Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202126Monday

ഇസ്രയേൽ വിമാനക്കമ്പനി ഇ എൽ എ എൽ പൂട്ടുന്നു; എല്ലാ വിമാനങ്ങളും തിരിച്ചുവിളിച്ച് കമ്പനി; 20 ശതമാനം ശമ്പളം കുറച്ച റൈൻഎയറും പൂട്ടൽ ഭീഷണിയിൽ; 350 പൈലറ്റുമാരെ പിരിച്ചുവിട്ടും ശമ്പളം കുറച്ചും, വിമാന സർവ്വീസുകൾ വെട്ടിച്ചുരുക്കിയും ബ്രിട്ടീഷ് എയർവേയ്സ്; കൊറോണയിൽ വിമാനക്കമ്പനികൾ വീഴുന്നതിങ്ങനെ

ഇസ്രയേൽ വിമാനക്കമ്പനി ഇ എൽ എ എൽ പൂട്ടുന്നു; എല്ലാ വിമാനങ്ങളും തിരിച്ചുവിളിച്ച് കമ്പനി; 20 ശതമാനം ശമ്പളം കുറച്ച റൈൻഎയറും പൂട്ടൽ ഭീഷണിയിൽ; 350 പൈലറ്റുമാരെ പിരിച്ചുവിട്ടും ശമ്പളം കുറച്ചും, വിമാന സർവ്വീസുകൾ വെട്ടിച്ചുരുക്കിയും ബ്രിട്ടീഷ് എയർവേയ്സ്; കൊറോണയിൽ വിമാനക്കമ്പനികൾ വീഴുന്നതിങ്ങനെ

സ്വന്തം ലേഖകൻ

കൊറോണ ലോകവ്യാപകമായി പടർന്നതോടെ നിലവിൽ വന്ന യാത്രാവിലക്കുകൾ ഏറ്റവുമധികം ബാധിച്ചത് വിമാനക്കമ്പനികളെ തന്നെയാണ്. ഒരുവിധം വിമാനങ്ങളെല്ലാം തന്നെ ആകാശമുപേക്ഷിച്ച് ഭൂമിയിൽ വിശ്രമത്തിലായപ്പോൾ പല വിമാനക്കമ്പനികളും തകർന്നടിയുകയായിരുന്നു. ഇസ്രയേലിന്റെ വിമാന കമ്പനിയായ ഇ എൽ എ എൽ എയർലൈൻ എല്ലാ സർവ്വീസുകളും റദ്ദാക്കുകയാണ്. കമ്പനിയുടെ നിലവിലുള്ളസാമ്പത്തിക പ്രതിസന്ധി കാരണം വിമാനങ്ങൾ പറത്തുകയില്ലെന്ന് പൈലറ്റ് യൂണിയൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രവർത്തങ്ങൾ താത്ക്കാലികമായി നിർത്തി കമ്പനി മുന്നോട്ട് വന്നിരിക്കുന്നത്.

കമ്പനിയുടെ എല്ലാ വിമാനങ്ങളും ഇസ്രയേലിലേക്ക് മടങ്ങാനും കമ്പനി ഉത്തരവിട്ടിട്ടുണ്ട്. ഇതിൽ യാത്രാവിമാനങ്ങളും ചരക്കുവിമാനങ്ങളും ഉൾപ്പെടും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവ്വീസുകൾ നിർത്തിവയ്ക്കുന്നതായും കമ്പനി അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച്ച പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2020 ന്റെ ആദ്യപാദത്തിൽ 140 മില്ല്യണ ഡോളറിന്റെ നഷ്ടമാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. 40 ൽ അധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവ്വീസ് നടത്തുന്ന അമ്പതോളം വിമാനങ്ങളാണ് കമ്പനിക്ക് സ്വന്തമായിട്ടുള്ളത്.

ഏകദേശം നൂറോളം പൈലറ്റുമാരാണ് കൊറോണക്കാലത്ത് കമ്പനിയിൽ ജോലിചെയ്തിരുന്നത്. ബാക്കിയുള്ളവരെ ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തങ്ങളുമായി ഒപ്പിട്ട കരാർ കമ്പനി നടപ്പാക്കത്തതിനാൽ ജോലിയിൽ നിന്നും വിട്ടുനിൽക്കുകയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്നാണ് പൈലറ്റ് യൂണിയൻ പറയുന്നത്. പൈലറ്റുമാരായും മറ്റ് ജീവനക്കാരുമായും സംഭാഷണം തുടരുകയാണെന്നും ഉടൻ ഒരു പരിഹാരവുമായി എത്തുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.

ഇതിനിടെ 3,000 പേർക്ക് തൊഴിൽ നഷ്ടമാകുന്നത് ഒഴിവാക്കുവാൻ റൈൻഎയറിലെ പൈലറ്റുമാർ 20 ശതമാനം ശമ്പളം വെട്ടിച്ചുരുക്കുന്നതിന് സമ്മതിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. പൈലറ്റ് യൂണിയനിലെ 90 ശതമാനം അംഗങ്ങളും ഇതിനെ അനുകൂലിച്ച് വോട്ടുചെയ്തതായി യൂണിയൻ വെളിപ്പെടുത്തി. ശമ്പളം വെട്ടിക്കുറക്കുവാൻ അനുവദിക്കണമെന്നും ഇല്ലെങ്കിൽ പലർക്കും തൊഴിൽ നഷ്ടമുണ്ടാകുമെന്നും കമ്പനിയുടം മൈക്കിൾ ഓ ലേറി മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം ഉണ്ടായത്.

തൊഴിൽ സംരക്ഷിക്കുക എന്നതാണ് തങ്ങളുടെ പ്രാഥമിക കർത്തവ്യം എന്നു പറഞ്ഞ യൂണിയൻ നേതാക്കൾ, കമ്പനി സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ ഒരു കൈത്താങ്ങ് നൽകുകയാണെന്നും വ്യക്തമാക്കി. ഇതിലൂടെ 260 പേരുടെ തൊഴിൽ സംരക്ഷിക്കാനായിട്ടുണ്ട് എന്നും അവർ പറഞ്ഞു. എന്നാൽ കാബിൻ ക്രൂ അംഗങ്ങൾ, താരതമ്യേന കുറഞ്ഞ ശമ്പളം ലഭിക്കുന്ന മറ്റ് ജീവനക്കാർ എന്നിവർ ശമ്പളം വെട്ടിക്കുറക്കുന്ന നടപടിയോട് യോജിക്കുന്നില്ല. ഇതുവരെ ഏകദേശം 250 ഓഫീസ് ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടുകഴിഞ്ഞു.

അതേസമയം വിമാന നിർമ്മാതാക്കളായ എയർബസ് തങ്ങളുടെ യു കെ യൂണിറ്റിൽ 1,700 ഓളം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ലോകമാകമാനമുള്ള വിവിധ യൂണിറ്റുകളിൽ നിന്നായി 15,000 പേരെയാണ് എയർബസ് പിരിച്ചുവിടുന്നത്. ഈസി ജെറ്റ് 4,500 പേരെയാണ് പിരിച്ചുവിടാൻ ഉദ്ദേശിക്കുന്നത്.

ബ്രിട്ടീഷ് എയർവേയ്സും സാമ്പത്തിക ഞെരുക്കത്തിൽ തന്നെയാണ് 350 പൈലറ്റുമാരെ ഇതിനോടകം പിരിച്ചുവിട്ട കമ്പനി വേറെ 300 പേരെക്കൂടി പിരിച്ചുവിടാൻ ഒരുങ്ങുകയാണ്.കമ്പനി പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വീണ്ടും പുതിയ വ്യവസ്ഥകളോടെ തിരിച്ചെടുക്കാനാണ് ഈ 300 പേരെ പൂളിൽ നിർത്തിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച്, ഈ പൂളിൽ നിർത്തിയിരിക്കുന്നവരെ വീണ്ടും തിരിച്ചെടുക്കുന്നതുവരെ പകുതി ശമ്പളം മാത്രമായിരിക്കും നൽകുക.

എന്നാൽ മുടങ്ങിക്കിടന്ന സർവ്വീസുകൾ എപ്പോൾ പുനരാരംഭിക്കും എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നു. സാധാരണയായി ഗാറ്റ്‌വിക്ക് വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന ഹ്രസ്വദൂര സർവ്വീസുകളെല്ലാം ഹീത്രൂ വിമാനത്താവളത്തിൽ നിന്നാക്കിയിട്ടുണ്ട്.ദീർഘദൂര സർവ്വീസുകൾ ജൂലായ് പകുതിയോടെ ആരംഭിക്കും എന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ഏതെല്ലാം സ്ഥലത്തേക്കുള്ള വിമാന സർവ്വീസുകളായിരിക്കും ആരംഭിക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP