Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക എക്കണോമിക് ഫോറത്തിൽ ബുർജീൽ ഹോൾഡിങ്സ് പ്രഖ്യാപിച്ച് വിപിഎസ് ഹെൽത്ത്‌കെയർ; അറുപതോളം ആശുപത്രികളും സംവിധാനങ്ങളും ഇനി ഒരു കുടക്കീഴിൽ; യുക്രെയ്ൻ യുദ്ധ അഭയാർത്ഥികളിലെ 50 കുട്ടികൾക്ക് സൗജന്യ മൂലകോശ ചികിത്സ നൽകും.

ലോക എക്കണോമിക് ഫോറത്തിൽ ബുർജീൽ ഹോൾഡിങ്സ് പ്രഖ്യാപിച്ച് വിപിഎസ് ഹെൽത്ത്‌കെയർ; അറുപതോളം ആശുപത്രികളും സംവിധാനങ്ങളും ഇനി ഒരു കുടക്കീഴിൽ; യുക്രെയ്ൻ യുദ്ധ അഭയാർത്ഥികളിലെ 50 കുട്ടികൾക്ക് സൗജന്യ മൂലകോശ ചികിത്സ നൽകും.

മറുനാടൻ മലയാളി ബ്യൂറോ

ദാവൂസ്: യുഎഇ ആസ്ഥാനമായ വിപിഎസ് ഹെൽത്ത്‌കെയർ ആരോഗ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പുതിയ സംരഭം പ്രഖ്യാപിച്ചു. ലോക സാമ്പത്തിക ഫോറത്തിന്റെ സമ്മേളനത്തിലാണ് ബുർജീൽ ഹോൾഡിങ്സ് എന്ന പുതിയ സംരംഭത്തിന്റെ പ്രഖ്യാപനം. യുഎഇ, ഒമാൻ, ഗൾഫ് സഹകരണ കൗൺസിലിലെ മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിലുള്ള സംരംഭങ്ങളെല്ലാം ഇനി ലോകത്തെ വലിയ ആരോഗ്യ ശൃംഖലകളിൽ ഒന്നിന്റെ ഭാഗമാകും.

വിപിഎസ് ഹെൽത്ത്‌കെയറിന്റെ കീഴിലുള്ള പ്രമുഖ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പുതിയ കമ്പനിയാകും ഏകോപിപ്പിക്കുക. ഒറ്റസംവിധാനത്തിനു കീഴിൽ എല്ലാ മേഖലകളിലേയും പ്രവർത്തനം ഏകോപിപ്പിക്കാൻ ബുർജീൽ ഹോൾഡിങ്സിലൂടെ സാധിക്കുമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പറഞ്ഞു. 'ഒറ്റ ജാലകത്തിലൂടെ മുഴുവൻ ആരോഗ്യ ആവശ്യങ്ങളും ഇതോടെ സാധ്യമാകും. വളർച്ചയുടെ അടുത്തഘട്ടത്തിലേക്കുള്ള യാത്രയിൽ ഈ സംവിധാനമായിരിക്കും സ്ഥാപനത്തിന്റെ അടിത്തറ. ഇതു ഗൾഫ് സഹകരണ കൗൺസിലിലും പുറത്തും വളർച്ച വേഗത്തിലാക്കും. ദാവൂസിൽ ലോക സാമ്പത്തിക ഫോറത്തോട് അനുബന്ധിച്ച് ഇതിനു തുടക്കമിടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. ഉയരാനും വളരാനും വികസിക്കാനുമുള്ള ഞങ്ങളുടെ ലക്ഷ്യത്തെ കൂടി പ്രതിനിധീകരിക്കുകയാണ് ഈ പ്രഖ്യാപനം.' ഡോ. ഷംഷീർ പറഞ്ഞു.

ബുർജീൽ ഹോൾഡിങ്സിന് കീഴിൽ വിവിധ മേഖലകളിലെ അറുപതോളം സ്ഥാപനങ്ങളാണ് ഉണ്ടാവുക. ബുർജീൽ ഹോസ്പിറ്റൽസ്, മെഡിയോർ ഹോസ്പിറ്റൽസ്, എൽഎൽഎച്ച് ഹോസ്പിറ്റൽസ്, ലൈഫ് കെയർ ഹോസ്പിറ്റൽസ്, തജ്മീൽ എന്നിവയെല്ലാം ഈ സംരംഭത്തിനു കീഴിലാകും. ബുർജീൽ മെഡിക്കൽ സിറ്റി യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണ്. യൂറോപ്യൻ ഓങ്കോളജി സൊസൈറ്റിയുടെ (എസ്മോ) അംഗീകാരമുള്ള ഏക സ്ഥാപനവുമാണ്. വിവിധ സംരംഭങ്ങൾക്കു പുറമെ ബുർജീൽ ഹോൾഡിങ്സ് യുഎഇയിലെ ഏറ്റവും വലിയ ഡയഗ്‌നോസ്റ്റിക് ശൃംഖലയുമായി മാറും. യുഎഇയിലെ ഏറ്റവും വലിയ ക്യാൻസർ ചികിൽസാ കേന്ദ്രവും ഇതാണ്. യുഎഇയിലെ ഏറ്റവും വലിയ മാതൃ ശിശു ചികിൽസാ ശൃംഖലയും ഈ സംരംഭത്തിന്റെ കീഴിൽ വരും.

15 വർഷമായി മധ്യകിഴക്കൻ നാടുകളിലേയും വടക്കൻ അമേരിക്കയിലേയും ആരോഗ്യ രംഗത്തു പ്രവർത്തിക്കുന്ന സ്ഥാപനമാണ് വിപിഎസ് ഹെൽത്ത്‌കെയർ. വിപിഎസ് ഹെൽത്ത്‌കെയറിന്റെ സേവനങ്ങൾ എല്ലായിടത്തും എത്തിക്കുന്നതിൽ ഇനി ബുർജീൽ ഹോൾഡിങ്സ് ആയിരിക്കും ചുക്കാൻ പിടിക്കുക.

യുക്രെയ്ൻ അഭയാർത്ഥികൾക്ക് സഹായം പ്രഖ്യാപിച്ച് ഡോ ഷംഷീർ വയലിൽ

ദാവൂസിലെ ബുർജീൽ ഹോൾഡിങ്സിന്റെ പ്രഖ്യാപനത്തോട് അനുബന്ധിച്ച് വിപിഎസ് ഹെൽത്ത്‌കെയർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ യുക്രെയ്ൻ അഭയാർത്ഥികൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചു. 50 കുട്ടികളുടെ മൂലകോശ മാറ്റിവയ്ക്കലിനാണ് സഹായം. യുദ്ധമേഖലയിലെ അർബുദ രോഗബാതിരായ കുട്ടികൾക്ക് ചികിത്സ ലഭിക്കാത്തത് സംബന്ധിച്ച നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മൂലകോശ ദാനത്തിന് ആൾക്കാരെ കിട്ടാത്തത് നിരവധി കുട്ടികൾക്കും കുടുംബങ്ങൾക്കും പ്രതിസന്ധിയായി.

'യുക്രെയ്ൻ യുദ്ധബാധിതരെ സഹായിക്കുക എന്നത് ധാർമിക ഉത്തരവാദിത്തമായി ഏറ്റെടുക്കുകയാണ്. യുദ്ധബാധിത മേഖലയിൽ സുശക്തരായ തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. കാൻസർ ചികിൽസ ഉൾപ്പെടെ നടത്തുന്ന കുട്ടികളെയാണ് യുദ്ധം ഏറ്റവും നിർഭാഗ്യകരമായി ബാധിച്ചത്. നൂറുകണക്കിനാളുകളെ ചികിൽസയ്ക്കായി മാറ്റിക്കഴിഞ്ഞു. ബുർജീൽ ഹോൾഡിങ്സ് അവർക്ക് ആവശ്യമുള്ള ചികിൽസ നൽകും.' ഡോ. ഷംഷീർ പറഞ്ഞു.

ദാവൂസിൽ ലോക സാമ്പത്തിക ഫോറം വാർഷിക യോഗത്തിനിടെയായിരുന്നു നിർണ്ണായക പ്രഖ്യാപനം.ഒരു മൂലകോശ മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് യുഎഇയിൽ 2.20 ലക്ഷം ദിർഹമാണ് (46 ലക്ഷം രൂപ) ചെലവ്. യുദ്ധക്കെടുതികളെ തുടർന്ന് ചികിത്സ മുടങ്ങിയ നിരവധി കുട്ടികൾക്ക് പ്രഖ്യാപനം ആശ്വാസമാകും.

കഴിഞ്ഞ 15 വർഷത്തിനിടെ ഡോ. ഷംഷീർ വയലിലും വിപിഎസ് ഹെൽത്ത്‌കെയറും നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്. യുഎഇ സർക്കാരിന്റെ സഹായത്തോടെ യെമൻ യുദ്ധത്തിൽ പരുക്കേറ്റവർക്ക് 2018ൽ ഇന്ത്യയിൽ ചികിൽസ നൽകിയിരുന്നു. ഷേക് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനോടുള്ള ആദരവായി 100 സൗജന്യ ഹൃദയ ശസ്ത്രക്രിയകളും പ്രഖ്യാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP