Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202123Thursday

പെണ്ണുങ്ങളുടെ മനസ് പിടിക്കാൻ ചെന്നൈയിലെ നല്ലി സിൽക്‌സ് വെംബ്ലിയിൽ; വരവ് ബ്രിട്ടീഷ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച്; സ്റ്റോക്കിൽ 2500 പട്ടുസാരികൾ; അടുത്ത ഷോറൂം ബിർമിൻഹാമിൽ; യുകെയിലെ മലയാളി പെൺകുട്ടികൾക്ക് പട്ടുസാരിയിൽ തന്നെ അണിഞ്ഞൊരുങ്ങി വിവാഹിതകളാകാം; സാരിപ്പകിട്ടിലേക്കു ലണ്ടനും എത്തുമ്പോൾ ശീമാട്ടിക്കും ജയലക്ഷ്മിക്കും മനസ്സിളകുമോ?

പെണ്ണുങ്ങളുടെ മനസ് പിടിക്കാൻ ചെന്നൈയിലെ നല്ലി സിൽക്‌സ് വെംബ്ലിയിൽ; വരവ് ബ്രിട്ടീഷ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച്; സ്റ്റോക്കിൽ 2500 പട്ടുസാരികൾ; അടുത്ത ഷോറൂം ബിർമിൻഹാമിൽ; യുകെയിലെ മലയാളി പെൺകുട്ടികൾക്ക് പട്ടുസാരിയിൽ തന്നെ അണിഞ്ഞൊരുങ്ങി വിവാഹിതകളാകാം; സാരിപ്പകിട്ടിലേക്കു ലണ്ടനും എത്തുമ്പോൾ ശീമാട്ടിക്കും ജയലക്ഷ്മിക്കും മനസ്സിളകുമോ?

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ഇനി മുതൽ ലണ്ടൻ നഗരത്തിനും പട്ടുസാരികളുടെ ചന്തത്തിലേക്ക്. ഇന്ത്യൻ തുണിക്കടകൾ യുകെയിലെ ഏതു നഗരത്തിലും കാണാമെങ്കിലും ഒരു ബ്രാൻഡഡ് സാരിക്കട ഇതാദ്യമായാണ് എത്തുന്നത് എന്ന പ്രത്യേകതയുമായി ചെന്നെയിൽ നിന്നും ലോക പ്രശസ്തരായ നല്ലി സിൽക്‌സ് ലണ്ടനിലെ വെംബ്ലി നഗരത്തിൽ പ്രവർത്തനം തുടങ്ങി.

വെംബ്ലി അയ്യപ്പ ക്ഷേത്രം അടക്കം ഒട്ടേറെ ഇന്ത്യൻ സാംസ്‌കാരിക തനിമ സൂക്ഷിക്കുന്ന വെംബ്ലി നഗരത്തിൽ നല്ലി സിൽക്‌സ് എത്തുന്നത് ബ്രിട്ടീഷ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ചാണ് എന്ന പ്രത്യേകതയുമുണ്ട്. 92 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള നല്ലി സിൽക്‌സ് പ്രൗഢിയും തനിമയ്ക്കും ഏറെ പ്രശസ്തരാണ്. വില നോക്കാതെ ബ്രാൻഡ് നോക്കി എത്തുന്നവരാണ് നല്ലിയുടെ ഉപയോക്താക്കൾ എങ്കിലും സാധാരണക്കാർക്ക് വേണ്ട വസ്ത്ര ശേഖരവും വെംബ്ലി ഷോറൂമിൽ ലഭ്യമാണ്.

മൂന്നു കോടി രൂപയുടെ നിക്ഷേപമാണ് നല്ലി സിൽക്‌സ് ലണ്ടനിൽ നടത്തിയിരിക്കുന്നത്. 2500 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഷോറൂമിൽ 2500 പട്ടുസാരികളുടെ മിന്നിത്തിളക്കമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ഒരു വർഷമായി നടത്തിയ വിപണി പഠനത്തിന് ശേഷമാണു ഷോറൂം ആരംഭിക്കുന്നതെന്നു ലണ്ടൻ ഷോറൂം ചുമതലയുള്ള കമൽ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി.

''കോവിഡ് വന്നില്ലായിരുന്നെങ്കിൽ അൽപം കൂടി നേരത്തെ ഈ ഷോറൂം തുറന്നേനേ. ഇപ്പോൾ ദീപാവലിക്ക് മുൻപായി തുറക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അടുത്ത ഷോറൂം ബിർമിൻഹാമിൽ ഒരു വർഷത്തിനുള്ളിൽ തന്നെ യാഥാർഥ്യമാകും. സ്ത്രീകൾക്ക് വേണ്ടി മാത്രമല്ല പുരുഷന്മാർക്കും കുട്ടികൾക്കും വേണ്ടിയുള്ള ഇന്ത്യൻ വസ്ത്രശേഖരവുമായാണ് നല്ലിയുടെ വരവ്. ഇന്ത്യയിലെ ഏതു സംസ്ഥാനത്ത് ഉള്ളവരുടെയും വസ്ത്ര അഭിരുചിയെ ഞങ്ങൾ ബഹുമാനിക്കുന്നു. അത് ഷോറൂമിൽ ലഭ്യവുമാണ് '' നല്ലി ലണ്ടൻ ഷോറൂം മാനേജർ കമൽ വ്യക്തമാക്കി.

ജോർജ് അഞ്ചാമൻ രാജാവിനും എലിസബത്ത് രാജ്ഞിക്കും ഇന്ത്യൻ വസ്ത്രങ്ങൾ മുൻപ് സമ്മാനമായി കൊടുത്ത നല്ലിയുടെ പാരമ്പര്യം എടുത്തുകാട്ടിയാണ് ബ്രിട്ടീഷ് സർക്കാർ ഇവരുടെ യുകെ വരവ് ആഘോഷമാക്കാൻ മാധ്യമങ്ങൾക്കു വാർത്ത കുറിപ്പ് നൽകിയിരിക്കുന്നത്. ബ്രിട്ടന്റെ ഇന്റർനാഷണൽ വ്യാപാര മന്ത്രാലയവുമായി നടത്തിയ കാത്തിടപാടുകൾക്കും ചർച്ചകൾക്കും ശേഷമാണ് ഈ സ്ഥാപനം യുകെയിൽ എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. കോവിഡ് യാത്ര നിയന്ത്രണം ഉള്ളതിനാൽ വിവാഹത്തിനും മറ്റുമായി ഇന്ത്യയിൽ പോകാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് ഇന്ത്യൻ വംശജർക്ക് അവരുടെ ഇഷ്ട വസ്ത്രങ്ങൾ ഇപ്പോൾ ലണ്ടനിൽ തന്നെ വാങ്ങാൻ കഴിയും എന്നത് സന്തോഷകരമായ കാര്യമാണെന്നും കയറ്റുമതി മന്ത്രി ഗ്രഹാം സ്റ്റുവർട് പറയുന്നു.

ഏറെക്കാലമായി സോഷ്യൽ മീഡിയയിലൂടെയും മറ്റും യുകെയിലെ തങ്ങളുടെ ഉപയോക്താക്കൾ ആവശ്യപ്പെടുന്നതാണ് ലണ്ടനിലെ സാന്നിധ്യം. അത് സാധ്യമാക്കാൻ സാധിച്ച സന്തോഷമാണ് തങ്ങൾക്കുള്ളതെന്ന് നല്ലി ഗ്രൂപ്പ് വൈസ് ചെയർമാൻ രാംനാഥ് നല്ലിയും പറയുന്നു. അമേരിക്കയിലും സിംഗപ്പൂരിലും കാനഡയിലും സാന്നിധ്യം അറിയിച്ച ശേഷമാണു നല്ലി യുകെയിലേക്കു എത്തുന്നത് എന്നതും പ്രത്യേകതയാണ്. പ്രതിവർഷം 680 കോടി രൂപയുടെ വിറ്റുവരവ് ഉള്ള സ്ഥാപനമാണ് നല്ലി സിൽക്‌സ്.

പത്തു പൗണ്ടിൽ തുടങ്ങുന്ന സാധാരണ സാരി മുതൽ 2000 പൗണ്ട് വിലയുള്ള ബ്രൈഡൽ കളക്ഷൻ വരെയുള്ള സാരികളാണ് വെംബ്ലി ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. സാരിക്കൊപ്പം മാച്ചിങ് കുർത്ത, പട്ടുപാവാടയും ബ്ലൗസും മുണ്ടും ഷർട്ടും അടക്കം വിപണിയിലെ പുത്തൻ ട്രെന്റുകൾ അതേവിധം ലണ്ടനിലും എത്തിക്കാൻ ഉള്ള ശ്രമമാണ് നല്ലി സിൽക്‌സ് ഏറ്റെടുക്കുന്നത്. ഷോറൂമിൽ എത്താൻ സാധിക്കാത്തവർക്ക് വാട്സാപ്പിലും മറ്റും ഫേസ്‌കോൾ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. റെഡിമേഡ് ബ്ലൗസ് കൂടി ഉള്ളതിനാൽ അധികം ടെൻഷൻ അടിക്കാതെ സാരികൾ വാങ്ങാം എന്നതാണ് മറ്റൊരു നേട്ടം. കേരളത്തിൽ നാലു വർഷമായി കൊച്ചിയിൽ ഷോറൂം നടത്തുന്ന നല്ലി മലയാളി സ്ത്രീകളുടെ അഭിരുചി നേരിട്ടറിഞ്ഞാണ് ലണ്ടൻ ഷോറൂമിൽ അവർക്കായി പ്രത്യേക വസ്ത്ര ശേഖരം ഒരുക്കിയിരിക്കുന്നതെന്നും അവകാശപ്പെടുന്നു.

ഓൺലൈനിൽ സാരിക്കച്ചവടം നടത്തുന്നവർ തോന്നുന്ന വിലകൾ ഈടാക്കുന്ന പരാതി ഇത്തവണ ഓണക്കാലത്തു സജീവം ആയിരുന്നതിനാൽ വിലക്കുറവിൽ ട്രെന്റി സാരികൾ യുകെയിലെ മലയാളി സ്ത്രീകൾക്ക് ലഭിക്കാൻ നല്ലിയിൽ സൗകര്യം ഉണ്ട് എന്നത് ഈ വിപണി വരും നാളുകളിൽ കൂടുതൽ മത്സര ക്ഷമം ആകാൻ ഉള്ള സാധ്യതയാണ് കാണിക്കുന്നത്. കേരള സാരികളുടെ മികച്ച ശേഖരം തന്നെ ഒരുക്കിയിട്ടുണ്ടെന്നും ഷോറൂം മാനേജർ കമൽ പറയുന്നു. പുത്തൻ സ്റ്റോക്കുകളാണ് വിൽപനയിൽ എത്തിയിരിക്കുന്നത് എന്നതിനാൽ ഒരു സാരി വാങ്ങിയാലും നഷ്ടമാകില്ല എന്ന ചിന്തയിൽ തന്നെ വാങ്ങാനാകും എന്നത് മറ്റൊരു ആകർഷണമാണ്.

വിൽപന വിറ്റുവരവ് നോക്കാതെ ബ്രാൻഡ് ഇമേജ് സംരക്ഷണം ലക്ഷ്യമിടുന്നതിൽ ലണ്ടന് ഒന്നാം സ്ഥാനം ഉള്ളതിനാൽ നല്ലിയുടെ വരവ് കേരളത്തിൽ നിന്നും ശീമാട്ടിയേയും ജയലക്ഷ്മിയെയും ഒക്കെ മോഹിപ്പിക്കുമോ എന്നതാണ് ഇപ്പോൾ യുകെ മലയാളികളുടെ ആകാംഷ. സ്വർണാഭരണ വിൽപനയിൽ വർഷങ്ങൾക്കു മുൻപ് ജോയ് ആലുക്കാസ് ലണ്ടനിൽ എത്തിയതും ബ്രാൻഡ് ബിൽഡിങ് ലക്ഷ്യമിട്ടു തന്നെയാണ്. ലണ്ടനിൽ സാന്നിധ്യം ഉണ്ടെന്നത് പരസ്യ വിപണിയിൽ ബ്രാൻഡുകൾക്കു നൽകുന്ന മൂല്യം ചെറുതല്ല. കേരളത്തിൽ നിന്നും ഒട്ടേറെ നിക്ഷേപകർ ലണ്ടൻ വിപണിയിൽ താൽപര്യം കാട്ടുന്നുണ്ടെങ്കിലും മുത്തൂറ്റ് ഗ്രൂപ്പ് അടക്കം വിരലിൽ എണ്ണാവുന്ന സംരംഭങ്ങൾ മാത്രമാണ് പിടിച്ചു നിൽക്കുന്നത്. ഉയർന്ന പ്രവർത്തന ചെലവാണ് ഏവരെയും പിന്നോക്കം വലിക്കുന്നത് എന്ന് വ്യക്തം.

എന്നാൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്ന പദ്ധതിയുടെ ഭാഗമായി സ്‌പൈസ് ജെറ്റ് അടക്കം യുകെ സാന്നിധ്യം കാട്ടാൻ തയ്യാറെടുക്കുമ്പോൾ മാറുന്ന ബിസിനസ് കാലാവസ്ഥ അനുകൂലമാക്കാൻ കേരളത്തിലെ സംരംഭങ്ങൾക്കും അനുകൂല അന്തരീക്ഷമാണിപ്പോൾ. കോവിഡ് ഏറ്റവും ചുരുങ്ങിയത് 2022 വരെ ജനജീവിതത്തെ വരിഞ്ഞു കെട്ടിയിടും എന്ന സൂചനകൾ പുറത്തു വന്നതോടെ കേരളത്തിൽ എത്താൻ പറ്റാതെ പോകുന്ന സഞ്ചാരികളെയും വിദേശ മലയാളികളെയും ലക്ഷ്യമിട്ടു കേരള ബ്രാൻഡുകൾക്കു ലോകമെങ്ങും വേരുപടർത്താൻ ഉള്ള വഴികൾ കൂടിയാണ് തെളിയുന്നത്.

നല്ലി സിൽക്‌സ് പോലെയുള്ള സ്ഥാപനങ്ങൾ യുകെയിൽ സാന്നിധ്യം അറിയിക്കുന്നത് മുൻപേ പറക്കുന്ന പക്ഷിയുടെ ചിറകടിയായായാണ് ബിസിനസ് ലോകം വിലയിരുത്തുന്നതും. ഡൽഹി ആസ്ഥാനമായ ഫാഷൻ വസ്ത്ര വിതരണക്കാരായ ഫ്രന്റിയർ രാസ, മുംബൈയിൽ ചുവടുറപ്പിച്ച ഫാഷൻ ഹൗസ് ആയ പർപ്പിൾ സ്റ്റൈൽ ലാബ് എന്നിവരും യുകെ സർക്കാരിന്റെ ക്ഷണം സ്വീകരിച്ചത് ലണ്ടനിൽ ഇന്ത്യൻ ബിസിനസ്സ് ലോകത്തിന്റെ കൂടുതൽ സാന്നിധ്യം ഉറപ്പാക്കുന്ന ഘടകമായി മാറുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP