Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എട്ട് മന്ത്രിമാർ ഉണ്ടായിരുന്നതിനേക്കാൾ ഭേദം ഒരു എംപി പോലും ഇല്ലാത്തതോ? കടം കേറി മുടിഞ്ഞ കേരളത്തെ സഹായിക്കാൻ 10,000 കോടി അധികം അനുവദിച്ച് കേന്ദ്രം; കേന്ദ്ര നികുതികളിൽ നിന്നും വിഹിതം കൂടി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിന് മുമ്പ് കേരളത്തിന് പ്രതീക്ഷ നൽകി കേന്ദ്ര സർക്കാർ തീരുമാനമെത്തുന്നു. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തിരിച്ചറിഞ്ഞുള്ള സഹായം. കടക്കെണിയിലായ സംസ്ഥാനങ്ങൾക്ക് അധികസാമ്പത്തികസഹായം നൽകുന്ന കേന്ദ്ര പദ്ധതിയിൽ കേരളത്തെയും മോദി സർക്കാർ ഉൾപ്പെടുത്തി. കേരളമടക്കം കടക്കെണിയിലായ 11 സംസ്ഥാനങ്ങൾക്കുമായി അഞ്ചു വർഷത്തേക്ക് 1.94 ലക്ഷം കോടി രൂപ നൽകും. കേന്ദ്ര സർക്കാർ 14ാം ധനകാര്യ കമ്മിഷൻ റിപ്പോർട്ട് അംഗീകരിച്ചതോടെയാണ് ഇത്. സമീപ ഭാവിയിൽ കേന്ദ്ര സർക്കാരിൽ നിന്ന് കേരളത്തിന് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമാണ് ഇത്. എല്ലാ സംസ്ഥാനങ്ങൾക്കും ഗുണകരമാകുന്ന തരത്തിലാണ് ധനകാര്യ കമ്മീഷൻ റിപ്പോർട്ട് എന്നതും ശ്രദ്ധേയമാണ്.

30 കേന്ദ്രാവിഷ്‌കൃത പദ്ധതികൾ പൂർണമായും സംസ്ഥാനങ്ങൾക്കു വിട്ടുകൊടുക്കാൻ ധനകാര്യ കമ്മിഷൻ ശിപാർശ ചെയ്തിരുന്നു. എന്നാൽ പദ്ധതികളുടെ പ്രാധാന്യവും നിയമപരമായ ബാധ്യതകളും കണക്കിലെടുക്കുമ്പോൾ എട്ടെണ്ണം മാത്രമേ കേന്ദ്രത്തിൽനിന്നു വിട്ടുകൊടുക്കാൻ കഴിയൂ എന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. ഇപ്പോൾ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളിൽ തങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് സംസ്ഥാനങ്ങൾക്കു മാറ്റം വരുത്താം. കേന്ദ്രാവിഷ്‌കൃത പദ്ധതികൾ മിക്കവയും കേരളത്തിന്റെ സാഹചര്യങ്ങൾക്കു യോജിച്ചതല്ലെന്നും അവയിൽ മാറ്റം വരുത്തണമെന്നും സംസ്ഥാന സർക്കാർ നിരന്തരമായി കേന്ദ്രത്തോട് ആവശ്യപ്പെടുന്നതാണ്. അടുത്തിടെ ചേർന്ന നീതി ആയോഗിന്റെ ആദ്യ യോഗത്തിലും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ പൂർണമായും സംസ്ഥാനങ്ങൾക്കു വിട്ടുകൊടുക്കാനുള്ള തീരുമാനവും കേരളത്തിന് അനുകൂലമാണ്.

മോദി സർക്കാരിന് ഒരു പിന്തുണയുമില്ലാത്ത സംസ്ഥാനമാണ് കേരളം. ഇവിടെ നിന്ന് എൻഡിഎ പ്രതിനിധികൾ ആരും ജയിച്ചില്ല. എന്നിട്ടും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ മുന്നോട്ട് വച്ച ആവശ്യങ്ങൾ ധനകാര്യ കമ്മീഷൻ അംഗീകരിച്ചുവെന്നതാണ് വസ്തുത. നേരത്തെ മന്മോഹൻ സിങ് മന്ത്രിസഭയിൽ എട്ട് കേന്ദ്ര മന്ത്രിമാർ ഉണ്ടായിട്ടും കേരളത്തിന്റെ ആവശ്യങ്ങൾ കേട്ട് മട്ട് കാണിച്ചില്ല. കേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം സംസ്ഥാന സർക്കാരുകളുമായി പങ്കുവയ്ക്കാനുള്ള തീരുമാനവും സാമ്പത്തിക ഉന്നമനത്തിന് ഗുണകരമാണ്. ചരക്ക്-സേവന നികുതി (ജി.എസ്.ടി) നിലവിൽ വരുന്നതോടെ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്തുന്ന കാര്യത്തിലും തീരുമാനമായി.

കേന്ദ്ര നികുതി വരുമാനത്തിൽ സംസ്ഥാനങ്ങൾക്കുള്ള വിഹിതം 10 ശതമാനം വർധിപ്പിക്കാനുള്ള ധനകാര്യകമ്മീഷൻ ിപാർശയും കേന്ദ്രം അംഗീകരിച്ചു. ഇതും കേരളത്തിനു ഗുണകരമാകും. സംസ്ഥാന സാഹചര്യങ്ങൾക്കനുസരിച്ച് പദ്ധതികൾ പുനരാവിഷ്‌കരിക്കാൻ സ്വാതന്ത്ര്യം നൽകുന്ന നയത്തിന്റെ ചുവടുപിടിച്ചാണു കൂടുതൽ നികുതിവിഹിതം നൽകുന്നത്. ആസൂത്രണ കമ്മിഷൻ സംവിധാനം നിതി ആയോഗിലേക്കു പൊളിച്ചെഴുതിയതിന്റെ തുടർച്ചയായാണ് ഇത്.

കടക്കെണിയിലായ സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തികസഹായം നൽകണമെന്ന ശിപാർശ അംഗീകരിച്ചത് കേരളത്തിനു വൻനേട്ടമാകും. വിഭജിക്കപ്പെട്ട ആന്ധ്രയ്ക്കും കേരളം, ഹിമാചൽ പ്രദേശ്, അസം, ജമ്മു കശ്മീർ, പശ്ചിമ ബംഗാൾ, മിസോറം, നാഗാലാൻഡ്, ത്രിപുര, മണിപ്പൂർ, മേഘാലയ സംസ്ഥാനങ്ങൾക്കും കൂടി അഞ്ചു വർഷത്തേക്കായി 1.94 ലക്ഷം കോടി രൂപ അനുവദിക്കാനാണു തീരുമാനം. 11 സംസ്ഥാനങ്ങൾക്കുമായി 201516 സാമ്പത്തിക വർഷം 48,906 കോടി രൂപയായിരിക്കും ലഭിക്കുക.

കഴിഞ്ഞ ധനകാര്യ കമ്മിഷന്റെ ശിപാർശയനുസരിച്ച് കേന്ദ്ര നികുതി വരുമാനത്തിന്റെ 32 ശതമാനമാണ് സംസ്ഥാനങ്ങൾക്കു നൽകിയിരുന്നത്. സാധാരണഗതിയിൽ രണ്ടു ശതമാനം വർധന വരാറുള്ളിടത്താണ് 10 ശതമാനം വർധനയോടെ ഇത് 42 ശതമാനമാക്കിയത്. ഇതുവഴി 5.26 ലക്ഷം കോടി രൂപയായിരിക്കും സംസ്ഥാനങ്ങൾക്ക് ഈ സാമ്പത്തിക വർഷം കേന്ദ്രത്തിൽ നിന്നു നികുതിവിഹിതമായി ലഭിക്കുക. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 3.48 ലക്ഷം കോടി രൂപയായിരുന്നു. വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഈ മാറ്റങ്ങൾ പ്രതിഫലിക്കും.

സംസ്ഥാനങ്ങൾക്കു നൽകുന്ന 42 ശതമാനം വിഹിതത്തിനു പുറമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധിക സാമ്പത്തിക സഹായം നൽകാനുള്ള ധനകാര്യ കമ്മിഷന്റെ ശിപാർശയും സർക്കാർ അംഗീകരിച്ചു. ഇതുപ്രകാരം രണ്ടു ലക്ഷം കോടി രൂപ പഞ്ചായത്തുകൾക്കും 87 കോടി രൂപ മുനിസിപ്പാലിറ്റികൾക്കുമായി 2.87 ലക്ഷം കോടി രൂപ അടുത്ത അഞ്ചു വർഷത്തേക്കു ലഭിക്കും. ജി.എസ്.ടി. നടപ്പാക്കുന്ന ആദ്യ മൂന്നു വർഷങ്ങളിൽ നഷ്ടം മുഴുവൻ നികത്താനും നാലാം വർഷം 75 ശതമാനവും അഞ്ചാം വർഷം 50 ശതമാനവും അധിക സഹായം നൽകാനാണു ശിപാർശ.

രാജ്യത്ത് ഏറ്റവും കൂടുതൽ കടക്കെണിയിലായ മൂന്നു സംസ്ഥാനങ്ങൾ പശ്ചിമ ബംഗാൾ, പഞ്ചാബ്, കേരളം എന്നിവയാണെന്ന് നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അധിക കേന്ദ്രസഹായത്തിന് ഈ സംസ്ഥാനങ്ങൾ കേന്ദ്രത്തെ സമീപിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP