Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മന്മോഹൻ സിംഗായിരുന്നു ശരി എന്നു ഇന്ത്യൻ ജനത ഒരുമിച്ചു പറയാൻ ഇനി അധിക കാലം വേണ്ട; മോദി ഭരണത്തിന്റെ ഏറ്റവും വലിയ പരാജയം സാമ്പത്തികാവസ്ഥ കുത്തുപാള എടുപ്പിച്ചു എന്നുതന്നെ; പണ്ടേ ദുർബലമായിരുന്ന ജിഡിപി കോവിഡ് കാലം കൂടിയായപ്പോൾ സമ്പൂർണ്ണ കൂപ്പുകുത്തൽ; രാജ്യത്തെ ജിഡിപിയിൽ 23.9 ശതമാനം റെക്കോർഡ് ഇടിവ് ഉണ്ടായത് സർക്കാർ പാക്കേജുകൾ ഒന്നും ഫലം കണ്ടില്ലെന്ന വ്യക്തമായ സൂചന; രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിൽ നിന്നും എങ്ങനെ കരകയറും?

മന്മോഹൻ സിംഗായിരുന്നു ശരി എന്നു ഇന്ത്യൻ ജനത ഒരുമിച്ചു പറയാൻ ഇനി അധിക കാലം വേണ്ട; മോദി ഭരണത്തിന്റെ ഏറ്റവും വലിയ പരാജയം സാമ്പത്തികാവസ്ഥ കുത്തുപാള എടുപ്പിച്ചു എന്നുതന്നെ; പണ്ടേ ദുർബലമായിരുന്ന ജിഡിപി കോവിഡ് കാലം കൂടിയായപ്പോൾ സമ്പൂർണ്ണ കൂപ്പുകുത്തൽ; രാജ്യത്തെ ജിഡിപിയിൽ 23.9 ശതമാനം റെക്കോർഡ് ഇടിവ് ഉണ്ടായത് സർക്കാർ പാക്കേജുകൾ ഒന്നും ഫലം കണ്ടില്ലെന്ന വ്യക്തമായ സൂചന; രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിൽ നിന്നും എങ്ങനെ കരകയറും?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ നരേന്ദ്ര മോദി സർക്കാർ തീർത്തും അവതാളത്തിലാക്കി എന്നു ആവർത്തിച്ചു വ്യക്തമാക്കിയത് മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗാണ്‌.  നോട്ടു നിരോധന വേളയിൽ അദ്ദേഹം പറഞ്ഞത് ഇത് നമ്മുടെ സാമ്പത്തിക വ്യവസ്ഥയെ തർക്കുന്ന സംഘടിതമായ കൊള്ളയാണ് ഇതെന്നായിരുന്നു. ജിഡിപിയുടെ തകർച്ചക്കും ഇത് ഇടയാക്കുമെന്ന് മന്മോഹൻ സിങ് വ്യക്തമാക്കിയിരുന്നു. അന്ന് പാർലമെന്റിൽ നടത്തിയ ആ പ്രസംഗത്തെ പരിഹസിക്കാനാണ് മോദിയും കൂട്ടരും ശ്രമം നടത്തിയത്. എന്നാൽ, എത്ര പരിഹസിക്കുമ്പോഴും അദ്ദേഹം പറഞ്ഞ യാഥാർത്ഥ്യം അവിടെ തന്നെ കിടന്നു. പിന്നിട് തുടർച്ചയായി രാജ്യത്തിന്റെ സാമ്പത്തിക രംഗം തകരുന്ന കാഴ്‌ച്ചയാണ് നാം കണ്ടത്. ഇപ്പോൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തകർച്ചയാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത്.

രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉദ്പാദനത്തിൽ (ജിഡിപി) റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയപ്പോൾ പ്രധാനമന്ത്രി പദത്തിൽ ഇരിക്കുന്നത് നരേന്ദ്ര മോദിയാണ്. ധനമന്ത്രി സ്ഥാനത്ത് നിർമ്മല സീതാരാമൻ എന്ന നേതാവും. 23.9 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. നടപ്പു സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിലാണ് ഇടിവ്. പ്രതിസന്ധി മറികടക്കാൻ സർക്കാർ പ്രഖ്യാപിച്ച പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് ഇടിവ് സൂചിപ്പിക്കുന്നത്. 1996 മുതൽ ത്രൈമാസ ജിഡിപി കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്.

കടുത്ത സാമ്പത്തിക മാന്ദ്യമാണ് കണക്കുകൾ രേഖപ്പെടുത്തുന്നത്. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സൂചന. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ അഞ്ച് ശതമാനം വളർച്ചനേടിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ, ജിഡിപി വളർച്ചാ നിരക്ക് 3.1 ശതമാനമായിരുന്നു. കൊറോണ വ്യാപനത്തെത്തുടർന്ന് ഫാക്ടറികളുൾപ്പെടെയുള്ള സ്ഥാപനങ്ങൾ പൂട്ടിപ്പോയി. ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ജോലി നഷ്ടമായത്.

രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞതിൽ സർക്കാരിനെ വിമർശിച്ച് കോൺഗ്രസും രംഗത്തുവന്നിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം വരാൻ പോകുന്നുവെന്ന് മുന്നറിയിപ്പ് നൽകിയിട്ടും സർക്കാർ അവഗണിച്ചെന്ന് മുൻ ധനകാര്യ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം കുറ്റപ്പെടുത്തി. എന്നാൽ വീഴ്ച ഉണ്ടായെന്ന് സർക്കാർ സമ്മതിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ ജിഡിപി നിരക്ക് 23.9% ഇടിഞ്ഞതായാണ് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്ക്. കൊവിഡിനെ തുടർന്നുള്ള ലോക്ഡൗൺ ആദ്യ പാദത്തിലെ സാമ്പത്തിക വളർച്ചയെ ബാധിച്ചുവെന്നാണ് വിലയിരുത്തൽ. അടുത്തപാദത്തിലും തിരിച്ചടി ഉണ്ടായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ സമാനകലയളവിനെ അപേക്ഷിച്ച് വൻ ഇടിവാണ് ഇന്ത്യൻ ജിഡിപിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് പകർച്ചവ്യാധി വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ലോക്ക്ഡൗണുകൾക്കിടയിൽ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ രാജ്യത്ത് പരിമിതമായ സാമ്പത്തിക പ്രവർത്തനങ്ങൾ മാത്രമാണ് നടന്നതെന്നും അതുകൊണ്ടാണ് തകർച്ചക്ക് കാരണമെന്നും എൻഎസ്ഒ റിപ്പോർട്ട് സൂചിപ്പിക്കുന്നു. നേരത്തെ 2019-20 ജൂൺ പാദത്തിൽ 5.2 ശതമാനമായിരുന്നു വളർച്ചാ നിരക്ക്. കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും മാത്രമാണ് വളർച്ച രേഖപ്പെടുത്തിയത്. ഭേദപ്പെട്ട മൺസൂണാണ് കാർഷിക മേഖലയുടെ വളർച്ചക്ക് കാരണം.

രാജ്യത്തിന്റെ മൊത്ത മൂല്യവർദ്ധനവ് (ജിവിഎ) 22.8 ശതമാനവും ഉൽപ്പാദനം 39.3 ശതമാനവും ഖനനം 23.3 ശതമാനവും കുറഞ്ഞു. മൊത്ത സ്ഥിര മൂലധന രൂപീകരണം (ജിഎഫ്‌സിഎഫ്) 52.9 ശതമാനം ചുരുങ്ങി, വൈദ്യുതി ഏഴ് ശതമാനം, നിർമ്മാണ പ്രവർത്തനങ്ങൾ 50.3 ശതമാനവും ഇടിവ് രേഖപ്പെടുത്തി. ബ്ലൂംബെർഗ് നടത്തിയ സർവേയിലെ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തിൽ, ജൂണിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയുടെ ജിഡിപി 18 ശതമാനം കുറഞ്ഞുവെന്നാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഇക്കോവ്രാപ് റിപ്പോർട്ടിൽ രാജ്യത്തിന്റെ ജിഡിപി ആദ്യ പാദത്തിൽ 16.5 ശതമാനം ചുരുങ്ങുമെന്ന് വിലയിരുത്തിയിരുന്നു.

ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും മോശം തകർച്ചായാണ് ജൂണിൽ അവസാനിച്ച പാദത്തിലേതെന്ന് ജിഡിപി കണക്കുകൾ വ്യക്തമാക്കുന്നു. പ്രധാനമായും കോവിഡ് -19 വ്യാപിച്ചതിനെത്തുടർന്ന് മിക്ക ഉൽപാദന, സേവന മേഖലകളും പൂർണമായും പൂട്ടാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. രാജ്യത്ത് കോവിഡ് വ്യാപിക്കുന്നത് തടയാനായി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചതോടെ അവശ്യ സേവനങ്ങളായ ഭക്ഷ്യവസ്തുക്കളും മരുന്നുകളും മാത്രമേ ഈ കാലയളവിൽ അനുവദിച്ചിരുന്നുള്ളൂ. ഇത് രാജ്യത്തെ സാമ്പത്തിക നിലയെ സാരമായി ബാധിച്ചു.

മറ്റ് ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യ വൻ സാമ്പത്തിക തകർച്ചയെ നേരിടാൻ പോകുന്നു എന്ന കൃത്യമായ സൂചനയാണ് ജിഡിപിയിലെ ഇടിവ് സൂചിപ്പിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ ആഗോള വ്യാപകമായി സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്നതും വരും നാളുകളിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകും. ഇതിൽ നിന്നും എന്നു കരകയറും എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ആർക്കുംസാ സാധിക്കുന്നില്ലെന്നതാണ് വാസ്തവം.

മൊത്ത ആഭ്യന്തര ഉൽപ്പന്നം (ജിഡിപി) എന്താണ്?

ഒരു നിശ്ചിത കാലയളവിൽ ഒരു രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ ഉൽപാദിപ്പിക്കുന്ന എല്ലാ ഫിനിഷ്ഡ് ചരക്കുകളുടെയും സേവനങ്ങളുടെയും പണ മൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി). ഒരു രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അളക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് മൊത്ത ആഭ്യന്തര ഉത്പാദനം. രാജ്യത്തെ എല്ലാ ആളുകളും കമ്പനികളും ഉൽപാദിപ്പിക്കുന്ന എല്ലാറ്റിന്റെയും ആകെ മൂല്യമാണ് ജിഡിപി. ജിഡിപിയിൽ എല്ലാ സ്വകാര്യ, പൊതു ഉപഭോഗം, നിക്ഷേപം, സർക്കാർ വിഹിതം, സ്വകാര്യ ഇൻവെന്ററികൾ, പണമടച്ചുള്ള നിർമ്മാണ ചെലവ്, വ്യാപാരത്തിന്റെ വിദേശ ബാലൻസ് എന്നിവ ഉൾപ്പെടുന്നു.

ലളിതമായി പറഞ്ഞാൽ, ജിഡിപി ഒരു രാജ്യത്തിന്റെ മൊത്തത്തിലുള്ള സാമ്പത്തിക പ്രവർത്തനത്തിന്റെ വിശാലമായ അളവുകോലാണ്. ജിഡിപിയെ മൊത്ത ദേശീയ ഉൽപ്പന്നവുമായി (ജിഎൻപി) വിരുദ്ധമാക്കാം, ഇത് വിദേശത്ത് താമസിക്കുന്നവർ ഉൾപ്പെടെ ഒരു സമ്പദ്വ്യവസ്ഥയുടെ പൗരന്മാരുടെ മൊത്തത്തിലുള്ള ഉൽപാദനത്തെ കണക്കാക്കുന്നു, അതേസമയം വിദേശികളുടെ ആഭ്യന്തര ഉൽപാദനം ഒഴിവാക്കപ്പെടുന്നു. ജിഡിപി സാധാരണയായി വാർഷിക അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത് എങ്കിലും, ത്രൈമാസ അടിസ്ഥാനത്തിലും ഇത് കണക്കാക്കാം.

ജിഡിപിക്കുള്ള ഫോർമുല ജിഡിപിയുടെ ഘടകങ്ങൾ ഇവയാണ്: വ്യക്തിഗത ഉപഭോഗ ചെലവുകൾ + ബിസിനസ് നിക്ഷേപവും സർക്കാർ ചെലവുകളും (കയറ്റുമതി മൈനസ് ഇറക്കുമതി). അത് അർത്ഥമാക്കുന്നത്: C + I + G + (X-M). ജിഡിപിയുടെ തരങ്ങൾ ഒരു രാജ്യത്തിന്റെ ജിഡിപി അളക്കാൻ നിരവധി മാർഗങ്ങളുണ്ട്. എല്ലാ വ്യത്യസ്ത തരങ്ങളും അവ എങ്ങനെ ഉപയോഗിക്കുന്നുവെന്നതും അറിയേണ്ടത് പ്രധാനമാണ്. നാമമാത്ര ജിഡിപി വിലക്കയറ്റം ഉൾപ്പെടുന്ന അസംസ്‌കൃത അളവാണ് നാമമാത്ര ജിഡിപി. ബ്യൂറോ ഓഫ് ഇക്കണോമിക് അനാലിസിസ് നാമമാത്ര ജിഡിപി ത്രൈമാസമായി കണക്കാക്കുന്നു. അപ്ഡേറ്റ് ചെയ്ത ഡാറ്റ ലഭിക്കുന്നതിനാൽ ഇത് ഓരോ മാസവും ത്രൈമാസ എസ്റ്റിമേറ്റ് പരിഷ്‌കരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP