Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മറവി രോഗത്തിൽ അവശനായ ഗ്രൂപ്പ് ചെയർമാനായ മൂത്തയാൾ ശ്രീചന്ദ്; ഓരോരുത്തരുടെയും സ്വത്തുക്കൾ എല്ലാവർക്കും അവകാശപ്പെട്ടതെന്നും ഓരോ സഹോദരനും മറ്റേയാളുടെ നടത്തിപ്പുകാരനും എന്നുമുള്ള ഉടമ്പടിയെ ചൊല്ലി തർക്കം; 2016ൽ വിൽപത്രം നടപ്പാക്കണമെന്ന ശ്രീചന്ദിന്റെ ആഗ്രഹം നടപ്പായാൽ ഗ്രൂപ്പിന് സംഭവിക്കുക ശക്തിക്ഷയം; അവിഭക്ത ഇന്ത്യയിലെ സിന്ധിൽ നിന്ന് പടർന്ന് പിന്തലിച്ച ഇന്ത്യൻ വ്യവസായ കുടുംബം നേരിടുന്നത് വമ്പൻ പ്രതിസന്ധി; ഹിന്ദുജാ ഗ്രൂപ്പിലെ കലഹത്തിന്റെ കഥ

മറവി രോഗത്തിൽ അവശനായ ഗ്രൂപ്പ് ചെയർമാനായ മൂത്തയാൾ ശ്രീചന്ദ്; ഓരോരുത്തരുടെയും സ്വത്തുക്കൾ എല്ലാവർക്കും അവകാശപ്പെട്ടതെന്നും ഓരോ സഹോദരനും മറ്റേയാളുടെ നടത്തിപ്പുകാരനും എന്നുമുള്ള ഉടമ്പടിയെ ചൊല്ലി തർക്കം; 2016ൽ വിൽപത്രം നടപ്പാക്കണമെന്ന ശ്രീചന്ദിന്റെ ആഗ്രഹം നടപ്പായാൽ ഗ്രൂപ്പിന് സംഭവിക്കുക ശക്തിക്ഷയം; അവിഭക്ത ഇന്ത്യയിലെ സിന്ധിൽ നിന്ന് പടർന്ന് പിന്തലിച്ച ഇന്ത്യൻ വ്യവസായ കുടുംബം നേരിടുന്നത് വമ്പൻ പ്രതിസന്ധി; ഹിന്ദുജാ ഗ്രൂപ്പിലെ കലഹത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടനിലെ അതിസമ്പന്നരിൽ ഒന്നാമത് ആയിരുന്നു 2019ൽ ഇന്ത്യൻ വംശജരായ ഹിന്ദുജ സഹോദരന്മാർ. 22 ബില്യൺ പൗണ്ട് ആണ് ഹിന്ദുജ സഹോരന്മാരുടെ ആസ്തി. സൺഡെ ടൈംസ് തയ്യാറാക്കിയ ബ്രിട്ടണിലെ 102 അതിസമ്പന്നരുടെ പട്ടികയിലാണ് ഹിന്ദുജ സഹോദരന്മാർ ഒന്നാം സ്ഥാനത്തെത്തിയത്. ശ്രിചന്ദ്- ഗോപീചന്ദ് ഹിന്ദുജമാരുടെ സമ്പത്തിൽ 1.35 ബില്യൺ പൗണ്ടിന്റെ വർധനയാണ് 2019ൽ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളത്. ഇതിനു മുൻപ് 2014 ലും, 2017ലും ഇവർ ഈ പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചിരുന്നു. യുകെയിലെ 1000 സമ്പന്നരിൽ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തിരിക്കുന്നത്. ബാങ്ക് എക്കൗണ്ട് ബാലൻസ്, സ്വത്തുവകകൾ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഈ പട്ടിക തയാറാക്കുന്നത്. അങ്ങനെ ഇന്ത്യൻ ബിസിനസ്സുകാരിൽ ഒന്നാമന്മാരിൽ പ്രധാനിയായിരുന്നു ഹിന്ദുജാ ഗ്രൂപ്പ്.

ഈ ഗ്രൂപ്പിലാണ് തർക്കം ഉണ്ടാകുന്നത്. ഹിന്ദുജ സഹോദരന്മാർക്കിടയിലെ സ്വത്തുതർക്കം 83,600 കോടി രൂപ ആസ്തിയുള്ള വ്യവസായ സാമ്രാജ്യത്തെ ഉലയ്ക്കുന്നു. ഹിന്ദുജ സഹോദരന്മാരായ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ്, അശോക് എന്നിവർ 2014ൽ ഒപ്പിട്ടതും ഓരോരുത്തരുടെയും സ്വത്തുക്കൾ എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും ഓരോ സഹോദരനും മറ്റേയാളുടെ നടത്തിപ്പുകാരനാണെന്നുമുള്ള ഉടമ്പടിയാണ് വിവാദത്തിന് കാരണം. ഈ ഉടമ്പടി റദ്ദാക്കാനാവശ്യപ്പെട്ട് മൂത്ത സഹോദരനായ ശ്രീചന്ദും മകൾ വിനുവും കോടതിയെ സമീപിച്ചതാണ് പ്രതിസന്ധിക്കു കാരണം. 2016ലെ തന്റെ വിൽപത്രം അനുസരിച്ച് സ്വത്തുക്കൾ വിഭജിക്കണമെന്നും ശ്രീചന്ദ് താൽപര്യപ്പെടുന്നു. ഈ ഉടമ്പടി സ്വകാര്യ കരാറാണോ വിൽപത്രമാണോ എന്നു വ്യക്തമല്ല. സ്വത്ത് വിഭജനമുണ്ടായാൽ ഹിന്ദുജാ ഗ്രൂപ്പ് പലവഴിക്കാകും.

ശ്രീചന്ദിന്റെ മാത്രം പേരിലുള്ള ഹിന്ദുജ ബാങ്കിന്റെ നിയന്ത്രണം ഗോപീചന്ദ്, പ്രകാശ്, അശോക് സഹോദരന്മാർ ഏറ്റെടുക്കാൻ ശ്രമിച്ചതാണ് തർക്കത്തിനു കാരണമായത്. ശ്രീചന്ദ് തന്റെ മറ്റൊരു മകളായ ഷാനുവിനെ ഹിന്ദുജ ബാങ്ക് ചെയർപഴ്‌സനായും അവരുടെ മകൻ കരമിനെ സിഇഒ ആയും ഈയിടെ നിയമിച്ചിരുന്നു. ഇതാണ് വിവാദങ്ങൾക്ക് കാരണം. പ്രമുഖ കമ്പനികളായ അശോക് ലെയ്‌ലാൻഡ്, ഗൾഫ് ഓയിൽ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ ഉൾപ്പെടെ ഓട്ടോ, ധനകാര്യ സേവനങ്ങൾ, ഐടി, മാധ്യമങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, ഊർജം, രാസവസ്തുക്കൾ തുടങ്ങി ഒട്ടേറെ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.

അവിഭക്ത ഇന്ത്യയിലെ സിന്ധിൽ (ഇപ്പോൾ പാക്കിസ്ഥാനിൽ) ജനിച്ച പരമാനന്ദ് ഹിന്ദുജ സ്ഥാപിച്ച ഗ്രൂപ്പ് ഇന്ത്യയിലും യൂറോപ്പിലും പശ്ചിമേഷ്യയിലുമായി പടർന്നു പന്തലിക്കുകയായിരുന്നു. ശ്രീചന്ദ് (84 വയസ്), ഗോപീചന്ദ് (80), പ്രകാശ് (75), അശോക് (69) എന്നിവരാണു പരമാനന്ദിന്റെ മക്കൾ. ശ്രീചന്ദാണു ഗ്രൂപ്പ് ചെയർമാൻ. ഗോപീചന്ദ് സഹചെയർമാനും പ്രകാശ് ഹിന്ദുജ യൂറോപ്പിന്റെ ചെയർമാനും അശോക് ഇന്ത്യയിലെ കന്പനികളുടെ ചെയർമാനുമാണ്. ശ്രീചന്ദ് മറവിരോഗം മൂലം അവശനാണ്. രണ്ടു പുത്രിമാർ മാത്രമുള്ള അദ്ദേഹത്തിന്റെ ഇളയപുത്രി വിനൂ ആണു കോടതിയിൽ കേസ് നടത്തുന്നത്.

1980 കളിൽ ഹിന്ദുജ സഹോദരന്മാർ ബൊഫോഴ്‌സ് കേസിൽ പെട്ടിരുന്നു. എന്നാൽ അവ തെളിയിക്കാനായില്ല. ഇൻഡസ് ഇൻഡ് ബാങ്കിൽ ഹിന്ദുജ ഗ്രൂപ്പിന് 14.34 % ഓഹരിപങ്കാളിത്തമുണ്ട്. സഹോദരന്മാർ പരസ്പരം തങ്ങളുടെ സ്വത്തുക്കളുടെ നടത്തിപ്പുകാരായി നിയമിക്കണമെന്നും ആരുടെ പേരിലായാലും സ്വത്തു നാലുപേർക്കും അവകാശപ്പെട്ടതാണെന്നും ആണു 2014ലെ കരാറിൽ പറയുന്നത്. ഇതു ശ്രീചന്ദ് അംഗീകരിച്ചതല്ലെന്നും കരാർ അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണു കേസ്. മറ്റു മൂന്നു സഹോദരന്മാർ ഇതിനെ എതിർക്കുന്നു. എല്ലാ സ്വത്തും എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന് അവർ വാദിക്കുന്നു. കുടുംബത്തിലെ പാരന്പര്യം അതാണെന്നും അതു മാറ്റരുതെന്നുമാണ് അവരുടെ നിലപാട്.

സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള ഹിന്ദുജ ബാങ്ക് ശ്രീചന്ദിന്റെ പേരിലാണ്. അദ്ദേഹമാണ് അതിന്റെ ചെയർമാനും. ശ്രീചന്ദിനെ ചെയർമാൻ സ്ഥാനത്തുനിന്നു മാറ്റാൻ നീക്കം നടക്കുന്ന സാഹചര്യത്തിലാണു കേസ്. വിനൂ ഹിന്ദുജ, ഗ്രൂപ്പിന്റെ ബിസിനസിൽ സജീവയാണ്. പല ഗ്രൂപ്പ് കമ്പനികളിലും ഡയറക്ടറാണ്. വിനൂവിന്റെ വാദം വിജയിച്ചാൽ ശ്രീചന്ദിന്റെ പേരിലുള്ള സ്വത്തുക്കളിൽ സഹോദരന്മാർക്ക് അവകാശം ഉണ്ടാകില്ല. ഹിന്ദുജബാങ്ക് അടക്കം ഗ്രൂപ്പിന്റെ വമ്പൻ ആസ്തികൾ പലതും എസ്‌പി എന്നു വിളിക്കപ്പെടുന്ന ശ്രീചന്ദിന്റെ പേരിലാണ്. ഇത് സ്വന്തമാക്കാൻ സഹോദരങ്ങൾ നടത്തുന്ന കള്ളക്കളിയാണ് കരാർ എന്നാണ് മകളുടെ നിലപാട്.

ഹിന്ദുജ ഗ്രൂപ്പിന്റെ യഥാർഥ സന്പത്ത് കൃത്യമായി വെളിപ്പെട്ടിട്ടില്ല. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം വച്ച് 1300 കോടി ഡോളർ (97,500 കോടി രൂപ) ആണു ഫോബ്‌സ് കണക്കാക്കുന്ന സ്വത്ത്. സ്ഥാവര ആസ്തികൾ അടക്കം സൺഡേ ടൈംസ് കണക്കാക്കുന്നത് 1600 കോടി പൗണ്ട് അഥവാ ഒന്നര ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ ഇൻഡസ് ഇൻഡ് ബാങ്ക്, അശോക് ലെയ്ലാൻഡ്, ഹിന്ദുജ നാഷണൽ പവർ കോർപറേഷൻ തുടങ്ങിയവ ഗ്രൂപ്പിൽപ്പെട്ടവയാണ്. സിന്ധിൽനിന്നു പശ്ചിമേഷ്യൻ രാജ്യങ്ങളുമായി വ്യാപാരം നടത്തി വളർന്ന ഹിന്ദുജ ഗ്രൂപ്പ് 1970കളിലാണു മറ്റു മേഖലകളിലേക്കു വളർന്നത്.

ലണ്ടൻ കോടതി നൽകിയ വിധിന്യായത്തിലാണ് യുകെ ആസ്ഥാനമായുള്ള കുടുംബം തമ്മിലുള്ള തർക്കം വെളിച്ചത്തുവന്നത്. മറ്റ് മൂന്ന് സഹോദരന്മാരായ ഗോപിചന്ദ്, പ്രകാശ്, അശോക് എന്നിവർ കത്ത് ഉപയോഗിച്ച് ഹിന്ദുജ ബാങ്കിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചുവെന്നും ഇത് ശ്രീചന്ദിന്റെ പേരിൽ മാത്രമുള്ളതാണെന്നുമാണ് വാദം. കത്തിന് നിയമപരമായ യാതൊരു സാധുതയുമില്ലെന്നും ഇത് ഉപയോഗിക്കാൻ കഴിയില്ലെന്ന് കോടതി വിധിക്കണമെന്നുമാണ് ശ്രീചന്ദും വിനൂവും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ രേഖ അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരമുള്ളതല്ലെന്നും കുടുംബത്തിന്റെ സ്വത്തുക്കൾ വേർതിരിക്കണമെന്നും 2016 ൽ തന്നെ ശ്രീചന്ദ് നിർബന്ധിച്ചിരുന്നുവെന്ന് അവർ പറഞ്ഞു.

ലോകത്തിലെ ഏറ്റവും ധനികരിൽ ഹിന്ദുജ കുടുംബവും ഉൾപ്പെടുന്നു. സമ്പാദ്യത്തിന്റെ സിംഹഭാഗവും ഹിന്ദുജ ഗ്രൂപ്പിൽ നിന്നാണ്. കമ്പനിക്ക് നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും 40 ഓളം രാജ്യങ്ങളിൽ ധനകാര്യ, മാധ്യമ, ആരോഗ്യ സംരക്ഷണ മേഖലകളിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും കമ്പനി വെബ്സൈറ്റ് പറയുന്നു. ബ്ലൂംബർഗ് ശതകോടീശ്വര സൂചിക അനുസരിച്ച് കുടുംബത്തിന്റെ സമ്പാദ്യം 11.2 ബില്യൺ ഡോളർ വിലമതിക്കുന്നു. ഹിന്ദുജ ഗ്രൂപ്പിന്റെ ഓട്ടോമോട്ടീവ് യൂണിറ്റിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യൻ ട്രക്ക് നിർമ്മാതാക്കളായ അശോക് ലെയ്ലാൻഡ് ലിമിറ്റഡിലെ ഓഹരികൾ മാർച്ചിൽ മൂന്നിലൊന്നിൽ കൂടുതൽ ഇടിഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP