Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ട്വിറ്റർ ഏറ്റെടുക്കുന്നത് ഓരോ ഓഹരിക്കും 54.20 ഡോളർ വീതം നൽകി; നീക്കത്തിൽ ഞെട്ടി തിരക്കിട്ട് യോഗങ്ങൾ നടത്തി ട്വിറ്റർ ജീവനക്കാർ; നിനച്ചിരിക്കാതെയുള്ള നീക്കങ്ങളിലൂടെ ടെസ്ല ഉടമ എലൺ മസ്‌ക് ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സ്വന്തമാക്കിയത് ഇങ്ങനെ

ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ ട്വിറ്റർ ഏറ്റെടുക്കുന്നത് ഓരോ ഓഹരിക്കും 54.20 ഡോളർ വീതം നൽകി; നീക്കത്തിൽ ഞെട്ടി തിരക്കിട്ട് യോഗങ്ങൾ നടത്തി ട്വിറ്റർ ജീവനക്കാർ; നിനച്ചിരിക്കാതെയുള്ള നീക്കങ്ങളിലൂടെ ടെസ്ല ഉടമ എലൺ മസ്‌ക് ഏറ്റവും വലിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സ്വന്തമാക്കിയത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ഓഹരിയുടമകളും ജീവനക്കാരുമൊക്കെ അവസാന നിമിഷംവരെ പൊരുതി നോക്കിയിട്ടും എലൺ മസ്‌ക് എന്ന സഹസ്രകോടീശ്വരന്റെ തന്ത്രങ്ങൾക്ക് മുൻപിൽ അവർക്ക് അടിയറവ് പറയേണ്ടിവന്നു. 4400 കോടി ഡോളറി (3.67 ലക്ഷം കോടി രൂപ) നാണ് മസ്‌ക് ട്വിറ്റർ ഏറ്റെടുക്കുന്നത്. മസ്‌കിന്റെ കൈയിലേക്ക് ട്വിറ്റർ പോകാതിരിക്കാൻ പല തന്ത്രങ്ങളും നിലവിലെ ഡയറക്ടർ ബോർഡ് പയറ്റിയിരുന്നു. ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ എന്ന പദ്ധതി പ്രകാരം മസ്‌കിന്റെ ഓഹരിവീത്മ് നിലവിലെ 9.1 ശതമാനം എന്നതിൽ നിന്നും ക്രമേണ കുറയ്ക്കുകയും ഏറ്റെടുക്കൽ ചെലവേറിയതാക്കുകയുമായിരുന്നു ഇതുകൊണ്ട് ഉദ്ദേശിച്ചത്.

എന്നാൽ, കമ്പനി ഏറ്റെടുക്കുന്നതിനായി 4650 കോടി ഡോളർ താൻ തയ്യാറാക്കി കഴിഞ്ഞു എന്ന മസ്‌കിന്റെ പ്രസ്താവന ഡയറക്ടർ ബോർഡിനു മേൽ നിക്ഷേപകരുടെ സമ്മർദ്ദം വർദ്ധിപ്പിക്കാൻ ഇടയാക്കി. ഏറ്റവും കൂടുതൽ ഓഹരിയുള്ള വ്യക്തി കമ്പനി മൂലധനത്തേക്കൾ ഉയർന്ന തുക വാഗ്ദനം ചെയ്താൽ സാധാരണയായി ഡയറക്ടർ ബോർഡ് അത് സ്വീകരിക്കുകയാണ് പതിവ്. എന്നാൽ, ഒരു സമൂഹ മാധ്യമം എന്ന നിലയിൽ ഒരു സ്വകാര്യ കമ്പനിയാകാൻ താത്പര്യമില്ലാത്തതിനാലായിരുന്നു അവർ അതിനു കൂട്ടാക്കാഞ്ഞത്. ഏതായാലും എലൺ മസ്‌കിന്റെ തന്ത്രങ്ങൾ ഫലിച്ചു. അദ്ദേഹം ട്വിറ്റർ ഏറ്റെടുത്തു. ഇനിമുതൽ ട്വിറ്റർ ഒരു സ്വകാര്യ കമ്പനിയായിരിക്കും.

ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച വരെ നടക്കുകയില്ലെന്ന് ഉത്തമ ബോദ്ധ്യമുണ്ടായിരുന്ന സംഗതി പെട്ടെന്ന് നടന്നതിന്റെ ഞെട്ടലിലാണ് ബഹുഭൂരിപക്ഷം ട്വിറ്റർ ഉപയോക്താക്കളും ജീവനക്കാരും. പല ഉപയോക്താക്കളും കൗണ്ടർ സോഷ്യൽ പോലുള്ള മറ്റു സമൂഹമാധ്യമങ്ങളിലേക്ക് തിരിയും എന്ന ഭീഷണി മുഴക്കി. മാത്രമല്ല, അരിശപ്പെട്ട ട്വിറ്റർ ഉപയോക്താക്കൾ കൂട്ടമായി വന്നു കയറിയതോടെ കൗണ്ടർസോഷ്യൽ എന്ന സമൂഹമാധ്യമം ക്രാഷ് ആവുകയും ചെയ്തു. മറ്റു പലരും പറയുന്നത് ട്വീറ്റർ ജീവനക്കാർ ഒറ്റക്കെട്ടായി നിന്ന് ഇതിനെതിരെ പോരാടണം എന്നാണ്.

ഒരു തൊഴിലാളി യൂണിയൻ രൂപീകരിക്കാൻ ഇത് നല്ലൊരു അവസരമാണെന്നും പല ഉപയോക്താക്കളും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, ട്വിറ്ററിനകത്ത് ജീവനക്കാർ നിരാശയോടുകൂടിയാണെങ്കിലും തങ്ങളുടെ പുതിയ മുതലാളിയെ അംഗീകരിച്ചിരിക്കുകയാണ്. ഇതുവരെ പുലർത്തിയിരുന്ന തത്ത്വദീക്ഷകളും നൈതികതയുമൊക്കെ ഇനി കൈമോശം വരുമെന്നാണ് പല ട്വീറ്റർ ഉപയോക്താക്കളും പറയുന്നത്. ലാഭം മാത്രം ലക്ഷ്യമാകുമ്പോൾ മറ്റെല്ലാം അപ്രസക്തമാകും. ഇനി സ്ത്രീവിരുദ്ധ, നിയമവിരുദ്ധ, ട്വീറ്റുകൾ കൊണ്ട് ഇവിടം നിറഞ്ഞേക്കും എന്നും അവർ ഭയക്കുന്നു.നടി ജമീല ജമിൽ, തന്റെ അവസാനത്തെ ട്വീറ്റാണിത് ഇതെന്നു പറഞ്ഞുകൊണ്ടാണ് ഇന്നലെ ഈ മാധ്യമത്തോട് വിടപറഞ്ഞത്.

ട്വിറ്ററിലെ ജീവനക്കാർക്ക് ഭാഗികമായി ഓഹരികൾ വഴിയാണ് വേതനം നൽകുന്നത്. കമ്പനി ഏറ്റെടുത്ത മസ്‌ക് ഇനി മനഃപൂർവ്വം ഓഹരികളുടെ വിലയിടിക്കും എന്നാണ് ചിലർ ഭയക്കുന്നത്. അങ്ങനെവന്നാൽ ബാക്കിയുള്ള ഓഹരികൾ കൂടി മസ്‌കിന് കുറഞ്ഞ ചെലവിൽ സ്വന്തമാക്കി കമ്പനിയെ തീർത്തും ഒരു സ്വകാര്യ കമ്പനിയാക്കി മാറ്റാൻ കഴിയുമെന്നും അവർ ഭയക്കുന്നു.

അതേസമയം, അഭിപ്രായ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാൻ താൻ പ്രതിജ്ഞാബദ്ധമാണെന്ന് മസ്‌ക് അറിയിച്ചു. കൂടുതൽ ആകർഷകമായ ഫീച്ചറുകൾ ഇതിനോട് കൂട്ടിച്ചേർക്കുമെന്നും കൂടുതൽ വിശ്വാസ്യതയ്ക്കായി അൽഗൊരിതം ഓപ്പൺ സോഴ്സ് ആക്കുമെന്നും മസ്‌ക് വ്യക്തമാക്കി. തന്റെ ഏറ്റവും കടുത്ത വിമർശകൻ പോലും ട്വിറ്ററിൽ തുടരണമെന്നും അതാണ് യഥാർത്ഥ അഭിപ്രായ സ്വാതന്ത്ര്യമെന്നും മസ്‌ക് കൂട്ടിച്ചേർത്തു. എന്നാൽ, മുൻ അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിനെ പോലെ തികച്ചും വിവാദങ്ങൾ ഉണ്ടാക്കുന്ന ട്വീറ്റുകൾ ചെയ്യാറുള്ള എലൺ മസ്‌കിന്റെ കൈയിൽ ട്വീറ്ററിന്റെ ഭാവി എന്താകുമെന്ന കാര്യത്തിൽ എല്ലാവർക്കും ആശങ്കയുണ്ട്.

സമൂഹമാധ്യമത്തിന്റെ ദുരുപയോഗം തടയാൻ ട്വിറ്റർ ഏറെ നടപടികൾ എടുത്തിരുന്നു. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന ഉള്ളടക്കങ്ങൾ, വ്യക്തിഹത്യ നടത്തുന്നവ, രാജ്യ വിരുദ്ധ പരാമർശങ്ങൾ എന്നിവ തത്ക്ഷണം നീക്കം ചെയ്യുന്നതിനുള്ള സംവിധാനം ഉൾപ്പടെ ഒരുക്കിയിരുന്നു. ഒരു സ്വകാര്യ കമ്പനി ആകുന്നതോടെ ലക്ഷ്യം ലാഭം മാത്രമായിരിക്കുമെന്നും അപ്പോൾ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ സ്വഭാവികമായും ഇല്ലാതെയായേക്കാമെന്നുമാണ് അളുകൾ ഭയക്കുന്നത്.

ഏതായാലും ഏറ്റെടുക്കൽ നടപടി പൂർത്തിയാകുവാൻ ആറുമാസം സമയമെടുക്കും. അതുവരെ ജോലി സുരക്ഷിതമാണെന്ന് ട്വിറ്റർ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് പ്രാദേശിക സമയം 5 മണിക്ക് ട്വിറ്റർ സി ഇ ഒ പരാഗ് അഗർവാളും ബോർഡ് ചെയർമാൻ ബ്രെറ്റ് ടെയ്ലറും ജീവനക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. ജീവനക്കാരുടെ ആശങ്ക പരിഹരിക്കുന്നതിനായിരുന്നു ഈ യോഗം. കൈമാറ്റം നടക്കാൻ എടുക്കുന്ന ആറുമാസക്കാലത്തെക്ക് ജീവനക്കാരെ ആരെയും കമ്പനി പിരിച്ചുവിടുകയില്ലെന്ന് അവർ വ്യക്തമാക്കി. അതുകഴിഞ്ഞുള്ള തീരുമാനം എലൺ മസ്‌കിന്റെതായിരിക്കും.

ലക്ഷക്കണക്കിന് സാധാരണക്കാർ മുതൽ ജീവിതത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരും രാഷ്ട്രത്തലവന്മാരുമൊക്കെ ഉൾപ്പടെ ട്വിറ്ററിലൂടെ ഹൃദയം പങ്കുവച്ചിരുന്നവർ ഒരു ഞെട്ടലോടെയാണ് കമ്പനി കൈമാറ്റം ശ്രവിച്ചത്. പലർക്കും ഇത് വീടിന്റെ പൂമുഖമായിരുന്നു. വീട്ടിലെരുന്നെന്നപോലെ അറിയുന്നതും അറിയാത്തതുമായ നിരവധിപേരോട് ഹൃദയം തുറന്ന് സംവേദിക്കാനുള്ള് ഒരിടം. അതിപ്പോൾ ഒരു സ്വകാര്യ കമ്പനിയായി മാറിയിരിക്കുന്നു. ഇനിഎന്തു സംഭവിക്കും എന്നറിയാൻ കുറച്ചുനാൾ കൂടി കാത്തിരിക്കേണ്ടിവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP