Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഹോട്ടലിലെ കൊല്ലുന്നവില കുറയ്ക്കാൻ ജിഎസ്ടിയിൽ ഇളവ്; എല്ലാ ഹോട്ടലുകൾക്കും ജിഎസ്ടി ഇനി അഞ്ചുശതമാനം; നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ 117 ഇനങ്ങളുടെ നികുതി 28ൽ നിന്ന് 18 ശതമാനമാക്കിയും കുറച്ചു; ചോക്ളേറ്റിനും അലക്കുപൊടിക്കും ച്യൂയിംഗത്തിനും വിലകുറയും; നിർമ്മാണ സാമഗ്രികൾക്കും വിലകുറയാൻ വഴിയൊരുക്കി നിരക്കുകൾ കുറച്ച് ജിഎസ്ടി കൗൺസിൽ

ഹോട്ടലിലെ കൊല്ലുന്നവില കുറയ്ക്കാൻ ജിഎസ്ടിയിൽ ഇളവ്; എല്ലാ ഹോട്ടലുകൾക്കും ജിഎസ്ടി ഇനി അഞ്ചുശതമാനം; നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ 117 ഇനങ്ങളുടെ നികുതി 28ൽ നിന്ന് 18 ശതമാനമാക്കിയും കുറച്ചു; ചോക്ളേറ്റിനും അലക്കുപൊടിക്കും ച്യൂയിംഗത്തിനും വിലകുറയും; നിർമ്മാണ സാമഗ്രികൾക്കും വിലകുറയാൻ വഴിയൊരുക്കി നിരക്കുകൾ കുറച്ച് ജിഎസ്ടി കൗൺസിൽ

ഗോഹട്ടി: ജിഎസ്ടി വന്നതോടെ രാജ്യത്ത് മിക്ക നിത്യോപയോഗ സാധനങ്ങൾക്കും വില കൂടിയതോടെ പലതിന്റേയും നികുതി നിരക്ക് കുറച്ച് ജിഎസ്ടി കൗൺസിൽ. ഹോട്ടലുകളിലെ തീവെട്ടിക്കൊള്ളയ്ക്ക് വിരാമമിട്ട് ജിഎസ്ടി നികുതി അഞ്ചുശതമാനമാക്കി ഏകീകരിച്ചുവെന്നതാണ് പ്രധാന തീരുമാനം.

ചരക്കുസേവന നികുതിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് ഉൾപ്പെടെ നിരവധി സാധനങ്ങൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തിയതിന് എതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധം രൂപപ്പെട്ട സാഹചര്യത്തിൽ 117 ഇനങ്ങളുടെ നികുതിയും ജിഎസ്ടി കൗൺസിൽ കുത്തനെ കുറച്ചു. ചോക്ളേറ്റിനും അലക്കുപൊടിക്കും ഉൾപ്പെടെ നിരവധി നിത്യോപയോഗ സാധനങ്ങൾക്ക് വില കുറയുമെങ്കിലും പുകയില ഉൽപ്പന്നങ്ങൾ കോളകൾ എന്നിവയുടെ നിരക്ക് കുറക്കേണ്ടതില്ലെന്നാണ് തീരുമാനം.

ഹോട്ടലുകളിലെ ഭക്ഷണത്തിന് ജിഎസ്ടി അഞ്ചു ശതമാനമാക്കിയാണ് കുറച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രം 28 ശതമാനം നികുതി നിലനിർത്തി. എ സി ഹോട്ടലുകളിൽ 18 ശതമാനവും നോൺ എസി ഹോട്ടലുകളിൽ 12 ശതമാനവും ആയിരുന്ന നികുതിയാണ് അഞ്ചുശതമാനമാക്കി കുറച്ചത്. ഇതോടെ ഭക്ഷണത്തിന് ഉണ്ടായിരുന്ന വിലവർധന കുറയും.

117 ഇനങ്ങളുടെ ചരക്കു സേവന നികുതി (ജിഎസ്ടി) 28 ശതമാനത്തിൽനിന്നു 18 ശതമാനമായാണ് കുറച്ചത്. ഇന്നു ചേർന്ന ജിഎസ്ടി കൗൺസിലിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ചോക്ലേറ്റ്, അലക്കുപൊടി, ച്യൂയിംഗം, ആഫ്റ്റർഷേവ് ലോഷൻ, ഷേവിങ് ക്രീം, മാർബിൾ, ഗ്രാനൈറ്റ്, സ്പ്രേകൾ, മേക്കപ്പ് സാധനങ്ങൾ, ഷാംപൂ എന്നിവയ്ക്കാണ് പ്രധാനമായും വില കുറയുന്നത്. 227 ഇനങ്ങളാണ് 28 ശതമാനം സ്‌ളാബിൽ ഉണ്ടായിരുന്നത്.

അതേസമയം, പുകയില ഉത്പന്നങ്ങൾ, സിഗരറ്റ്, കോളകൾ, വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, എയർകണ്ടീഷണർ, പെയിന്റ്, സിമന്റ് എന്നിവയുടെ നികുതിയിൽ മാറ്റമില്ല. ഇവയെ 28 ശതമാനം ജിഎസ്ടിയിൽ തന്നെ നിലനിർത്തി. റിട്ടേൺ ഫയലിങ് വൈകിയാലുള്ള പിഴ ദിവസം 200 രൂപയിൽനിന്നു 50 രൂപയായും കുറച്ചിട്ടുമുണ്ട്.

കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിൽ നിന്നും വൻ പ്രതിഷേധം ഉയർന്നതോടെ ജിഎസ്ടിയിൽ അശാസ്ത്രീയമായാണ് നികുതി നിർണയം നടന്നതെന്ന വാദവും ഉയർന്നിരുന്നു. നികുതിയിൽ അടിയന്തിര പുനപരിശോധന നടത്തുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ നികുതി കുറച്ച് ജിഎസ്ടിയിൽ പുനർ നിർണയം നടപ്പാക്കിയിരിക്കുന്നത്.

നിത്യോപയോഗ സാധനങ്ങൾക്കൊപ്പം നിർമ്മാണ സാമഗ്രികൾക്കും പത്തുശതമാനം നികുതി കുറയുന്നതോടെ ഈ മേഖലയിൽ ഉണ്ടായ മാന്ദ്യം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും ഉയരുന്നുണ്ട്. ഒരേസമയം ഗാർഹിക ബജറ്റിനും നിർമ്മാണമേഖലയിലെ മാന്ദ്യത്തിനും പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP