Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202421Tuesday

കേരളത്തിൽ വിവാഹ സീസൺ തുടങ്ങിയപ്പോൾ പൊന്നിന് പൊള്ളുന്ന വില! പവന് 44,240 രൂപയിൽ; അടുത്തെങ്ങും വിലക്കുറവിനും സാധ്യതയില്ല; സാമ്പത്തിക മാന്ദ്യ ഭീതിയിൽ ലോകത്തെ അതിസമ്പന്നരും സ്റ്റാർട്ടപ്പുകളും സ്വർണ നിക്ഷേപത്തിലേക്ക് മാറുന്നത് പൊന്നിന് തിളക്കം കൂട്ടുന്നു; വരും ദിവസങ്ങളിൽ വില പുതിയ റെക്കോർഡിൽ എത്തിയേക്കും

കേരളത്തിൽ വിവാഹ സീസൺ തുടങ്ങിയപ്പോൾ പൊന്നിന് പൊള്ളുന്ന വില! പവന് 44,240 രൂപയിൽ; അടുത്തെങ്ങും വിലക്കുറവിനും സാധ്യതയില്ല; സാമ്പത്തിക മാന്ദ്യ ഭീതിയിൽ ലോകത്തെ അതിസമ്പന്നരും സ്റ്റാർട്ടപ്പുകളും സ്വർണ നിക്ഷേപത്തിലേക്ക് മാറുന്നത് പൊന്നിന് തിളക്കം കൂട്ടുന്നു; വരും ദിവസങ്ങളിൽ വില പുതിയ റെക്കോർഡിൽ എത്തിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിൽ അവധിക്കാലം ആയതോടെ വിവാഹ സീസണും തുടക്കമായിട്ടുണ്ട്. ഇക്കുറി വിവാഹങ്ങൾക്ക് പതിവിലും ചിലവേറുമെന്ന കാര്യം ഏതാണ്ട് ഉറപ്പായിട്ടണ്ട്. സ്വർണ്ണവിലയും കുത്തനെ ഉയരുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ആഗോള വിപണയിലെ സാഹചര്യം അനുസരിച്ച് വൻ കുതിപ്പു തന്നെയാണ് സ്വർണവിലയുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഇന്നലെ മാത്രം സ്വർണവിലയിൽ വൻ കയറ്റമാണ് ഉണ്ടായത്. പവന് 1200 രൂപ കൂടിയതോടെ കേരളത്തിൽ സ്വർണവില 44,240 രൂപയിൽ എത്തി.

സംസ്ഥാനത്ത് ഒരു ദിവസം ഒറ്റത്തവണയായി രേഖപ്പെടുത്തിയ ഏറ്റവും വലിയ വിലവർധനയാണിണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. ഇത് കൂടാതെ പണിക്കൂലി അടക്കമുള്ള കാര്യങ്ങൾ. കേരളത്തിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവന്റെ ആഭരണം വാങ്ങാൻ ഇപ്പോൾ 48,000 രൂപ നൽകേണ്ട സ്ഥിതിയിലാണ് കാര്യങ്ങൾ. യുഎസ് ബാങ്കുകളുടെ തകർച്ച ആഗോള സാമ്പത്തികമാന്ദ്യ ഭീഷണി ശക്തമാക്കിയതോടെ നിക്ഷേപകർ താരതമ്യേന സുരക്ഷിതമായ സ്വർണത്തിലേക്കു ചുവടുമാറ്റുകയാണ്. ഇതാണ് സ്വർണവില വർധിക്കാൻ ഇടയാക്കുന്നത്.

2008 ലെ ആഗോള സാമ്പത്തികപ്രതിസന്ധി വേളയിലേതുപോലുള്ള വിലക്കയറ്റമാണ് ഇപ്പോൾ സ്വർണത്തിന്. കഴിഞ്ഞദിവസം യുഎസ് വിപണിയിൽ സ്വർണവില 66.7 ഡോളറാണു വർധിച്ചത്. ഇതോടെ രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന്റെ (31.1 ഗ്രാം സ്വർണം) വില 1988 ഡോളറായി. വിപണിയിലെ അനിശ്ചിതാവസ്ഥ തുടർന്നാൽ അടുത്ത വ്യാപാരദിനത്തിൽത്തന്നെ സ്വർണവില 2000 ഡോളർ കടന്നേക്കും. ദേശീയ ബുള്യൻ വിപണിയിലും വില റെക്കോർഡ് ഉയരത്തിലാണ്. ഫ്യൂച്ചർ വിപണിയിൽ 10 ഗ്രാമിന്റെ വില 59,420 രൂപയായി. വെള്ളിവിലയിലും വർധനയുണ്ട്.

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ അതിവേഗത്തിലുള്ള പലിശവർധനയെത്തുടർന്ന് കടപ്പത്രങ്ങൾ നഷ്ടത്തിലായതും അതുവഴി ബാങ്കുകൾ തകർച്ചയിലേക്കു നീങ്ങിയതും ആഗോള സമ്പദ്വ്യവസ്ഥയെ ഉലച്ചു. അതേസമയം, പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ പലിശ കാര്യമായി കുറയ്ക്കാനും കേന്ദ്ര ബാങ്കുകൾക്കു കഴിയില്ല. ഈ സാഹചര്യമാണ് 2008 ലേതുപോലുള്ള മാന്ദ്യം സംഭവിച്ചേക്കാമെന്ന സൂചന നൽകുന്നത്.

ഇപ്പോഴത്തെ അവസ്ഥയിൽ സ്വർണവില സകലകാല റെക്കോർഡുകളും ഭേദിച്ച് മുന്നോട്ട് പോകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ഇതുവരെയുള്ള ഉയർന്ന വിലകളെല്ലാം പഴങ്കഥയായി മാറുകയും ചെയ്തു. ഇപ്പോൾ സ്വർണം വാങ്ങുന്നത് ബുദ്ധിയാണോയെന്നും വില ഇനിയും കൂടുമോ അല്ല കുറയുമോയെന്നുമുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്. ഇന്ത്യൻ രൂപ ഡോളറുമായുള്ള വിനിമയ നിരക്കിൽ വന്ന ദുർബലാവസ്ഥയും ഇറക്കുമതി ചുങ്കം 2 ശതമാനത്തിൽ നിന്നും 15 ശതമാനമായി ഉയർത്തിയതും അഭ്യന്തര വില ഉയരാൻ കാരണമായെന്ന് സ്വർണ വ്യാപാര മേഖലയിൽ നിന്നുള്ളവർ പറയുന്നു. 2011 ൽ ഡോളറിനെതിരെ വിനിമയ നിരക്ക് 46 രൂപയായിരുന്നു. ഇപ്പോൾ 82.49 രൂപയായി ഉയർന്നു. സ്വർണത്തിന്റെ അന്താരാഷ്ട്ര വില ഉയർന്നതിനൊപ്പം രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞത് കനത്ത തിരിച്ചടിയായി.

ലോകത്ത് ഇപ്പോൾ ഒരു സാമ്പത്തിക മാന്ദ്യത്തിന്റേതായ പ്രതീതി ഉയർന്നിട്ടുണ്ട്. അതിലേക്ക് നയിച്ച പ്രധാന കാരണം റഷ്യ - യുക്രൈൻ യുദ്ധവും ഇതോട് അനുബന്ധിച്ചുള്ള വ്യാപാര വാണിജ്യ രംഗത്തെ മാറ്റങ്ങളുമാണ്. വിലക്കയറ്റം അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും അതിരൂക്ഷമായി. പലിശ നിരക്കുകൾ ഉയർത്തി അമേരിക്കൻ ഫെഡറൽ റിസർവ് വിലക്കയറ്റം പിടിച്ചുനിർത്താൻ ശ്രമിക്കുന്നു. വൻകിട കമ്പനികളെല്ലാം പതിനായിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. യൂറോപ്യൻ രാജ്യങ്ങളാകട്ടെ പ്രതിസന്ധികളിൽ നട്ടംതിരിയുകയാണ്. ഈ സാഹചര്യങ്ങൾ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപകരെ പിന്നോട്ട് വലിക്കുന്നുണ്ട്.

അമേരിക്കയിലെ സിലിക്കൺവാലി ബാങ്കും സിഗ്‌നേച്ചർ ബാങ്കും സിൽവർ ഗേറ്റ് ബാങ്കും തകർന്നത് പ്രതിസന്ധികളുടെ ആക്കം കൂട്ടി. സ്വിസ് ബാങ്കും തകർച്ചയിലേക്കെന്ന വാർത്തകൾ വന്നു. ലോകത്തെ അതിസമ്പന്നരും സ്റ്റാർട്ടഅപ്പുകളും നിക്ഷേപകരും തങ്ങളുടെ പണം സൂക്ഷിച്ചിരുന്ന ഈ പ്രധാന ബാങ്കുകൾ തകർന്നത് സ്വർണത്തിലേക്ക് നിക്ഷേപം ഉയരാൻ കാരണമായി. ഈ സാഹചര്യവും സ്വർണവിലയിലെ വൻ കുതിപ്പിന് കാരണമാണ്.

ഈ പ്രതിസന്ധികൾക്ക് പരിഹാരം കാണുകയും സാമ്പത്തിക മാന്ദ്യത്തിന്റെ പ്രതീതി ലോകത്ത് നിന്ന് തത്കാലത്തേക്കെങ്കിലും അകന്നുപോവുകയും ചെയ്യാതെ സ്വർണവിലയിൽ വലിയ മാറ്റം ഉടനെ പ്രതീക്ഷിക്കേണ്ടെന്നാണ് വിലയിരുത്തൽ. 1989 ഡോളറാണ് ഇന്നത്തെ അന്താരാഷ്ട്ര സ്വർണ വില. ഇത് 2000 ഡോളർ മറികടക്കുകയാണെങ്കിൽ അന്താരാഷ്ട്ര വിപണിയിൽ മറ്റൊരു പുതിയ റെക്കോർഡ് പിറക്കുമെന്ന പ്രതീതിയുണ്ട്. 2070 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ ഇതുവരെയുള്ള റെക്കോർഡ് വില. അതിനാൽ തന്നെ വരും ദിവസങ്ങളിൽ ഇന്ത്യയിലും കേരളത്തിലും വില ഉയരാനുള്ള സാധ്യതകളാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP