Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്വർണവില ഇടിയുന്നതിന്റെ നഷ്ടം നികത്താൻ കൊള്ളപ്പലിശ; സ്വർണപ്പണയ വായ്പാ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ ലംഘിച്ച് പലിശ മൂന്നിരട്ടി കൂട്ടി; പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് തടയാൻ ആരുമില്ല

പാലക്കാട്: സ്വർണത്തിന്റെ വില ഇടിയാൻ തുടങ്ങിയതോടെ സ്വകാര്യപണയവായ്പാസ്ഥാപനങ്ങൾ വൻതോതിൽ പലിശ ഉയർത്തി. സർക്കാരിന്റെയും റിസർവ്വ് ബാങ്കിന്റേയും എല്ലാ മാനദണ്ഡങ്ങളേയും കാറ്റിൽ പറത്തിയാണ് വൻകിട പണയവായ്പാ സ്ഥാപനങ്ങൾ പലിശ മൂന്നിരട്ടിയോളം കൂട്ടിയത്. സ്വർണവില കുറഞ്ഞപ്പോൾ ഉണ്ടായ നഷ്ടം പരിഹരിക്കാനാണ് നേരത്തെ ആഭരണങ്ങൾ പണയംവച്ചവരുടേയും പലിശ മുന്നറിയിപ്പില്ലാതെ കൂട്ടിയത്. ഇതനുസരിച്ച് കഴിഞ്ഞ മാസം 600 രൂപ പലിശ അടച്ചവർക്ക് ഈ മാസം അടയ്‌ക്കേണ്ടി വന്നത് രണ്ടായിരത്തോളം രൂപയാണ്.

സ്വർണപ്പണയ വായ്പ പരമാവധി 16 ശതമാനം എന്നിരിക്കെ പല സ്ഥാപനങ്ങളും 30 ശതമാനത്തിൽ അധികമാണ് പലിശ ഈടാക്കുന്നത്. പലിശ ഇത്ര ശതമാനം ഈടാക്കിയെന്നത് ഇവർ നൽകുന്ന രസീതിൽ കാണിക്കാറില്ല. വൻകിട പണയസ്ഥാപനങ്ങൾതന്നെ കൈകൊണ്ട് എഴുതിയ എസ്റ്റിമേറ്റ് മാത്രമാണ് പണയക്കാർക്ക് നൽകാറുള്ളത്. പലിശ കണക്കാക്കുന്നത് പണയ കാലാവധിയുടെ പേരിലാണ് എന്നു പറയുമെങ്കിലും എല്ലാ നികുതികളും ചേർത്ത് പണയാഭരണം തിരിച്ചെടുക്കുമ്പോൾ പലിശ 30 ശതമാനത്തോളമായിട്ടുണ്ടാകും. ഉയർന്ന പലിശ വാങ്ങുന്നതിന്റെ പേരിൽ നിയമ നടപടികളിൽനിന്നു രക്ഷപ്പെടാൻ തൃശൂർ ജില്ലാ ആസ്ഥാനമായി ഇന്ത്യയിലെമ്പാടും ബ്രാഞ്ചുകളുള്ള ഒരു വൻകിട പണയവായ്പാസ്ഥാപനം തമിഴ്‌നാട് രജിസ്‌ട്രേഷനിലാണ് പ്രവർത്തിക്കുന്നത്.

സ്വർണവില കൂടിയ സമയത്ത് വൻകിട പണയവായ്പാ സ്ഥാപനങ്ങൾ സ്വർണവിലയുടെ 90 ശതമാനത്തോളം വായ്പയായി നൽകിയിരുന്നു. പലിശ മാസത്തിൽ കൃത്യമായ ദിവസം അടച്ചില്ലെങ്കിൽ കൂട്ടുപലിശയും പിഴയും ചുമത്തുന്നവിധത്തിലായിരുന്നു ഇങ്ങനെ പണയവായ്പ നൽകിയിരുന്നത്. പണയ കാലാവധി കഴിഞ്ഞ് തിരിച്ചെടുക്കാൻ ചെല്ലുമ്പോൾ ഉയർന്ന പലിശയും കൂട്ടുപലിശയും എല്ലാം ചേർത്ത് വൻതുകയായിട്ടുണ്ടാകും. പിന്നീട് ആ സ്വർണം എടുത്തുവിറ്റാലും പണയത്തുക പോലും അടയ്ക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നതുകൊണ്ട് ഭൂരിഭാഗം പേരും പണയമുതൽ ഉപേക്ഷിക്കുകയാണ് പതിവ്. ഇത്തരം വൻകിട സ്ഥാപനത്തിൽ പണയം വെയ്ക്കുന്ന സാധാരണക്കാരിൽ 70 ശതമാനത്തിനും പണയവസ്തു തിരിച്ചെടുക്കാൻ കഴിയാത്ത അവസ്ഥയാണ് ഉണ്ടാകാറ്.

പിന്നീട് വായ്പാ സ്ഥാപനങ്ങളുടെ ബിനാമികൾ തന്നെ ലേലം നടത്തി സ്വർണം കൈവശപ്പെടുത്തുകയാണ് പതിവ്. ഈ വിധത്തിൽ ടൺ കണക്കിന് സ്വർണമാണ് വൻകിട പണയസ്ഥാപനങ്ങൾ കൈവശപ്പെടുത്തുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ വായ്പ ലഭിക്കണമെങ്കിൽ ചുരുങ്ങിയത് ഇരുപതു സ്ഥലങ്ങളിലെങ്കിലും ഒപ്പിട്ടു നൽകണം. ഈ ഒപ്പിട്ട കടലാസുകൾ എങ്ങനെ വേണമെങ്കിലും വായ്പാ സ്ഥാപനത്തിന് ഉപയോഗപ്പെടുത്താമെന്നിരിക്കെ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാനും സാധാരണക്കാർക്ക് കഴിയാറില്ല. പണയ മുതലിന്റെ വിലയുടെ 90 ശതമാനം വായ്പ കൊടുക്കാമെന്നത് റിസർവ്വ് ബാങ്ക് ഇടപെട്ട് 60 ശതമാനമായി കുറച്ചു. ഇത് ഇത്തരം സ്ഥാപനങ്ങൾക്ക് തിരിച്ചടിയായെങ്കിലും ഈ ഉത്തരവിനെ മറികടന്നും പരമാവധി സ്വർണവായ്പ ഇവർ നൽകിവരുന്നു.

നേരത്തെ പാവപ്പെട്ടവർ മാത്രമായിരുന്നു അത്യാവശ്യത്തിന് സ്വർണം പണയംവച്ചിരുന്നത്. പിന്നീട് വൻകിട പണയവായ്പാ സ്ഥാപനങ്ങളും രംഗത്തുവന്നതോടെ ഈ അവസ്ഥയ്ക്ക് മാറ്റം വന്നു. സൂപ്പർ താരങ്ങളെ അണിനിരത്തി പരസ്യങ്ങൾ നൽകി സ്വർണം പണയംവയ്ക്കുന്നത് മലയാളികളുടെ അഭിമാനമെന്നതുപോലെയാക്കി മാറ്റാൻ ഇവർക്ക് കഴിഞ്ഞു. ഇതോടെ സ്വർണപ്പണയ വായ്പയ്ക്കു മാത്രമായി നിരവധി പണയവായ്പാ സ്ഥാപനങ്ങളുയർന്നു, പൊതുമേഖലാ ബാങ്കുകൾ സ്വർണപ്പണയത്തിന് മുഖ്യസ്ഥാനം നൽകാനും തുടങ്ങി.
ഇപ്പോൾ സ്വർണനിരക്ക് കുറഞ്ഞതോടെ ഇത്തരം സ്ഥാപനങ്ങൾ പരിഭ്രാന്തിയിലായി.

പലിശനിരക്ക് ഉയർത്തി നഷ്ടം നികത്താൻ ശ്രമിക്കുന്നതുപോലെ പണയസ്വർണങ്ങൾ വൻതോതിൽ ലേലം നടത്താനുമുള്ള ഒരുക്കത്തിലാണ്. പുലർച്ച 6 മണി മുതൽ പണയമുതൽ തിരിച്ചെടുക്കാൻ ആവശ്യപ്പെട്ട് ഇവരുടെ ഫോൺ വിളികൾ ഉപയോക്താക്കൾക്ക് എത്തുന്നുണ്ട്. കൂടാതെ നിയമനടപടി അറിയിച്ചുകൊണ്ടുള്ള നോട്ടീസുകളും സാധാരണക്കാരെ തേടിയെത്തുന്നുണ്ട്. പണയമുതൽ സ്ഥാപനത്തിന് ലാഭം കിട്ടാത്തവിധത്തിൽ ലേലത്തിൽ പോയാലും നഷ്ടവും പലിശയും എല്ലാം പണയംവച്ചവർ തിരിച്ചടയ്‌ക്കേണ്ട അവസ്ഥയുണ്ട്. വൻതോതിൽ പലിശ നൽകിയിട്ടും ഉപയോക്താക്കളെ വഞ്ചിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി വേണമെന്നയാവശ്യം ശക്തമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP