Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ജിഡിപിക്ക് 'കാലിടറി' ; ആദ്യ പാദത്തിൽ 8.2 ആയിരുന്ന ജിഡിപി രണ്ടാം പാദത്തിൽ ഇടിഞ്ഞത് 7.1ലേക്ക് ; ജിഡിപി 7.4നും 7.7നും ഇടയിൽ വരുമെന്ന റേറ്റിങ് ഏജൻസി പ്രവചനങ്ങളും വിഫലം ; വൻ ഇടിവ് നേരിട്ടത് മൈനിങ്-ക്വാറി മേഖലയും ഫാമിങും; ജിഡിപി കുറഞ്ഞത് നിരാശപ്പെടുത്തുന്നുവെന്ന് സാമ്പത്തിക സെക്രട്ടറി; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ 'ജിഡിപി വീഴ്‌ച്ച' ആയുധമാക്കാൻ പ്രതിപക്ഷം

നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ ജിഡിപിക്ക് 'കാലിടറി' ; ആദ്യ പാദത്തിൽ 8.2 ആയിരുന്ന ജിഡിപി രണ്ടാം പാദത്തിൽ ഇടിഞ്ഞത് 7.1ലേക്ക് ;  ജിഡിപി 7.4നും 7.7നും ഇടയിൽ വരുമെന്ന റേറ്റിങ് ഏജൻസി പ്രവചനങ്ങളും വിഫലം  ; വൻ ഇടിവ് നേരിട്ടത് മൈനിങ്-ക്വാറി മേഖലയും ഫാമിങും; ജിഡിപി കുറഞ്ഞത് നിരാശപ്പെടുത്തുന്നുവെന്ന് സാമ്പത്തിക സെക്രട്ടറി; ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ 'ജിഡിപി വീഴ്‌ച്ച' ആയുധമാക്കാൻ പ്രതിപക്ഷം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ രാജ്യത്തെ ജിഡിപിക്ക് കാലിടറി. ഈ വർഷം ജൂലൈ മുതൽ സെപ്റ്റംബർ വരെ രാജ്യത്തെ മൊത്തം ആഭ്യന്തര (ജിഡിപി) ഉൽപ്പാദനം 7.1 മാത്രമാണ്. എന്നാൽ 2017-18 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ജിഡിപി 8.2 ശതമാനമായിരുന്നു.

രാജ്യത്തെ ജിഡിപി കുറയുമെന്ന് പല റേറ്റിങ് ഏജൻസികളും നേരത്തേ പ്രവചനം നടത്തിയിരുന്നു. ഇന്ത്യയുടെ ജിഡിപി 7.4 ശതമാനത്തിനും 7.7 ശതമാനത്തിനും ഇടയിലായിരിക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ, പ്രതീക്ഷിച്ചതിലും ഇടിവ് ജിഡിപിയിൽ രേഖപ്പെടുത്തിയത് സാമ്പത്തിക വിദഗ്ധരിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇതേസമയം ഇന്ത്യയുടെ ജിഡിപി 6.3 ശതമാനമായിരുന്നു.

ആ സമയത്ത് ഇന്ത്യൻ സമ്പദ്ഘടന ജിഎസ്ടിയുടെയും നോട്ട് നിരോധനത്തിന്റെയും പ്രതിസന്ധികൾ നേരിടുകയായിരുന്നു. ഉൽപ്പാദന മേഖല സെപ്റ്റംബർ പാദത്തിൽ 7.4 ശതമാനം വളർച്ച കൈവരിച്ചപ്പോൾ മൈനിങ്, ക്വാറി മേഖലകളുടെ വളർച്ച 2.4 ശതമാനത്തിൽ ഒതുങ്ങി. അതേസമയം ജിഡിപിയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും ഇന്ത്യ ഇപ്പോഴും ലോകത്തിൽ ഏററവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയാണ്.

നിർമ്മാണ മേഖലയിൽ 7.8 ശതമാനം വളർച്ചയും ഫാമിങ് സെക്ടറിൽ 3.8 ശതമാനം വളർച്ച നിരക്കും രേഖപ്പെടുത്തി. ആദ്യ പാദത്തിൽ നിന്ന് ജിഡിപി നിരക്കിൽ ഇടിവ് നേരിട്ടെങ്കിലും, ഇന്ത്യ ചൈനയെക്കാൾ ഉയർന്ന വളർച്ച പ്രകടിപ്പിക്കുന്ന സമ്പദ്‌വ്യവസ്ഥയായി ഇപ്പോഴും തുടരുകയാണ്. വരുന്ന സാമ്പത്തിക പാദത്തിലും സമ്മർദ്ദങ്ങൾ തുടർന്നാൽ ജിഡിപി 7.1 ശതമാനമായി തുടരുമെന്നാണ് നിരീക്ഷകർ പറയുന്നത്. അതേസമയം ജിഡിപി കുറഞ്ഞത് നിരാശപ്പെടുത്തുന്നുവെന്നാണ് സാമ്പത്തിക സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ട്വീറ്റ് ചെയ്തത്.

ജിഡിപി നിരക്കിൽ തിരുത്തൽ നടത്തിയെന്നാരോപിച്ച് കോൺഗ്രസ്

കഴിഞ്ഞ യു.പി.എ. സർക്കാരിന്റെ കാലത്തെ (2010-11) സാമ്പത്തിക വളർച്ചനിരക്കിൽ കുറവുവരുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്. ഇന്ത്യയുടെ കഴിഞ്ഞ 15 വർഷത്തെ വളർച്ചയെ അട്ടിമറിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മോദി സർക്കാർ യുപിഎ കാലത്തെ ജിഡിപി നിരക്കിൽ തിരുത്തൽ നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു.

ശസ്ത്രക്രിയ വിജയം, എന്നാൽ രോഗി മരിച്ചു എന്നായിരുന്നു കേന്ദ്ര നടപടിയെ കോൺഗ്രസ് വക്താവ് രന്ദീപ് സുർജെവാല വിശേഷിപ്പിച്ചത്. മോദി സർക്കാരും അവരുടെ കളിപ്പാവയായ നീതി ആയോഗും രണ്ടും രണ്ടും കൂട്ടിയാൽ എട്ടെന്നാണ് ജനങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്. ഇത്തരം തന്ത്രങ്ങളും ചെപ്പടിവിദ്യകളും വഞ്ചനയും കാണിച്ച് പഴയ രേഖകൾ വിൽക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജിഡിപി നിരക്കുകളിൽ ജാലവിദ്യകൾ കാട്ടി മോദി സർക്കാർ സാമ്പത്തിക പിടിപ്പുകേടുകൾ മറച്ചുപിടിക്കാൻ ശ്രമിക്കുന്നു. പഴ രേഖകളൊക്കെ മാറ്റി മറിച്ചാലും മോദിക്ക് അധികാരത്തിൽ നിന്ന് പുറത്തേക്ക് പോകാനുള്ള തിയതിയിൽ മാറ്റം വരുത്താനാവില്ല. ജിഡിപി എന്നാൽ മോദിജിയുടെ പുതിയ വ്യാഖ്യാനം പൊടിക്കൈ ഡാറ്റ ഉത്പന്നം ((ഗിമ്മിക്രി ഡാറ്റാ പ്രൊഡക്ട്) എന്നാണെന്നും അദ്ദേഹം പറഞ്ഞു.

മോദിനോമിക്സ് കൂട്ടിച്ചേർത്ത പക്കോട സാമ്പത്തിക കാഴ്ചപ്പാട് രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പൂർണ്ണമായും പിന്നോട്ടടിച്ചു. പ്രധാനമന്ത്രിയുടേയും ധനകാര്യമന്ത്രിയുടേയും റൗഡിത്തരമാണ് നോട്ട് നിരോധന തീരുമാനം. ജി.എസ്.ടിയിലെ അപര്യപ്തത അതിനെ നികുതി തീവ്രവാദമാക്കി മാറ്റിയെന്നും സുർജെവാല കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP