Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എമിറേറ്റ്‌സോ ജെറ്റ് എയർവെയ്സോ ടാറ്റയോ എയർ ഇന്ത്യയുടെ ഉടമകളാകും; അമേരിക്കയിലേയും ബ്രിട്ടണിലേയും വൻകിട ബ്രാന്റുകൾ സ്വന്തമായി കച്ചവടത്തിനിറങ്ങും; എല്ലാ വിദേശ വിമാന കമ്പനികളും ഇന്ത്യൻ വിപണിയിൽ പരീക്ഷണത്തിന് ഇറങ്ങും; നേരിട്ടുള്ള വിദേശ നിക്ഷേപ കാര്യത്തിൽ ഇന്നലെ കേന്ദ്ര സർക്കാർ എടുത്ത നിയമം നമ്മളെ എങ്ങനെ ബാധിക്കും?

എമിറേറ്റ്‌സോ ജെറ്റ് എയർവെയ്സോ ടാറ്റയോ എയർ ഇന്ത്യയുടെ ഉടമകളാകും; അമേരിക്കയിലേയും ബ്രിട്ടണിലേയും വൻകിട ബ്രാന്റുകൾ സ്വന്തമായി കച്ചവടത്തിനിറങ്ങും; എല്ലാ വിദേശ വിമാന കമ്പനികളും ഇന്ത്യൻ വിപണിയിൽ പരീക്ഷണത്തിന് ഇറങ്ങും; നേരിട്ടുള്ള വിദേശ നിക്ഷേപ കാര്യത്തിൽ ഇന്നലെ കേന്ദ്ര സർക്കാർ എടുത്ത നിയമം നമ്മളെ എങ്ങനെ ബാധിക്കും?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന മേഖല മാറ്റത്തിന്റെ പാതയിലാണ്. നേരത്തെ തന്നെ ഈ മേഖലയിൽ സ്വകാര്യ നിക്ഷേപത്തിന് കേന്ദ്ര സർക്കാർ അനുമതി കൊടുത്തിരുന്നു. അപ്പോഴും എയർ ഇന്ത്യയെ ഒഴിവാക്കി. പൂർണ്ണ ഇന്ത്യൻ കമ്പനിയായി എയർഇന്ത്യ എന്ന പൊതു മേഖലാ സ്ഥാപനത്തെ നിലനിർത്തി. എന്നാൽ അന്താരാഷ്ട്ര വെല്ലുവിളികളെ മറികടന്ന് മുന്നോട്ട് പറക്കാൻ എയർ ഇന്ത്യയ്ക്ക് കഴിയുന്നില്ലെന്ന് സർക്കാർ തിരിച്ചറിയുകയാണ്. അതൊണ്ട് തന്നെ വിദേശ നിക്ഷേപം എയർ ഇന്ത്യയിലും എത്തുകയാണ്. ഇതോടെ വമ്പൻ വിദേശ വിമാനക്കമ്പനികൾ എയർ ഇന്ത്യയിലും മുതൽമുടക്കാനെത്തും. എയർ ഇന്ത്യയിൽ 49 ശതമാനംവരെയുള്ള വിദേശനിക്ഷേപത്തിനും അനുമതിയായി.

അതായത് എയർ ഇന്ത്യയുടെ 51 ശതമാനം ഓഹരികൾ ഇന്ത്യയ്ക്ക്. ബാക്കി വിദേശത്തേക്കും. നിലവിൽ പൊതുമേഖലയിലാണ് എയർഇന്ത്യയുടെ നിൽപ്പ്. ഇത് ഏത് സമയത്തും പൂർണ്ണമായും സ്വകാര്യ വൽക്കരിക്കാൻ സർക്കാർ തയ്യാറായേക്കും. കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനാണ് ഇത്. ഇത്തരത്തിൽ ഒരു തീരുമാനമെടുത്ത് എയർ ഇന്ത്യയെ പൂർണ്ണമായും സ്വകാര്യ വൽക്കരിച്ചാൽ അതിന്റെ 51 ശതമാനം ഓഹരികൾ ഇന്ത്യൻ വ്യക്തികളിൽ നിലിർത്തും. ബാക്കി 49 ശതമാനം വിദേശിക്കും. ഇതാണ് കേന്ദ്ര സർക്കാരിന്റെ മനസ്സിലുള്ളത്. എയർ ഇന്ത്യയെ കണ്ണിട്ട് നിരവധി വിദേശ കമ്പനികൾ രംഗത്തുണ്ടെന്ന് മോദി സർക്കാർ തിരിച്ചറിയുന്നു. എമറൈറ്റ്‌സും ജെറ്റും ടാറ്റയുമെല്ലാം എയർ ഇന്ത്യാ ഓഹരിയിൽ കണ്ണുള്ളവരാണ്. വലിയ സാമ്പത്തിക ബാധ്യത നിലവിൽ എയർ ഇന്ത്യക്കുണ്ട്. ഓഹരി വിറ്റ് കിട്ടുന്ന പണം ഈ ബാധ്യതകൾ പരിഹരിക്കാനാവും ഉപയോഗിക്കുക. ഇതിലൂടെ എയർ ഇന്ത്യയുടെ ഖ്യാതി ഉയർത്താമെന്നും കരുതുന്നു.

പുതിയ വിദേശ കമ്പനികളുമായുള്ള എയർ ഇന്ത്യയുടെ ചങ്ങാത്തം സാങ്കേതികമായും കമ്പനിയെ മുന്നോട്ട് കൊണ്ടു പോകുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ വ്യവസായ സൗഹൃദമാക്കുകയും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയും സാമ്പത്തികവളർച്ച മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ പറയുന്നു. പൊതുബജറ്റ് അടുത്തമാസം ഒന്നിന് പ്രഖ്യാപിക്കാനിരിക്കേയാണ് വിദേശനിക്ഷേപ നയത്തിൽ ഈ മാറ്റങ്ങൾ വരുത്തിയത്. വ്യോമയാന നയത്തിലെ മാറ്റം ആഭ്യന്തര വിമാന സർവ്വീസുകൾക്കും പുത്തനുണർവ്വ് വരും. എയർ ഇന്ത്യ ഉയർത്തുന്ന വെല്ലുവിളികൾ മറ്റ് സ്വകാര്യ വിമാന കമ്പനികളേയും കൂടുതൽ മെച്ചമാക്കും. ഇതിലൂടെ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ കിട്ടുമെന്നാണ് പ്രതീക്ഷ. ഈ ലക്ഷ്യവും സ്വകാര്യ നിക്ഷേപത്തെ എയർഇന്ത്യയിലേക്ക് കൊണ്ടു വരുന്നതിന് പിന്നിലുണ്ട്.

ഇതിനൊപ്പം ഒറ്റ ബ്രാൻഡ് ചില്ലറവിൽപ്പന മേഖലയിലും നിർമ്മാണ മേഖലയിലും സർക്കാർ അനുമതിയില്ലാതെ 100 ശതമാനം വിദേശനിക്ഷേപത്തിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. അതായത് ഇനി വിദേശ കമ്പനികൾക്ക് ചില്ലറ വിൽപ്പനയിൽ സജീവമായി ഇടപെടാം. നിലവിൽ ഭാഗീക നിക്ഷേപം മാത്രമാണ് അനുവദിച്ചിരുന്നത്. ഇന്ത്യൻ വിപണിയെ ലക്ഷ്യമിടുന്ന അമേരിക്കൻ ബ്രാൻഡുകൾ കൂട്ടത്തോടെ ഇനി ഇവിടെ എത്തും. മത്സരാധിഷ്ഠിത വിപണിയുടെ നേട്ടം സാധാരണക്കാർക്ക് കിട്ടുമെന്നാണ് പ്രതീക്ഷ. എന്നാൽ പരമ്പരാഗത കച്ചവട രീതികളെ ഇത് സ്വാധീനിക്കുകയും ചെയ്യും. വാൾമാർട്ട് പോലുള്ള വമ്പൻ കമ്പനികൾ ഇന്ത്യയിൽ സജീവമാകും.

വൈദ്യുതി എക്സ്ചേഞ്ചുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നീ മേഖലകളിലെ വിദേശനിക്ഷേപ വ്യവസ്ഥകളും ഉദാരമാക്കി. ഒറ്റ ബ്രാൻഡ് ചില്ലറവിൽപ്പന മേഖലയിൽ 49 ശതമാനംവരെയുള്ള വിദേശ നിക്ഷേപത്തിന് നിലവിൽ സർക്കാർ അനുമതി ആവശ്യമില്ല. അതാണ് ഇപ്പോൾ 100 ശതമാനമാക്കിയത്. മിക്കവാറും എല്ലാ വിദേശ ബ്രാൻഡുകളുടെയും സ്ഥാപനങ്ങൾ ഇപ്പോൾ രാജ്യത്തുണ്ട്. ആ നിലയ്ക്ക് വലിയമാറ്റം ഈ രംഗത്ത് ഉണ്ടാവാൻ സാധ്യതയില്ല. ടൗൺഷിപ്പുകൾ, ഭവനനിർമ്മാണം, അടിസ്ഥാനസൗകര്യ വികസനം, റിയൽ എസ്റ്റേറ്റ് ബ്രോക്കിങ് സർവീസുകൾ എന്നീ രംഗങ്ങളിലാണ് സർക്കാർ അനുമതി ആവശ്യമില്ലാതെ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചത്. ഇതും വമ്പൻ മാറ്റത്തിന് വഴിവക്കും.

സർക്കാരിനും സ്വകാര്യ മേഖലയ്ക്കും വൈദ്യുതി വാങ്ങാനും വിൽക്കാനും സൗകര്യമുള്ളവയാണ് വൈദ്യുതി എക്സ്ചേഞ്ചുകൾ. അവ കേന്ദ്ര ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്റെ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും. ഇത്തരം എക്സ്ചേഞ്ചുകളിൽ 49 ശതമാനം വിദേശ നിക്ഷേപത്തിന് നിലവിൽ അനുമതി വേണ്ട.ഇതും മാറ്റുകയാണ്. വിദേശനിക്ഷേപം സ്വീകരിക്കുന്ന ഇന്ത്യൻ കമ്പനികൾ ഓഡിറ്റർമാരെ നിയമിക്കുന്ന വിഷയത്തിൽ ഇപ്പോൾ നിയന്ത്രണങ്ങളില്ല. പുതിയ നയപ്രകാരം അതിന് നിയന്ത്രണംവരും. സംയുക്തമായി ഓഡിറ്റ് ചെയ്യുമ്പോൾ ഒരു ഓഡിറ്റർ പുറമേനിന്നായിരിക്കണം.

സാമ്പത്തികവളർച്ചയ്ക്ക് ഊന്നൽനൽകുന്ന ഘടകമാണ് വിദേശനിക്ഷേപം. പ്രതിരോധം, നിർമ്മാണമേഖല, ഇൻഷുറൻസ്, പെൻഷൻ, സാമ്പത്തിക സേവനങ്ങൾ, വാർത്താസംപ്രേഷണം, വ്യോമയാനം, ഫാർമസ്യൂട്ടിക്കൽസ്, വ്യാപാരം തുടങ്ങിയ മേഖലകളിലെല്ലാം അടുത്തിടെ വിദേശനിക്ഷേപ പരിഷ്‌കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. അതുവഴി വിദേശനിക്ഷേപം കൂടി. ഇത് മനസ്സിലാക്കിയാണ് നയം മാറ്റം. 2013-14 ൽ 36.05 ബില്യൺ ഡോളറായിരുന്നു വിദേശ നിക്ഷേപം. 2014-15ൽ അത് 36.05 ബില്യൺ ഡോളറും 2015-16 ൽ 55.46 ബില്യൺ ഡോളറും ആയി. 2016-17 ൽ 60.08 ബില്യൺ ഡോളറിന്റെ വിദേശനിക്ഷേപം ലഭിച്ചു.

ഈ രംഗത്ത് നയം കുറച്ചുകൂടി ഉദാരമാക്കിയാൽ കൂടുതൽ വിദേശനിക്ഷേപം ലഭിക്കുമെന്നും പുതിയ തീരുമാനങ്ങൾ അതിന്റെ അടിസ്ഥാനത്തിലാണെന്നും സർക്കാർ വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP