Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഓഹരി തട്ടിപ്പെന്ന ഹിൻഡൻബർഗിന്റെ ആരോപണത്തിൽ അദാനി ഓഹരികളുടെ മൂല്യത്തിൽ ഉണ്ടായത് 90,000 കോടിയുടെ നഷ്ടം; ഹിൻഡൻബെർഗ് റിസർച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്; ഇന്ത്യയിലേയും അമേരിക്കയിലേയും നിയമസാദ്ധ്യതകൾ പരിശോധിക്കുകയാണെന്ന് കമ്പനി; എഫ്.പി.ഒയെ തകർക്കാൻ ശ്രമമെന്നും ആരോപണം

ഓഹരി തട്ടിപ്പെന്ന ഹിൻഡൻബർഗിന്റെ ആരോപണത്തിൽ അദാനി ഓഹരികളുടെ മൂല്യത്തിൽ ഉണ്ടായത് 90,000 കോടിയുടെ നഷ്ടം; ഹിൻഡൻബെർഗ് റിസർച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്; ഇന്ത്യയിലേയും അമേരിക്കയിലേയും നിയമസാദ്ധ്യതകൾ പരിശോധിക്കുകയാണെന്ന് കമ്പനി; എഫ്.പി.ഒയെ തകർക്കാൻ ശ്രമമെന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ലോകപ്രശസ്തമായ സ്ഥാപനമായ ഹിൻഡൻബർഗിന്റെ ആരോപണത്തിൽ ഗൗത് അദാനി ഗ്രൂപ്പിന് കാര്യമായി തന്നെ പരിക്കേറ്റിട്ടുണ്ട്. അദാനി ഗ്രൂപ്പ് ഓഹരി വില പെരുപ്പിച്ചു കാണിക്കുകയാണെന്ന യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ ആരോപണം വിപണിയെ ശരിക്കും പിടിച്ചുലയ്ക്കുകയായിരുന്നു.

ഗ്രൂപ്പ് കണക്കുകളിൽ കൃത്രിമം കാണിക്കുകയാണെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ അദാനി ഓഹരികളിൽ വൻ ഇടിവുണ്ടായി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനി ഗ്രൂപ്പിന്റെ 10 കമ്പനികളുടെയും കൂടി മൂല്യത്തിൽ ഇതിനോടകം ഏതാണ്ട് 90,000 കോടി രൂപയുടെ കുറവുണ്ടായി.

അദാനി എന്റർപ്രൈസസ് ഓഹരിവില 1.54 ശതമാനം ഇടിഞ്ഞു. അദാനി ഗ്രീൻ, അദാനി പോർട്‌സ്, അദാനി പവർ, ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, അദാനി വിൽമാർ എന്നിവയുടെ ഓഹരികളും 5 മുതൽ 9 ശതമാനം വരെ ഇടിഞ്ഞു. അദാനി അടുത്തകാലത്ത് ഏറ്റെടുത്ത എസിസി, അംബുജ സിമന്റ്, എൻഡിടിവി എന്നിവയുടെ ഓഹരിവിലയും യഥാക്രമം 7.2%, 7.7%, 4.98% എന്നിങ്ങനെ ഇടിഞ്ഞു. അദാനി എന്റർപ്രൈസസ് ഫോളോ ഓൺ പബ്ലിക് ഇഷ്യു(എഫ്പിഒ)വഴി 20,000 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ഗുരുതര ആരോപണം.

അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ചുവച്ച തുകയിലാണ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നാണ് ഹിൻഡൻബർഗിന്റെ ആരോപണം. 12000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും 2 വർഷമെടുത്തു തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ട് പറയുന്നു.

അതേസമയം ഹിൻഡൻബെർഗ് റിസർച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങിയിരിക്കയാണ് അദാനി ഗ്രൂപ്പ്. ഇന്ത്യയിലേയും അമേരിക്കയിലേയും നിയമസാദ്ധ്യതകൾ പരിശോധിക്കുകയാണെന്ന് കമ്പനി അറിയിച്ചു. അദാനി എന്റെർപ്രസസിന്റെ ഫോളോ-ഓൺ പബ്ലിക് ഓഫറിങ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിൻഡൻബെർഗ് റിസർച്ച് നടത്തിയതെന്ന് അദാനി ഗ്രൂപ്പ് ആരോപിച്ചു.

ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് ആസൂത്രിതവും അടിസ്ഥാനരഹിതവും ആണെന്ന് അദാനി ഗ്രൂപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ട് ഞെട്ടിച്ചു. വസ്തുതകൾക്കായി ഗവേഷണ സ്ഥാപനം തങ്ങളെ സമീപിച്ചിട്ടില്ല. ഉന്നയിക്കുന്ന പല ആരോപണങ്ങളും കോടതികൾ അടക്കം തള്ളിക്കളഞ്ഞതാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.

27ന് അദാനി എന്റർപ്രൈസസിന്റെ എഫ്പിഒ തുടങ്ങാനിരിക്കെ പുറത്തുവിട്ട റിപ്പോർട്ട് സ്ഥാപനത്തിന്റെ സൽപ്പേരിനെ കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നും അദാനി ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫിസർ ജുഗേഷിന്ദർ സിങ് പറഞ്ഞു. അനാവശ്യഭീതി നിക്ഷേപകരിലാകെ റിപ്പോർട്ട് ഉണ്ടാക്കി.വിദേശ ഇടപെടൽ അനുവദിച്ച് കൊടുക്കാനാകില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ലോകപ്രശസ്തമായ സ്ഥാപനമാണ് ഹിൻഡൻബർഗ്. ഗൗതം അദാനി ലോകത്തെ മൂന്നാമത്തെ ധനികനായി വളർന്നത് വൻ തട്ടിപ്പ് വഴിയാണെന്ന റിപ്പോർട്ടാണ് ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ടത്. കഴിഞ്ഞ രണ്ട് വർഷം കൊണ്ട് നടത്തിയ പഠനത്തിലാണ് അദാനി ഗ്രൂപ്പ് ചെയ്തുവെന്ന പറയുന്ന തട്ടിപ്പുകളെ കുറിച്ച് ഹിൻഡൻബർഗ് റിസർച്ച് കണ്ടെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP