Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികൾ സ്വന്തമാക്കിയതിന് പിന്നാലെ അബുദാബി രാജകുടുംബം ഷംസീർ വയലിലിന്റെ ബിസിനസിലും നിക്ഷേപം ഇറക്കുന്നു; ഷംസീർ വൈസ് ചെയർമാനായ അമാനത്ത് ഹോൾഡിങ്‌സിന്റെ ഓഹരി വാങ്ങാൻ അബുദാബി രാജകുടുംബാംഗം ഷെയ്ഖ് തഹ്നൂൻ ശ്രമിക്കുന്നതായി ബ്ലൂംബർഗ്ഗ് റിപ്പോർട്ട്; വാർത്തയോട് പ്രതികരിക്കാതെ അമാനത്ത് ഹോൾഡിങ്‌സും; യൂസഫലിയുടെ സ്ഥാപനത്തിന് പുറമേ മരുമകന്റെ ഹെൽത്ത് കെയർ സ്ഥാപനത്തിലും രാജകുടുംബം നിക്ഷേപം ഇറക്കുമ്പോൾ സംഭവിക്കുന്നത് എന്ത്?

ലുലു ഗ്രൂപ്പിന്റെ 20 ശതമാനം ഓഹരികൾ സ്വന്തമാക്കിയതിന് പിന്നാലെ അബുദാബി രാജകുടുംബം ഷംസീർ വയലിലിന്റെ ബിസിനസിലും നിക്ഷേപം ഇറക്കുന്നു; ഷംസീർ വൈസ് ചെയർമാനായ അമാനത്ത് ഹോൾഡിങ്‌സിന്റെ ഓഹരി വാങ്ങാൻ അബുദാബി രാജകുടുംബാംഗം ഷെയ്ഖ് തഹ്നൂൻ ശ്രമിക്കുന്നതായി ബ്ലൂംബർഗ്ഗ് റിപ്പോർട്ട്; വാർത്തയോട് പ്രതികരിക്കാതെ അമാനത്ത് ഹോൾഡിങ്‌സും; യൂസഫലിയുടെ സ്ഥാപനത്തിന് പുറമേ മരുമകന്റെ ഹെൽത്ത് കെയർ സ്ഥാപനത്തിലും രാജകുടുംബം നിക്ഷേപം ഇറക്കുമ്പോൾ സംഭവിക്കുന്നത് എന്ത്?

മറുനാടൻ ഡെസ്‌ക്‌

അബുദാബി: പ്രവാസ ലോകത്തെ ഏറ്റവും ശക്തനായ ഇന്ത്യൻ വ്യവസായി ആരെന്ന് ചോദിച്ചാൽ ഉത്തരം മലയാളിയായ എം എ യൂസഫലി എന്നു തന്നെയായിരിക്കും. പ്രവാസി ഇന്ത്യക്കാരുടെ കൺകണ്ട ദൈവമായ യൂസഫലിയുടെ ലുലു ഗ്രൂപ്പിൽ അബുദാബി രാജകുടുംബം 100 കോടി ഡോളറിന്റെ നിക്ഷേപം ഇറക്കിയെന്ന റിപ്പോർട്ടുകൾ അടുത്തിടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. യൂസഫലിക്ക് രാജകുടുംബവുമായുള്ള ആത്മ ബന്ധത്തിന്റെ തെളിവായാണ് ഈ നിക്ഷേപത്തെ പലരും വിലയിരുത്തിയത്. ഇതിന് പിന്നാലെ ഇപ്പോൾ മറ്റൊരു സുപ്രധാന ഇടപാടിനും അബുദാബി രാജകുടുംബം ഒരുങ്ങുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവന്നത്.

എം എ യൂസഫലിയുടെ മരുമകൻ ഡോ. ഷംസീർ വയലിൽ വൈസ് ചെയർമാനായ അമാനത്ത് ഹോൾഡിംസിൽ നിക്ഷേപം ഇറക്കാൻ അബുദാബി രാജകുടുംബം ഒരുങ്ങുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സഹോദരനായ ശൈഖ് തഹ് നൂൻ ബിൻ സായിദ് അൽ നഹ്യാനാണ് അമാനത്ത് ഹോൾഡിംഗസിൽ നിക്ഷേപം ഇറക്കാൻ ശ്രമിക്കുന്നതായി പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ്ഗ് റിപ്പോർട്ടു ചെയ്യുന്നത്. 523 മില്യൺ ഡോളറിന്റെ മാർക്കറ്റ് വാല്യു ഉള്ള സ്്ഥാപനാണ് അമാനത്ത് ഹോൾഡിങ്‌സ്. ഹെൽത്ത് കെയർ, എഡുക്കേഷൻ രംഗത്തായി ഇൻവെസ്റ്റ് ചെയ്തിരിക്കുന്ന കമ്പനിയാണിത്. വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പു കൂടാതെ ഷംസീർ വയലിലിന് വലിയ പങ്കാളിത്തമുള്ള കമ്പനിയാണ് ഇത്. ഹമദ് അബ്ദുള്ള അൽഷംസിയാണ് അമാനത്ത് ഹോൾഡിംഗിസിന്റെ ചെയർമാൻ സ്ഥാനത്ത്.

ബ്ലൂംബെർഗിന്റെ വാർത്ത കൂടാതെ മറ്റു വിവരങ്ങളൊന്നും ഈ ഇടപാടുമായി ബന്ധപ്പെട്ട് ലഭ്യമല്ല. ഷെയ്ഖ് തഹ്നൂന്റെ നിയന്ത്രണത്തിലുള്ള കമ്പനി നിക്ഷേപം ഇറക്കുന്നു എന്നു മാത്രമാണ് പുറത്തുവന്ന വിവരം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നു എന്നുമാത്രമാണ് ബ്ലൂംബെർഗ്ഗ് റിപ്പോർട്ടു ചെയ്തിരിക്കുന്നതും. അതേസമയം വാർത്തയോട് പ്രതികരിക്കാൻ അമാനത്ത് ഹോൾഡിങ്‌സ് തയ്യാറായില്ല. അതേസമയം രാജകുടുംബത്തന്റെ പ്രതിനിധി ഷെയ്ഖ് തഹ്നൂന്റെ കീഴിലുള്ള ഒരു കമ്പനിയും അമാനത്തിൽ നിക്ഷേപം ഇറക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ബ്ലൂംബർഗ്ഗിനോട് പ്രതികരിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കമ്പനിയുടെ ഷെയർഹോൾഡേഴ്‌സ് അമാനത്തിന് ദുബായിൽ നിന്നും മാറി അബുദാബി സ്‌റ്റോക്ക് മാർക്കറ്റിൽ ലിസ്റ്റു ചെയ്യാൻ അനുമതി നൽകിയിരുന്നു. യുഎഇയിൽ അടക്കം കോവിഡി ഭീതി പടരുന്ന വേളയിലാണ് അബുദാബി രാജകുടുംബം മലയാളി പ്രവാസി വ്യവസായിക്ക് പങ്കാളിത്തമുള്ള ഹെൽത്ത് കെയർ രംഗത്ത് നിക്ഷേപം ഇറക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്. ബി ആർ ഷെട്ടിയുടെ എൻഎംസിയുടെ തകർച്ചക്കിടെയാണ് യുഎഇ ഹെൽത്ത് കെയർ രംഗത്ത് മറ്റു ഇടപാടുകൾ നടക്കുന്നത് എന്നതും ബ്ലൂംബെർഗ്ഗ് റിപ്പോർട്ടിൽ പറയുന്നു.

ഇക്കഴിഞ്ഞ ഏപ്രിൽ 22നാണ് ലുലു ഗ്രൂപ്പിൽ അബുദാബി രാജകുടുംബം 100 കോടി ഡോളർ നിക്ഷേപമിറക്കിയെന്ന റിപ്പോർട്ട് പുറത്തുവന്നത്. ലുലു ഗ്രൂപ്പിന്റെ 20 ശതമാനത്തോളം ഓഹരികളാണ് അബുദാബി രാദജകുടുംബം സ്വന്തമാക്കുകയെന്നാണ് റിപ്പോർട്ട്. രാജകുടുംബാംഗമായ ഷെയ്ഖ് തഹ്നൂൻ ബിൻ സയിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനമാണ് ഓഹരികൾ വാങ്ങാനൊരുങ്ങുന്നതെന്നായിരുന്നു അന്ന് പുറത്തുവന്ന വാർത്തയും. ഈ വാർത്തകൾ സ്ഥിരീകരിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അന്നും തയ്യാറായിരുന്നില്ല.

അബുദാബിയിലെ റോയൽ ഗ്രൂപ്പിന്റെ ചെയർമാനാണ് ഷെയ്ഖ് തഹ്നൂൻ. മാധ്യമ വ്യാപാര ധനകാര്യ സ്ഥാപനങ്ങൾ റോയൽ ഗ്രൂപ്പിനു കീഴിലുണ്ട്. റിയൽ എസ്റ്റേറ്റ് പദ്ധതികളിലും കമ്പനിക്ക് നിക്ഷേപമുണ്ട്. അബുദാബിയിലെ പിജെഎസ് സി ബാങ്ക് ചെയർമാൻ കൂടിയാണ് ഷെയ്ഖ് തഹ്നൂൻ. മീഡിയ, വ്യാപാരം, ധനകാര്യം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ ആസ്തികളുള്ള റോയൽ ഗ്രൂപ്പിന്റെ ചെയർമാനാണ് ഷേഖ് തഹ്നൂൺ. യുഎഇയിലെ ഏറ്റവും വലിയ ബാങ്കായ ഫസ്റ്റ് അബുദാബി ബാങ്കിന്റെ ചെയർമാനുമാണ് ഇദ്ദേഹം.

ലോകത്തിലെ എണ്ണ നിക്ഷേപങ്ങളുടെ 6 ശതമാനം കൈവശമുള്ള അബുദാബി എണ്ണയിലുള്ള ആശ്രിതത്വം കുറച്ച് സമ്പദ് വ്യവസ്ഥ വൈവിധ്യവൽക്കരിക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി സമീപകാലത്ത് നിരവധി പ്രാദേശിക ബിസിനസുകളിൽ അബുദാബി സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിക്ഷേപം നടത്തിവരികയാണ്. ഒരു ബില്യൺ ഡോളറിന്റെ ഇടപാടിലൂടെ കഴിഞ്ഞ വർഷങ്ങളിൽ യുഎഇയിൽ നടന്ന ഏറ്റവും വലിയ ഉപഭോക്തൃ ഇടപാടുകളിൽ ഒന്നായി ലുലു ഇടപാട് മാറിയിരുന്നു.

യുഎഇയിലും ഇന്ത്യയിലുമടക്കം 22 രാജ്യങ്ങളിൽ 188 റീറ്റെയ്ൽ സ്റ്റോറുകളാണ് ലുലുവിനുള്ളത്. വരുംവർഷങ്ങളിൽ ഇത് 250 ആക്കി ഉയർത്താനുള്ള ശ്രമത്തിലാണ് യൂസഫലി. റീറ്റെയ്ൽ സ്്റ്റോറുകൾക്ക് പുറമേ ഷോപ്പിങ് മാളുകളും ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് ബിസിനസുകളും സ്വന്തമായുള്ള ലുലു ഗ്രൂപ്പിന് ഏതാണ്ട് 7.4 ബില്യൺ ഡോളറിന്റെ വാർഷിക വിറ്റുവരവ് ഉണ്ട്. 50,000ലധികം ആളുകളാണ് ലുലുവിൽ ജോലി ചെയ്യുന്നത്. ലുലുവിന് പിന്നാലെയാണ് യുസഫലിയുടെ മരുമകന് വലിയ പങ്കാളിത്തമുള്ള സ്ഥാപനത്തിലും രാജകുടുംബം നിക്ഷേപം ഇറക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP