Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202205Wednesday

പാവങ്ങൾക്ക് കിറ്റ്; മുഖ്യമന്ത്രിക്ക് കിയാ! ശമ്പളവും ബോണസും അഡ്വാൻസും പിന്നെ രണ്ടുമാസത്തെ ക്ഷേമ പെൻഷനും.... മാവേലിയെ വരവേൽക്കാൻ ശതകോടികൾ കടമെടുക്കേണ്ടി വരും; പഴമൊഴിയെ യാഥാർത്ഥ്യമാക്കും കേരളം; കാണം വിറ്റും ഓണം ഉണ്ണാൻ പിണറായി സർക്കാർ; കേരളം അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

പാവങ്ങൾക്ക് കിറ്റ്; മുഖ്യമന്ത്രിക്ക് കിയാ! ശമ്പളവും ബോണസും അഡ്വാൻസും പിന്നെ രണ്ടുമാസത്തെ ക്ഷേമ പെൻഷനും.... മാവേലിയെ വരവേൽക്കാൻ ശതകോടികൾ കടമെടുക്കേണ്ടി വരും; പഴമൊഴിയെ യാഥാർത്ഥ്യമാക്കും കേരളം; കാണം വിറ്റും ഓണം ഉണ്ണാൻ പിണറായി സർക്കാർ; കേരളം അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാണം വിറ്റും ഓണം ഉണ്ണണം എന്നതാണ് പഴമൊഴി. ഇത്തവണ ഈ വിശ്വാസ പഴമൊഴിക്ക് പിന്നാലെയാണ് പിണറായി സർക്കാർ. ഓണക്കാല ചെലവിനു കടമെടുക്കാനാണ് സംസ്ഥാന സർക്കാർ തീരുമാനം. 1000 കോടി രൂപയെങ്കിലും കടമെടുക്കേണ്ടി വരുമെന്നാണു കണക്കുകൂട്ടൽ. ജീവനക്കാരേയും പെൻഷൻകാരേയും പിണക്കാതിരിക്കാനാണ് നടപടി. ഇതിനൊപ്പം കിറ്റും കൊടുക്കണം. ഇതിന് സിവിൽ സപ്ലൈസിന്റെ ഫണ്ടിൽ കൈവയ്ക്കുമെന്നും സൂചനകളുണ്ട്. അങ്ങനെ വന്നാൽ ഓണത്തിന് ശേഷം സ്ാധനങ്ങളുടെ വില കുതിച്ചുയരും സപ്ലൈകോ സ്ഥാപനങ്ങളിൽ. ഏതായാലും ഓണം ആഘോഷിക്കാൻ തന്നെയാണ് സർക്കാർ തീരുമാനം.

ഓണമായതിനാൽ അടുത്തമാസം 8000 കോടി രൂപയിലേറെ ഖജനാവിൽ നിന്നു ചെലവാക്കേണ്ടിവരും. ബോണസും ഉത്സവബത്തയും അഡ്വാൻസും ആണ് അധികമായി വരുന്ന പ്രധാന ചെലവ്. ബോണസിന്റ കാര്യത്തിൽ അടുത്തയാഴ്ചയോടെ ധനവകുപ്പ് തീരുമാനമെടുക്കും. 2 മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് ഒരുമിച്ചു നൽകാനാണു തീരുമാനം. വരുമാനം കൊണ്ടു പിടിച്ചു നിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ജി എസ് ടി അടക്കം കേരളത്തെ രക്ഷിക്കുമെന്ന തോന്നൽ സർക്കാരിനില്ല. ഇതുകൊണ്ട് കൂടിയാണ് കടം എടുക്കാനുള്ള നീക്കം.

കഴിഞ്ഞ വർഷം 4000 രൂപ ബോണസും അതിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയും നൽകിയിരുന്നു. സർക്കാർ ജീവനക്കാർക്ക് 15,000 രൂപ വീതം ഓണം അഡ്വാൻസും നൽകി. പാർട്ടൈം കണ്ടിൻജന്റ് ഉൾപ്പെടെ മറ്റു ജീവനക്കാർക്ക് 5000 രൂപ അഡ്വാൻസ് നൽകി. ഇത്തവണയും സമാനമായ നിരക്കിൽ ആനുകൂല്യങ്ങൾ നൽകുന്ന കാര്യമാണു ധനവകുപ്പു പരിഗണിക്കുന്നത്. അല്ലെങ്കിൽ് അത് ജീവനക്കാരുടെ എതിർപ്പിന് കാരണമാകും. തൽകാലം ജീവനക്കാരെ പിണക്കുന്നത് പിണറായി സർക്കാർ ആലോചിക്കുന്നില്ല. പെൻഷൻകാർക്കും പണം നൽകണം.

രണ്ടുമാസത്തെ ക്ഷേമപെൻഷനായി 3200 രൂപ വീതമാണു നൽകേണ്ടത്. ഇതിനുമാത്രം 1800 കോടി രൂപ വേണ്ടിവരും. ഒരു മാസം ശമ്പളത്തിനും പെൻഷനും മാത്രമായി ഏകദേശം 5000 കോടി രൂപയാണു സർക്കാർ ചെലവിടുന്നത്. ബോണസ് ഉൾപ്പെടെയുള്ള മറ്റു ചെലവുകൾ കൂടി ചേരുമ്പോൾ ഇത് 8000 കോടിയായി ഉയരും. അധിക ചെലവിനായി കടമെടുക്കേണ്ടിവരുമെന്നു സമ്മതിക്കുന്ന ധനവകുപ്പ് എത്ര തുക വേണ്ടിവരുമെന്നു തിട്ടപ്പെടുത്തിയിട്ടില്ലെന്നു വിശദീകരിക്കുന്നു. ചിലപ്പോൾ ഇത് 3000 കോടിവരെ ആകാനും സാധ്യതയുണ്ട്.

എന്നാൽ കടം എടുക്കുന്നതിനുള്ള കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണങ്ങൾ വെല്ലുവിളിയാണ്. ഡിസംബർ വരെ 17,936 കോടി മാത്രമേ കടമെടുക്കാൻ അനുമതിയുള്ളൂ. വികസന പദ്ധതികൾക്ക് കിഫ്ബിയും ക്ഷേമപെൻഷൻ കൊടുക്കുന്നതിനായി പെൻഷൻ കമ്പനിയും എടുക്കുന്ന കടവും ഈ പരിധിക്കകത്തു വരും. അതിനാൽ പരമാവധി തുക മറ്റു മാർഗങ്ങളിലൂടെ മിച്ചം വച്ചതിനുശേഷം അവശേഷിക്കുന്നതു മാത്രം വായ്പയെടുത്താൽ മതിയെന്നാണ് ധനവകുപ്പിന്റെ തീരുമാനം. ഇത് എത്ര വരുമെന്ന് തിട്ടപ്പെടുത്താൻ ഇനിയും ഒരാഴ്ച എങ്കിലും വേണ്ടി വരും.

ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെയാണ് സംസ്ഥാന സർക്കാർ അഭിമുഖീകരിക്കാൻ പോകുന്നത്. വരാനിരിക്കുന്ന വർഷങ്ങൾ വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നാണു സൂചന. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്ര സർക്കാർ അവസാനിപ്പിക്കുന്നതാണ് ഒരു കാരണം. കടമെടുക്കുന്നതിനും കൂടുതൽ നിയന്ത്രണം വരും. ഇപ്പോൾത്തന്നെ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും അതിന് അനുകൂലമല്ല. ആഭ്യന്തര നികുതി സമാഹരണ സാധ്യതകൾക്കും വെല്ലുവിളികളും പരിമിതികളുമുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ചെലവുകളെക്കുറിച്ച് കൂടുതൽ യുക്തിസഹമായി ചിന്തിക്കുകയാണു വേണ്ടതെന്ന അഭിപ്രായം ശക്തമാണ്. എന്നാൽ ഓണക്കാലത്ത് പാവങ്ങൾക്ക് കിറ്റ് നൽകുമ്പോൾ മുഖ്യമന്ത്രി 30 ലക്ഷത്തിന്റെ കിയാ കാറാണ് സ്വന്തമാക്കിയത്. ഇത്തരം കാറു വാങ്ങലും മറ്റും പ്രതിസന്ധി കൂട്ടുന്നു. മന്ത്രിമാർക്ക് പുതിയ കാർ വാങ്ങുന്നതും കടമെടുത്താണ്.

കേന്ദ്ര സർക്കാർ മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതൽ ഉദാരമായ സമീപനമാണ് കേരളത്തോടു കാണിച്ചതെന്നതാണ് വസ്തുത. എന്നാൽ അതനുസരിച്ച് നമ്മുടെ നികുതി വരുമാനം ഉയർത്താൻ നമുക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല റവന്യു ചെലവ് നിയന്ത്രണമില്ലാതെ വർധിക്കുകയായിരുന്നു. ഈ നിലപാടുമായി ഇനിയും മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP