Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

വേദകാല ഘട്ടം മുതൽ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ വാസ്തുശാസ്ത്രം; കൃത്യമായ അളവുകളും കണക്കുകൂട്ടലുകളുമുള്ള വസ്തുശാസ്ത്രത്തെ ഉപേക്ഷിച്ച് ഫെങ് ഷുയിയെ പരിണയിക്കുന്നവർ ഒന്നറിയു; ഇതും സാംസ്‌കാരിക അധിനിവേശത്തിന്റെ ഭാഗമാണ്; മനസ്സുകളെ മയക്കി തങ്ങൾക്കനുകൂലമാക്കുവാനുള്ള ശ്രമം; ഫെങ് ഷുയിലൂടെ ചൈന ആഗ്രഹിക്കുന്നത് ഇന്ത്യൻ മനസ്സുകളെ അടിമകളാക്കുവാൻ; ചൈനീസ് ഉൽപന്നങ്ങൾ പോലെ ചൈനീസ് തന്ത്രങ്ങളും ബഹിഷ്‌കരിക്കണം

വേദകാല ഘട്ടം മുതൽ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായ വാസ്തുശാസ്ത്രം; കൃത്യമായ അളവുകളും കണക്കുകൂട്ടലുകളുമുള്ള വസ്തുശാസ്ത്രത്തെ ഉപേക്ഷിച്ച് ഫെങ് ഷുയിയെ പരിണയിക്കുന്നവർ ഒന്നറിയു; ഇതും സാംസ്‌കാരിക അധിനിവേശത്തിന്റെ ഭാഗമാണ്; മനസ്സുകളെ മയക്കി തങ്ങൾക്കനുകൂലമാക്കുവാനുള്ള ശ്രമം; ഫെങ് ഷുയിലൂടെ ചൈന ആഗ്രഹിക്കുന്നത് ഇന്ത്യൻ മനസ്സുകളെ അടിമകളാക്കുവാൻ; ചൈനീസ് ഉൽപന്നങ്ങൾ പോലെ ചൈനീസ് തന്ത്രങ്ങളും ബഹിഷ്‌കരിക്കണം

രവികുമാർ അമ്പാടി

'കിൽ ദി ഇന്ത്യൻ സേവ് ദി മാൻ'...1800 കളുടെ അവസാനത്തിൽ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഉയർന്നു കേട്ട ഒരു മുദ്രാവാക്യമായിരുന്നു ഇത്. ഇവിടെ ഇന്ത്യൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് റെഡ് ഇന്ത്യൻസിനെയാണെന്ന് പറഞ്ഞോട്ടെ. അമേരിക്കൻ ഭൂഖണ്ഡത്തിന്റെ യഥാർത്ഥ അവകാശികളായ റെഡ് ഇന്ത്യൻ വംശജരെ, വെള്ളക്കാരുടെ വഴിയിൽ കൊണ്ടുവരുവാൻ ഉദ്ദേശിച്ച് നിരവധി ബോർഡിങ് സ്‌കൂളുകൾ സ്ഥാപിച്ച ബ്രിഗേഡിയർ ജനറൽ റിച്ചാർഡ് ഹെന്റ്രി പ്രാറ്റിന്റേതായിരുന്നു ഈ മുദ്രാവാക്യം. അമേരിക്കയിൽ തങ്ങൾക്ക് ഭാവിയിൽ ഒരു കുഴപ്പവും ഇല്ലാതെ ആധിപത്യത്തിൽ തുടരാൻ വെള്ളക്കാർ കണ്ടുപിടിച്ച മാർഗ്ഗമായിരുന്നു തദ്ദേശവാസികളെ തങ്ങളുടെ വഴിയിൽ കൊണ്ടുവരിക എന്നത്.

ഈ ഇന്ത്യൻ ബോർഡിങ് സ്‌കൂളുകളിലേക്ക് റെഡ് ഇന്ത്യൻ കുട്ടികളെ കൊണ്ടുവന്നിരുന്നത് സൗജന്യ ഭക്ഷണവും വിദ്യാഭ്യാസവുമൊക്കെ വാഗ്ദാനം ചെയ്തായിരുന്നു. ഇങ്ങനെ വരുന്ന കുട്ടികളിലെ അവരുടെ പരമ്പരാഗത പശ്ചാത്തലം ഇല്ലാതെയാക്കുകയായിരുന്നു ആദ്യപടി. ഇംഗ്ലീഷുകാരുടേതിന് സമാനമായ പേരുകളും സർനെയിം പോലും അവർക്ക് നൽകി. വസ്ത്രം, ഭക്ഷണം, ജീവിതരീതികൾ എല്ലാം ഇംഗ്ലീഷുകാരുടേതിന് സമാനമായതായിരുന്നു. അങ്ങനെ സാവധാനം അവരിലെ സ്വത്വബോധം ഇല്ലാതെയാക്കുക. അതായിരുന്നു അവരുടെ തന്ത്രം. വളരെ ചെറുപ്പം മുതൽക്കെ ലഭിക്കുന്ന പരിശീലനം അവരെ സ്വാഭാവികമായും അവരുടേതല്ലാത്ത ജീവിതശൈലിയിലേക്ക് നയിക്കും. സ്വന്തം സ്വത്വം മറന്ന ഒരു ജനതക്ക് പിന്നെ ഭരിക്കുന്നവരുടെ അടിമകളായി തുടരുക മാത്രമേ നിർവ്വാഹമുള്ളു.

Stories you may Like

ഇതിന് സമാനമായ ഒരു തന്ത്രമാണ് ഇപ്പോൾ ചൈന ഫെങ് ഷുയി എന്ന ചൈനീസ് വാസ്തുശാസ്ത്രത്തിലൂടെ നടപ്പിലാക്കുവാൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം എന്നുപറഞ്ഞാൽ അഞ്ചിലധികം സഹസ്രാബ്ദങ്ങൾ പഴക്കമുള്ളതാണ്. വേദങ്ങളിലൂടെയും മറ്റും തലമുറകളായി പകർന്നു നൽകിയ അറിവുകളും, ആചാരങ്ങളും, ജീവിതശൈലിയും എല്ലാം ചേർന്നതാണ് നമ്മുടെ സംസ്‌കാരം. ഇതിന്റെ ഒരു ഭാഗം തന്നെയാണ് ഇന്ത്യൻ വാസ്തുശാസ്ത്രവും ഇന്ത്യൻ ജ്യോതിഷവുമെല്ലാം. അവയുടെ യുക്തിയോ യുക്തിരാഹിത്യമോ അല്ല ഇവിടെ ചർച്ചചെയ്യുവാൻ ആലോചിക്കുന്നത് എന്ന് എടുത്തു പറയട്ടെ. നമ്മുടെ സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും അവിഭാജ്യ ഘടകങ്ങളാണ് ഇത് രണ്ടുമെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകുമെന്ന് തോന്നുന്നില്ല.

ഈ സംസ്‌കാരത്തിന്റെ കാതൽ എന്നുപറഞ്ഞാൽ ആത്മീയത തന്നെയാണ്. ഈശ്വരൻ എന്നൊരു ശക്തിയിൽ വിശ്വസിക്കുകയും ആ ശക്തിയെ ചുറ്റിപ്പറ്റിയുണ്ടാക്കിയ ജീവിതക്രമങ്ങളും ജീവിതശൈലിയുമൊക്കെത്തന്നെയാണ് ഇന്ത്യൻ സംസ്‌കാരം. ജതിമത വ്യത്യാസമില്ലാതെ എല്ലാ ഇന്ത്യാക്കരുടേയും കുടുംബ ബന്ധങ്ങളെ നിലനിർത്തുന്നതും സാമൂഹിക ബന്ധങ്ങളെ നിർവ്വചിക്കുന്നതുമെല്ലാം ഈ സംസ്‌കാരമാണ്. അത് കൈമോശം വന്നാൽ എന്താകും സ്ഥിതിയെന്ന് ആലോചിച്ചിട്ടുണ്ടോ? സ്വന്തം സ്വത്വം നഷ്ടപ്പെട്ടാൽ പിന്നെ മനുഷ്യനില്ല, അടിമയേയുള്ളു. താൻ അധമനെന്നും മറ്റെയൾ ഉത്തമനെന്നും ഉള്ള ഒരുതരം മാനസിക അടിമത്തമായിരിക്കും പിന്നീട് നമ്മുടെ ഉള്ളിൽ വളർന്നു വരിക. ഉത്തമനെ എതിർക്കാൻ പോലുമാകാതെ, അവന്റെ ഇംഗീതത്തിനനുസരിച്ചുള്ള ജീവിതമായിരിക്കും പിന്നീട്. ഇത്തരത്തിൽ തനത് സംസ്‌കാരം ഇല്ലാതെയാക്കി മനുഷ്യരെ വരുതിയിലാക്കാമെന്ന് കാണിച്ചു തന്നത് പാശ്ചാത്യരാണ്. അമേരിക്കയിൽ മാത്രമല്ല, ആഫ്രിക്കയിലും അവർ ഇതേ തന്ത്രമാണ് പ്രയോഗിച്ചത്. എന്നാൽ ഏഷ്യയിൽ ഇത് നടക്കാതെ പോയതിനു കാരണം ഇവിടെ ശക്തമായി നിലകൊണ്ട മതചിന്തകളിൽ ഊന്നിയുള്ള സംസ്‌കാരം കാരണമായിരുന്നു.

ഈ സത്യം മനസ്സിലാക്കിയാണ് തികച്ചും ഭൗതികവാദികൾ ആകേണ്ട, കമ്മ്യൂണിസത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രം ആത്മീയതയുടെ ഭാഗമായ ജ്യോതിഷവും വാസ്തുശാസ്ത്രവുമൊക്കെ ഉപയോഗിക്കുന്നത്. അടിസ്ഥാനപരമായി ഫെങ് ഷുയി എന്നത് വാസ്തുശാസ്ത്രം തന്നെയാണ്. കാറ്റ് ജലം എന്നാണ് ഫെങ് ഷുയി എന്ന വാക്കിന്റെ അർത്ഥം. നീരൊഴുക്കും വായു പ്രവാഹവും കണക്കാക്കി, നമ്മിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ ഉതകുന്ന മാർഗ്ഗങ്ങളാണ് ഇതിലും ഉപദേശിക്കുന്നത്. അതായത്, അയ്യായിരം വർഷത്തിൽ അധികം പഴക്കമുള്ള നമ്മുടെ വാസ്തുശാസ്ത്രത്തിന്റെ മറ്റൊരു പതിപ്പാണ് മൂവായിരത്തി അഞ്ഞൂറ് വർഷത്തെ ചരിത്രം മാത്രമുള്ള ഈ ഫെങ് ഷുയി.

കോണുകൾ കണക്കാക്കി കൃത്യമായ അളവുകളോടെ കെട്ടിടം നിർമ്മിച്ചിരുന്ന തച്ചന്മാർ തെറ്റ് പറ്റാത്തവരായിരുന്നു. അവരുടെ അളവുകോലിലെ കണക്ക് പ്രക്രാരം ഉയർന്നുവന്ന വീടുകൾക്കും കൊട്ടാരങ്ങൾക്കും ക്ഷേത്രങ്ങൾക്കുമൊന്നും ഒരു കുഴപ്പവും സംഭവിച്ചില്ല. നൂറ്റാണ്ടുകൾ പിന്നിട്ട എത്രയോ നിർമ്മിതികൾ ഇപ്പഴും നമ്മുടെ നാട്ടിൽ തലയുയർത്തി നിൽക്കുന്നു, ഒരു മഹത്തായ ഭൂതകാലത്തിന്റെ ഒറ്റപ്പെട്ട ചിത്രങ്ങളായി! ഈ മഹത്തായ തച്ചുശാസ്ത്രം നിലനിൽക്കുമ്പോഴാണ് ഫെങ്ഷുയി എന്ന വിദേശ ശാസ്ത്രം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്നത്. വിദഗ്ദമായ മാർക്കറ്റിംഗിലൂടെ വിപണി പിടിച്ചടക്കാൻ അവർക്കായി എന്നത് സത്യം തന്നെയാണ്. എന്നാൽ, ആ ചതിക്കുഴിയിൽ വീണ നമ്മൾ അറിഞ്ഞില്ലെന്ന് മാത്രം, നമ്മൾ നമ്മുടെ തനത് സംസ്‌കാരത്തിൽ നിന്നും മെല്ലെമെല്ലെ അകന്നു പോവുകയായിരുന്നു എന്ന്.

ആദ്യമേ പറഞ്ഞു, ഇന്ത്യൻ സംസ്‌കാരം എന്നത് ആത്മീയതയിലൂന്നിയ, ഈശ്വരൻ എന്നൊരു സങ്കല്പത്തിനു ചുറ്റുമായി ഉരുത്തിരിഞ്ഞുവന്ന ഒന്നാണെന്ന്. ഒരുകാലത്ത്, കേരളത്തിലെ (മുഴുവൻ ഇന്ത്യയിലും കാര്യം വ്യത്യസ്തമല്ല, എന്നിരുന്നാലും ഇവിടെ കേരളത്തിന്റെ ചുറ്റുവട്ടത്തുനിന്ന് സംസാരിക്കാനാണ് എനിക്കിഷ്ടം) ഏതൊരു വീട്ടിലും പോയാൽ ഉമ്മറവാതിൽക്കൽ തന്നെ കാണാം കൃഷ്ണന്റേയോ ഗണപതിയുടേയോ ചിത്രം തൂങ്ങുന്നത്. കർത്താവിന്റെ തിരുരൂപവും വിശുദ്ധമെക്കയുടെ ചിത്രവുമാകാം ഇത്, ആ വീട്ടുകാരുടെ മതമനുസരിച്ച്. നമ്മുടെ ജീവിതം, അത് ഏത് മതത്തിൽ പെട്ടവരുടേതായാലും ഈശ്വര സങ്കല്പത്തോട് എത്രമാത്രം അടുത്തു നിൽക്കുന്നു എന്നതിന്റെ മകുടോദാഹരണമാണിത്. മാത്രമല്ല, ഏതൊരു കഷ്ടപ്പാടുകൾക്ക് നടുവിലും നമ്മളെ കാത്തുരക്ഷിച്ചുകൊണ്ടൊരാൾ വീടിനു പുറത്തുണ്ട് എന്ന വിശ്വാസത്തിൽ നിന്നും ലഭിക്കുന്ന ആത്മവിശ്വാസം നമുക്ക് നൽകുന്ന ഊർജ്ജം ചെറുതൊന്നുമല്ല. ഈ വിശ്വാസത്തിന്റെ കടയ്ക്കൽ കത്തിവെച്ചുകൊണ്ടാണ് ലാഫിങ് ബുദ്ധയും വായ് തുറന്നിരിക്കുന്ന തവളയുമെല്ലാം നമുക്ക് പ്രിയങ്കരരായത്.

ലാഫിങ് ബുദ്ധ എന്നാണ് പേരെങ്കിലും, അതിന് ഗൗതമ ബുദ്ധനുമായി ഒരു സാമ്യവുമില്ല. ഇതുപോലെ കുടവയറും മറ്റുമായൊരു രൂപമൊന്നുമല്ല ബുദ്ധനെ കുറിച്ച് നമ്മുടെയെല്ലാം മനസ്സിലുള്ളത്. ബുദ്ധന്റെ വികലമായ അനുകരണവും, തവളയെപ്പോലുള്ള ജീവികളുമൊക്കെ ദർശനത്തിലൂടെ പോസിറ്റീവ് എനർജി പകരും എന്നു പറയുന്നതിലെ സാംഗത്യം ചോദ്യംചെയ്യുന്നില്ല, പക്ഷെ, ഒരു ഗണപതിയുടെ വിഗ്രഹമോ, തിരുരൂപമോ ഒക്കെ ഷോകേസിൽ ഇരിക്കുന്നത് കാണുമ്പോഴല്ലേ നമുക്ക് യഥാർത്ഥത്തിൽ ഉണർവ്വും ഉന്മേഷവും ഉണ്ടാവുക ? നമ്മുടെ സംസ്‌കാരവും അതുതന്നെയായിരുന്നില്ലെ? അതുപോലെ സായം സന്ധ്യയിൽ ദീപാരാധനക്ക് കാവിൽ നിന്നുയരുന്ന മണിനാദത്തിന്റെ ഇമ്പമുണ്ടോ ചൈനീസ് ചൈം എന്നുപറയുന്ന ഈ മണികൾക്ക്? പള്ളിയിലെ മണിനാദം ഉയർന്നു കേൾക്കുമ്പോൾ ഏതൊരു വിശ്വാസിയുടേയും ഹൃദയത്തിലുണരുന്ന വികരം ഉണ്ടാക്കുവാൻ ഇവയ്ക്കാവുമോ?

ഇതിനെല്ലാം ഇല്ല എന്നൊരു ഉത്തരമേയുള്ളു. പിന്നെയും ജനങ്ങൾ ഫെങ് ഷുയി എന്നു പറയുന്ന ഈ ചൈനീസ് വിദ്യക്ക് പുറകേ പോകുന്നതെന്തിനാണ്? അവിടെയാണ് ചൈനയുടെ മാർക്കറ്റിങ് പാടവം. ആകർഷണീയമായ ചട്ടക്കൂടുകളിൽ നൽകുന്ന പാഴായ സാങ്കേതികവിദ്യ വിൽക്കാൻ കഴിവുണ്ടെങ്കിലാണോ ആത്മീയതയിലൂന്നിയ ഒരു സംസ്‌കാരത്തിൽ, സൗന്ദര്യം ചാലിച്ച ആത്മീയത വിൽക്കാൻ ആകാത്തത്? നമ്മുടെ ധനാകർഷണ യന്ത്രത്തേക്കാൾ മേന്മയുണ്ടോ ധനം ആകർഷിക്കുന്ന കാര്യത്തിൽ ഈ തവളക്ക്? വീട്ടുമുറ്റത്തെ തുളസിയേക്കാൾ മഹത്വമുണ്ടോ കുപ്പിഗ്ലാസ്സിലെ വെള്ളത്തിൽ കുത്തിനിർത്തിയ പച്ചമുളയ്ക്ക്? ആലോചിക്കേണ്ട കാര്യമാണ്. ചൈനാക്കാരുടെ മാർക്കറ്റിങ് തന്ത്രത്തിൽ നമ്മൾ കുടുങ്ങിപ്പോയി. വിലകുറഞ്ഞ മൊബൈൽ ഫോണുകളെപ്പോലെ അവർ പ്രശ്‌നപരിഹാരത്തിന് നൽകിയ പ്രതിവിധികളും നമ്മൾ ഏറ്റെടുത്തു. പക്ഷെ ഇതുകൊണ്ട് ഗുണം ആർക്കാണ് ?

വ്യാപാരക്കെണികളിലൂടെ അദൃശ്യമായിട്ടായിരുന്നു ചൈന ഇതുവരെ ഇന്ത്യയുമായി യുദ്ധം ചെയ്തിരുന്നത്. ഇന്നിപ്പോൾ നേരിട്ടുള്ള യുദ്ധവും ആരംഭിക്കുവാൻ ഒരുങ്ങുന്നു. ഈ അവസരത്തിലെങ്കിലും ഈ ഫെങ്ഷുയിക്ക് പുറകിലെ ചതി തിരിച്ചറിയേണ്ടതുണ്ട്. അത്മീയതയെ നിരാകരിക്കുന്ന ഭരണകൂടമാണ് ചൈനയിലേത്. പല വിശുദ്ധ ഗ്രന്ഥങ്ങളും ചൈനീസ് രീതിക്കനുസരിച്ച് തിരുത്തി എഴുതാൻ വരെ തുനിഞ്ഞവർ. ഔദ്യോഗികമായി ആത്മീയതയെ പ്രോത്സാഹിപ്പിക്കാത്തവർ. അങ്ങനെയുള്ള ഒരു ഭരണകൂടം ഈ ഫെങ്ഷുയി എന്ന ആത്മീയതയുമായി ബന്ധപ്പെട്ട ശാസ്ത്രശാഖയെ മാത്രം എന്തിന് പ്രോത്സാഹിപ്പിക്കുന്നു? ഇവിടെയാണ് കിൽ ദി ഇന്ത്യൻ സേവ് ദി മാൻ എന്ന മുദ്രാവാക്യം പ്രസക്തമാകുന്നത്.

ആത്മീയമായി അത്ര വളർച്ച നേടാത്ത റെഡ് ഇന്ത്യൻ വംശജർക്ക് മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊണ്ടായിരുന്നു പാശ്ചാത്യർ അവരെ വരുതിയിലാക്കിയത്. പിന്നീട് സ്വന്തം സ്വത്വം പോലും മറന്ന് പാശ്ചാത്യരുടെ വഴിയെ അവർ യാത്രയാവുകയും ചെയ്തു. എന്നാൽ റെഡ് ഇന്ത്യൻ വംശജരെ പോലെ ലോകത്തെ അറിയാത്തവരല്ല ഇന്ത്യാക്കാർ. മാത്രമല്ല ശക്തമായ ഒരു സംസ്‌കാരം ഒരു ജനതയെ തന്നെ യോജിപ്പിച്ച് നിർത്തുന്നു. ഇവിടെ ഇന്ത്യാക്കാരന്റെ സംസ്‌കാരത്തെ ഇല്ലായ്മ ചെയ്ത്, അവന്റെ സ്വത്വബോധത്തെ തകർക്കണമെങ്കിൽ, അവനെ അവന്റെ പൈതൃകത്തിൽ നിന്നും അകറ്റണം. അതിന് പകരമായി ഒന്ന്, അതിനേക്കാൾ മനോഹരമായ ചട്ടക്കൂടിൽ നൽകിയാൽ മാത്രമേ അത് സാധിക്കൂ എന്നവർക്കറിയാം. അതുകൊണ്ട് തന്നെയാണ് മനോഹരങ്ങളായ വെങ്കലശില്പങ്ങളും മാർബിൾ പ്രതിമകളുമൊക്കെ ചേർത്ത് ഫെങ് ഷുയി എന്ന തന്ത്രം അവർ ഇന്ത്യയിൽ ഇറക്കിയത്.

ഇത് ആദ്യപടി മാത്രമാണ്. അവർ നമ്മുടെ വീടുകളിൽ വന്ന് വാഗ്ദാനങ്ങൾ നൽകിയിട്ടേയുള്ളു, ഹോസ്റ്റലുകളിലേക്ക് കൂട്ടിക്കൊണ്ടുപോയിട്ടില്ല. ആളുകളെ മെല്ലെമെല്ലെ ആകർഷിച്ച് ഹോസ്റ്റലുകളിൽ എത്തിക്കലായിരിക്കും അടുത്ത പടി. അതായത്, ഇനി ഇറങ്ങാൻ പോകുന്നത് ചൈനീസ് മന്ത്രതന്ത്രങ്ങളായിരിക്കും അതിന്റെ സൂചനകൾ കണ്ടു തുടങ്ങിക്കഴിഞ്ഞു. കാവിലെ പൂജാരി ജപിച്ചുതരുന്ന ചരടോ, ഉസ്താദ് നൽകുന്ന ഉറുക്കോ ഒക്കെ പകർന്നു തന്നിരുന്ന ധൈര്യം പകരാൻ ഇപ്പോൾ ചങ്ങലക്കെട്ടുകളുടെ രൂപത്തിലുള്ള ചരടുകളും ഇറങ്ങിക്കഴിഞ്ഞു. ഇങ്ങനെ സാവധാനം നമ്മളെ നമ്മുടെ സംസ്‌കാരത്തിൽ നിന്നും അകറ്റുക എന്നതാണ് നടക്കുന്നത്. നിർഭാഗ്യവശാൽ നമുക്കത് മനസ്സിലാകുന്നില്ല.

ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്‌കരിക്കുന്നതുപോലെ ചൈനീസ് തന്ത്രങ്ങളും ബഹിഷ്‌കരിക്കണം. ഷോകേസിലേ തവളയെ മാറ്റി നമുക്ക് ഗണപതിയുടെ ചിത്രമോ തിരുരൂപമോ ഒക്കെ വയ്ക്കാം. അതൊക്കെ വച്ചുകൊണ്ടല്ലെ നമ്മുടെ അപ്പനപ്പൂപ്പന്മാർ നമ്മളെയൊക്കെ വളർത്തി ഈ നിലയിലെത്തിച്ചത്? അല്ലാതെ കുപ്പിപ്പാത്രത്തിലെ പച്ചവെള്ളത്തിൽ കുത്തിവച്ച് മുളങ്കമ്പുകൾക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിച്ചിട്ടല്ലാല്ലൊ. മുറ്റത്തോ, ബാൽക്കണിയിലെ ചെടിച്ചട്ടിയിലോ ഒക്കെ നമുക്ക് തുളസിത്തൈകൾ നടാം. കുപ്പിപ്പിഞ്ഞാണത്തിലെ വള്ളിയിലകൾ ഷോകേസിൽ വയ്ക്കേണ്ട കാര്യമില്ല. കാരണം, നമ്മുടെ അപ്പനപ്പൂപ്പന്മാർ ചെയ്തിരുന്നത് അതായിരുന്നു.

ഫെങ് ഷുയി ഉദ്പന്നങ്ങളുടെ വിലയായി ചൈനയിലേക്ക് മാസാമാസം പോകുന്ന പണം മാത്രമല്ല, അവരുടെ സാംസ്‌കാരിക അധിനിവേശവും നമുക്ക് തടയണം. ചൈനീസ് ഉദ്പന്നങ്ങൾക്കൊപ്പം നമുക്ക് ഈ ഫെങ് ഷുയി പോലുള്ള ചൈനീസ് തന്ത്രങ്ങളേയും ബഹിഷ്‌കരിക്കാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP