Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെട്രോൾ, ഡീസൽ വിലകൂട്ടുന്നതു കൊള്ളലാഭത്തിന്റെ കണക്ക് മറച്ചുവച്ച്; എണ്ണക്കമ്പനികൾ സർക്കാരിന് അഞ്ചുവർഷത്തിനിടെ നൽകിയ ലാഭവീതം 15,000 കോടിയിൽപ്പരം രൂപ; സർക്കാരിനൊപ്പം സഹസ്രകോടികൾ പങ്കിട്ട് ഓഹരിയുടമകളും

പെട്രോൾ, ഡീസൽ വിലകൂട്ടുന്നതു കൊള്ളലാഭത്തിന്റെ കണക്ക് മറച്ചുവച്ച്; എണ്ണക്കമ്പനികൾ സർക്കാരിന് അഞ്ചുവർഷത്തിനിടെ നൽകിയ ലാഭവീതം 15,000 കോടിയിൽപ്പരം രൂപ; സർക്കാരിനൊപ്പം സഹസ്രകോടികൾ പങ്കിട്ട് ഓഹരിയുടമകളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രാജ്യത്ത് എണ്ണക്കമ്പനികൾ നഷ്ടത്തിലാണെന്ന വാദമുയർത്തി നിരന്തരം ഇന്ധനവില ഉയർത്തുമ്പോഴും കേന്ദ്രസർക്കാരിന് ലാഭവിഹിതമായി ലഭിക്കുന്നത് സഹസ്രകോടികൾ. ഓരോ സാമ്പത്തിക വർഷത്തിലും ശരാശരി മൂവായിരം കോടിയിലേറെ സർക്കാരിന് പൊതുമേഖലാ എണ്ണക്കമ്പനികളിൽ നിന്നുള്ള ലാഭവിഹിതമായി ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 12827 കോടി രൂപയിലേറെ ഇത്തരത്തിൽ ലഭിച്ചതെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

മൂന്ന് എണ്ണക്കമ്പനികളിൽ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ നൽകിയ രേഖയിൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കുമാ്ത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളത്. മുൻവർഷങ്ങളലെ കണക്കുകൾകൂടിയാകുമ്പോൾ ഈ തുക ഇനിയും ഉയരും. ഇന്ധന വിൽപനയിലൂടെ എണ്ണക്കമ്പനികൾ നേടുന്ന ലാഭത്തിന്റെ വിഹിതമായി അമ്പതുശതമാനത്തിലേറെയാണ് കേന്ദ്രസർക്കാരിന് ലഭിക്കുന്നത് എന്നതിനാൽത്തന്നെ ഏതാണ്ട് ഇത്രത്തോളം തുക ലാഭവിഹിതമായി കമ്പനി ഷെയർ ഹോൾഡേഴ്‌സിനും ലഭിച്ചിട്ടുണ്ടെന്ന് വ്യക്തം.

എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് വിവിധ എണ്ണക്കമ്പനികളിൽ നിന്നും കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയത്തിൽ നിന്നും നൽകിയ വിവരാവകാശ രേഖകളിലാണ് എണ്ണക്കമ്പനികൾ വൻലാഭത്തിലാണെന്നും സർക്കാരിന് സഹസ്രകോടികൾ ഈയിനത്തിൽ ഓരോ വർഷവും ലഭിക്കുന്നുണ്ടെന്നുമുള്ള കണക്കുകൾ പുറത്തുവരുന്നത്.

നിരന്തരം പെട്രോൾ, ഡീസൽവിലയും പാചകവാതക വിലയും ഉയർത്തുമ്പോഴെല്ലാം രാജ്യാന്തര തലത്തിൽ ക്രൂഡോയിൽ വിലയിൽ വർദ്ധനവുണ്ടാവുന്നതായും പൊതുമേഖലാ എണ്ണക്കമ്പനികൾ നഷ്ടത്തിലാവുന്നതുമായുള്ള വിശദീകരണമാണ് കേന്ദ്രമന്ത്രാലയം നൽകാറുള്ളത്. എന്നാൽ ഇതെല്ലാം പച്ചക്കള്ളമാണെന്നും എണ്ണക്കമ്പനികൾ വൻ ലാഭത്തിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ കഴിഞ്ഞ അഞ്ചുവർഷക്കാലത്തിനിടെ കേന്ദ്രസർക്കാരിന് ലാഭവിഹിതമായി 9625 കോടിയിൽപ്പരം രൂപയാണ് നൽകിയത്്. 2009 മുതൽ 2016ലെ ആദ്യപാദംവരെയുള്ള കണക്കുപ്രകാരമാണിത്. മറ്റൊരു എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ 2778 കോടിയും ഇക്കാലയളവിൽ സർക്കാരിന് നൽകി. ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ കണക്കു പ്രകാരം 2014-15 സാമ്പത്തികവർഷത്തിൽ മാത്രം സർക്കാരിന് നൽകിയത് 424 കോടിയാണ്. മുൻവർഷങ്ങളിലെ കണക്കുകൾ ലഭ്യമായിട്ടില്ല. ഇതുകൂടി ചേരുമ്പോൾ 15,000 കോടിയിൽപ്പരമാകും സർക്കാരിന്റെ ലാഭവീതം.

എണ്ണവില ക്രമാതീതമായി ഉയർത്തുന്നതിൽ ഒരു ന്യായീകരണവുമില്ലെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. ക്രൂഡോയിലന് അന്താരാഷ്ട്ര വിപണിയിൽ വില കൂടുമ്പോൾ ഇന്ത്യയിൽ വിലകൂട്ടാനുള്ള കാരണമായി അക്കാര്യമാണ് ചൂണ്ടിക്കാണിക്കാറ്. അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് വില കുറയുമ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറയുന്നതാവും എണ്ണവില കൂടുന്നതിനുള്ള ന്യായീകരണം. എന്നാൽ ഇന്ധനവില ഉയർത്തി നിർത്തുന്നത് ഖജനാവിലേക്ക് എളുപ്പത്തിൽ വന്നുചേരുന്ന പണമാണെന്ന വസ്തുത കണക്കിലെടുത്ത് മാത്രമാണെന്ന് ഈ കണക്കുകളിൽ നിന്ന് പകൽപോലെ വ്യക്തം. അതേസമയം സർക്കാരിന് 50 മുതൽ 55 ശതമാനം വരെയാണ് ഈ കമ്പനികളിൽ ഓഹരിയുള്ളത് എന്നതിനാൽ ഇവയിൽ നിക്ഷേപം നടത്തുന്നവരിലേക്കാണ് ഏതാണ്ട് ഇത്രയുംതന്നെ കോടികൾ ഒഴുകുന്നതും.

കേന്ദ്രത്തിൽ മാറിമാറിവരുന്ന സർക്കാരുകളെല്ലാം ഇക്കാര്യത്തിൽ ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതോടെ വ്യക്തമാവുകയാണ്.  ഏതുസർക്കാർ അധികാരത്തിലെത്തിയാലും എണ്ണവില വർദ്ധിപ്പിക്കുന്നതിന് ഒരേ മാനദണ്ഡമാണ് സ്വീകരിക്കുന്നതെന്ന് അഞ്ചുവർഷം മുമ്പ് സിഎജി നൽകിയ റിപ്പോർട്ടിലും വ്യക്തമായിരുന്നു. 2007 മുതൽ 2012വരെയുള്ള കാലയളവിലെ സിഎജി റിപ്പോർട്ടു പ്രകാരം എണ്ണക്കമ്പനികൾ ഉണ്ടാക്കിയ കൊള്ളലാഭം 50,513 കോടി രൂപയുടേതാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില നിശ്ചയിക്കുന്ന നിലവിലെ സംവിധാനം പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ഉപഭോക്താക്കളെ പിഴിയാനുള്ള വഴിയൊരുക്കുന്നതാണെന്നും കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ പാർലമെന്റിൽ സമർപ്പിച്ച റിപ്പോർട്ടിൽ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം എണ്ണക്കമ്പനികൾ വൻ നഷ്ടത്തിലാണെന്നും കേന്ദ്ര സർക്കാർ വൻതോതിൽ സബ്‌സിഡി നൽകുന്നതുകൊണ്ടാണ് അവ പിടിച്ചുനിൽക്കുന്നതെന്നുമാണ് കേന്ദ്ര സർക്കാരുകൾ അഭിപ്രായപ്പെടാറ്. സ്വകാര്യ എണ്ണക്കമ്പനികൾക്ക് അനർഹമായ ആനുകൂല്യങ്ങൾ നൽകിയതിനും സിഎജി അഞ്ചുവർഷം മുമ്പുതന്നെ സർക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. എന്നിട്ടും നയങ്ങളിൽ മാറ്റമുണ്ടായില്ലെന്നും ഇപ്പോഴും എണ്ണക്കമ്പനികൾ ഉപഭോക്താക്കളെ പിഴിഞ്ഞ് തടിച്ചുകൊഴുക്കുകയാണെന്നുമാണ് പുതിയ കണക്കുകളും ഉറപ്പിക്കുന്നത്.

കഴിഞ്ഞ ആറ് ആഴ്ചയ്ക്കിടെ പെട്രോൾ വിലയിൽ കൂട്ടിയത് 5 രൂപ 52 പൈസയാണ്. ഡീസലിന് 7 രൂപ 72 പൈസയും കൂടി. സമീപകാല സാഹചര്യത്തിൽ ഉണ്ടായ വലിയ വില വർദ്ധനകളിൽ ഒന്നായിരുന്നു ഇത്. ക്രൂഡോയിൽ വില രാജ്യാന്തര തലത്തിൽ ബാരലിന് വില ഉയർന്ന സാഹചര്യത്തിലാണ് എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില തുടർച്ചയായി കൂട്ടുന്നതെന്നായിരുന്നു ഇത്തവണയും വിശദീകരണം. ജൂൺ ഒന്നു മുതൽ പെട്രോളിന് 2.58 രൂപയും ഡീസലിന് 2.26 രൂപയും കൂട്ടിയിരുന്നു.

മെയ്‌ ഒന്നു മുതൽ തുടർച്ചയായ മൂന്ന് അവലോകന യോഗങ്ങളിലും എണ്ണക്കമ്പനികൾ ഇന്ധനവില കൂട്ടി. ജൂൺ ആദ്യവാരം നടന്ന അവലോകന യോഗത്തിലും ഇന്ധനവില കൂട്ടി. ഏപ്രിൽ 16ന് പെട്രോൾ വില ലിറ്ററിന് 0.74 പൈസയും ഡീസൽ വില ലിറ്ററിന് 1.30 രൂപയും കുറച്ചതു മാറ്റി നിറുത്തിയാൽ, കഴിഞ്ഞ മാർച്ച് 17 മുതൽ എണ്ണക്കമ്പനികൾ ഇന്ധന വില കൂട്ടാൻ വേണ്ടി മാത്രമാണ് യോഗം ചേർന്നത്. പെട്രോൾ വില മാർച്ച് 17ന് 3.07 രൂപയും ഏപ്രിൽ നാലിന് 2.19 രൂപയും വർദ്ധിപ്പിച്ചിരുന്നു. ഏപ്രിൽ 16ലെ ഇളവ് മാറ്റി നിറുത്തിയാൽ, മാർച്ച് രണ്ടാം വാരം മുതൽ ഇതുവരെ പെട്രോളിന് 9.04 രൂപയും ഡീസലിന് 11.05 രൂപയുമാണ് കൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP