Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒരു ലിറ്റർ പെട്രോളിന് പത്തു രൂപയും ഡീസലിന് 13 രൂപയും കൂട്ടി കേന്ദ്രം! 72 രൂപയ്ക്ക് മലയാളിക്ക് കിട്ടുന്ന ഒരു ലിറ്റർ പെട്രോളിൽ 32.98 രൂപയും നികുതി! ഒരു ലിറ്റർ ഡീസൽ കച്ചവടമാകുമ്പോൾ കേന്ദ്ര സർക്കാരിന് വെറുതെ കിട്ടുക 32.98 രൂപ; ക്രൂഡ് ഓയിൽ വില ഇടിയുന്നതിനാൽ ജനങ്ങൾ വിവരം അറിയില്ലെന്ന് മാത്രം; മഹാദുരന്തത്തിന്റെ പേരിൽ മോദി സർക്കാർ ഒറ്റയടിക്ക് ഉണ്ടാക്കുന്നത് 1.6 ലക്ഷം കോടി രൂപ; ജനങ്ങൾക്ക് ലഭിക്കേണ്ട കാശ് ലോക് ഡൗണിന് ശേഷം കേന്ദ്രം രണ്ടാം തവണയും അടിച്ചു മാറ്റിയ കഥ

ഒരു ലിറ്റർ പെട്രോളിന് പത്തു രൂപയും ഡീസലിന് 13 രൂപയും കൂട്ടി കേന്ദ്രം! 72 രൂപയ്ക്ക് മലയാളിക്ക് കിട്ടുന്ന ഒരു ലിറ്റർ പെട്രോളിൽ 32.98 രൂപയും നികുതി! ഒരു ലിറ്റർ ഡീസൽ കച്ചവടമാകുമ്പോൾ കേന്ദ്ര സർക്കാരിന് വെറുതെ കിട്ടുക 32.98 രൂപ; ക്രൂഡ് ഓയിൽ വില ഇടിയുന്നതിനാൽ ജനങ്ങൾ വിവരം അറിയില്ലെന്ന് മാത്രം; മഹാദുരന്തത്തിന്റെ പേരിൽ മോദി സർക്കാർ ഒറ്റയടിക്ക് ഉണ്ടാക്കുന്നത് 1.6 ലക്ഷം കോടി രൂപ; ജനങ്ങൾക്ക് ലഭിക്കേണ്ട കാശ് ലോക് ഡൗണിന് ശേഷം കേന്ദ്രം രണ്ടാം തവണയും അടിച്ചു മാറ്റിയ കഥ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആറു കൊല്ലം മുമ്പ് നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയാകുമ്പോൾ ക്രൂഡ് ഓയിലിന് ബാരലിന്റെ വില ഡോളറിന് 110 രൂപയോളമായിരുന്നു. അന്ന് രാജ്യത്തെ പെട്രോൾ വില 75 രൂപയും. എന്നാൽ പെട്ടെന്ന് കാര്യങ്ങൾ മാറി മറിഞ്ഞു. ക്രൂഡ് ഓയിൽ വില 40 ഡോളറിലേക്ക് കൂപ്പുകുത്തി. പക്ഷേ രാജ്യത്തെ ഇന്ധന വില മാത്രം ആനുപാതികമായി കുറഞ്ഞില്ല. നികുതി കൂട്ടിയും മറ്റും ജനങ്ങളുടെ പോക്കറ്റിൽ നിന്ന് കൂടുതൽ പണം ഖജനാവിൽ എത്തിച്ചു. കൊറോണ പ്രതിസന്ധിയോടെ ഇന്ധന വില ഒരു ഘട്ടത്തിൽ നെഗറ്റീവിലെത്തിയിരുന്നു അമേരിക്കയിൽ. ഇന്ത്യ ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡ് ഓയിലിന് വില 20 ഡോളറിന് അടുത്തും. അതുകൊണ്ട് കോവിഡ് കാലം കഴിയുമ്പോൾ പെട്രോളിന്റേയും ഡീസലിന്റേയും വില കുത്തനെ ഇടിയുമെന്ന് ഇന്ത്യാക്കാർ കണക്കുകൂട്ടി. എന്നാൽ ഒരിക്കലും അതുണ്ടാകില്ലെന്ന് പറയുകയാണ് ഇപ്പോൾ നരേന്ദ്ര മോദി സർക്കാർ.

അന്താരാഷ്ട്ര വിപണയിലെ വിലയിലെ മാറ്റത്തിന്റെ നേട്ടം മോദി സർക്കാർ അങ്ങ് എടുക്കുകയാണ്. കുറച്ചു മാസം മുമ്പും ഇത്തരത്തിലൊരു ഇടപെടൽ നടത്തി. അന്ന് എട്ട് രൂപയോളമാണ് സർക്കാർ നികുതി ഇനത്തിൽ കൂട്ടിയത്. ഇപ്പോൾ അതിലും കൂടുതൽ. പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ കൂട്ടി കേന്ദ്രസർക്കാർ ഖജനാവിനെ രക്ഷിക്കാനുള്ള പാച്ചിലിലാണ്. പെട്രോളിന്റെ തീരുവ ലീറ്ററിന് 10 രൂപയും ഡീസലിന്റേത് 13 രൂപയുമാണ് വർധിപ്പിച്ചത്. 1.6 ലക്ഷം കോടി രൂപയാണ് ഇതിലൂടെ അധിക വരുമാനം പ്രതീക്ഷിക്കുന്നത്. എന്നാൽ ഇതുമൂലം ചില്ലറ വിപണിയിൽ എണ്ണവില വർധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. മെയ് ആറ് മുതൽ തീരുവ നിലവിൽ വരും. വികസന പദ്ധതികൾക്ക് പണം കണ്ടെത്തുന്നത് പെട്രോളിനും ഡീസലിനും ചുമത്തുന്ന എക്‌സൈസ് തീരുവയിൽ നിന്നാണെന്നും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു. അതുകൊണ്ട് ആരും പ്രതിഷേധിക്കരുതെന്നാണ് മോദി സർക്കാർ പറഞ്ഞു വയ്ക്കുന്നത്.

പെട്രോളിനും ഡീസലിനും ലിറ്ററിന് എട്ടുരൂപയുടെ വർധനവാണ് റോഡ് ആൻഡ് ഇൻഫ്രാ സെസ് ഇനത്തിൽ വർധിപ്പിച്ചിട്ടുള്ളത്. എക്സൈസ് തീരുവ പ്രെട്രോളിന് രണ്ട് രൂപയും ഡീസലിന് അഞ്ചുരൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ പെട്രോളിന് ലിറ്ററിന് 10 രൂപയുടെയും ഡീസലിന് 15 രൂപയുടെയും വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ന് മുതൽ വർധനവ് പ്രാബല്യത്തിൽ വരും. ആഗോള തലത്തിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടി. തീരുവ വർധിപ്പിച്ചെങ്കിലും പെട്രോൾ, ഡിസൽ എന്നിവയുടെ നിലവിലെ വിൽപന വിലയിൽ മാറ്റമുണ്ടാകാത്തു കൊണ്ട് പ്രതിഷേധം ഉയരില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രതീക്ഷ. നിരക്ക് വർധനവ് നിലവിൽ വന്നതോടെ ഒരു ലിറ്റർ പെട്രോളിന് കൊടുക്കുന്ന തുകയിൽ 32.98 രൂപയും നികുതിയാണ്. ഡീസലിന് ഇത് 31.83 രൂപയുമാകും.

ആഗോള തലത്തിൽ എണ്ണവില ഇടിഞ്ഞതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് കേന്ദ്രം ഇന്ധന നികുതി വർധിപ്പിക്കുന്നത്. ഇതിന് മുമ്പ് മാർച്ച് 16 ന് ആയിരുന്നു വർധനവ് കൊണ്ടുവന്നത്. പെട്രോളിനും ഡീസലിനും അന്ന് മൂന്നുരൂപയുടെ നികുതി വർധനവാണ് ഏർപ്പെടുത്തിയത്. ഇതിലൂടെ 39,000 കോടിയുടെ വരുമാനം അധികാവരുമാനം പ്രതീക്ഷിക്കുന്നു. കോവിഡ് പ്രതിസന്ധിയിലാവുകയും ക്രൂഡോയിലിന് ആവശ്യകത കുറയുകയും ചെയതത്. ഇത് വില കുത്തനെ ഇടിയാൻ കാരണമായി. ലോക് ഡൗൺ കഴിയുമ്പോൾ വില കൂടാനുള്ള സാധ്യതയുണ്ട്. അപ്പോഴും കേന്ദ്ര സർക്കാർ നികുതി കുറച്ചില്ലെങ്കിൽ അത് വലിയ വിലക്കയറ്റത്തിനും മറ്റും സാഹചര്യമൊരുക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രധാന വരുമാന മാർഗ്ഗമാണ് പെട്രോളിലേയും ഡീസലിലേയും നികുതി. അതുകൊണ്ട് തന്നെ കേന്ദ്ര നിലപാടിനെ സർക്കാരുകളും ചോദ്യം ചെയ്യില്ല.

വാറ്റ് നികുതി മാറ്റി ജിഎസ്ടി വന്നപ്പോൾ തന്നെ പെട്രോളിനേയും അതിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സജീവമായിരുന്നു. ജി എസ് ടിയിൽ പെട്രോൾ എത്തിയാൽ ഏതാണ് 50 രൂപയ്ക്ക് ജനങ്ങൾക്ക് പെട്രോൾ കിട്ടും. ഇത് സർക്കാരുകൾക്ക് നികുതി നഷ്ടവുമാകും. അതുകൊണ്ട് മാത്രമാണ് പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടാത്തതിന് കാരണം. പെട്രോളിന്റെയും ഡീസലിന്റെയും വില ദിവസന്തോറും പരിഷ്‌കരിക്കുന്നത് സാധാരണക്കാരെ സഹായിക്കുമെന്നായിരുന്നു മുമ്പുള്ള പ്രതീക്ഷ. ആഗോള അസംസ്‌കൃത എണ്ണവിലയിലെ കയറ്റിറക്കങ്ങൾ ഉപഭോക്താക്കളിലേക്ക് അരിച്ചിറങ്ങുന്നതുകൊണ്ട് നാട്ടുകാർക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷ ഏതായാലും അസ്ഥാനത്തായിരിക്കുകയാണ്. പെട്രോൾ, ഡീസൽ വിലവർദ്ധനവാണ് വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നതിനുള്ള പ്രധാന കാരണമെന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും സമ്മതിക്കുന്നു. യുപിഎ സർക്കാറിന്റെ കാലഘട്ടത്തിൽ സാർവ്വദേശീയ കമ്പോളത്തിൽ ക്രൂഡോയൽ വില ബാരലിന് 140 ഡോളർ വരെ വന്നതാണ് വിലക്കയറ്റത്തിന് കാരണം എന്നവർ വാദിച്ചിരുന്നു. എന്നാൽ ചില ഘട്ടങ്ങളിൽ 28 ഡോളർ വരെയായി കുറഞ്ഞിരുന്നു

ക്രൂഡ് ഓയിൽ വില അന്തരാഷ്ട്ര മാർക്കറ്റിൽ ബാരലിന് 138 ഡോളർ വരെ ഉയർന്നപ്പോൾ പെട്രോൾ വില 64 രൂപയാക്കിയതിന് എത്ര വലിയ വിമർശനമാണ് യു.പി.എ സർക്കാർ ഏൽക്കേണ്ടി വന്നത് എന്ന് ഓർമ്മയില്ലെ. അന്തരാഷ്ട്ര മാർക്കറ്റിൽ ഇന്നത്തെ ക്രൂഡിന്റെ വില 2 ഡോളറാണ്, പെട്രോളിന് നമ്മൾ നൽകുന്നതാകട്ടെ 73 രൂപയും. അന്ന് യുപിഎ സർക്കാരിനെയും മന്മോഹൻ സിംഗിനെയും വിമർശിച്ച ഇടതുപക്ഷവും ഇന്ന് മൗനത്തിലാണ്. 2017 ജൂണിലാണ് പെട്രോൾ, ഡീസൽ വില ദിവസേന പുതുക്കുന്ന സംവിധാനം നിലവിൽവന്നത്. 2010-ൽ എണ്ണവില നിയന്ത്രണത്തിൽനിന്ന് കേന്ദ്രസർക്കാർ പിന്മാറി. എണ്ണക്കമ്പനികൾക്ക് അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് മാറ്റം വരുത്താൻ അവസരം നൽകി. 2014-ൽ, പൊതുതിരഞ്ഞെടുപ്പ് നടന്ന അതേവർഷം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയാൻ തുടങ്ങി. ക്രൂഡ് ഓയിൽ വില കുറഞ്ഞെങ്കിലും പെട്രോൾ, ഡീസൽ വിലയിൽ അതിനനുസരിച്ചുള്ള മാറ്റം ഉണ്ടായില്ല. എന്നാൽ വില ഉയരുമ്പോൾ ആനുപാതികമായി കൂടുകയും ചെയ്തു. അങ്ങനെ അന്താരാഷ്ട്ര വിപണയിലെ മാറ്റം രാജ്യത്തെ ജനങ്ങൾ അനുഭവിച്ചതേ ഇല്ലെന്നതാണ് വസ്തുത.

ഒരു ബാരൽ എന്നാൽ 159 ലിറ്ററാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 32 ഡോളറാണ് ഇപ്പോഴത്തെ വില. ഈ കണക്ക് അനുസരിച്ച് ഒരു ബാരൽ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ നൽകുന്നത് 225 ഓളം രൂപ. അതായത് ഒരു ലിറ്റർ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണയിൽ 13.27 രൂപയേ ഉള്ളൂ. ചുരുക്കി പറഞ്ഞാൽ ഒരു കുപ്പി മിനറൽ വാട്ടറിനേക്കാൾ കുറവ്. തീവണ്ടികളിൽ വിതരണം ചെയ്യുന്ന ഒരു ലിറ്റർ കുപ്പി വെള്ളത്തിന് ഈടാക്കുന്നത് 15 രൂപയാണ്. പുറത്തെ കടകളിൽ പലവിലയ്ക്ക് കിട്ടും. എന്നാൽ ഇതൊന്നും 15 രൂപയിൽ താഴയുമില്ല. അങ്ങനെ പുറത്ത് 13.27 രൂപയ്ക്ക് കിട്ടുന്ന സാധനം ഇന്ത്യയിലെത്തുമ്പോൾ 71 രൂപയാകുന്നു. അതായത് അഞ്ച് ഇരട്ടി. ക്രൂഡോ ഓയിൽ സംസ്‌കരണത്തിന് ഇത്രയും തുകയാകുമെന്ന ന്യായം വിലപ്പോവുകയുമില്ല. അപ്പോൾ പിന്നെ എന്തിനാണ് ഈ കൊള്ള കേന്ദ്ര സർക്കാർ നടത്തുന്നതെന്നാണ് ഉയരുന്ന ചോദ്യം.

2014ന്റെ മധ്യത്തോടെ തുടങ്ങിയ ആഗോള വില തകർച്ച നിലവിൽ 70 ശതമാനത്തോളം കുറവാണ് ഉണ്ടാക്കിയത്. എന്നാൽ, സർക്കാർ എക്സൈസ് തീരുവ വർധിപ്പിക്കുന്നതിനാലാണ് ഇന്ത്യയിൽ വിലകുറയാത്തത്. 2014 മെയ് 26ന് മോദി സർക്കാർ അധികാരമേൽക്കുമ്പോൾ ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ വില ബാരലിന് 108.05 ഡോളറായിരുന്നു. 2015 ജനുവരിയിൽ അത് 44 ഡോളറിൽ താഴെയായി. ഇപ്പോൾ 33 ഡോളറും. മൊത്തം ആവശ്യത്തിന്റെ 80 ശതമാനം ക്രൂഡ് ഓയിലും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് ഈ സാമ്പത്തിക വർഷം രണ്ടു ലക്ഷം കോടിയിലേറെ രൂപയുടെ നേട്ടമുണ്ടാവും ആഗോള വിപണിയിലെ വിലയിടിവു മൂലം എന്നാണു കണക്കാക്കപ്പെടുന്നത്. പെട്രോളിയം സബ്സിഡിയിനത്തിലെ ലാഭം വേറെയാണ്. ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മൊത്തം ഇറക്കുമതി ബില്ലിലെ മൂന്നിലൊന്നും ക്രൂഡ് ഓയിലിന്റേത്. അതുകൊണ്ട് തന്നെ ക്രൂഡ് ഓയിൽ വില ഇടിയുമ്പോൾ രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി ഇടിയും.

അതുകൊണ്ട് തന്നെ ക്രൂഡ് ഓയിൽ വിലയിൽ വരുന്ന കുറവനുസരിച്ച് എണ്ണ കമ്പനികൾ പെട്രോൾ, ഡീസൽ വിലയിൽ കുറവു വരുത്താൻ തുനിഞ്ഞാൽ എക്സൈസ് തീരുവ വർധിപ്പിച്ച് വില കുറയാതെ നോക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വില അനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് ഉൽപാദനച്ചെലവ് കേവലം 25 രൂപയിൽ താഴെ മാത്രമാണെന്നാണ് എണ്ണക്കമ്പനികളുമായി ബന്ധപ്പെട്ടവർ നൽകുന്ന വിവരം.അതായത് വില കൂടുമ്പോൾ കൂടിയ വില, വില കുറയുമ്പോൾ കുറഞ്ഞ വില എന്നായിരുന്നു പെട്രോൾ, ഡീസൽ എന്നിവയുടെ വിലനിയന്ത്രണം എടുത്തുകളയുമ്പോൾ സർക്കാർ നൽകിയ വിശദീകരണം.

വില കൂടിയപ്പോഴെല്ലാം അതിന്റെ ഭാരം ഉപഭോക്താവിന്റെ ചുമലിലേക്ക് തള്ളിയ സർക്കാർ പക്ഷേ, വിലയിടിവിന്റെ നേട്ടമത്രയും ഖജനാവിലേക്ക് മുതൽക്കൂട്ടുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP