Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യ മടുത്തെന്നു വമ്പന്മാർ; ഹോണ്ടയും വോഡഫോണും പ്രതിഷേധത്തിൽ; പരാതിയുമായി ബ്രിട്ടീഷ് പെട്രോളിയവും: രൂപ വീണ്ടും തകർന്നേക്കും

ഇന്ത്യ മടുത്തെന്നു വമ്പന്മാർ; ഹോണ്ടയും വോഡഫോണും പ്രതിഷേധത്തിൽ; പരാതിയുമായി ബ്രിട്ടീഷ് പെട്രോളിയവും: രൂപ വീണ്ടും തകർന്നേക്കും

ലിയ പ്രതീക്ഷകളോടെ ഇന്ത്യയിലെ കടൽ പോലെ വിശാലമായ വിപണിയിലേക്ക് കടന്നു വന്ന വിദേശ ഭീമന്മാർക്ക് കാലിടറുന്നു. ഇന്ത്യൻ സർക്കാരുമായി നിരന്തരം കലഹിക്കുന്ന ബ്രിട്ടീഷ് ടെലികോം ഭീമൻ വോഡഫോൺ ഇന്ത്യയിലെ പ്രവർത്തനം സംബന്ധിച്ച് അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ വാഹന ലോകത്തെ അതികായൻ ഹോണ്ടയും ഇന്ത്യയിൽ ബിസിനസ്സ് ചെയ്യുന്നത് കഠിനമാണെന്ന് തുറന്നു പറഞ്ഞിരിക്കുന്നു. ഇന്ത്യൻ സർക്കാരുമായി ഏറെക്കാലമായി കലഹം നടത്തുന്ന ബ്രിട്ടീഷ് കമ്പനി വോഡാഫോണിന്റെ നീക്കം അപ്രതീക്ഷിതം അല്ലെങ്കിലും ഇയ്യിടെ ഇന്ത്യൻ പ്രധാനമന്ത്രി മോദി ജപ്പാൻ സന്ദർശനം നടത്തി നയതന്ത്ര വിജയം നേടിയ ശേഷം ഹോണ്ടയുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധ സ്വരം അതിശയിപ്പിക്കുന്നതായി. ഇവരുടെ സ്വരങ്ങൾക്ക് ശക്തി പകരാൻ എന്ന വിധം എണ്ണ കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയവും സർക്കാർ വിരുദ്ധ നീക്കവും ആയി രംഗത്തുണ്ട്. കോൺഗ്രസ്സ് സർക്കാർ മാറിയിട്ടും നയങ്ങളിൽ കാര്യമായ വ്യതിയാനം അനുഭവപ്പെടുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടി മോദി സർക്കാരിൽ സമ്മർദ്ദം ശക്തമാക്കുക എന്ന ഉദ്ദേശത്തിൽ ആകാം കോർപ്പറേറ്റ് കമ്പനികൾ ഒന്നിച്ചു സർക്കാർ വിരുദ്ധ നീക്കവും ആയി രംഗത്തുള്ളത് എന്ന് സംശയിക്കപ്പെടുന്നു.

നികുതി സംബന്ധിച്ച തർക്കത്തിന് നിരവധി വർഷമായി ഇന്ത്യൻ സർക്കരുമായി നിയമ യുദ്ധം നടത്തുന്ന വോഡഫോൺ സകല വഴിയും അടഞ്ഞത് മനസ്സിൽ വച്ചാണ് ഇപ്പോൾ പരസ്യമായ എതിർപ്പുയർത്തി കോർപ്പറേറ്റ് ലോകത്ത് നിന്നും പിന്തുണ നേടാൻ ശ്രമിക്കുന്നത്. അന്താരാഷ്ട്ര വേദികളിൽ അടക്കം നികുതി സംബന്ധമായ കേസിന് വോഡഫോൺ ലോബിയിങ് നടത്തിയതിന് പിന്നാലെ ഇക്കണോമിക് ടൈംസ് ഉൾപ്പെടെയുള്ള ബിസിനസ്സ് പ്രസിദ്ധീകരണങ്ങൾ വഴി നിരവധി നാളുകളായി ഇന്ത്യ വിരുദ്ധ പ്രചാരണത്തിലാണ്. എന്നാൽ ഒരു വഴിക്കും ഇന്ത്യ വഴങ്ങുന്നില്ല എന്ന് കണ്ടതോടെ തങ്ങൾ വേണ്ടി വന്നാൽ രണ്ടും കല്പിച്ചുള്ള തീരുമാനം കൈക്കൊള്ളും എന്ന് ഇന്ത്യൻ വിഭാഗം തലവൻ മർടൻ പിയ്‌റ്റെർസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാൽ 20 ബില്ല്യൻ അമേരിക്കൻ ഡോളർ ഇന്ത്യയിൽ നിക്ഷേപിച്ചിരിക്കുന്ന ബ്രിട്ടീഷ് ഭീമൻ അവസാന അടവായി നടത്തുന്ന ഭീഷണി ആയി മാത്രമേ ഇത് കാണേണ്ടൂ എന്നാണ് ഇന്ത്യൻ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇന്ത്യൻ വിപണിയിൽ ലക്ഷക്കണക്കിന് ഉപയോക്താക്കളെ കണ്ടെത്തിയിരിക്കുന്ന വോഡഫോൺ നിരവധി കമ്പനികളെ വിഴുങ്ങിയാണ് മുൻനിരയിൽ എത്തിയിരിക്കുന്നത്. ഇന്ത്യൻ സർക്കാരുമായുള്ള കേസിനെ പ്രദിപാദിക്കാതെ പൊതുവിൽ സർക്കാർ തീരുമാനം വൈകുന്നു, നടപടികൾക്ക് വേഗത പോരാ, ബിസിനസ്സ് പ്രൊമോട്ട് ചെയ്യാൻ ഉള്ള പിന്തുണ ലഭിക്കുന്നില്ല എന്നൊക്കെയുള്ള കുറ്റപത്രവും ആയാണ് വോഡഫോൺ ലോബിയിങ്ങിനു കോപ്പ് കൂട്ടാൻ രംഗത്ത് വന്നിരിക്കുന്നത്. കുറെ നാളുകളായി പല വേദികളിൽ പറഞ്ഞു കൊണ്ടിരിക്കുന്ന ഇക്കാര്യങ്ങൾ ഇപ്പോൾ പരസ്യമായി വെളിപ്പെടുത്താൻ തയ്യാറായതോടെ കമ്പനി രണ്ടും കല്പിച്ചുള്ള മല്ല യുദ്ധത്തിന് തയ്യാറെടുക്കുക ആണെന്നും അനുമാനിക്കപ്പെടുന്നു.

അതേ സമയം വൻ ബഹുരാഷ്ട്ര കമ്പനികളായ വോഡാഫോണും ഹോണ്ടയും ഇന്ത്യയിലെ പ്രവർത്തനത്തിൽ അതൃപ്തി സൂചിപ്പിച്ചതോടെ ഇതിന്റെ അനുരണനം വരും ദിവസങ്ങളിൽ ഓഹരി വിപണിയിൽ പ്രതിഫലിക്കാൻ ഇടയുണ്ട്. ഇത് രൂപയുടെ കൂടുതൽ തകർച്ചയിലേക്ക് വഴി വയ്ക്കാനും കാരണം ആയേക്കും. പുതിയ മോദി സർക്കാർ 100 ദിവസം ഭരണം തികച്ചിരിക്കുന്നതിനാൽ സർക്കാരിനെ സമ്മർദത്തിൽ ആക്കി കാര്യം സാധിക്കാം എന്ന ദുസൂചനയും വോഡഫോൺ, ഹോണ്ട കമ്പനികൾ നടത്തിയിരിക്കുന്ന പരസ്യ പ്രസ്താവനയിൽ നിഴലിക്കുന്നുണ്ട്. തങ്ങളോടൊപ്പം ചേരാൻ കൂടുതൽ കോർപ്പറേറ്റ് ഫ്‌ളാഗ് ഷിപ്പ് കമ്പനികൾ തയ്യാറായാൽ കൂടുതൽ ശക്തമായ ലോബിയിങ് സാധിക്കും എന്ന പ്രതീക്ഷയാണ് ഇരു കമ്പനികളും പുലർത്തുന്നത്.

കഴിഞ്ഞ ഡിസംബറിൽ ഇന്ത്യൻ സർക്കാരിനോട് തങ്ങൾ കൂടുതൽ നിക്ഷേപത്തിന് അനുവാദം ചോദിച്ചിട്ട് ഇതുവരെ തീരുമാനം ഉണ്ടായില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ വോഡഫോൺ എതിർപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിൽ ബിസിനസ്സ് നടത്തുന്നത് പൊതുവിൽ തലവേദന ആണെന്നാണ് ഹോണ്ട തലവൻ ഫുമിഹികൊ ഇക്കെയുടെ പരാതി. ഇയ്യിടെയാണ് ഇക്കെയും മോദിയും തമ്മിൽ വ്യപാര സംബന്ധമായ കൂടിക്കാഴ്ച നടത്തിയത്. ജാപ്പനീസ് ഓട്ടോ മൊബൈൽ മാനുഫാക്ച്ചറിങ് അസ്സേസിയേഷൻ തലവൻ കൂടിയാണ് ഇക്കെ. ഇന്ത്യയിലെ പുതിയ സർക്കാർ നിക്ഷേപ പ്രോത്സാഹന നടപടികൾ ത്വരിത പെടുത്തുന്നില്ല എന്നാണ് ഇക്കെയുടെ പരാതി. വോഡഫോണിന്റെ കേസ് പരാമർശിക്കാതെ, അപക്വമായ നികുതി ഘടനയും തങ്ങൾക്ക് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി ഇക്കെ പറയുന്നു. വോഡഫോൺ മേധാവി നടത്തിയ പ്രസ്താവനക്ക് തൊട്ടടുത്ത ദിവസം ആണ് ഇക്കെയുടെ മുന വച്ച സംസാരം ഉണ്ടായത് എന്നതും ശ്രദ്ധേയമാണ്.

വോഡാഫോണും ഹോണ്ടയും നടത്തുന്ന സമ്മർദ്ദങ്ങൾക്ക് പിന്തുണ നൽകാൻ എന്നവണ്ണം യൂറോപ്യൻ എണ്ണ വിതരണ ഭീമൻ ആയ ബ്രിട്ടീഷ് പെട്രോളിയവും രംഗത്ത് എത്തി. തങ്ങൾ നിരന്തരം ആവശ്യപ്പെട്ടിട്ടും ഇന്ത്യ ഗ്യാസ് വില വർദ്ധിപ്പിക്കുന്നില്ല എന്നതാണ് ബിപി യുടെ പരാതി. അതേ സമയം ഗ്യാസ് വില വർദ്ധിപ്പിക്കാൻ ഉള്ള ന്യായമായ കാരണം നിരത്താനും കമ്പനിക്ക് കഴിയുന്നില്ല. പൊതുവിൽ ഇന്ത്യൻ സർക്കാരിന്റെ ഗമനം വിലയിരുത്തി തങ്ങൾ കൂടുതൽ നിക്ഷേപം നടത്തുന്നത് വൈകിപ്പിക്കുക ആണെന്നും ബി പി മുന്നറിയിപ്പ് നൽകുന്നു. മൂലധന നികുതി സംബന്ധിച്ച വിഷയത്തിൽ വോഡഫോൺ 20000 കോടി രൂപയുടെ തർക്കമാണ് ഇന്ത്യയുമായി നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP