടാക്കി ഓടി പോകുന്നവരല്ല ഇത്തരം ഷോട്ട് സെല്ലേഴ്‌സ്. ദീർഘനാളത്തെ ഗവേഷണഫലമായി അവർ നിഗമനങ്ങളിൽ എത്തുകയാണ്.

ഷോട്ട് സെല്ലേഴ്‌സിന് വിരുദ്ധ താൽപര്യങ്ങളോ?

ഓഹരിമൂല്യം ഇടിഞ്ഞാൽ, തീർച്ചയായും ഷോട്ട് സെല്ലർമാർ കാശുണ്ടാക്കും. ഒരു കമ്പനിയുടെ സ്‌റ്റോക്കിൽ നിലപാടുകൾ സ്വീകരിക്കുകയും, ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് വഴി അവർ നേട്ടമുണ്ടാക്കുന്നുണ്ട്. എന്നാൽ, ഇത് ഒരു ഫണ്ട് മാനേജർ ചെയ്യുന്നതിൽ നിന്നും വലിയ വ്യത്യാസമൊന്നും ഉള്ള കാര്യമൊന്നുമല്ല. അതുകൊണ്ട് തന്നെ ഷോട്ട് സെല്ലർമാർക്കെതിരെ വിരുദ്ധ താൽപര്യം എന്ന വാദം വിലപ്പോവില്ല. ഹിൻഡൻബർഗിന്റെ കാര്യത്തിൽ, ഇലക്രിക് വാഹന കമ്പനികളായ നിക്കോള, ലോഡ്‌സ്ഡൗൺ മോട്ടേഴ്‌സ് തുടങ്ങിയവയുടെ കാര്യത്തിൽ കഴിഞ്ഞ രണ്ടുവർഷത്തിനിടെ, വിജയകരമായ റിപ്പോർട്ടുകളുടെ ക്രെഡിറ്റ് അവകാശപ്പെടാം. ഇന്ത്യൻ കമ്പനിയായ ഇറോസ് ഇന്റർനാഷണലുമായി ബന്ധപ്പെട്ട റിപ്പോർട്ടും ശരിയാണെന്ന് വന്നു. എന്നാൽ, ബ്ലൂം എനർജിക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങൾ പാളിപ്പോവുകയും ചെയ്തു. അതുകൊണ്ട് തന്നെ നിക്ഷേപകർ മനസ്സിൽ കരുതേണ്ട കാര്യം ഷോട്ട് സെല്ലേഴ്‌സ് എല്ലായ്‌പ്പോഴും ശരിയാവണമെന്നില്ല. അതുകൊണ്ട് തന്നെ തീരുമാനം എടുക്കും മുമ്പ് പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ട് നന്നായി മനസ്സിരുത്തി പഠിക്കണം..

സെബി പിടിമുറുക്കുന്നു

അദാനി ഗ്രൂപ്പിന്റെ ഓഫ് ഷോർ ഫണ്ടുകളെ കുറിച്ച് സെബി അന്വേഷിച്ചുവരികയാണ്. ഹിൻഡൻബർഗിന്റെ റിപ്പോർട്ട് സെബി ഉപയോഗിച്ചേക്കുമെന്നും റിപ്പോർട്ടുകൾ വരുന്നു. അദാനി ഗ്രൂപ്പിന്റെ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരെ കുറിച്ച് പ്രാഥമികതല അന്വേഷണമാണ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നടത്തുന്നത്. കഴിഞ്ഞ ഒരുവർഷത്തിനിടെ, അദാനി നടത്തിയ ഇടപാടുകൾ പരിശോധിച്ചുവരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഇനി ഹിൻഡൻബർഗ് റിപ്പോർട്ട് കൂടി പഠിക്കും.

ഇന്ത്യയിലെ അംബുജ സിമന്റ്‌സിലും, എസിസി ലിമിറ്റഡിലും, സ്വിറ്റ്‌സർലണ്ട് കേന്ദ്രമായുള്ള ഹോൾസിം ലിമിറ്റഡിന്റെ ഓഹരികൾ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സെബി പരിശോധന നടത്തിയിരുന്നു. ഇടപാടിന് ഉപയോഗിച്ച എസ്‌പിവി( ഓഫ്‌ഷോർ സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ) സെബി പരിശോധിക്കുകയായിരുന്നു. ഈ ഇടപാടിന്റെ ഫണ്ടിങ്ങിൽ 17 വിദേശ നിക്ഷേപ കമ്പനികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ കമ്പനികളെ കുറിച്ച് സെബി അദാനി ഗ്രൂപ്പിനോട് കഴിഞ്ഞ വർഷം വിശദീകരണം ചോദിക്കുകയും ചെയ്തു. ഈ വിശദീകരണം സെബി പരിശോധിച്ചുവരികയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

2021 ജൂണിൽ, മൂന്ന് വിദേശ നിക്ഷേപ കമ്പനികൾക്കെതിരെ നാഷനൽ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡ് (എൻ.എസ്.ഡി.എൽ) നടപടിയെടുത്തതിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ തകർന്നടിഞ്ഞിരുന്നു. അദാനി പോർട്‌സ് (8.36 ശതമാനം ഇടിവ്), അദാനി എന്റർപ്രൈസസ് (6.26 ശതമാനം ഇടിവ്), അദാനി ടോട്ടൽ ഗ്യാസ് (5 ശതമാനം ഇടിവ്), അദാനി ട്രാൻസ്മിഷൻ (5 ശതമാനം ഇടിവ്), അദാനി പവർ (5 ശതമാനം ഇടിവ്), അദാനി ഗ്രീൻ എനർജി (4.13 ശതമാനം) ) എന്നിങ്ങനെയാണ് വിവിധ ഓഹരികൾക്ക് ഇന്ന് ഇടിവുണ്ടായത്. പിന്നീട് മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് പറഞ്ഞ് അദാനി എന്റർപ്രൈസസ് ഒരു പ്രസ്താവന ഇറക്കി.

''അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരികൾ കൈവശമുള്ള ആൽബുല ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എപിഎംഎസ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവയുടെ മൂന്നു വിദേശ ഫണ്ടുകൾ എൻഎസ്ഡിഎൽ മരവിപ്പിച്ചുവെന്ന് ഒരു മാധ്യമം പ്രസിദ്ധീകരിച്ച വാർത്തകൾ ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. ഈ റിപ്പോർട്ടുകൾ പൂർണമായി തെറ്റാണ്, നിക്ഷേപ സമൂഹത്തെ മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതിനാണ് ഇത് ചെയ്യുന്നത്. ഇത് നിക്ഷേപകർക്ക് സാമ്പത്തിക മൂല്യത്തെ നികത്താനാവാത്തവിധം നഷ്ടപ്പെടുത്തുന്നു, ''അദാനി എന്റർപ്രൈസസ് അന്ന് പ്രസ്താവനയിൽ പറഞ്ഞു.

അക്കൗണ്ടുകൾ മരവിപ്പിച്ചത് മറ്റൊരു ക്രമക്കേട് കാരണമാണെന്നും അദാനി ഗ്രൂപ്പ് കമ്പനികളിലെ ഇവരുടെ നിക്ഷേപവുമായി അതിന് ബന്ധമൊന്നുമില്ല എന്നും എൻഎസ് ഡിഎൽ പിന്നീട് വ്യക്തമാക്കി. ഇതോടെ ഓഹരി വിലകൾ വർദ്ധിക്കുകയും ചെയ്തു. എന്തായാലും അദാനി ഗ്രൂപ്പ് ഓഹരി വിലയിൽ കൃത്രിമം കാട്ടിയിട്ടുണ്ടോ എന്ന സെബിയുടെ 2020 ൽ ആരംഭിച്ച അന്വേഷണം ഇപ്പോഴും തുടരുകയാണ്.

ഹിൻഡൻബർഗ് റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ല?

ഷോട്ട് സെല്ലർമാരും ആക്റ്റിവിസ്റ്റ് നിക്ഷേപകരും കമ്പനികളുമായി ഏറ്റുമുട്ടുന്നത് അമേരിക്കയിൽ പതിവാണ്. ബ്ലുചിപ്പ് കമ്പനികളായ ആപ്പിളും, ടെസ്ലയും ഒക്കം ഇങ്ങനെ ആക്രമണം നേരിട്ടിട്ടുണ്ട്. ഈ പരിപാടി ഇന്ത്യയിൽ അധികം കാണാറില്ല. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പുതുതായി ഒന്നുമില്ല എന്നാണ് കോർപറേറ്റ് ഗവേണൻസ് സ്ഥാപനമായ ഇൻഗവേൺ പറയുന്നത്. അദാനി ഗ്രൂപ്പിന് എതിരായ പഴയ ആരോപണങ്ങളുടെ സംഗ്രഹം മാത്രമാണ് ഹിൻഡൻബർഗ് റിപ്പോർട്ടെന്ന് ഇൻഗവേൺ വിലയിരുത്തുന്നു.

ഈ റിപ്പോർട്ട് അദാനി ഗ്രൂപ്പിന് എതിരെ നടപടി ഒന്നും ക്ഷണിച്ചുവരുത്തില്ലെന്നും ഇൻഗവേൺ കരുതുന്നു. ഹിൻഡൻബർഗ് സെബിയുടെ മുമ്പാകെ പ്രത്യേക പരാതികൾ ഒന്നും നൽകിയിട്ടില്ല. വിപണിയിലെ ചൂഷണവുമായി ബന്ധപ്പെട്ട് പ്രത്യേക പരാതികളിലാണ് സാധാരണ സെബി നടപടി എടുക്കാറുള്ളത്. എന്തായാലും സെബി ഹിൻഡൻബർഗ് റിപ്പോർട്ട് പഠിക്കുന്നുണ്ടെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP