Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിക്കുന്നുവെന്ന ആരോപണം നൽകുന്നത് വിപണിയിലെ ഇടിവ്; അദാനി പോർട്‌സിലും വില ഇടിച്ചിൽ; വിഴിഞ്ഞം തുറമുഖത്തിന് പ്രതിസന്ധിയാകുമോ ഹിൻഡെൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട്? ട്രിവാൻഡ്രം എയർപോർട്ടിന്റെ പറന്നുയരാനുള്ള മോഹങ്ങളിലും ആശങ്ക; അദാനിക്ക് ഇനി കുതിക്കാനാകുമോ?

അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിക്കുന്നുവെന്ന ആരോപണം നൽകുന്നത് വിപണിയിലെ ഇടിവ്; അദാനി പോർട്‌സിലും വില ഇടിച്ചിൽ; വിഴിഞ്ഞം തുറമുഖത്തിന് പ്രതിസന്ധിയാകുമോ ഹിൻഡെൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട്? ട്രിവാൻഡ്രം എയർപോർട്ടിന്റെ പറന്നുയരാനുള്ള മോഹങ്ങളിലും ആശങ്ക; അദാനിക്ക് ഇനി കുതിക്കാനാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ശതകോടീശ്വരൻ ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ് കമ്പനികൾക്കുനേരെ ഗുരുതര ആരോപണങ്ങളുമായി അമേരിക്കൻ നിക്ഷേപക ഗവേഷണ ഏജൻസിയായ ഹിൻഡെൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് എത്തുമ്പോൾ അദാനി ഗ്രൂപ്പ് വമ്പൻ പ്രതിസന്ധിയിൽ. ഇതിനെ മറികടക്കാനുള്ള നീക്കം അദാനിയും തുടങ്ങി. ഇനിയുള്ള ദിവസങ്ങൾ അദാനിക്ക് നിർണ്ണായകമാണ്. ഹിൻഡെൻബർഗ് റിസർച്ചിന്റെ റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പിലെ ലിസ്റ്റ്‌ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരിവില ബുധനാഴ്ച കൂപ്പുകുത്തിയിരുന്നു. അഞ്ചു ശതമാനം മുതൽ പത്തു ശതമാനം വരെയാണ് ഇടിവ്. ഇടിവ് തുടർന്നാൽ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തെ പോലും അത് ബാധിക്കും.

ഹിൻഡെൻബർഗിന്റെ റിപ്പോർട്ട് വസ്തുതാപരമല്ലെന്ന് അദാനി ഗ്രൂപ്പ് പ്രസ്താവനയിൽ അറിയിച്ചു. റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങളുടെ വസ്തുതകൾ അറിയാനായി ഒരിക്കൽപ്പോലും ഹിൻഡെൻബർഗിന്റെ പ്രതിനിധികൾ ഗ്രൂപ്പുമായി ബന്ധപ്പെട്ടിട്ടില്ല. ഇത് ദുരുദ്ദേശ്യത്തോടെ തെറ്റായ വിവരങ്ങൾ ചേർത്ത് തയ്യാറാക്കിയതാണെന്നും വിശദീകരിച്ചു. അപ്പോഴും ആ റിപ്പോർട്ടിന്റെ പിൻബലത്തിൽ ചർച്ചകൾ തുടരുകയാണ്. അക്കൗണ്ടിങ്ങിൽ ക്രമക്കേടെന്ന് ആരോപണം ഓഹരികൾ കൂപ്പുകുത്തുന്നതിന് കാരണമായതും തിരിച്ചടിയാണ്. ഇതോടെ അദാനി ലോകകോടീശ്വര പട്ടികയിൽ നാലാമതായി എന്നതും ശ്രദ്ധേയമാണ്.

അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപയുടെ ഫോളോഓൺ പബ്ലിക് ഓഫർ വെള്ളിയാഴ്ച തുടങ്ങാനിരിക്കേയാണ് റിപ്പോർട്ട് പുറത്തു വന്നത്. കമ്പനിയുടെ അക്കൗണ്ടിങ്ങിലും കോർപ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നാണ് ഹിൻഡെൻബർഗിന്റെ ആരോപണം. അദാനി എന്റർപ്രൈസസിന് എട്ടു വർഷത്തിനിടെ അഞ്ച് ചീഫ് ഫിനാൻഷ്യൽ ഓഫീസർമാർ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്‌നങ്ങളുടെ സൂചനയാണ്. ഇതിൽ വസ്തുതകളുമുണ്ട്. പുറത്തു പോയ ഉദ്യോഗസ്ഥർ വെളിപ്പെടുത്തൽ നടത്തിയാൽ അത് വലിയ പ്രതിസന്ധിയായി മാറും.

വിപണിയിൽ വലിയ രീതിയിൽ കൃത്രിമത്വം നടക്കുന്നു. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോർട്ടിൽ പറഞ്ഞുവെക്കുന്നു. മൗറീഷ്യസ്, യു.എ.ഇ., കരീബിയൻ മേഖലയിലെ രാജ്യങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരുകൂട്ടം ഷെൽ കമ്പനികൾ വഴിയാണ് വിപണിയിൽ കൃത്രിമത്വം നടത്തുന്നതെന്നാണ് ആരോപണം. ഈ ആരോപണങ്ങളിൽ അന്വേഷണം വരികയും സത്യമാണെന്ന് തെളിയുകയും ചെയ്താൽ അത് ഗുരുതര നിയമ പ്രശ്‌നങ്ങളുമാകും.

ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരിവില കുത്തനെ ഇടിഞ്ഞതോടെ ഗൗതം അദാനിയുടെ സമ്പത്തിൽ വലിയ ഇടിവുരേഖപ്പെടുത്തി. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടികയിൽ ഗൗതം അദാനി രണ്ടാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്കു വീണു. നേരത്തേ 15,280 കോടി ഡോളറിന്റെ ആസ്തിയാണുണ്ടായിരുന്നത് ഇപ്പോൾ 11,900 കോടി ഡോളർ മാത്രമാണ്. 3,380 കോടി ഡോളറിന്റെ കുറവാണ് ഏതാനും ദിവസംകൊണ്ട് ഉണ്ടായിരിക്കുന്നത്. ബുധനാഴ്ച മാത്രം ഏകദേശം 590 കോടി ഡോളറിന്റെ ഇടിവു രേഖപ്പെടുത്തി. ഇങ്ങനെ ആസ്തി ഇടിയുന്നത് അദാനിയുടെ നിലവിലെ പ്രവർത്തനങ്ങളേയും ബാധിക്കും.

തിരുവനന്തപുരം എയർപോർട്ടും വിഴിഞ്ഞം തുറമുഖവും അദാനി ഗ്രൂപ്പിന്റെ ചുമതലയാണ്. ഇവിടെ രണ്ടും വലിയ നിക്ഷേപം കൊണ്ടു വരുമെന്നാണ് അദാനി പറയുന്നത്. അതുകൊണ്ട് തന്നെ അദാനി ഗ്രൂപ്പിനുണ്ടാകുന്ന ഉയർച്ച താഴ്ചകൾ ഈ പദ്ധതികളേയും ബാധിക്കും. വിഴിഞ്ഞം തുറമുഖ നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. 61 ശതമാനം മാത്രമാണ് പണി പൂർത്തിയായത്. അതിവേഗം മുമ്പോട്ട് കൊണ്ടു പോകുമെന്ന് പറയുമ്പോഴാണ് അദാനിയെ വെട്ടിലാക്കുന്ന റിപ്പോർട്ട് എത്തുന്നത്. ഇത് തിരുവനന്തപുരത്തെ വികസന സ്വപ്‌നങ്ങളേയും ബാധിച്ചേക്കും.

ഓഹരി വിപണിയിൽ അനർഹമായ നേട്ടംകൊയ്യാൻ അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ചുകാട്ടി നിക്ഷേപകരെ വഞ്ചിക്കുകയാണെന്നാണ് ഹിൻഡൻബർഗ് കുറ്റപ്പെടുത്തുന്നത്. യഥാർഥ മൂല്യത്തിന്റെ 85 ശതമാനംവരെ ഒഹരിവില പെരുപ്പിച്ചുകാട്ടിയെന്നും അദാനിയുടെ നിരവധി കമ്പനികളുടെ പ്രകടനം ഇടിയുകയാണെന്നും ഗവേഷണ റിപ്പോർട്ടിലുണ്ട്. രണ്ടുവർഷം നീണ്ട വിശദമായ അന്വേഷണത്തിനൊടുവിലാണ് റിപ്പോർട്ട് പുറത്തുവന്നത്. ന്യായമായതിലും 85 ശതമാനത്തോളം ഉയർന്ന തുകയിലാണ് ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും ഇവർ ദീർഘകാലമായി ഓഹരികളിൽ കൃത്രിമം കാണിക്കുകയും കണക്കുകളിൽ തട്ടിപ്പ് നടത്തുകയും ചെയ്യുന്നു എന്നുമാണ് ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

ഓഹരികൾ പണയംവച്ച് ഗ്രൂപ്പ് വൻതോതിൽ കടം വാങ്ങിയിട്ടുണ്ടെന്നും രണ്ടുവർഷത്തെ അന്വേഷണങ്ങളുടെയും ഗ്രൂപ്പിന്റെ മുൻ എക്‌സിക്യൂട്ടീവുകൾ അടക്കമുള്ള പലരുമായും സംസാരിച്ചതിന്റെയും അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും റിപ്പോർട്ട് പറയുന്നു. ഇതോടെ 46,000 കോടി രൂപയോളമാണ് അദാനിക്ക് ഓഹരിവിപണിയിൽ നഷ്ടമായത്. റിപ്പോർട്ട് വസ്തുതാവിരുദ്ധമാണെന്ന് ഗ്രൂപ്പ് അവകാശപ്പെട്ടെങ്കിലും അദാനിയുടെ ഉടമസ്ഥതയിലുള്ള സിമന്റ് കമ്പനിയായ എസിസി 7.11 ശതമാനവും അംബുജ സിമന്റ് 7.71 ശതമാനവും നഷ്ടം നേരിട്ടു. അദാനി പോർട്‌സ് 6.30 ശതമാനവും അദാനി ട്രാൻസ്മിഷൻ 8.06 ശതമാനവും അദാനി പവർ 4.99 ശതമാനവും നഷ്ടം രേഖപ്പെടുത്തി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP