Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അനിൽ അംബാനി ചൈനീസ് ബാങ്കുകൾക്ക് 5,446 കോടി രൂപ നൽകണം; തിരിച്ചടയ്ക്കാനുള്ള തുക 21 ദിവസത്തിനുള്ളിൽ നൽകണമെന്ന് ലണ്ടൻ ഹൈക്കോടതി ഉത്തരവ്; ബാങ്കുകൾ കോടതിയെ സമീപിച്ചത് ആർ കോം പാപ്പരായി പ്രഖ്യാപിക്കാനുള്ള പ്രക്രിയകൾ നടക്കുന്നതിനിടെ; കൈയിൽ പണമില്ലെന്നും തിരച്ചടവ് സാധ്യമല്ലെന്ന് അംബാനി കേണു പറഞ്ഞിട്ടും കോടതി കേട്ടില്ല; ഫോബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ മുമ്പിലുണ്ടായിരുന്ന അനിൽ അംബാനിയുടേത് ഒരു ബിസിനസ് ടൈക്കൂണിന്റെ വമ്പൻ വീഴ്‌ച്ച

അനിൽ അംബാനി ചൈനീസ് ബാങ്കുകൾക്ക് 5,446 കോടി രൂപ നൽകണം; തിരിച്ചടയ്ക്കാനുള്ള തുക 21 ദിവസത്തിനുള്ളിൽ നൽകണമെന്ന് ലണ്ടൻ ഹൈക്കോടതി ഉത്തരവ്; ബാങ്കുകൾ കോടതിയെ സമീപിച്ചത് ആർ കോം പാപ്പരായി പ്രഖ്യാപിക്കാനുള്ള പ്രക്രിയകൾ നടക്കുന്നതിനിടെ; കൈയിൽ പണമില്ലെന്നും തിരച്ചടവ് സാധ്യമല്ലെന്ന് അംബാനി കേണു പറഞ്ഞിട്ടും കോടതി കേട്ടില്ല; ഫോബ്‌സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ മുമ്പിലുണ്ടായിരുന്ന അനിൽ അംബാനിയുടേത് ഒരു ബിസിനസ് ടൈക്കൂണിന്റെ വമ്പൻ വീഴ്‌ച്ച

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ചേട്ടൻ മുകേഷ് അംബാനി കോവിഡ് കാലത്തു പോലും കോടികൾ വാരുന്ന ബിസിനസുമായി മുന്നോട്ടു പോകുമ്പോഴും അനിയൻ അനിൽ അംബാനി കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ പെട്ട് നട്ടം തിരിയുന്നു. ബാങ്കുകൾ എല്ലാം ജപ്തി ചെയ്തു കൊണ്ടുപോകുന്ന അവസ്ഥയിലാണ് അനിൽ അംബാനി. ധീരുഭായ് അംബാനി പടുത്തുയർത്തിയ വ്യവസായ സാമ്രാജ്യത്തിൽ ഒരാൾ ലോകത്തെ തന്നെ അതിസമ്പന്നരുടെ പട്ടികയിലേക്ക് കുതിക്കുമ്പോൾ മറ്റൊരാൾ ഫോബ്‌സ് പട്ടികയിൽ നിന്നും തകർന്നു വീണു പാപ്പരാകുന്ന അവസ്ഥയിലാണ്.

അനിൽ അംബാനി മൂന്നു ചൈനീസ് ബാങ്കുകൾക്കായി 717 ദശലക്ഷം ഡോളർ (ഏകദേശം 5,446 കോടി രൂപ) 21 ദിവസത്തിനുള്ളിൽ നൽകണമെന്ന് ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടതോടെ ഈ പ്രതിസന്ധി കൂടുതൽ മുറുകുകയാണ്. ബാങ്കുകളുമായുള്ള വായ്പാ കരാർ പ്രകാരം തിരിച്ചടയ്ക്കാനുള്ള തുകയാണിത്. 2012 ഫെബ്രുവരിയിൽ റിലയൻസ് കോം മൂന്നു ചൈനീസ് ബാങ്കുകളിൽ നിന്നായി 700 ദശലക്ഷം ഡോളറിലേറെ വായ്പയെടുത്തിരുന്നു. ഇതിന് അനിൽ അംബാനി സ്വയം ജാമ്യം നിന്നു. ആർ കോം പാപ്പരായി പ്രഖ്യാപിക്കാനുള്ള പ്രക്രിയകൾ നടക്കുന്നതിനിടെ വായ്പാ തിരിച്ചടവിൽ വീഴ്ചവരുത്തിയെന്നു കാണിച്ചാണ് ബാങ്കുകൾ കോടതിയിലെത്തിയത്. പലിശ സഹിതം പണം തിരിച്ചുകിട്ടണമെന്ന് ബാങ്കുകൾ ആവശ്യപ്പെടുകയായിരുന്നു.

ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്സ്യൽ ബാങ്ക് ഓഫ് ചൈനയുടെ മുംബൈ ശാഖ, ചൈന ഡവലപ്മെന്റ് ബാങ്ക്, എക്സിം ബാങ്ക് ഒഫ് ചൈന എന്നിവയാണ് കോടതിയെ സമീപിച്ചത്. കൊവിഡ് നിയന്ത്രണങ്ങൾക്കിടെ ഓൺലൈനിലാണ് കോടതി വാദം കേട്ടത്. താൻ നൽകിയ ഗ്യാരന്റി പാലിക്കാൻ അനിൽ അംബാനി ബാധ്യസ്ഥനാണെന്ന് കമേഴ്സ്യൽ ഡിവിഷൻ ജഡ്ജ് നിഗെൽ ടിയാറെ ചൂണ്ടിക്കാട്ടി. അനിൽ അംബാനിയെ ഗ്യാരന്റി നിർത്താൻ ആർക്കും ചുമതല നൽകിയിരുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അവകാശപ്പെടുന്നത്. ഉത്തരവിന്റെ പശ്ചാത്തലത്തിൽ നിയമസാധ്യതകൾ പരിശോധിക്കുകയാണ് അനിൽ അംബാനിയുടെ ഓഫീസ്.

നേരത്തെ വാദത്തിനിടെ വായ്‌പ്പ തിരികെ നൽകാൻ കഴിയില്ലെന്നും പാപ്പരാണെന്നുമുള്ള വാദമാണ് അനിൽ അംബാനി ഉന്നയിച്ചത്. ബാധ്യതകൾ കഴിഞ്ഞ തന്റെ കൈയിൽ നിലവിലുള്ള ആസ്തിയുടെ മൂല്യം പൂജ്യമാണെന്ന അനിൽ അംബാനി വ്യക്തമാക്കിയിരുന്നു. വായ്‌പ്പ തിരിച്ചടവിനായി തന്റെ കൈവശം സ്വത്തുക്കളൊന്നും ഇല്ലെന്നും അദ്ദേഹം വ്യകതമാക്കിയിരുന്നു. സഹോദരൻ മുകേഷ് അംബാനി ഉൾപ്പടെയുള്ളവരിൽ വായ്‌പ്പ തിരിച്ചടവിനുള്ള പണം സ്വരൂപിക്കാൻ കഴിയില്ലെന്നും അനിൽ അംബാനി കോടതിയിൽ വ്യകതമാക്കിയിരുന്നു, ഏഷ്യയിലെ ഏറ്റവും വലിയ ധനികനും അനിൽ അംബാനിയുടെ സഹോദരനുമായ മുകേഷ അംബാനിയുടെ ആകെ ആസ്തിന 55.6 ബില്യൺ ഡോളറാണ്

2008ൽ ഫോബ്സിന്റെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികനായ ആറാമത്തെ വ്യക്തിയായിരുന്നു അനിൽ അംബാനി. 42 ബില്യൺ ഡോളറായിരുന്നു അന്ന് അദ്ദേഹത്തിന്റെ ആസ്തി. കുടുംബ സ്വത്ത് വിഭജനത്തിൽ ടെലികോം, വൈദ്യുതി ഉൽപാദനം, ധനകാര്യ സേവന ബിസിനസുകൾ എന്നിവ ഏറ്റെടുത്ത് അനിൽ അംബാനി പിരിഞ്ഞെങ്കിലും ഈ ബിസിനസ്സുകളെല്ലാം കടത്തിൽ മുങ്ങുകയായിരുന്നു. അനിൽ അംബാനി എന്ന കോടീശ്വരന്റെ പതനം സംംഭകർ പാഠ്യവിഷയം ആക്കേണ്ടത്.

2019 ജൂൺ വരെ, അനിൽ അംബാനിയുടെ കീഴിലുള്ള റിലയൻസ് ഗ്രൂപ്പിന്റെ ആറ് ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂലധനം 6,196 കോടി രൂപയായിരുന്നു. എന്നാൽ 2020 ഫെബ്രുവരി 10 ന് വിപണി അവസാനിച്ചപ്പോൾ മൊത്തം വിപണി മൂല്യം 1,645.65 കോടി രൂപയാണ്. കടമെടുത്ത പണം തിരികെ നൽകാൻ കഴിയാത്തതിനാൽ മൂന്ന് ചൈനീസ് ബാങ്കുകളോട് കോടതി വഴി പൊരുതുകയാണ് അനിൽ അംബാനി.

മുകേഷ് അംബാനിയുടെയും അനിൽ അംബാനിയുടെയും പിതാവായ ധീരുഭായ് അംബാനി 2002ൽ മരിച്ചപ്പോൾ, മുകേഷ് അംബാനി റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും അനിൽ അംബാനി മാനേജിങ് ഡയറക്ടറുമായിരുന്നു. 28,000 കോടി രൂപയുടെ ബിസിനസ്സ് കമ്പനിയായിരുന്നു അന്ന് റിലയൻസ് ഇൻഡസ്ട്രീസ്. ഇതിനിടെ സഹോദരങ്ങൾക്കിടയിൽ ചില കല്ലുകടികൾ രൂപപ്പെട്ടു. 2005 ൽ കമ്പനി രണ്ടായി വിഭജിക്കപ്പെട്ടു. ടെലികോം, വൈദ്യുതി ഉൽപാദനം, ധനകാര്യ സേവന ബിസിനസുകൾ എന്നിവ അനിൽ അംബാനി ഏറ്റെടുത്തപ്പോൾ മുകേഷ് അംബാനി എണ്ണ ശുദ്ധീകരണ, പെട്രോകെമിക്കൽസ് ബിസിനസുകൾ ഏറ്റെടുത്തു.

റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് പവർ, റിലയൻസ് ക്യാപിറ്റൽ, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് നേവൽ, റിലയൻസ് ഹോം ഫിനാൻസ് എന്നിവയാണ് അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് നടത്തുന്ന ബിസിനസുകൾ. റിപ്പോർട്ടുകൾ പ്രകാരം, ടെലികോം ബിസിനസ് ലഭിക്കാൻ അനിൽ അംബാനി കാര്യമായി തന്നെ ആഗ്രഹിച്ചിരുന്നു. കാരണം അക്കാലത്ത് വളരെയധികം വളർച്ചയ്ക്ക് സാധ്യതയുമുള്ള ഒരു വ്യവസായമായിരുന്നു ടെലികോം.

റിലയൻസ് കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ആർകോം അനിൽ ഏറ്റെടുത്ത ഏറ്റവും മികച്ച ബിസിനസ്സ് ആയിരുന്നു. 2002ൽ ആർകോം റിലയൻസ് ഇൻഫോകോം ആയി തുടങ്ങിയപ്പോൾ സിഡിഎംഎ (കോഡ് ഡിവിഷൻ മൾട്ടിപ്പിൾ ആക്സസ്) പ്ലാറ്റ്‌ഫോമാണ് തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ എയർടെൽ, ഹച്ച് തുടങ്ങിയ എതിരാളികൾ ജിഎസ്എം (ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്മ്യൂണിക്കേഷൻ) ആണ് ഉപയോഗിച്ചിരുന്നത്. ടെലികോം വ്യവസായം വളർന്നപ്പോൾ, സിഡിഎംഎ റിലയൻസിന് ഒരു പോരായ്മയായി. കാരണം ഇത് 2 ജി, 3 ജി സേവനങ്ങളെ മാത്രമേ പിന്തുണച്ചിരുന്നുള്ളൂ. അതുകൊണ്ട് തന്നെ 4 ജി നേടാൽ ആർകോമിനായില്ല.

കാലക്രമേണ, ടെലികോം വ്യവസായത്തിൽ മത്സരം രൂക്ഷമായി, വിവിധ കമ്പനികൾ കൂടുതൽ വരിക്കാർക്കായി മത്സരിക്കാൻ തുടങ്ങി. ബിസിനസ്സ് വളർത്തുന്നതിനും വിപുലീകരിക്കുന്നതിനുമായി അനിൽ കടം വാങ്ങിക്കൊണ്ടിരുന്നു. എന്നാൽ കാലക്രമേണ ഈ വ്യവസായത്തിലൂടെയുള്ള ലാഭം കുറയാൻ തുടങ്ങി. ബിസിനസ്സ് വളർത്താൻ അനിൽ ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ, നിക്ഷേപങ്ങളുടെ ആവശ്യകത വർദ്ധിച്ചു. അതിനാൽ വീണ്ടും വായ്പകളെ ആശ്രയിക്കാൻ തുടങ്ങി.

അനിൽ അംബാനിയുടെ തകർച്ച പൂർണമാക്കിയത് ടെലികോം ബിസിനസ്സിലേക്കുള്ള സഹോദരനായ മുകേഷ് അംബാനിയുടെ പ്രവേശനമായിരുന്നു. ടെലികോം ബിസിനസ്സിലേക്കുള്ള തന്റെ മുന്നേറ്റത്തെ അടയാളപ്പെടുത്തി മുകേഷ് ഇൻഫോടെൽ ബ്രോഡ്ബാൻഡ് സ്വന്തമാക്കി. 2016 ൽ, റിലയൻസ് ജിയോ ഇൻഫോകോം ആരംഭിച്ചതോടെ ടെലികോം മേഖലയിൽ ഒരു കൊടുങ്കാറ്റ് വീശിയ പ്രതീതിയായിരുന്നു. ആർകോമിന് മാത്രമല്ല, മുഴുവൻ ടെലികോം വ്യവസായത്തിനും ഇത് തിരിച്ചടിയായി.

നഷ്ടം വർദ്ധിക്കുകയും കടം കൂടുകയും ചെയ്തതോടെ ആർകോം വയർലെസ് സേവനം 2017 ൽ നിർത്തിവച്ചു. അനിൽ പിന്നീട് മറ്റ് ബിസിനസുകളിലേക്ക് ശ്രദ്ധ തിരിക്കാൻ തുടങ്ങി. ആസ്തികൾ വിൽക്കാനും കടം തീർക്കാനുള്ള പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. ആ സമയത്ത്, ആർകോം ജിയോയ്ക്ക് വിൽക്കാൻ ഒരു കരാറിലേർപ്പെട്ടിരുന്നു, എന്നാൽ ടെലികോം വകുപ്പ് ജിയോയോട് ആർകോമിന്റെ കുടിശ്ശികയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് വിൽപ്പന റദ്ദാക്കി.

2018 മെയ് മാസത്തിൽ അനിൽ അംബാനി പാപ്പരത്ത നടപടികളിലേക്ക് കടന്നു. നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) ആർകോമിനെതിരെ മൂന്ന് നിവേദനങ്ങൾ അംഗീകരിച്ചു. 1,100 കോടി രൂപ കുടിശ്ശികയാണ് ആർകോം നൽകേണ്ടതെന്ന് എറിക്‌സൺ അവകാശപ്പെട്ടു. എറിക്‌സൺ ഇന്ത്യയ്ക്ക് ഒരു മാസത്തിനുള്ളിൽ 5.5 ബില്യൺ രൂപ നൽകിയില്ലെങ്കിൽ അനിലിനെ തടവിലാക്കുമെന്ന് സുപ്രീം കോടതി അന്ന് ഭീഷണിപ്പെടുത്തിയിരുന്നു. മുകേഷ് അംബാനി അവസാന നിമിഷം ഇടപെട്ടാണ് അന്ന് സഹോദരനെ രക്ഷിച്ചത്. 2020ലെ കണക്ക് 2020ലെ കണക്ക് അനുസരിച്ച് ആർകോമിന് 50,000 കോടിയിലധികം കടമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP