Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202126Friday

എൻട്രി ടാക്‌സ് ഭരണഘടനാ വിരുദ്ധമായി വിധിച്ചതോടെ വാറ്റിന്റെ സാധ്യതകൾ അടഞ്ഞു; ജി എസ് ടിയും വരുമാനം കൂട്ടിയില്ല; കോവിഡിന്റെ പ്രത്യാഘാതവും വലുത്; സാമൂഹ്യക്ഷേമത്തിലും ഉപജീവന തൊഴിലുകളിലും ഊന്നിയുള്ള ബജറ്റിൽ ഒളിച്ചിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയുടെ കണാക്കയം; കേരളം ഓടുന്നത് കണക്കുകളിലെ പൊരുത്തക്കേടിൽ

എൻട്രി ടാക്‌സ് ഭരണഘടനാ വിരുദ്ധമായി വിധിച്ചതോടെ വാറ്റിന്റെ സാധ്യതകൾ അടഞ്ഞു; ജി എസ് ടിയും വരുമാനം കൂട്ടിയില്ല; കോവിഡിന്റെ പ്രത്യാഘാതവും വലുത്; സാമൂഹ്യക്ഷേമത്തിലും ഉപജീവന തൊഴിലുകളിലും ഊന്നിയുള്ള ബജറ്റിൽ ഒളിച്ചിരിക്കുന്നത് സാമ്പത്തിക പ്രതിസന്ധിയുടെ കണാക്കയം; കേരളം ഓടുന്നത് കണക്കുകളിലെ പൊരുത്തക്കേടിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ആറാമത്തെ ബജറ്റ് കേരളത്തിനു മുന്നിൽ പുതിയൊരു പാത തുറക്കുകയാണെന്ന പ്രതീക്ഷയാണ് ധനമന്ത്രി തോമസ് ഐസക് മുമ്പോട്ട് വയ്ക്കുന്നത്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ചിത്രമാണ് ബജറ്റിലുള്ളത്.

2020-21ലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റിന്റെ കണക്കുകൾ നോക്കിയാൽ കൊവിഡിന്റെ പ്രത്യാഘാതം വ്യക്തമായി കാണാം. 2020-21ലെ പുതുക്കിയ എസ്റ്റിമേറ്റിൽ റവന്യു വരവ് 93115.11 കോടി രൂപയാണ്. റവന്യു ചെലവ് 117321.55ഉം. റവന്യു കമ്മി -24206.44 രൂപയാണ്. മൂലധന ചെലവ് (തനി) -9350.82, വായ്പകളും മുൻകൂറുകളും (തനി) -1392.24, പൊതുകടം (തനി) 30499.96, പൊതുകണക്ക് (തനി) 4436.00, കണ്ടിജൻസി ഫണ്ട് (തനി) 74.50 ഇങ്ങനെ പോകുന്നു കണക്കുകൾ. ആകെ കമ്മി 60.96 കോടി രൂപയും. വർഷാരംഭ രൊക്ക ബാക്കി -184.97 കോടി രൂപയായിരുന്നുവെങ്കിൽ അത് വർഷാന്ത്യ രൊക്ക ബാക്കി -124.01 കോടി രൂപയാണ്.

ബജറ്റ് മതിപ്പു കണക്കിനേക്കാൾ റവന്യു വരുമാനത്തിൽ 18.77 ശതമാനത്തിന്റെ കുറവുണ്ട്. എന്നാൽ കോവിഡ് പ്രതിരോധത്തിനു നമ്മൾ നൽകിയ ശ്രദ്ധമൂലം റവന്യു ചെലവിൽ 9.64 ശതമാനമേ കുറവു വന്നുള്ളൂ. തന്മൂലം റവന്യു കമ്മി 2.94 ശതമാനമായി ഉയർന്നു. കൂടുതൽ വായ്പയെടുത്താണ് ചെലവുകൾ നടത്തിയത്. സ്വാഭാവികമായും ധനക്കമ്മി 4.25 ശതമാനമായി ഉയർന്നുവെന്നും തോമസ് ഐസക് വിശദീകരിക്കുന്നു. അടുത്ത സാമ്പത്തിക വർഷം റവന്യു വരവ് 128375.88 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. റവന്യു ചെലവ് 145286.00 കോടിയും.

റവന്യു കമ്മി -16910.12 കോടി രൂപയായി കുറയ്ക്കുമെന്നും അഭിപ്രായപ്പെടുന്നു. 2021-22ൽ വരവും ചെലവും മുൻവർഷത്തെ അപേക്ഷിച്ച് ഗണ്യമായി ഉയരും. 2020-21ലേയ്ക്ക് അനുവദിച്ച വായ്പയുടെ ഒരു ഭാഗം അടുത്ത വർഷത്തേയ്ക്ക് നീക്കിവച്ചിട്ടുണ്ട്. അതുകൊണ്ടാണ് 2021-22ലെ ധനക്കമ്മി 3.5 ശതമാനമായിരിക്കുന്നത്. ഇടക്കാല ധനനയരേഖയിൽ പറയുന്നതുപോലെ തുടർന്നുള്ള വർഷങ്ങളിൽ ഇത് 3 ശതമാനമായി താഴും. ഇതാണ് ധനമന്ത്രിയുടെ പ്രതീക്ഷ. കഴിഞ്ഞ ഏതൊരു ഇടതുപക്ഷ സർക്കാരിന്റെ കാലത്തുമെന്നപോലെ സാമൂഹ്യക്ഷേമത്തിലും ഉപജീവന തൊഴിലുകളിലും ഊന്നിയുള്ളതായിരുന്നു കഴിഞ്ഞ അഞ്ചു ബജറ്റുകളും എന്നും ഐസക് പറഞ്ഞു വയ്ക്കുന്നു.

പിണറായി സർക്കാരിന്റെ തുടക്കം മുതൽ തന്നെ ശ്രദ്ധേയമായ ഒരു ചുവടുമാറ്റം ഉണ്ടായി. അത് പശ്ചാത്തലസൗകര്യ വികസനത്തിൽ നൽകിയ ഊന്നലാണ്. കിഫ്ബി വഴിയുള്ള മുതൽമുടക്കിലൂടെയാണ് ഇത് യാഥാർതഥ്യമായത്. ഈ അടിത്തറയിൽ വിജ്ഞാന സാന്ദ്രമായ വ്യവസായങ്ങളും തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് അടുത്ത കടമ. ഇതിനു കേരളത്തെ വിജ്ഞാന സമൂഹമായി പരിവർത്തനം ചെയ്യണം. അതുവഴി എല്ലാവർക്കും ക്ഷേമം മാത്രമല്ല, എല്ലാവർക്കും തൊഴിലും ഉറപ്പുവരുത്താൻ കഴിയും. ഇതാണ് ഇടതുപക്ഷത്തിന്റെ കേരള ബദൽ. ഇതാണ് 2021-22ലെ ബജറ്റ് തുറക്കുന്ന പാത-ഇതാണ് തോമസ് ഐസക്കിന്റെ വിശദീകരണം.

ഫെഡറൽ സംവിധാനത്തിന്റെ കർശന ധനനയ ചട്ടക്കൂടിൽ നിന്നുകൊണ്ടാണ് നമ്മൾ ഇത് ചെയ്യുന്നത്. വലിയ തോതിലുള്ള ക്ഷേമ ചെലവുകൾക്കുശേഷം പശ്ചാത്തല സൗകര്യ നിക്ഷേപത്തിനു മതിയായ പണം ഉണ്ടാവില്ല. ഈ സാഹചര്യത്തിൽ ബജറ്റിനു പുറത്ത് ധനകാര്യ സ്ഥാപനങ്ങൾ വഴി വിഭവസമാഹരണം നടത്തിക്കൊണ്ടു മാത്രമേ മൂലധന നിക്ഷേപത്തിൽ കുതിപ്പ് ഉറപ്പുവരുത്താനാകൂ. ഇത്തരമൊരു ധനതന്ത്രത്തിന്റെ വിജയത്തിന് അത്യന്താപേക്ഷിതമായ ഒരു മുൻ ഉപാധിയുണ്ട്. സംസ്ഥാന ബജറ്റിന്റെ ധനസ്ഥിതി സുസ്ഥിരമാക്കണം. ധനക്കമ്മി 3 ശതമാനത്തിൽ നിർത്താൻ കഴിയണം. റവന്യുക്കമ്മി പടിപടിയായി കുറച്ചുകൊണ്ടു വരണം.

തൊണ്ണൂറുകളുടെ അവസാനം സംസ്ഥാനം നേരിട്ട ധനകാര്യ പ്രതിസന്ധി കർശന നടപടികൾ സ്വീകരിക്കാൻ നമ്മെ നിർബന്ധിതരാക്കി. ഇതിന്റെ ഫലമായി കമ്മി അടുത്ത പതിറ്റാണ്ടിലുടനീളം കുറച്ചുകൊണ്ടു വരുന്നതിനു കഴിഞ്ഞു. ആദ്യ അഞ്ചു വർഷം ചെലവുകൾ കർശനമായി വെട്ടിച്ചുരുക്കിക്കൊണ്ടാണ് ലക്ഷ്യം നേടിയത്. തുടർന്ന് അഞ്ചു വർഷമാകട്ടെ വരുമാനം വർദ്ധിപ്പിക്കുന്നതിനാണ് ഊന്നൽ നൽകിയത്. ഇതിൽ നമ്മൾ വിജയിക്കുകയും ചെയ്തു. എന്നാൽ 2013-14 മുതൽ വാറ്റ് വരുമാനം കുത്തനെ കുറയുകയും കമ്മി കൂടാനും തുടങ്ങി.

എൻട്രി ടാക്‌സ് ഭരണഘടനാ വിരുദ്ധമായി വിധിച്ചതോടെ വാറ്റിന്റെ സാധ്യതകൾ അടഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ജി.എസ്.ടിയെ സ്വീകരിച്ചത്. എന്നാൽ ജി.എസ്.ടി പ്രതീക്ഷിച്ച ഫലം തന്നിട്ടില്ല. നികുതി വരുമാനം ഏതാണ്ടൊരു 10 ശതമാനം വളർച്ചയിൽ കുരുങ്ങിക്കിടക്കുകയാണ്. ചെലവുകളുടെ കാര്യത്തിൽ കർശന നിലപാടുകൾ സ്വീകരിച്ചതിന്റെ ഫലമായി ഈ സർക്കാരിന്റെ കാലത്ത് പതുക്കെയാണെങ്കിലും ധനദൃഡീകരണം വീണ്ടും പ്രകടമായി എന്നും തോമസ് ഐസക് അവകാശപ്പെടുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP