Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാങ്കിൽ ക്യൂ നിന്നും കിട്ടുന്ന 2000 രൂപ കൊടുത്താൽ ബാക്കി കൊടുക്കാൻ ഇല്ലാത്തതിനാൽ ആർക്കും വേണ്ട; ചില്ലറയില്ലാതെ കടകളും ഹോട്ടലുകളും അടച്ചു പൂട്ടുന്നു; 500ന്റെ നോട്ട് എന്നിറങ്ങുമെന്ന് നിശ്ചയമില്ല; 100ന്റെ നോട്ടുകൾ പുതിയത് വരാത്തതിനാൽ എടിഎമ്മുകൾ കാലിയായി; കുടിവെള്ളം വാങ്ങാൻ പോലും പണമില്ലാതെ ജനങ്ങൾ തെരുവിലേക്ക്; കള്ളപ്പണ വേട്ടയുടെ പേരിൽ മോദിയെ സ്തുതി ചെയ്തവരെല്ലാം ചുവട് മാറുന്നു

ബാങ്കിൽ ക്യൂ നിന്നും കിട്ടുന്ന 2000 രൂപ കൊടുത്താൽ ബാക്കി കൊടുക്കാൻ ഇല്ലാത്തതിനാൽ ആർക്കും വേണ്ട; ചില്ലറയില്ലാതെ കടകളും ഹോട്ടലുകളും അടച്ചു പൂട്ടുന്നു; 500ന്റെ നോട്ട് എന്നിറങ്ങുമെന്ന് നിശ്ചയമില്ല; 100ന്റെ നോട്ടുകൾ പുതിയത് വരാത്തതിനാൽ എടിഎമ്മുകൾ കാലിയായി; കുടിവെള്ളം വാങ്ങാൻ പോലും പണമില്ലാതെ ജനങ്ങൾ തെരുവിലേക്ക്; കള്ളപ്പണ വേട്ടയുടെ പേരിൽ മോദിയെ സ്തുതി ചെയ്തവരെല്ലാം ചുവട് മാറുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വേണ്ടത്ര നൂറു രൂപാ നോട്ടുകൾ ലഭ്യമല്ലാത്തത് നോട്ട് അസാധുവാക്കൽ തീരുമാനത്തെ വെട്ടിലാക്കി. 1000, 500 രൂപാ നോട്ടുകൾ ബാങ്കിൽ നിന്ന് മാറ്റിയെടുക്കുമ്പോൾ 2000 രൂപയുടെ നോട്ടുകളാണ് ലഭിക്കുന്നത്. അതു വിപണിയിൽ കൊടുത്താൽ ആർക്കും വേണ്ട. 2000 രൂപയ്ക്ക് ചില്ലറ കൊടുക്കാൻ ആരുടെ കൈയിലും രൂപയില്ലാത്തതാണ് ഇതിന് കാരണം.

ഇതോടെ ഫലപ്രദമായ തയ്യാറെടുപ്പുകളില്ലാതെയുള്ള നോട്ട് പിൻവലിക്കൽ പ്രഖ്യാപനത്തിൽ കുടുങ്ങി നാലാം ദിനവും സംസ്ഥാനത്തു ജനങ്ങൾക്കും ബാങ്കുകൾക്കും നരകയാതന. പണം നിറച്ച ചുരുക്കംചില എടിഎമ്മുകൾക്കു മുന്നിൽ കേവലം രണ്ടായിരം രൂപയ്ക്കുവേണ്ടി ജനങ്ങൾക്കു ക്യൂ നിൽക്കേണ്ടി വന്നത് മണിക്കൂറുകളും. ഇതോടെ നോട്ട് അസാധുവാക്കൽ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ വിമർശനങ്ങൾ ഉയരുകയാണ്. കള്ളപ്പണ വേട്ടയുടെ പേരിൽ വേണ്ടത്ര മുൻകരുതലെടുക്കാതെ നടത്തിയ നീക്കമാണ് പ്രശ്‌നമായത്. ഇതോടെ മോദിയുടെ ജനപ്രിയതയ്ക്കും കോട്ടം തട്ടിയെന്നാണ് വിലയിരുത്തൽ. ഹോട്ടലുകളും ചെറുകിട സ്ഥാപനങ്ങളും ചില്ലറക്ഷാമം മൂലം അടച്ചു പൂട്ടുകയാണ്. സൂപ്പർ മാർക്കറ്റുകളിൽ കാർഡുപയോഗിച്ച് കച്ചവടം പൊടിപൊടിക്കുന്നു. ഇതോടെ സാധാരണക്കാർ വലയുകയുമാണ്.

പലരും 2000 രൂപ വാങ്ങാൻ തയാറാകാത്തതു കാരണം ഇടപാടുകാരും ബാങ്ക് അധികൃതരും തമ്മിൽ വാക്കേറ്റവും തുടങ്ങി. പല എടിഎമ്മുകളിലും വേഗം പണം തീരുകയും ചെയ്തു. പിൻവലിക്കൽ പ്രഖ്യാപനത്തിനു മുൻപ് എത്തിയ 100 രൂപയുടെയും 50 രൂപയുടെയും നോട്ടുകൾ ഇനി ബാക്കിയില്ലെന്നാണു പണം ആവശ്യപ്പെട്ട ബാങ്കുകൾക്ക് ഇന്നലെ റിസർവ് ബാങ്കിൽ നിന്നു ലഭിച്ച മറുപടി. ഉപയോഗയോഗ്യമല്ലെന്നു കണ്ടു മാസങ്ങൾക്കു മുൻപു പിൻവലിച്ചു സൂക്ഷിച്ച 100, 50 നോട്ടുകൾ ഗത്യന്തരമില്ലാതെ ആർബിഐ പുറത്തെടുത്തു വിതരണം ചെയ്തു. ഇവ സാങ്കേതിക തടസ്സം കാരണം എടിഎമ്മിൽ നിറയ്ക്കാനാകില്ല. 10 രൂപയുടെ നാണയങ്ങളും ആർബിഐ ലഭ്യമാക്കിയിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിന് ഇന്നും ബാങ്കുകൾ പ്രവർത്തിക്കും.

തിങ്കളാഴ്ച നൂറിന്റെയും അൻപതിന്റെയും പുതിയ നോട്ടുകൾ എത്തുമെന്നാണ് ആർബിഐ പ്രതീക്ഷ. ഇതോടെ എടിഎമ്മുകളിൽ സ്ഥിരമായി പണം നിറയ്ക്കാമെന്നാണ് പ്രതീക്ഷ. നിലവിൽ ബാങ്കുകളോട് ചേർന്നുള്ള എടിഎമ്മുകളിൽ മാത്രമേ പണം നിറയ്ക്കാൻ കഴിയുന്നുള്ളൂ. നൂറ് രൂപ, 50 രൂപ നോട്ടുകളാണ എടിഎമ്മിൽ നിറയ്ക്കുന്നത്. അതുകൊണ്ട് തന്നെ ബാങ്കിലെത്തുന്നവർക്ക് 2000 രൂപ നോട്ടും വിതരണം ചെയ്യുന്നു. സർക്കാർ ഗതാഗത സ്ഥാപനങ്ങൾ നാളെ രാത്രി 12 വരെ അസാധുവായ നോട്ടുകൾ കൈപ്പറ്റണമെന്നു കേന്ദ്രം നിർദ്ദേശിച്ചെങ്കിലും കെഎസ്ആർടിസി വഴങ്ങിയിട്ടില്ല. ഇത്തരം എതിർപ്പുകൾ കാരണം നോട്ട് അസാധുവാക്കൽ തീരുമാനം തിരിച്ചടിയാകുമെന്ന് കേന്ദ്ര സർക്കാർ ഭയന്ന് തുടങ്ങിയിട്ടുണ്ട്.

കലാപ സാധ്യതയിലേക്ക് ജനങ്ങൾ നീങ്ങുമെന്ന രഹസ്യാന്വേഷണ വിവരങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ എത്രയും വേഗം പ്രശ്‌ന പരിഹാരമാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അതിന് കഴിയുന്നുമില്ല.

500 രൂപ നോട്ടുകൾ എന്ന് എത്തുമെന്ന് അറിയില്ല

86 ശതമാനം പഴയ നോട്ടുകൾ മാറിനൽകിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ നിക്ഷേപമായും മറ്റു രീതിയിലും എസ്‌ബിഐ മാത്രം 2 കോടി 28 ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തി. ശനി ഉച്ചവരെ 58 ലക്ഷം പേർക്ക് പഴയ നോട്ടുകൾ എസ്‌ബിഐ മാറി നൽകി. പുതിയ 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ നിലവിലെ എടിഎമ്മുകളിൽ കഴിയില്ല. അവയ്ക്കുള്ളിലെ ഉപകരണത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അതിനുള്ള നടപടികൾ നടക്കുകയാണ്. പുതിയ 500 രൂപയുടെ കുറച്ചുനോട്ടുകൾ ഇറങ്ങിയിട്ടുണ്ട്. അച്ചടി പൂർത്തിയാകുന്നമുറയ്ക്ക് ബാക്കി പുറത്തിറക്കും. അതുവരെ പ്രതിസന്ധി തുടരും.

1000, 500 നോട്ടുകൾ പിൻവലിച്ചശേഷം ആവശ്യത്തിന് മറ്റു നോട്ടുകൾ വിതരണം ചെയ്യാൻ കഴിയാത്തതാണു സ്ഥിതി ഗുരുതരമാക്കുന്നത്. രാജ്യത്ത് വിതരണം ചെയ്തിരുന്ന കറൻസികളിൽ 80 ശതമാനവും അഞ്ഞൂറിന്റേതായിരുന്നു. എന്നാൽ, ഇവ പിൻവലിച്ചശേഷം പകരം കറൻസി എത്തിക്കാൻ കഴിയാത്തതാണു ബാങ്കുകളെയും വലയ്ക്കുന്നത്. ചെറിയ തുകയുടെ നോട്ടുകളുടെ ശേഖരം ഇപ്പോൾ ബാങ്കുകളിലും തീരുന്നു. 2000 രൂപയുടെ നോട്ടുകൾ കൂടുതലായി നൽകിയിട്ടു പ്രയോജനമില്ല.

നൂറു രൂപാ നോട്ടുകളുടെ ക്ഷാമമാണ് ഇപ്പോൾ പ്രശ്‌നം. ബാങ്കുകളിൽപ്പോലും മാറ്റി നൽകാൻ ആവശ്യത്തിനു നോട്ടില്ല. ഇവ കുറേനാളുകളായി അച്ചടിക്കാത്താണു കാരണമെന്നു ബാങ്ക് അധികൃതർ പറഞ്ഞു. ഇതിനാൽ നോട്ടു നൽകാൻ ആർ.ബി.ഐ. കടുത്ത നിബന്ധനകളും വച്ചിട്ടുണ്ട്. അതുകൊണ്ട് 1000, 500 നോട്ടുകൾ മാറ്റിയെടുക്കാനെത്തുന്നവർക്ക് 2000 രൂപയുടെ ഒറ്റ നോട്ടാണ് നൽകുന്നത്. കൈയിലുള്ള പണം ബാങ്കിൽ നിക്ഷേപിച്ച് എ.ടി.എം. വഴി മാറ്റിയെടുക്കാമെന്ന പ്രതീക്ഷയും അസ്ഥാനത്താണ്.

ഒരുദിവസം ഒരാൾക്ക് 4000 രൂപയുടെ പിൻവലിച്ച നോട്ടുകൾ വാങ്ങാമെന്ന തീരുമാനം തെറ്റായ വ്യാഖ്യാനമാണെന്ന വിശദീകരണവുണമായി ബാങ്കുകൾ രംഗത്ത് എത്തിയിട്ടുണ്ട്. ഡിസംബർ 30 വരെ ഒരാൾക്ക് ഒരു തവണ 4,000 രൂപ വരെ മാത്രമേ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ബാങ്കുകളിൽ നിന്ന് മാറാനാകൂ എന്നാണ് അവർ പറയുന്നത്. അതുപോലും ഇന്നലെ തെറ്റി. ആവശ്യത്തിന് നോട്ട് ഇല്ലാത്തതിനാൽ മിക്ക ബാങ്കുകളും 2000 രൂപവരെ മാത്രമാണ് മാറ്റി നൽകിയത്. ഇന്നും ബാങ്കുകൾ പ്രവർത്തിക്കുമെങ്കിലും നിലവിലെ സ്ഥിതിയിൽ വലിയ മാറ്റമൊന്നുമുണ്ടാകാൻ സാധ്യതയില്ല. പ്രതിസന്ധി തുടരുമെന്നാണ് ബാങ്കിങ് മേഖലയിൽ നിന്നു ലഭിക്കുന്ന സൂചന.

എടിഎമ്മുകൾ സാധാരണ നിലയിലാകാൻ രണ്ടാഴ്ചയിൽ കൂടുതലെടുക്കും

പിൻവലിച്ച നോട്ടുകൾക്കുപകരം വേണ്ടത്ര കറൻസിനോട്ടുകൾ ലഭിക്കാതെ പൊതുജനം നെട്ടോട്ടം ഓടവേ, എ.ടി.എമ്മുകൾ പൂർണമായി പ്രവർത്തനസജ്ജമാകാൻ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്ന് കേന്ദ്രസർക്കാർ.

നിലവിൽ 100 രൂപയുടെ വലിയ ക്ഷാമമാണ് ബാങ്കുകളിൽ ഉള്ളത്. റിസർവ് ബാങ്കിൽ നിന്ന് വരുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തിൽ എ.ടി.എമ്മുകൾ നിറയ്ക്കാനുള്ള എല്ലാ നടപടികളും ബാങ്കുകളുടെ ഭാഗത്തു നിന്ന് സ്വീകരിച്ചിട്ടുണ്ട്. എന്നാൽ നൂറ് രൂപ നോട്ടുകൾ എപ്പോൾ നൽകിത്തുടങ്ങുമെന്ന കാര്യത്തിൽ റിസർവ് ബാങ്ക് മൗനം പാലിക്കുകയാണ്. നിലവിലെ അവസ്ഥ തുടരുകയാണെങ്കിൽ ഞായറാഴ്ച ഉച്ചയോടെ തന്നെ സംസ്ഥാനത്തെ എ.ടി.എമ്മുകൾ എല്ലാം തന്നെ കാലിയാകും. നിലവിലെ സാഹചര്യത്തിൽ 100, 50 നോട്ടുകളാണ് എ.ടി.എമ്മുകളിൽ നിന്ന് ലഭിക്കുന്നത്. പണം പിൻവലിക്കാനാകാതെ ജനം വലഞ്ഞു. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ച സാഹചര്യത്തിൽ 100, 50 നോട്ടുകളാണ് എ.ടി.എമ്മുകളിൽ നിന്ന് ലഭിക്കുന്നത്. പുതിയ 1000, 500 നോട്ടുകൾ പുറത്തിറങ്ങാത്തതും 2000 രൂപയുടെ നോട്ടുകൾ എ.ടി.എമ്മുകളിൽ സജ്ജീകരിക്കാൻ സാധിക്കാത്തതുമാണ് ജനങ്ങൾക്ക് ദുരിതമായത്.

നിലവിൽ നൂറിന്റെയും അമ്പതിന്റെയും നോട്ടുകളാണ് എ.ടി.എമ്മുകളിൽ നിറച്ചിരിക്കുന്നത്. ഇതിനാൽത്തന്നെ അമ്പത് ലക്ഷത്തിന്റെ വരെ ശേഷിയുള്ള എ.ടി.എമ്മുകളിൽ നിറയ്ക്കാൻ സാധിച്ചത് നാല് ലക്ഷം രൂപ വരെ മാത്രമാണ്. നൂറ് രൂപ നോട്ടിന്റെ ക്ഷാമം മൂലം നല്ലൊരു ശതമാനം എ.ടി.എമ്മുകളും അടഞ്ഞുകിടക്കുകയാണ്. തുറന്ന് പ്രവർത്തിച്ചവയിലാകട്ടെ ഉച്ചയ്ക്കുമുമ്പേ തന്നെ പണം തീരുകയും ചെയ്തു. നൂറ് രൂപ ആയതിനാൽ തന്നെ എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്നതിന് നിയന്ത്രണമുണ്ട്. പണം നിറച്ച് രണ്ട് മണിക്കൂറിനുള്ളിൽത്തന്നെ എ.ടി.എം കാലിയാവുന്നു.

500ന്റെയും 2000ത്തിന്റെയും നോട്ടുകൾ ലഭ്യമാക്കുന്നതിന് എ.ടി.എമ്മുകൾ പുനഃക്രമീകരിക്കുന്ന ജോലി തുടങ്ങിയത് നവംബർ എട്ടാം തീയതിക്കുശേഷം മാത്രമാണ്. നോട്ടുകൾ അസാധുവാക്കുന്ന വിവരം രഹസ്യമായിസൂക്ഷിക്കാനാണത്. രണ്ടുലക്ഷം എ.ടി.എമ്മുകളിലും 'ടെക്‌നിക്കൽ ടീം' നേരിട്ടുചെന്നാണ് പുനഃക്രമീകരണം നടത്തുന്നത്. അതിന് സമയമെടുക്കും.

ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല കടയടപ്പ് സമരം

നോട്ടു നിയന്ത്രണത്തിലെ അപാകതയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച മുതൽ അനിശ്ചിത കാലത്തേയ്ക്ക് കടകൾ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. നോട്ടുകൾ പിൻവലിച്ചത് കച്ചവടത്തെ ബാധിച്ചതിനാലാണ് നടപടിയെന്നും സംഘടനാ പ്രസിഡന്റ് ടി. നസറുദ്ദീൻ കോഴിക്കോട്ട് പറഞ്ഞു. അതേസമയം, വലിയ നോട്ടുകൾ പിൻവലിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ ഊർജസ്വലമായി ഇടപെടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ജോബി വി. ചുങ്കത്ത് പാലക്കാട്ട് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ ഉദ്ദേശ്യ ശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ ജനങ്ങൾക്കും വ്യാപാരികൾക്കും ഉണ്ടാകുന്ന അസൗകര്യങ്ങൾക്ക് അനുസൃതമായിട്ടുള്ള പ്രവർത്തനം സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നുണ്ടോ എന്ന് ആശങ്കയുണ്ട്.

20, 50, 100 രൂപ നോട്ടുകളുടെ വിതരണം വർധിപ്പിച്ചില്ലെങ്കിൽ വ്യാപാരികളുടെ അവസ്ഥ അതിദയനീയമാകും. നോട്ട് അസാധുവാക്കിയ പ്രഖ്യാപനം വന്നതിൽ പിന്നെ മുൻപ് നടന്നിരുന്നതിന്റെ 10 ശതമാനം കച്ചവടം മാത്രമാണു നടക്കുന്നതെന്നും ജോബി വി. ചുങ്കത്ത് വ്യക്തമാക്കി. വലിയ നോട്ടുകൾ അസാധുവാക്കിയ കേന്ദ്ര നപടിയിലൂടെ രാജ്യത്തെ ചരക്ക് ഗതാഗതം സ്തംഭിച്ച അവസ്ഥയാണെന്ന് ലോറി ഓണേഴ്‌സ് ഫെഡറേഷനും കുറ്റപ്പെടുത്തി. സംസ്ഥാനത്തു നിന്നു പുറത്തേക്കുള്ള ചരക്കു നീക്കവും കുറഞ്ഞു. പുതിയ നോട്ടുകൾ സജീവമാകുന്നതുവരെ പെട്രോൾ പമ്പുകളിൽ അസാധുവാക്കിയ നോട്ടുകൾ ഉപയോഗിച്ച് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു.

ഖേദപ്രകടനവുമായി കേന്ദ്രം

നോട്ട് പിൻവലിച്ചതിനെ തുടർന്നു രാജ്യത്തെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ. ജനങ്ങൾക്ക് പ്രയാസമുണ്ടായതിൽ ഖേദമുണ്ടെന്നും മുതിർന്ന പൗരന്മാർക്ക് പ്രത്യേകം ക്യൂ ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്നും കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പറഞ്ഞു.

നോട്ട് മാറ്റിയെടുക്കലും വിതരണവും പൂർണ തോതിലാകാൻ കൂടുതൽ സമയമെടുക്കും. നോട്ടു മാറ്റം വളരെ വലിയ പ്രക്രിയയാണ്. എടിഎമ്മുകൾ നേരെയാകാൻ മൂന്നാഴ്ചയെങ്കിലും എടുക്കും. പുതിയ നോട്ടിന് സാങ്കേതിക സവിശേഷതകളില്ല. കുപ്രചരണങ്ങളിൽ വീഴരുതെന്നും ജയ്റ്റ്‌ലി മുന്നറിയിപ്പ് നൽകി. സർക്കാർ നയത്തെ കുറ്റപ്പെടുത്തിയ പ്രതിപക്ഷത്തെയും മന്ത്രി വിമർശിച്ചു. കോൺഗ്രസ് ഉത്തരവാദിത്തമില്ലാതെയാണ് വിമർശിക്കുന്നത്. സമ്പത്ത് ഘടന ശുദ്ധീകരിക്കുന്നതിനോട് ചിലർപ്പ് എതിർപ്പാണെന്നും അദ്ദേഹം ആരോപിച്ചു.

സർക്കാർ നിറവേറ്റുന്നത് വലിയ ഉത്തരവാദിത്തമാണ്. നോട്ടുകൾ പിൻവലിച്ച സാഹചര്യത്തെ ധനമന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ആദ്യത്തെ ഏതാനും ദിവസങ്ങളിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന് നേരത്തെതന്നെ പ്രതീക്ഷിച്ചിരുന്നു. ജനങ്ങൾ പ്രയാസം സഹിച്ചും സർക്കാർ നടപടിയോട് സഹകരിക്കുന്നുണ്ടെന്നും ജയ്റ്റ്‌ലി ആവശ്യപ്പെട്ടു.

നോട്ടുകൾ പിൻവലിക്കാൻ തീരുമാനിച്ചപ്പോൾ തന്നെ ജനങ്ങൾ കൂട്ടമായി ബാങ്കുകളിലേക്ക് പോകുമെന്ന സർക്കാരിനു അറിയാമായിരുന്നു. പഴയ നോട്ടുകൾ മാറിയെടുക്കാൻ ഡിസംബർ 30 വരെ സമയമുണ്ട്. തുടക്കത്തിൽ ജനങ്ങൾ തിരക്കുകൂട്ടരുത്. സർക്കാരിന്റെ ഈ തീരുമാനത്തെക്കുറിച്ച് മുൻകൂട്ടി അറിയിക്കാൻ സാധിക്കില്ല. അതിനാലാണ് രഹസ്യമാക്കി വച്ചത്– ജയ്റ്റ്‌ലി വ്യക്തമാക്കി.

എല്ലാവരും ഓടിപ്പിടിച്ച് ബാങ്കിലേക്ക് പോകേണ്ട

എ.ടി.എമ്മുകൾക്കും ബാങ്കുകൾക്കുംമുന്നിലുള്ള നീണ്ട വരിയെക്കുറിച്ചും ജനങ്ങളുടെ പ്രയാസത്തെക്കുറിച്ചും സർക്കാറിന് ബോധ്യമുണ്ട്. നോട്ടിന് ക്ഷാമമില്ല. ജനങ്ങൾ പരിഭ്രാന്തരാകുകയോ അഭ്യൂഹങ്ങൾക്ക് അടിപ്പെടുകയോ ചെയ്യരുത്. പഴയ നോട്ടുകൾ തിരികെനിക്ഷേപിക്കാൻ എല്ലാവരും ഉടൻതന്നെ ഓടിപ്പിടിച്ച് ബാങ്കുകളിലേക്ക് പോകണമെന്നില്ല. ഡിസംബർ 30 വരെ സമയമുണ്ട്. ബാങ്കുകളിലും പോസ്റ്റോഫീസുകളിലും പണമെടുക്കാൻ പോകുന്നവർ, ചെറിയ നോട്ടുകൾക്ക് നിർബന്ധം പിടിക്കരുതെന്നും കേന്ദ്ര മന്ത്രി ജയ്റ്റ്‌ലി ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP