Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202327Monday

ഒരു പതിറ്റാണ്ടായി തുടരുന്ന റബ്ബർ കർഷകരുടെ സങ്കടത്തിന് ഈ വർഷം അറുതി വരുമോ? റബർ വില എട്ടു വർഷത്തിലെ ഏറ്റവും മെച്ചപ്പെട്ട നിലയിലേക്ക് കയറിയേക്കും; ടയർ ലോബി ഇടിക്കരുതേ എന്ന പ്രതീക്ഷയിൽ കർഷകർ

ഒരു പതിറ്റാണ്ടായി തുടരുന്ന റബ്ബർ കർഷകരുടെ സങ്കടത്തിന് ഈ വർഷം അറുതി വരുമോ? റബർ വില എട്ടു വർഷത്തിലെ ഏറ്റവും മെച്ചപ്പെട്ട നിലയിലേക്ക് കയറിയേക്കും; ടയർ ലോബി ഇടിക്കരുതേ എന്ന പ്രതീക്ഷയിൽ കർഷകർ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സംസ്ഥാനത്ത് മനസ്സു മടുത്തിരിക്കുന്ന വിഭാഗമാണ് റബ്ബർ കർഷകർ. ഇഷ്ടംപോലെ റബ്ബർ വെട്ടാനുള്ള അവസരത്തിൽ വിലയില്ലാത്തതിനാൽ പലരും ടാപ്പിങ് അവസാനിപ്പിച്ചു. ഇപ്പോൾ നേരിയ പ്രതീക്ഷ കർഷകർക്ക് ഉണ്ടായിട്ടുണ്ട്. റബ്ബർ വിപണിയിൽ ഉണ്ടായ ഉണർവ്വാണ് കർഷകർക്ക് പ്രതീക്ഷക്ക് വക നൽകുന്നത്. പത്ത് വർഷം റബ്ബർവില ഉയരാതിരുന്നത് ഈ മേഖലയെ ഏറെ പിന്നോട്ടടിച്ചു. 240 എന്ന ഏറ്റവും ഉയർന്ന വിലയിൽനിന്നാണ് ഇന്നലെ റബർ വില 170 എന്ന വിലയിലെത്തിയത്. അതേസമയം തൊഴിലാളികളുടെ കൂലി നാൽപ്പത് ശതമാനത്തോളം വർധിച്ചു എന്നത് വെല്ലുവിളിയാണ് താനും.

ആർഎസ്എസ് 4 ഷീറ്റിന് വിപണിയിൽ 174.50 രൂപ വരെയും സാധാരണ ഷീറ്റിന് 172.50 വരെയുമാണ് വിപണിവില. രാജ്യാന്തര വിപണിവില 138 മുതൽ 144 വരെയാണ്. ഇറക്കുമതി റബറിന് ചരക്ക്കടത്ത്കൂലി ഉൾപ്പെടെ കിലോയ്ക്ക് 180 രൂപ വരെയാകുമെന്നതിനാൽ ആഭ്യന്തരവില ഇനിയും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

ലോക്ഡൗണിൽ വെട്ട് നിർത്തിയതും പലരും കൃഷി ഉപേക്ഷിച്ചതും വില ഉയരാൻ കാരണമായി. കോവിഡ് നിയന്ത്രണം ഇറക്കുമതിയേയും ബാധിച്ചു. ടയർ കമ്പനികളും മറ്റ് റബറധിഷ്ഠിത വ്യവസായികളും ഓപ്പൺ മാർക്കറ്റിൽനിന്ന് ഷീറ്റും പാലും ശേഖരിക്കാൻ നിർബന്ധിതരായി. കോവിഡ് കാലത്ത് ഉത്തരേന്ത്യയിലേക്ക് റബർപാൽ (ലാറ്റക്സ്) പോകുന്നില്ല. എങ്കിലും വിവിധ സംസ്ഥാനങ്ങളിൽ കൈയുറയ്ക്കും മറ്റും ഡിമാൻഡ് ഉയർന്നത് റബർപാലിന്റെയും വില ഉയർത്തി. വിലയിടിക്കാനുള്ള ശ്രമം വൻകിട ടയർ കമ്പനികളും വ്യവസായികളും നടത്തുന്നുണ്ട്. ബാങ്കോക്കിൽനിന്ന് ഇറക്കുമതിയാണ് ലക്ഷ്യം. അവിടെ ആർഎസ്എസ് 4 റബറിന് 144 രൂപ വരെയാണ് വില.

ചിരട്ടപ്പാൽ ഇറക്കുമതി നീക്കത്തോട് കേന്ദ്ര വാണിജ്യ മന്ത്രാലയവും റബർ ബോർഡും യോജിപ്പ് പ്രകടിപ്പിച്ചത് കർഷകർക്ക് വിനയായേക്കാം. ചിരട്ടപ്പാലിനെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സി(ബിഐഎസ്) ന്റെ കീഴിൽ കൊണ്ടുവരാനാണ് വൻകിട വ്യാപാരികളുടെ ശ്രമം. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഏത് ഉൽപ്പന്നവും ബിഐഎസ് മാനദണ്ഡത്തിന് വിധേയമായിരിക്കണം. നിലവിൽ ചിരട്ടപ്പാലിന് ഈ അംഗീകാരമില്ല. ഇത് കർഷകർക്ക് അനുകൂലഘടകമാണ്. വ്യാപാരികൾ ഈ കടമ്പ മറികടന്ന് ചിരട്ടപ്പാൽ ഇറക്കുമതിക്ക് അനുമതി നേടിയെടുത്താൽ റബർ വിപണിയുടെ ഗതിമാറും. രാജ്യാന്തര വിപണിയിൽ 50 രൂപയ്ക്ക് കിട്ടുന്ന ചിരട്ടപ്പാൽ 75 രൂപയ്ക്ക് ഇറക്കുമതി ചെയ്താൽ കർഷകർക്ക് ഇരുട്ടടിയാകും. ഉണങ്ങിയ ചിരട്ടപ്പാലിന് ഇവിടെ പരമാവധി 120 വരെ വിലയുണ്ട്.

അതേ കോവിഡ് കാലമായതിനാൽ കാർഷികപ്രവൃത്തികൾക്ക് പ്രയാസം. വെട്ടിയെടുക്കുന്ന ലാറ്റക്‌സ് ഉറച്ച് ഉണക്കിയെടുക്കാൻ മഴയും തടസ്സമാകുന്നുണ്ട്. ഇതിനാൽ ഏറെപ്പേരും ഷീറ്റാക്കാതെ ലാറ്റക്‌സ് തന്നെ വിൽക്കുകയാണ്. ലാറ്റക്‌സിന് മെച്ചമായ വില കിട്ടുന്നത് കൃഷിക്കാർക്ക് ആശ്വാസമാണ്. വിപണിയിൽ വേണ്ടത്ര റബ്ബറില്ല. മുൻവർഷങ്ങളെ അപേക്ഷിച്ച് അൻപത് ശതമാനംവരെ ഉത്പാദനത്തിൽ ഇടിവാണുള്ളത്. അതിനാൽ റബ്ബർവില 180 കടക്കുമെന്ന പ്രതീക്ഷയാണ് വിപണിക്കുള്ളത്. 2013 ജൂലായിൽ 196 രൂപ വിലവന്നിരുന്നു. ഇതിന് ശേഷം ഇടിവാണ് കണ്ടത്. ഈ സാഹചര്യത്തിൽ വിവിധ മേഖലകളിലുള്ളവർ പ്രതികരിക്കുന്നു.

വിലക്കുറവിനൊപ്പം ഉത്പാദനക്കുറുവും ഉടമകളെ പ്രതികൂലമായി ബാധിച്ചു. ഉത്പാദനത്തിലെ ദേശീയ ശരാശരിയിൽ 90 ശതമാനമായിരുന്നു കേരളവിഹിതം. ഇന്നത് 73 ശതമാനമായി കുറഞ്ഞു. തമിഴ്‌നാട്, ത്രിപുര എന്നിവിടങ്ങളിലെ ഉത്പാദനം വർധിച്ചു. മുംബൈ, ഡൽഹി, മീററ്റ് എന്നിവിടങ്ങളിലേക്കാണ് ലാറ്റക്‌സ് കയറ്റി അയയ്ക്കുന്നത്. ട്രക്ക് കടത്തിന് ചെലവേറുന്നതിനാൽ കുറഞ്ഞ വിലയ്ക്ക് നൽകിയാലേ വ്യവസായികൾ നമ്മുടെ ഉത്പന്നം വാങ്ങൂ.

നിലവിൽ തൊഴിൽ വകുപ്പിന് കീഴിലുള്ള റബ്ബർ തോട്ടങ്ങളെ വ്യവസായ വകുപ്പിന് കീഴിലാക്കാനുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണ്. നൂറ് വർഷത്തിലധികം പഴക്കമുള്ള തോട്ടങ്ങളുടെ ഉടമസ്ഥതയെ സംബന്ധിച്ച സർക്കാർ തർക്കങ്ങൾമൂലം ഭൂമിക്ക് കരം അടയ്ക്കാനാകുന്നില്ല. ഇക്കാരണത്താൽ പണമിടപാട് സ്ഥാപനങ്ങളിൽനിന്ന് വായ്പ ലഭിക്കാത്ത സാഹചര്യവുമാണെന്ന് ട്രാവൻകൂർ റബ്ബർ ആൻഡ് ടീ ലിമിറ്റഡ് സി ഇ ശിവരാമകൃഷ്ണനെ പോലുള്ളവർ പറയുന്നു.

ഉത്പാദനത്തിലെ കുറവുമൂലം റബ്ബർ കച്ചവടമേഖലയിൽ ക്ഷീണമുണ്ട്. പാൽ ഷീറ്റാക്കുന്നത് മാറ്റി ലാറ്റക്‌സിലേക്ക് തിരിഞ്ഞിരിക്കുകയാണ് ഏറെയും കർഷകർ. ഷീറ്റടി കൂലി, ആസിഡിന്റെ വിലവർധന, ഉണക്ക് ചെലവ് എന്നിവ കർഷകരെ ലാറ്റക്‌സിലേക്ക് മാറ്റി.കച്ചവടം മൂന്നിലൊന്നായി കുറഞ്ഞു. പലകടകളും പൂട്ടലിന്റെ വക്കിലാണ്. മിനിമം 200 രൂപയെങ്കിലും വില ലഭിച്ചാൽ മാത്രമേ റബ്ബർമേഖലയിൽ ഉണർവുണ്ടാകൂവെന്നും വിലയിുത്തലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP