Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആവശ്യത്തിന് വിദ്യാർത്ഥികൾ ഇല്ലാതെ 53654 അദ്ധ്യാപകർ കൂടുതലുള്ള സ്‌കൂളുകൾ സർക്കാറിന് വരുത്തിവെക്കുന്നത് 3391 കോടിയുടെ അധിക ചെലവ്; എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക നിയമനം ബന്ധുനിയമനമാക്കുന്ന ശൈലി അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു; ജീവനക്കാരുടെ എണ്ണം കുറവായിട്ടും എല്ലാം മികച്ച രീതിയിൽ പോകുന്നത് മോട്ടോർ വാഹന വകുപ്പിൽ; 5412 അൺ എക്കണോമിക്ക് സ്‌കൂളുകൾ അടച്ചുപൂട്ടി കുട്ടികളെ ഊട്ടിയിലെ സ്‌കൂളിൽ വിട്ടു പഠിപ്പിച്ചാൽ അതാകും സർക്കാറിന് ലാഭം; സർക്കാർ ശമ്പളത്തിലെ ഞെട്ടിക്കുന്ന കണക്കുകൾ

ആവശ്യത്തിന് വിദ്യാർത്ഥികൾ ഇല്ലാതെ 53654 അദ്ധ്യാപകർ കൂടുതലുള്ള സ്‌കൂളുകൾ സർക്കാറിന് വരുത്തിവെക്കുന്നത് 3391 കോടിയുടെ അധിക ചെലവ്; എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക നിയമനം ബന്ധുനിയമനമാക്കുന്ന ശൈലി അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു; ജീവനക്കാരുടെ എണ്ണം കുറവായിട്ടും എല്ലാം മികച്ച രീതിയിൽ പോകുന്നത് മോട്ടോർ വാഹന വകുപ്പിൽ; 5412 അൺ എക്കണോമിക്ക് സ്‌കൂളുകൾ അടച്ചുപൂട്ടി കുട്ടികളെ ഊട്ടിയിലെ സ്‌കൂളിൽ വിട്ടു പഠിപ്പിച്ചാൽ അതാകും സർക്കാറിന് ലാഭം; സർക്കാർ ശമ്പളത്തിലെ ഞെട്ടിക്കുന്ന കണക്കുകൾ

ജെയിംസ് വടക്കൻ

വശ്യത്തിന് വിദ്യാർത്ഥികൾ ഇല്ലാതെ 53654 അദ്ധ്യാപകർ കൂടുതൽ - പ്രതിവർഷം 3391 കോടിയുടെ അധിക ചെലവ്. മോട്ടോർ വാഹന വകുപ്പിൽ വാഹനങ്ങൾ കൂടിയത് 20 ഇരട്ടി ജീവനക്കാർ കൂടിയത് ഇരട്ടി മാത്രം. സർക്കാർ ചെലവ് കുറക്കാൻ ഇതാ വഴികൾ. സർക്കാർ ജീവനക്കാരൻ സമൂഹത്തിന്റെ അനിവാര്യത ആണെന്നും അതിനെ നിയന്ത്രിക്കാനോ അവരുടെ ശമ്പള ചെലവിൽ കൈവെക്കാനോ ആർക്കും അവകാശമില്ലെന്നും രാഷ്ട്രീയ പാർട്ടികളുടെ ( മന്ത്രിമാരുടെ ) നയങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നത് സർക്കാർ ജീവനക്കാരാണെന്നും അത് കമ്മിറ്റഡ് (ഒഴിവാക്കാനാവാത്ത ) ചെലവാണെന്നും അതിനെ ആരും നിയന്ത്രിക്കരുതെന്നുമാണ് പൊതു ചിന്ത. ഇത്രയും സർക്കാർ ജീവനക്കാർ ആവശ്യമുണ്ടോ? ഉള്ളവരെല്ലാം 10 മുതൽ 5 വരെ പണിയെടുക്കുന്നുണ്ടോ ? എന്താണ് അയൽ സംസ്ഥാനങ്ങളിലെ സ്ഥിതി എന്നൊന്നും ആരും അന്വേഷിക്കുന്നില്ല.

കേരളത്തിലെ സർക്കാർ ജീവനക്കാരിലെ നല്ലൊരു ശതമാനവും പണിയെടുക്കു വിദ്യാഭ്യാസമേഖലയിലാണ്. ആകെയുള്ള 521531 സർക്കാർ ജീവനക്കാരിൽ 171434 പേരും (32.87%) പണിയെടുക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പിലാണ്. ഹയർ സെക്കണ്ടറി മേഖലയിൽ മറ്റൊരു 30617 ജീവനക്കാരും കോളേജ് വിദ്യാഭ്യാസ വകുപ്പിൽ 22702 പേരും പണിയെടുക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ തന്നെ ആകെ 256080 ജീവനക്കാരുണ്ട്. ആകെ സർക്കാർ ജീവനക്കാരുടെ 49% വിദ്യാഭ്യാസ മേഖലയിലാണ്. കുട്ടികൾ കുറഞ്ഞു കൊണ്ടിരിക്കുന്ന ആ മേഖലയിൽ ഇത്രയും അദ്ധ്യാപകരെ നിലനിർത്തേണ്ടതുണ്ടോ? ചോദിക്കാനാരുമില്ല. 521531 സർക്കാർ ജീവനക്കാർക്കായി 32931.40 കോടി രൂപ ശമ്പള ഇനത്തിൽ ചിലവഴിക്കുമ്പോൾ പൊതു വിദ്യാഭ്യാസ മേഖലയിലെ വാർഷിക ശമ്പള ചെലവ് 16169.84 കോടി രൂപയാണ്. ഒരു അദ്ധ്യാപകന്റെ ശരാശരി ശമ്പള ചെലവ് 6.32 ലക്ഷം രൂപയാണ്.

ഈ വിഷയത്തിൽ അടുത്ത നാളുകളിൽ ചോദിച്ച ഒരു പോസ്റ്റ് ഇങ്ങനെ പറയുന്നു ' സർക്കാർ റവന്യൂ വരുമാനത്തിൽ 70% സർക്കാർ ജീവനക്കാർ കൊണ്ടുപോയി തിന്നുന്നു ' എന്ന പ്രയോഗം ഇൻഫാം പോലുള്ള സംഘടനാ നേതാക്കൾ കർഷക ജനതയെ തെരുവിലിറക്കാൻ ആർത്തു വിളിച്ചതാണ്. അതിന്റെ പിന്നിലുള്ള രാഷ്ട്രീയം നമുക്കു മറക്കാം പക്ഷെ സത്യം തിരിച്ചറിയണം. സർക്കാർ ജീവനക്കാരിൽ 50% വരുന്ന ടീച്ചേഴ്‌സിന് കൊടുക്കുന്ന ശബളം അവർക്കു കൊണ്ടുപോയി തിന്നാൻ ഗവൺമെന്റ് മുടക്കുന്നതല്ല, മറിച്ച് നമ്മുടെ മക്കളുടെ പൊതുവിദ്യാഭ്യാസത്തിന് മുടക്കുന്ന തുകയാണ്. ' ഈ കുറിപ്പ് ആരെയും വേദനിപ്പിക്കാനല്ല, ചില തിരിച്ചറിവിനാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഈ പോസ്റ്റ് അവസാനിക്കുന്നത്.

മേൽ കുറിപ്പ് സർക്കാർ ജീവനക്കാരുടെ സംഘടനകൾക്കിടയിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നു. അതു കൊണ്ടു തന്നെ 1982- 2020 കാലഘട്ടത്തിലെ സ്‌കൂൾ വിദ്യാഭ്യാസത്തെ പറ്റിയും, കുട്ടികളെ പറ്റിയും, അദ്ധ്യാപകരെ പറ്റിയും അറിഞ്ഞിരിക്കുന്നത് ഏവർക്കും ഉപകാരപ്രദമായിരിക്കും. 1982-ൽ കേരളത്തിൽ 6811 എൽ.പി.സ്‌കൂളുകളും 2779 യു.പി.സ്‌കൂളുകളും, 2075 ഹൈസ്‌കൂളുകളും ഉണ്ടായിരുന്നു. ആകെ 11665 സ്‌കൂളുകൾ. ഈ സ്‌കൂളുകളിലായി 178454 അധ്യപകർ ജോലി നോക്കിയിരുന്നു. 1982-ൽ ഈ 11665 സ്‌കൂളുകളിലായി 5645684 വിദ്യാർത്ഥികൾ. എൽ.പി. വിഭാഗത്തിൽ 25.49 ലക്ഷം, യു.പി.വിഭാഗത്തിൽ 17.81 ലക്ഷം, ഹൈസ്‌കൂൾ വിഭാഗത്തിൽ 13.15 ലക്ഷം. ചുരുക്കത്തിൽ 56.46 ലക്ഷം കുട്ടികളെ പഠിപ്പിക്കാൻ 11665 സ്‌കൂളുകളും 1.78 ലക്ഷം അദ്ധ്യാപകരും.

എന്താണ് 2020ലെ സ്ഥിതി? 6854 എൽ.പി.സ്‌ക്കൂളുകൾ, 2987 യു.പി.സ്‌കൂളുകൾ, 3120 ഹൈസ്‌ക്കൂളുകൾ. ആകെ 12961 എണ്ണം. ഇതിൽ 1050 എണ്ണം പ്രൈവറ്റ് അൺ എയിഡഡ് സ്‌കൂളുകളാണ്. അങ്ങനെ നോക്കിയാൽ സർക്കാർ/എയിഡഡ് സ്‌കൂളുകൾ ആകെ 11911 എണ്ണം മാത്രം. 1982 നെ അപേക്ഷിച്ച് 2020-ൽ കൂടിയത് 246 സ്‌കൂളുകൾ. 1982-ൽ 178454 അദ്ധ്യാപകരുണ്ടായിരുന്നിടത്ത് 2020-ൽ അദ്ധ്യാപകരുടെ എണ്ണം 171434 ആയി കുറഞ്ഞു. അതായത് 7020 അദ്ധ്യാപകരുടെ കുറവ്. എന്നാൽ എന്താണ് വിദ്യാർത്ഥികളുടെ സ്ഥിതി.? 2020-ൽ കേരളത്തിൽ ആകെയുള്ളത് 3716897 കുട്ടികൾ മാത്രം. 1982-ൽ 5645684 വിദ്യാർത്ഥികളുണ്ടായിരുന്നിടത്താണ് 2020ൽ വിദ്യാർത്ഥികൾ 3716897 ആയി കുറഞ്ഞത് . 1928787 കുട്ടികളുടെ കുറവ്. 1982-നെ അപേക്ഷിച്ച് 34% കുട്ടികൾ കുറഞ്ഞു. അങ്ങിനെ നോക്കിയാൽ 1982-ലെ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതമനുസരിച്ച് 2020-ൽ 117780 അദ്ധ്യാപകർ മതി. കൂടുതലായി ഇപ്പോൾ നിലവിലുള്ളത് 53654 അദ്ധ്യാപകരാണ്. ഈ അധിക അദ്ധ്യാപകർക്കായി സംസ്ഥാന സർക്കാർ പ്രതിവർഷം അധികം ചിലവഴിക്കുന്നത് 3390.93 കോടിയാണെന്നോർക്കണം. (53654 അദ്ധ്യാപകർ ഃ 6.32 ലക്ഷം പ്രതിമാസ ശമ്പളം )

ഒറ്റ വായനയിൽ ശരിയല്ല എന്ന് തോന്നിയാലും ഇത് തന്നെയാണ് സത്യം. 2003-ലെ കേരള ഫിസ്‌ക്കൽ റെസ്‌പോൺസിബിലിറ്റി ആക്ട് 6-ാം വകുപ്പ് പ്രകാരം രൂപീകൃതമായ കേരളാ പബ്ലിക്ക് എക്‌സ്‌പെണ്ടിച്ചർ റിവ്യൂ കമ്മറ്റി കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ പറ്റി ഏറ്റവും ഒടുവിൽ നടത്തിയ വിശദമായ പഠനം സാധാരണക്കാരായ നികുതിദായകരെയും കർഷകരെയും ശരിക്കും ഞെട്ടിക്കും. 95% ജനങ്ങൾക്കും ഉപജീവന മാർഗ്ഗം അടഞ്ഞിരിക്കുന്ന ഈ കോവിഡ് ലോക്ക് ഡൗൺ കാലഘട്ടത്തിൽ നാം ഈ റിപ്പോർട്ട് വിശദമായി തന്നെ പഠിക്കണം, പ്രതികരിക്കണം.

കേരളത്തിൽ ആകെയുള്ള 11911 സ്‌കൂളുകളിൽ 2530 സർക്കാർ സ്‌കൂളുകളും 2882 എയിഡഡ് സ്‌കൂളുകളും അൺ എക്കണോമിക്ക് ആണ്. എന്നു വച്ചാൽ ഒരു ക്ലാസിൽ 25 വിദ്യാർത്ഥികൾ ഇല്ലാത്ത സ്‌കൂളുകളാണെന്ന് ചുരുക്കം. മൊത്തം 5412 അൺ എക്കണോമിക്ക് സ്‌കൂളുകൾ, ആകെയുള്ള സ്‌കൂളുകളിൽ 46% സ്‌കൂളുകളിലും ആവശ്യത്തിനു വിദ്യാർത്ഥികളില്ലെന്നു ചുരുക്കം. എയിഡഡ് സ്‌കൂളുകളിൽ 2882 എണ്ണം അൺ എക്കണോമിക്ക് ആണ്. മൊത്തം സ്‌കൂളിന്റെ 40% വരുമിത്. ഒരു ക്ലാസിൽ 15 കുട്ടികൾ പോലുമില്ലാത്ത 3531 സ്‌കൂളുകൾ കേരളത്തിലുണ്ട്. സർക്കാർ സ്‌കൂളുകൾ 1715, എയിഡഡ് സ്‌കൂളുകൾ 1819, ആകെ 3531 എന്നിങ്ങനെയാണവ. 15 കുട്ടികൾ പോലും ഒരു ക്ലാസിലില്ലാത്ത സ്‌കൂളിലെ അദ്ധ്യാപകരുടെ കണക്കിങ്ങനെ, സർക്കാർ - 10695, എയിഡഡ് - 9190 ആക 19885. ഒരു സ്‌കൂളിൽ ആകെ 10 കുട്ടികൾ പോലുമില്ലാത്ത 69 സർക്കാർ സ്‌കൂളുകളും, 122 എയിഡഡ് സ്‌കൂളുകളും കേരളത്തിലുണ്ട്.

ആകെയുള്ള 5412 അൺ എക്കണോമിക്ക് സ്‌കൂളുകളിൽ 400-ൽ താഴെ സ്‌കൂളുകൾ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിലുള്ളത്. മറ്റു മിക്കതും അടുത്തടുത്തു സ്‌കൂളുകളുള്ള പ്രദേശങ്ങളിലാണ്. അത്തരം പ്രദേശങ്ങളിലെ അൺ എക്കണോമിക്ക് സ്‌കൂളുകൾ അടച്ചു പൂട്ടി ആ സ്‌കൂളിലെ കുട്ടികളെ തൊട്ടടുത്ത സ്‌കൂളുകളിലെക്കു മാറ്റിയാൽ ഏതാണ്ട് 5000 സ്‌കൂളുകൾ വേണ്ടെന്നു വെക്കാനാകും. വിദ്യാർത്ഥികൾകൊക്കെ സർക്കാർ ചെലവിൽ സൗജന്യ ഗതാഗത സൗകര്യം കൊടുത്താലും കുഴപ്പമില്ല. അൺ എക്കണോമിക് സ്‌കൂളുകളിലെ ശമ്പള ചിലവെടുത്താൽ ആ സ്‌കൂളുകളിലെ കുട്ടികളെ ഊട്ടിയിലോ - യെർക്കാഡോ സമ്പന്നരുടെ മക്കൾ പഠിക്കുന്ന സ്‌കൂളിൽ വിട്ടു പഠിപ്പിച്ചാൽ അതായിരിക്കും സർക്കാരിനു ലാഭം.

റബർ കർഷകർക്കും നെൽ കർഷകർക്കും കൂടുതൽ ആനുകൂല്യങ്ങൾ നൽകണമെന്നും ഉൽപന്നങ്ങളുടെ സംഭരണവില ഉയർത്തണമെന്നും കാർഷിക മേഖലയിലെക്ക് സർക്കാർ കൂടുതൽ പണമൊഴുക്കണമെന്നും ആവശ്യപ്പെടുന്ന സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങളും രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥികളില്ലാത്ത അൺ എക്കണോമിക്ക് സ്‌കൂളുകൾ അടച്ചു പൂട്ടണമെന്നാവശ്യപ്പെടാൻ തയ്യാറല്ല. അവിടെ അൺ എക്കണോമിക്ക് എയിഡഡ്/ സർക്കാർ അദ്ധ്യാപകരുടെ പക്ഷത്താണ് മിക്ക ജനകീയ പ്രസ്ഥാനങ്ങളും. കാരണം സ്‌കൂളുകൾ നടത്തുന്നത് മത സാമുദായ പ്രസ്ഥാനങ്ങളാണ്. അദ്ധ്യാപകർ അവരുടെ ബന്ധു ജനങ്ങളാണ്. ഇത്തരം നിരവധി വൈരുദ്ധ്യങ്ങളുടെ നാടാണ് കേരളം. കൊറോണ കാലഘട്ടത്തിൽ ഇവയൊക്കെ പുറത്തു വരേണ്ടിയിരിക്കുന്നു.

വർഷങ്ങൾക്ക് മുൻപ് കർഷകർ ഇൻഫാമിൽ രക്ഷ കണ്ടെത്തി എന്നാൽ ഇടപെടെണ്ടവർ ഇടപെട്ടപ്പോൾ പെട്ടെന്നു തന്നെ ഇൻഫാം ഹൈജാക്ക് ചെയ്യപ്പെട്ടു. അതിശക്തമായ ജനകീയ നേതൃത്വത്തിൽ നിന്നും നിഷ്‌ക്രിയ നേതൃത്വത്തിലേക്ക് ഇൻഫാം മാറ്റപ്പെട്ടത് ഇത്തരം അഡ്ജസ്റ്റ്‌മെന്റുകളുടെ ഭാഗമാകാം. ഇപ്പോൾ ഉയർന്നു വരുന്ന മിക്ക കർഷക നീക്കങ്ങളുടെയും സ്ഥിതി ഇതുതന്നെ. ലഭ്യമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണിത്. ബന്ധുജന നിയമനങ്ങളെക്കുറിച്ച് സമരം നടത്തുന്നവർ സ്വകാര്യ എയിഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപക നിയമനത്തിനു പിന്നിലെ പ്രാദേശിക മത ജാതി നിയന്ത്രിത സ്ഥാപനങ്ങളിലെ ഭരണ കർത്താക്കളുടെ ബന്ധുജന നിയമനങ്ങൾ അന്വേഷിച്ചാൽ ഞെട്ടിപ്പോകും. അവരെല്ലാം അഴിമതി കേസിൽ അകത്താകും. നേരത്തെ ഒഴിവാക്കാവുന്ന 53654 സർക്കാർ ശമ്പളം പറ്റുന്ന അദ്ധ്യാപകരിൽ മിക്കവരും മേൽ വിഭാഗത്തിൽ പെട്ടവരാണ്.

ഈ കാര്യങ്ങളൊന്നും എന്തേ പുറത്തു വരുന്നില്ല എന്ന ജനങ്ങളുടെ ചോദ്യം തികച്ചും ന്യായമാണ്. കേരളത്തിലെ സാമ്പത്തിക വിദഗ്ദ്ധരും ബുദ്ധിജീവികളുമൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പണിയെടുത്തു റിട്ടയർ ചെയ്തവരാണ്. അല്ലെങ്കിൽ സർക്കാർ മേഖലയിൽ അതുമല്ലെങ്കിൽ CDS പോലെ കേരളത്തിലെ അറിയപ്പെടുന്ന ഗവേഷണ സ്ഥാപനങ്ങളിലെ ഗവേഷകർ. ഇവരൊക്കെ സർക്കാർ ശബളം / എയ്ഡ് കൈപറ്റുന്നവരാണ് അവരൊരിക്കലും കിട്ടുന്ന വരുമാനം ഇല്ലാതാക്കില്ല, ഇരിക്കുന്ന കൊമ്പ് മുറിക്കില്ല.

നാം ചർച്ച ചെയ്ത അൺ എക്കണോമിക് സ്‌കൂൾ പ്രശ്‌നം എങ്ങനെ പരിഹരിക്കണം എന്നതിനെ പറ്റി 2019ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ ഏഴാം അദ്ധ്യായത്തിൽ സ്‌കൂൾ കോംപ്ലക്‌സ് എന്ന ഭാഗത്ത് വിശദമാക്കുന്നുണ്ട്. എന്നാൽ കേരളത്തിലെ വിദ്യാഭ്യാസ പ്രവൃർത്തകരൊന്നും ഇത് വായിച്ചിട്ടില്ല വായിച്ചവരൊക്കെ സ്‌കൂൾ കോംപ്ലക്‌സ് എന്നാൽ ഷോപ്പിങ് കോംപ്ലക്‌സ് എന്നായി തെറ്റിദ്ധരിച്ചു. അൺ എക്കണോമിക്ക് സ്‌കൂളുകളെ അവിടെ തന്നെ നിലനിർത്തി അദ്ധ്യാപകരെ പല സ്‌കൂളിൽ പഠിപ്പിക്കാൻ വിടുന്ന പദ്ധതിയായിരുന്നു അത്. ബുദ്ധിയുള്ള ' അദ്ധ്യാപക തൊഴിലാളികൾ ' ഈ നിർദ്ദേശത്തെ തെറ്റായ വഴിയിലൂടെ നയിച്ചു.

സർക്കാർ ചിലവുകളിൽ സർക്കാർ സേവനങ്ങൾ ഒരു പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് ചൂണ്ടിക്കാണിക്കുമ്പോൾ നിലവിൽ നൽകുന്ന സർക്കാർ സേവനങ്ങൾ / സൗകര്യങ്ങൾ ഇല്ലാതാകുമോ ? ഏതൊക്കെ ഒഴിവാനാക്കും എന്നൊക്കെയുള്ള ബദൽ ചോദ്യങ്ങൾ ഉയർത്തുന്നത് കർഷകർക്ക് വേണ്ടി സംഘടിക്കപെട്ടവർ എന്നവകാശപ്പെടുന്നവർ തന്നെയാണെന്നാണ് വിരോധാഭാസം.

സർക്കാർ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാതെ തന്നെ സർക്കാർ സേവനങ്ങൾ നൽകാനാവുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്. ഈ വകുപ്പിലെ 1990 മുതലുള്ള കണക്കുകൾ നിരവധി ചോദ്യങ്ങളുയർത്തുന്നു. 1990-ൽ ആകെ വാഹനങ്ങൾ 647742 ആണ് ഉണ്ടായിരുന്നത് അതിൽ പുതിയ വാഹനങ്ങൾ 57992, വാഹന നികുതി 74.14 കോടി രൂപയും ആകെ ജീവനക്കാർ 1337 ഉം ആണ്. 2020-ൽ ആകെ വാഹനങ്ങൾ 13334984, പുതിയവ 1292295, വാഹന നികുതി 3968 കോടി. എന്നാൽ 2618 ജീവനക്കാർ മാത്രമെ ഒള്ളൂ.

6.47 ലക്ഷം വാഹനങ്ങളുണ്ടായിരുന്ന 1990-ൽ 1337 മോട്ടോർ വാഹന ജീവക്കാരുണ്ടായിരുന്നെങ്കിൽ വാഹനങ്ങളുടെ എണ്ണം 20 ഇരട്ടി വർദ്ധിച്ച് 133.35 ലക്ഷം ആയിട്ടും ജീവനക്കാരുടെ എണ്ണം ഇരട്ടി പോലും വർദ്ധിച്ചിട്ടില്ല. 1337 പേർ എന്നത് 2618 പേർ ആയി. 381.8 കോടി രൂപ വാഹന നികുതിയായി 2000-ൽ പിരിച്ചെങ്കിൽ 2020ലെ മോട്ടോർ വാഹന നികുതി പിരിവ് 3968 കോടി (പത്ത് ഇരട്ടി) ആയി വർദ്ധിച്ചു. സത്യത്തിൽ ലോകത്ത് ആദ്യമായി ഔട്ട്‌സോഴ്‌സിങ്ങ് (out osurcing) ആരംഭിച്ചത് മോട്ടോർ വാഹന വകുപ്പിലെ ഏജന്റുമാരിലൂടെയാണ്.

മിക്ക സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിലവിലുള്ള ജീവനക്കാരുടെ മൂന്നിലൊന്നു മതി കാര്യങ്ങൾ ഭംഗിയായി നടക്കാൻ. മോട്ടോർ വാഹന വകുപ്പിന്റെ കണക്കുകൾ തന്നെ ഇതിന് തെളിവാണ്. ആധുനിക സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ അയൽ സംസ്ഥാനങ്ങളിലൊക്കെ നിരവധി സർക്കാർ സേവനങ്ങൾ വിരൽതുമ്പിൽ, മൊബെലിൽ വരെ ഓൺലൈനിൽ ലഭ്യമാണ്. കേരളത്തിൽ ഇത് വെറും തട്ടിപ്പു മാത്രം 'വലിയ പ്രഖ്യാപനങ്ങൾ, ചെറിയ മാറ്റങ്ങൾ, സർക്കാർ കാര്യം മുറപോലെ മാത്രം ' എന്നതാണ് കേരളത്തിന്റെ സ്ഥിതി.

ഇതൊരു സാമ്പൾ പഠനമാണ്. അതും സംസ്ഥാന സർക്കാർ ജീവനക്കാരിലെ 49% പണിയെടുക്കുന്ന വിദ്യാഭ്യാസ മേഖല. കേരളത്തിൽ ഏറ്റവും കൂടുതൽ വികസനം നടക്കുന്ന വാഹന മേഖലയിലെ സർക്കാർ ജീവനക്കാരുടെ എണ്ണം നാം കണ്ടു. എല്ലായിടത്തും സ്ഥിതി ഇതുതന്നെ. വിവരാവകാശ നിയമത്തിൻ കീഴിൽ സർക്കാരിന്റെ ഏതു രേഖയും ലഭ്യമാകുമെന്നിരിക്കെ സർക്കാർ ശബളത്തിനും പെൻഷനും എതിരെ പ്രതികരിക്കുന്നവർ പോലും കൃത്യമായ തുടർ പഠനങ്ങൾ നടത്തുന്നില്ല എന്നതാണ് സങ്കടകരം. ഒരിക്കൽ തയ്യാറാക്കിയ പഠനങ്ങൾ, രേഖകൾ വർഷാവർഷം പുതുക്കണം. പുതിയ മേഖലകൾ പഠനവിധേയമാക്കണം. അതിലാണ് കേരളത്തിന്റെ ഭാവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP