Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അടയ്ക്കാൻ വീഴ്ചവരുത്തിയ നികുതി ഈടാക്കാൻ റവന്യൂ റിക്കവറിക്ക് ഇനി ഉദ്യോഗസ്ഥർക്ക് അധികാരം; മിന്നൽ പരിശോധനയ്‌ക്കൊപ്പം കൂടുതൽ ഇടപെടലുകൾ ഉണ്ടാകും; ജി എസ് ടി ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉത്തരവാദിത്വം നൽകി കേന്ദ്ര ധനവകുപ്പ്; ജി എസ് ടി വരുമാനം കൂട്ടാൻ ഉറച്ച് നീക്കങ്ങൾ

അടയ്ക്കാൻ വീഴ്ചവരുത്തിയ നികുതി ഈടാക്കാൻ റവന്യൂ റിക്കവറിക്ക് ഇനി ഉദ്യോഗസ്ഥർക്ക് അധികാരം; മിന്നൽ പരിശോധനയ്‌ക്കൊപ്പം കൂടുതൽ ഇടപെടലുകൾ ഉണ്ടാകും; ജി എസ് ടി ഉദ്യോഗസ്ഥർക്ക് കൂടുതൽ ഉത്തരവാദിത്വം നൽകി കേന്ദ്ര ധനവകുപ്പ്; ജി എസ് ടി വരുമാനം കൂട്ടാൻ ഉറച്ച് നീക്കങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നികുതി അടയ്ക്കുന്നതിൽ ക്രമക്കേട് കണ്ടെത്തിയാൽ വ്യാപാര, വാണിജ്യസ്ഥാപനങ്ങളിൽ മിന്നൽപ്പരിശോധന നടത്തി ജപ്തി നടപടികളിലേയ്ക്ക് കടക്കാൻ ജി.എസ്.ടി ഉദ്യോഗസ്ഥർക്ക് അധികാരം. ജനുവരി ഒന്നുമുതൽ ഇത് നടപ്പാക്കും. ഇതോടെ നികുതി പിരിവ് കൂടുതൽ കാര്യക്ഷ്മമാകുമെന്നാണ് പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് മിന്നിൽ പരിശോധനയിലും മറ്റും കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനമിറക്കിയത്.

നികുതിവെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനങ്ങളിൽ മിന്നൽപ്പരിശോധന നടത്താൻ നേരത്തേ അധികാരമുണ്ടായിരുന്നു. എന്നാൽ, അടയ്ക്കാൻ വീഴ്ചവരുത്തിയ നികുതി ഈടാക്കാൻ റവന്യൂ റിക്കവറിക്ക് ഉദ്യോഗസ്ഥർക്ക് അനുവാദം നൽകുന്നത് ഇപ്പോഴാണ്. ഇതിനായി മുൻകൂർ നോട്ടീസ് അയക്കാതെ ഉദ്യോഗസ്ഥരെത്തും. കേന്ദ്ര ധനനിയമത്തിൽ ഉൾപ്പെടുത്തിയ വ്യവസ്ഥയാണ് നടപ്പാക്കുന്നത്. വാണിജ്യ ഇടപാടുകളും അടയ്ക്കുന്ന നികുതിയും തമ്മിൽ ഒട്ടേറെ കേസുകളിൽ പൊരുത്തക്കേട് കണ്ടെത്തിയിരുന്നു.

ജി.എസ്.ടി സംവിധാനത്തിൽ രണ്ടുതരം റിട്ടേണുകളാണ് സമർപ്പിക്കേണ്ടത്. ജി.എസ്.ടി.ആർ-വൺ, ജി.എസ്.ടി.ആർ ത്രീ-ബി എന്നിവ. ആദ്യത്തെ റിട്ടേണിലാണ് സ്ഥാപനമുടമ നടത്തിയ എല്ലാ വാങ്ങലും വിൽപ്പനയും സംബന്ധിച്ച വിശദാംശങ്ങൾ നൽകേണ്ടത്. രണ്ടാമത്തേതിൽ നികുതിബാധ്യത അറിയിക്കണം. വെളിപ്പെടുത്തുന്ന നികുതിബാധ്യത ജി.എസ്.ടി.ആർ-വൺ പ്രകാരമുള്ള ഇടപാടുകളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ നികുതിവെട്ടിപ്പായി കണക്കാക്കും.

ശേഷിക്കുന്ന നികുതിപ്പണം ഈടക്കാനാണ് റവന്യൂ റിക്കവറി നടത്തുക. ജി.എസ്.ടി കമ്മിഷണർക്ക് യുക്തമെന്ന് കണ്ടാൽ ബാങ്ക്അക്കൗണ്ടും വസ്തുവകകളും താത്കാലികമായി പിടിച്ചെടുക്കാം. പിന്നീട് നിയമപരമായ മാർഗങ്ങളിലൂടെ ജപ്തി നടപടികൾ അന്തിമമാക്കാനും കഴിയും. ജി എസ് ടി നഷ്ടപരിഹാര പാക്കേജ് അടുത്ത വർഷം അവസാനിക്കും. ഈ സാഹചര്യത്തിലാണ് വരുമാനം കൂട്ടാനുള്ള നിയമ നിർമ്മാണം.

ജി.എസ്.ടി രജിസ്ട്രേഷനും റീഫണ്ടിനും റദ്ദായ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കാനും ജനുവരി ഒന്നുമുതൽ ആധാർനമ്പർ നൽകണം. ഇത് നിർബന്ധമാക്കുന്ന വിജ്ഞാപനവും കേന്ദ്രം പുറപ്പെടുവിച്ചു. നിലവിൽ രജിസ്ട്രേഷൻ ഉള്ളവർക്ക് ഇത് നിർബന്ധമല്ല. എന്നാൽ, റീഫണ്ടിന് അപേക്ഷ നൽകുമ്പോൾ ആധാർനമ്പർ ബന്ധിപ്പിച്ചേ മതിയാകൂ. അങ്ങനെ എല്ലാ അർത്ഥത്തിലും നികുതി പിരിവിൽ ഇടപെടുകയാണ് കേന്ദ്രം.

ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന അപാകതകൾ പരിഹരിക്കുന്നതിനുള്ള നടപടികളും വേഗത്തിലാക്കും. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് റവന്യു വരവ് കുറഞ്ഞതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. ഇപ്പോൾ സ്ഥിതിഗതികൾ മാറിയ സാഹചര്യത്തിലാണ് നികുതി ഘടനയിലെ പോരായ്മകൾ പരിഹരിക്കാനുള്ള നീക്കം. നികുതി നിരക്കിലെ അപാകതകൾ ബിസിനസ് സംരംഭങ്ങളിലേക്കുള്ള ഫണ്ട് വരവിനെ പ്രതികൂലമായി ബാധിച്ചെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം ഉടൻ പരിഹരിക്കാനാണ് നീക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP