Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൊബൈൽ വിപണിയിൽ തരംഗമാകാൻ 3ഡി ടച്ച് സ്‌ക്രീനുമായി ഐഫോൺ 6എസും 6 എസ് പ്ലസും എത്തി; 12.9 ഇഞ്ച് വലുപ്പമുള്ള ഐപാഡ് പ്രോയും എന്തും ടിവിയിൽ കാണിക്കാൻ ടിവി ബോക്‌സും; ആപ്പിൾ ഈ വർഷം വിപണി കീഴടക്കുന്നത് ഇങ്ങനെ

മൊബൈൽ വിപണിയിൽ തരംഗമാകാൻ 3ഡി ടച്ച് സ്‌ക്രീനുമായി ഐഫോൺ 6എസും 6 എസ് പ്ലസും എത്തി; 12.9 ഇഞ്ച് വലുപ്പമുള്ള ഐപാഡ് പ്രോയും എന്തും ടിവിയിൽ കാണിക്കാൻ ടിവി ബോക്‌സും; ആപ്പിൾ ഈ വർഷം വിപണി കീഴടക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

മൊബൈൽ ഫോൺ വിപണിയുടെ സിംഹഭാഗവും കീഴടക്കിയിരിക്കുന്നത് ആപ്പിളും സാംസങുമാണ്. ഇരുവരും തമ്മിലുള്ള മത്സരം മൊബൈൽ പ്രേമികളുടെ ഇഷ്ടമായി മാറി. ഓരോ വർഷവും ഒന്നോ രണ്ടോ ഫോണുകൾ മാത്രം വിപണിയിൽ ഇറക്കി ഒന്നാം സ്ഥാനം നിലനിർത്തുകയാണ് ആപ്പിൾ ചെയ്യുക. ആപ്പിളിന്റെ ഐ ഫോൺ ശ്രേണിയിലെ ഏറ്റവും പുതിയ രണ്ടു മോഡലുകളാണ് ഇന്നലെ ഒരുമിച്ച് ഇറക്കിയത്.

ടെക് വിപണിയെ സംബന്ധിച്ചിടത്തോളം ഓരോ നിമിഷവും വിലപ്പെട്ടതാണ്. ഒരു നിമിഷം അലഭാവം വരുത്തിയാൽ എതിരാളികൾ വ്യത്യസ്തവും സാങ്കേതികത്തികവുമാർന്ന ഉൽപന്നങ്ങളിറക്കി വിപണി കവരുമെന്ന് എല്ലാ ടെക് ഭീമന്മാർക്കുമറിയാം.അതിനാൽ എപ്പോഴും വിപണിയെ തങ്ങളുടെ കൂടെ നിലനിർത്തുന്ന വിധത്തിൽ പുതുമയാർന്ന ഉൽപന്നങ്ങളിറക്കുന്നതിൽ അവർ ജാഗരൂകരാണ്. ഇക്കാര്യത്തിൽ എന്നും മുന്നിൽ നിന്ന ചരിത്രമാണ് ആപ്പിളിനുള്ളത്. ഇപ്പോഴിതാ മൊബൈൽ വിപണിയിൽ തരംഗമാകാൻ 3ഡി ടച്ച് സ്‌ക്രീനുമായി ഐഫോൺ 6എസും 6 എസ് പ്ലസും എത്തിയിരിക്കുകയാണ്. 12.9 ഇഞ്ച് വലുപ്പമുള്ള ഐപാഡ് പ്രോയും എന്തും ടിവിയിൽ കാണിക്കാൻ ടിവി ബോക്‌സും ഇതിനൊപ്പം കമ്പനി ഇറക്കുന്നുണ്ട്. ഇത്തരത്തിൽ വൈവിധ്യമാർന്ന ഉൽപന്നങ്ങളിലൂടെയാണ് ആപ്പിൾ ഈ വർഷം വിപണി കീഴടക്കാനെത്തുന്നത്.

ഇത്തരം ഉൽപന്നങ്ങളിലൂടെ ആപ്പിൾ ഐഫോണുകളടക്കമുള്ള ഉൽപന്നങ്ങളിൽ വ്യാപകമായ അഴിച്ചുപണി നടത്തുകയാണെന്ന് പറയാം.സാൻഫ്രാൻസിസ്‌കോയിലെ ബിൽ ഗ്രഹാം സിവിക് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ പ്രത്യേക ചടങ്ങിൽ വച്ചാണ് ആപ്പിൾ സാരഥി ടിം കുക്ക് ഇവയെക്കുറിച്ച് ഡിസ്‌പ്ലേ സഹിതം വെളിപ്പെടുത്തിയിരിക്കുന്നത്. 6എസ്,6എസ് പ്ലസ് എന്നീ പേരുകളിലറിയപ്പെടുന്ന പുതിയ ഐഫോണുകളിൽ ഒരു പുതിയ റോസ് ഗോൾഡ് ഓപ്ഷനും 3ഡി ടച്ച് എന്നറിയപ്പെടുന്ന ഒരു പുതിയ സ്‌ക്രീൻ ടെക്‌നോളജിയും അടങ്ങിയിരിക്കുന്നു. 3ഡി ടച്ച് സ്‌ക്രീനിലൂടെ യൂസർമാർക്ക് സ്‌ക്രീനിൽ അൽപം ശക്തിയായി പ്രസ് ചെയ്താൽ എക്‌സ്ട്രാ മെനുകൾ ആക്‌സസ് ചെയ്യാൻ സാധിക്കും. ഇതിനു പുറമെ ഒരു സ്‌പെഷ്യൽ സെൽഫി ഫീച്ചറും ഇതിലൂടെ ലഭിക്കുന്നതാണ്. സ്‌ക്രീനിൽ ടച്ച് ചെയ്ത് ഒരു പീർക്ക് മെനു ആക്‌സസ് ചെയ്യാൻ യൂസർമാർക്ക് പുതിയ ഫോണുകൾ അവസരമൊരുക്കുന്നു.

സിൽവർ, ഗോൾഡ്, സ്‌പേസ് ഗ്രേ, റോസ് ഗോൾഡ് എന്നീ നാല് കളറുകളിലാണ് ഐഫോൺ 6എസും 6എസ് പ്ലസും എത്തുന്നത്. രണ്ട് സൈസുകളിലാണിവ എത്തുന്നത്.കഴിഞ്ഞ വർഷം ആപ്പിൾ പുറത്തിറക്കിയ ഹാൻഡ്‌സെറ്റുകളുടെ അളവുകളോട് പൊരുത്തപ്പെടുന്ന അളവുകളാണിവ.ഇതിനൊപ്പം കൂടുതൽ വേഗതയുള്ള ഒരു ചിപ്പും ആപ്പിൾ പുറത്തിറക്കിയിരിക്കുന്നു.ഫോണുകളിലെ ഏറ്റവും വേഗതയുള്ള ചിപ്പാണിതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഐഫോൺ 6, 6 പ്ലസ് എന്നിവയുടെ വില തന്നെയാണ് പുതിയ ഫോണുകൾക്കുമുള്ളത്. 199 ഡോളർ മുതലാണ് വില ആരംഭിക്കുന്നത്. സെപ്റ്റംബർ 25 മുതൽ പുതിയ ഫോണുകൾ വിൽപനയ്‌ക്കെത്തുന്നതാണ്. 12 മെഗാപിക്‌സൽ ഐ സൈറ്റ് ക്യാമറ ഉൾപ്പെടുത്തി ഈ ഫോണുകളിലെ പിക്ചർ ക്വാളിറ്റി ഉയർത്താനും ആപ്പിൾ തയ്യാറായിട്ടുണ്ട്. ഇതിലൂടെ ഇപ്പോൾ 4 കെയിൽ വീഡിയോയും റെക്കോർഡ് ചെയ്യാനാകും. ഇതിന് പുറമെ സെൽഫി ക്വാളിറ്റി മെച്ചപ്പെടുത്താനായി ഈ ഫോണുകളിൽ 5 എംപി ഫ്രന്റ് ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് സ്‌ക്രീനിനെ ഒരു ഫ്‌ലാഷായി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിന് പുറമെ ഇതിൽ ലൈവ് ഫോട്ടോ എന്നൊരു പുതിയ ഓപ്ഷനുമുണ്ട്. ഇതിന് സ്റ്റിൽ ഇമേജുകളെയും വീഡിയോയെയും മിക്‌സ് ചെയ്യാൻ സാധിക്കും.

വളരെ കാലമായി കാത്തിരിക്കുന്ന ആപ്പിളിന്റെ പുതിയ ഐപാഡായ മോൺസ്റ്റർ ഐ പാഡും പ്രസ്തുത ചടങ്ങിൽ വച്ച് കമ്പനി അനാവരണം ചെയ്തു. ഔദ്യോഗികമായി ഐപാഡ് പ്രോ എന്നാണിത് അറിയപ്പെടുന്നത്.ഇതിന് 12.9 ഇഞ്ച് ഡിസ്‌പ്ലേയും 5.6 മില്യൺ പിക്‌സൽസുമാണുള്ളത്.15 ഇഞ്ച് മാക്‌ബുക്ക് പ്രോ വിത്ത് റെറ്റിന ഡിസ്‌പ്ലേയേക്കാൾ കൂടുതൽ പിക്‌സലുകളുണ്ട്.ഐപാഡ് എയറിന്റെ ഉയരത്തിന്റെ അത്ര വീതിയാണിതിനുള്ളത്. ഐപാഡ് എയർ 2 വിനേക്കാൾ കട്ടികൂടുതലാണിതിനുള്ളത്. അതായത് ഐപാഡ് എയറിന് 6.1മില്ലീമീറ്ററാണ് കട്ടിയെങ്കിൽ ഐപാഡ് പ്രോവിന് 6.99 മില്ലിമീറ്ററാണ്. ഇതിൽ പുതിയ ചിപ്പായ എ9എക്‌സ് ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഐപാഡ് എയർ 2 വിലെ എ8എക്‌സിനേക്കാൾ 1.8 ഇരട്ടി വേഗതയുള്ളതാണെന്നാണ് ആപ്പിൾ സീനിയർ വൈസ് പ്രസിഡന്റായ ഫിൽ ഷില്ലർ അവകാശപ്പെടുന്നത്.കഴിഞ്ഞ ആറ് മാസത്തിനിടെ വിറ്റ് പോയ പിസികളേക്കാൾ 80 ശതമാനം കൂടുതൽ വേഗതയുള്ളഥാണ് ഐ പാഡ് പ്രോ എന്നാണ് അദ്ദേഹം പറയുന്നത്. ആ പിസികളിലെ ഗ്രാഫിക്ക്‌സിനേക്കാൾ 90ശതമാനം വേഗതയുള്ളതാണ് ഇതിലെ ഗ്രാഫിക്‌സെന്നും അദ്ദേഹം അവകാശപ്പെടുന്നു.ഐപാഡ് ഉപയോഗിക്കുന്നതിനായി ആപ്പിൾ ഒരു ആപ്പിൾ പെൻസിലും രംഗത്തിറക്കിയിട്ടുണ്ട്. ഇതിന് 6.9മില്ലീമീറ്റർ കട്ടിയുള്ള നാല് സ്പീക്കറുളുണ്ട്. മൈക്രോസോഫ്റ്റിന്റെ സർഫേസ് ടാബ്ലറ്റിന് സമാനമായ കീബോർഡ് ബിൽറ്റ് ഇൻ ആയ ഒരു കെയ്‌സുമുണ്ട്.

ചടങ്ങിൽ വച്ച് ഒരു പുതിയ ടിവി ബോക്‌സും കുക്ക് പുറത്തിറക്കി.ഗ്ലാസ് ടച്ച് സർഫേസുള്ള പുതിയ റിമോട്ടാണിത്. കാഴ്ചക്കാർക്ക് തങ്ങളുടെ വിരൽ കൊണ്ട് മെനുകൾ നിയന്ത്രിക്കാനാകും. ഇതിലെ പുതിയ ഫീച്ചറായ സിരിബട്ടനിലൂടെ വ്യൂവേർസിന് അവരുടെ ശബ്ദം ഉപയോഗിച്ച് സെർച്ച് ചെയ്യാനാകും. 149 ഡോളർ മുതലാണ് വില തുടങ്ങുന്നത്. 32 ജിബി മോഡലിനാണീ വില. 64 ജിബി ഡിവൈസിന് 199 ഡോളറാണ് വില. ഒക്ടോബർ മുതലാണിത് വിൽപനയ്‌ക്കെത്തുന്നത്.ടിവിക്കുള്ള പുതിയ ആപ്പുകളും ഇവിടെ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.ഇതിന് പുറമെ ആപ്പിൾ വാച്ചുകളിലെ പുതിയ പതിപ്പുകളും അനാവരണം ചെയ്യപ്പെട്ടു. ഇതിന്റെ സ്‌പോർട് വാച്ചിന്റെ പുതിയ ഗോൾഡ്, റോസ് ഗോൾഡ് പിങ്ക് വെർഷനുകൾ ചടങ്ങിൽ പുറത്തിറക്കിയിരുന്നു. തങ്ങളുടെ പുതിയ വാച്ച് സോഫ്റ്റ് വെയറിന്റെ പുതിയ വെർഷനായ വാച്ച് ഒഎസ്2 വും ഇവിടെ പ്രദർശിപ്പിക്കപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP