Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി മുമ്പിൽ ഇലോൺ മസ്‌ക് മാത്രം; ലൂയി വിൽട്ടന്റെ ആർനോൾട്ടിനെയും ആമസോണിന്റെ ജെഫ് ബസോസിനെയും മറികടന്ന് ഗൗതം അദാനി ലോക സമ്പന്നരിൽ രണ്ടാമൻ; അദാനി ഗ്രൂപ്പ് ചെയർമാന്റെ ഇപ്പോഴത്തെ ആസ്തി 12.37 ലക്ഷം കോടി; അദാനിയുടെ സാമ്പത്തിക മാജിക്

ഇനി മുമ്പിൽ ഇലോൺ മസ്‌ക് മാത്രം; ലൂയി വിൽട്ടന്റെ ആർനോൾട്ടിനെയും ആമസോണിന്റെ ജെഫ് ബസോസിനെയും മറികടന്ന് ഗൗതം അദാനി ലോക സമ്പന്നരിൽ രണ്ടാമൻ; അദാനി ഗ്രൂപ്പ് ചെയർമാന്റെ ഇപ്പോഴത്തെ ആസ്തി 12.37 ലക്ഷം കോടി; അദാനിയുടെ സാമ്പത്തിക മാജിക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 2019 ൽ ഫോബ്സിന്റെ പട്ടികയിൽ ഇന്ത്യയിലെ രണ്ടാമത്തെ ധനികൻ. 2022 സെപ്റ്റംബറിൽ ലോക സമ്പന്നരിൽ രണ്ടാമൻ. മൂന്നുവർഷത്തിനുള്ളിൽ അമ്പരപ്പിക്കുന്ന വളർച്ച. ലൂയി വിൽട്ടന്റെ തലവൻ ബെർണാഡ് ആർനോൾട്ടിനെ പിന്തള്ളിയാണ് ഫോബ്‌സ് പട്ടികയിൽ ഗൗതം അദാനി രണ്ടാമനായത്. അദാനി ഗ്രൂപ്പ് ചെയർമാന്റെ ഇപ്പോഴത്തെ ആകെ ആസ്തി 12.37 ലക്ഷം കോടി.

ഫോബ്‌സിന്റെ പട്ടിക പ്രകാരം, അദാനിയുടെ ആസ്തി 5.2 ബില്യൻ ഡോളറാണ് ഉയർന്നത്. 3.49 ശതമാനത്തിന്റെ കുതിപ്പ്. ആമസോൺ സ്ഥാപകൻ ജെഫ് ബസോസിനെയും, ആർനോൾട്ടിനേയും കാൾ അൽപം മുമ്പിൽ. ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌കിന് തന്നെയാണ് ഒന്നാം റാങ്ക്. 273.5 ബില്യൺ ഡോളറാണ് മസ്‌കിന്റെ ആസ്തി.

ആദ്യത്തെ 10 പേരുടെ പട്ടികയിൽ, റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയും ഉണ്ട്. 92.2 ബില്യനാണ് അദ്ദേഹത്തിന്റെ ആസ്തി. മറ്റു ശതകോടീശ്വരന്മാരിൽ, ബിൽ ഗേറ്റ്‌സ്, ലാറി എലിസൺ, വാരൻ ബഫറ്റ്, സെർഗി ബ്രിൻ എന്നിവരും ഉൾപ്പെടുന്നു.

ഓഗസ്റ്റ് 30ന് തന്നെ അദാനി ലൂയി വിൽട്ടനെ മറികടന്ന്, ലോകത്തിലെ മൂന്നാമത്തെ സമ്പന്നനായി മാറിയിരുന്നു. ലോകത്തിലെ മൂന്നു ശതകോടീശ്വരന്മാരിൽ, ഒരു ഏഷ്യാക്കാരൻ ആദ്യമായി ഉൾപ്പെട്ടതും അന്നുതന്നെ. അന്ന് മസ്‌കിനും ബെസോസിനും പിന്നിലായിരുന്നു അദാനി. ഫോബ്‌സിന്റെ സമ്പന്നരുടെ പട്ടികയിൽ ഇപ്പോൾ അർനോൾട്ട് മൂന്നാം സ്ഥാനത്തും ബെസോസ് നാലാം സ്ഥാനത്തുമാണ്.

അദാനി പോർട്ട്‌സ്, അദാനി ഗ്രീൻ എനർജി, അദാനി ടോട്ടൽ ഗ്യാസ് എന്നിങ്ങനെ നീളുന്നു അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ. 1988 ലാണ് സാധനങ്ങൾ കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും അദാനി എന്റർപ്രൈസസ് ആരംഭിക്കുന്നത്. 1994 ൽ മുന്ദ്ര പോർട്ടിൽ ഹാർബർ സൗകര്യങ്ങൾ വികസിപ്പിക്കാൻ കമ്പനിക്ക് അനുമതി ലഭിച്ചു.

അദാനി ഗ്രൂപ്പിന്റെ കിച്ചൻ എസൻഷ്യൽസ് കമ്പനിയായ അദാനി വിൽമർ ലിമിറ്റഡ് തങ്ങളുടെ ഭക്ഷ്യരംഗത്തെ ബിസിനസ് വിപുലമാക്കാൻ, പ്രാദേശികതലത്തിലും, അന്താരാഷ്ട്ര തലത്തിലും, ഏറ്റെടുക്കലുകൾ നടത്തി വരികയാണെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് റിലയൻസ് റീട്ടെയ്ൽ വഴി ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്‌സ് രംഗത്തേക്ക് ഇറങ്ങുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, അദാനി വിൽമർ 500 കോടിയാണ് ഈ രംഗത്തെ ഏറ്റെടുക്കലുകൾക്കായി നീക്കി വച്ചിരിക്കുന്നത്.

ലോകത്തിലെ രണ്ടാമത്തെ ശതകോടീശ്വരൻ ആകുമ്പോൾ

ഗൗതം അദാനി ലോകത്തെ മൂന്നാം നമ്പർ കോടീശ്വരനായത് 137.4 ബില്യൺ ഡോളർ ആസ്തിയുമായി ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ടിനെ പിന്തള്ളിയായിരുന്നു. ആദ്യമായാണ് ഏഷ്യയിൽ നിന്നുള്ള ഒരു വ്യക്തി ബ്ലൂംബെർഗ് ബില്യണയർ സൂചികയിലെ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഇടംപിടിച്ചത്.

ഫ്രാൻസിന്റെ ബെർണാഡ് അർനോൾട്ട് പ്രമുഖ വ്യവസായിയും, നിക്ഷേപകനും ആണ്. ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഉൽപ്പന്ന കമ്പനിയായ ലൂയി വിറ്റൺ എസ്ഇ - എൽവി എംഎച്ച് മൊയ്റ്റ് ഹെന്നസിയുടെ സഹസ്ഥാപകനും ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമാണ്്. അതിന് മുമ്പ് ഗൗതം അദാനി ബിൽ ഗേറ്റ്സിനെ പിന്തള്ളി ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ ധനികനായ വ്യക്തിയായി മാറിയിരുന്നു. 60.9 ബില്യൺ ഡോളർ ആണ് 2022ൽ മാത്രം അദാനി തന്റെ സമ്പത്തിലേക്ക് കൂട്ടിച്ചേർത്തത്. ഫെബ്രുവരിയിൽ ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയെ അദാനി ആദ്യം മറികടന്നിരുന്നു.

പഠിത്തം ഉപേക്ഷിച്ച് മുംബൈയിലേക്ക് വണ്ടി കയറിയ പയ്യൻസ്

വ്യവസായ സ്വപ്നങ്ങളുമായി പഠിത്തം ഉപേക്ഷിച്ച് വെറും 19ാംമത്തെ വയസ്സിൽ അഹമ്മദാബാദിൽനിന്ന് മുബൈയിലേക്ക് വണ്ടികയറുമ്പോൾ, ഗൗതമെന്ന പയ്യന്റെ കൈയിൽ ഏതാനും നൂറിന്റെ നോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ഉള്ളതെല്ലാം നുള്ളിപ്പെറുക്കി പ്ലാസ്റ്റിക്ക് വ്യവസായം തുടങ്ങിയ അദാനിയെ രക്ഷിച്ചത് ഗുജറാത്തിലെ അന്നത്തെ കോൺഗ്രസ് നേതാക്കളും, മന്മോഹൻസിങ്ങിന്റെ നേതൃത്വത്തിൽ 91ൽ നടപ്പാക്കിയ സാമ്പത്തിക ഉദാരവത്ക്കരണവുമായിരുന്നു. അദാനിയുടെ ഭാവനയും പ്രതിഭയും വൈവിധ്യവത്ക്കരണത്വരയും ഗവേഷണ ബുദ്ധിയുമൊക്കെയാണ് അഭിനന്ദിക്കപ്പെടേണ്ടത്.

ജനിച്ചത് ഗുജറാത്തിലെ സാധാരണ ജൈന കുടുംബത്തിൽ

1962 ജൂൺ 24 ന് ഗുജറാത്തിലെ അഹമ്മദാബാദിൽ ചെറുകിട വ്യാപാരിയായ ശാന്തിലാലിൻെയും ശാന്തി അദാനിയുടെയും മകനായി ഇടത്തരം ജൈന കുടുംബത്തിലാണ് ഗൗതം ജനിച്ചത്. അദ്ദേഹത്തിന് എഴ് സഹാദരങ്ങളുണ്ട്, മാതാപിതാക്കൾ ഗുജറാത്തിന്റെ വടക്കൻ ഭാഗത്തുള്ള താരദ് പട്ടണത്തിൽ നിന്ന് കുടിയേറിയിവരാണ്. പിതാവ് ഒരു തുണി വ്യാപാരിയായിരുന്നു അഹമ്മദാബാദിലെ ഷെത്ത് ചിമൻലാൽ നാഗിന്ദാസ് വിദ്യാലയ സ്‌കൂളിലാണ് വിദ്യാഭ്യാസം. ഗുജറാത്ത് സർവകലാശാലയിൽ കൊമേഴ്സിൽ ബിരുദത്തിന് ചേർന്ന ഗൗതം പക്ഷേ രണ്ടാം വർഷമായപ്പോൾ തന്നെ പഠനം ഉപേക്ഷിച്ചു.അക്കാലത്തും തന്റെ മനസ്സിൽ ബിസിനസ് ആയിരുന്നുവെന്നാണ് ദ വീക്കിന് നൽകിയ അഭിമുഖത്തിൽ അദാനി പറയുന്നത്. പക്ഷേ പിതാവിന്റെ തുണി ബിസിനസിൽ അദ്ദേഹത്തിന് അശേഷം താൽപ്പര്യം ഉണ്ടായിരുന്നില്ല.

പഠനം ഉപേക്ഷിച്ച് അന്നത്തെ ബോംബെ മഹാനഗരത്തിൽ എത്തിയതിന് പിന്നിൽ ഒരു വ്യവസായി ആവുക എന്ന സ്വപനം മാത്രമായിരുന്നു. 1978 ൽ കൗമാരപ്രായത്തിൽ, തന്റെ സമപ്രായക്കാർ ഉല്ലസിച്ച് നടക്കുന്ന സമയത്ത് ഗൗതം മുംബൈയിലെ മഹേന്ദ്ര ബ്രദേഴ്സിന്റെ ഡയമണ്ട് സോർട്ടറായി ജോലി ചെയ്യുകയായിരുന്നു. മുംബൈയിലെ സവേരി ബസാറിൽ സ്വന്തമായി ഡയമണ്ട് ബ്രോക്കറേജ് സ്ഥാപനം സ്ഥാപിക്കുന്നതിനുമുമ്പ് അദ്ദേഹം 3 വർഷം അവിടെ ജോലി ചെയ്തു. വജ്ര വ്യാപാരത്തിലേക്ക് ഇറങ്ങണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ അതിനുള്ള വലിയ മുടക്കുമുതൽ വിഘാതമായി. അങ്ങനെ നിൽക്കുമ്പോൾ സ്വന്തം സഹോദരനാണ് അദ്ദേഹത്തിന് ആദ്യ ബ്രേക്ക് നൽകുന്നത്.

1981 ൽ അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ മൻസുഖ്ഭായ് അദാനി അഹമ്മദാബാദിൽ ഒരു പ്ലാസ്റ്റിക് യൂണിറ്റ് വാങ്ങി. ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ അയാൾ ഗൗതമിനെ ക്ഷണിച്ചു. പക്ഷേ അവിടെ ഗൗതം കളം മാറ്റി ചവിട്ടി. പ്ലാസ്റ്റിക്കിന്റെ സാധ്യതകൾ നന്നായി പഠിച്ച അദ്ദേഹം പോളി വിനൈൽ ക്ലോറൈഡ് (പിവിസി) ഇറക്കുമതിയിലേക്ക് മാറി. ആഗോള വ്യാപാരത്തിലേക്കുള്ള അദാനിയുടെ കവാടമായിരുന്നു ഇത്. പിവിസി ബിസിനസ് പെട്ടന്ന് വളർന്നു. 1985 ൽ ചെറുകിട വ്യവസായങ്ങൾക്കായി പ്രാഥമിക പോളിമറുകൾ ഇറക്കുമതി ചെയ്യാൻ തുടങ്ങി. 1988ൽ അദാനി എക്സ്പോർട്ട്സ് ആൻഡ് ഇംപോർട്സ് എന്ന സ്ഥാപനം തുടങ്ങി. തൊണ്ണൂറുകളിൽ പിവിസി ഇറക്കുമതി ചെയ്യുമ്പോൾ അദാനി സാക്ഷാൽ റിലയൻസിനെത്തന്നെ വെല്ലുവിളിച്ചു. പ്ലാസ്റ്റിക്ക് നിർമ്മാണത്തിനുള്ള അസംസ്‌കൃത വസ്തുവായ പിവിസി ചുളുവിലയ്ക്ക് വിൽപന നടത്തിയത് കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചുകൊണ്ടാണെന്ന് അക്കാലത്ത് ആരോപണമുണ്ടായിരുന്നു. പക്ഷേ, അതൊക്കെ അദാനി അതിജീവിച്ചു.

പിന്നീട് അദ്ദേഹം തന്റെ ബിസിനസ്സ് വിഭവങ്ങൾ, ലോജിസ്റ്റിക്‌സ്, കൃഷി, പ്രതിരോധം, എയ്റോസ്പേസ് എന്നിവയിൽ വൈവിധ്യവത്കരിച്ചു.അപ്പോഴെക്കെ ഗുജറാത്തിൽ മാത്രം അറിയപ്പെടുന്ന ഒരു സംരംഭകൻ മാത്രമായിരുന്നു അദാനി. പക്ഷേ മന്മോഹൻസിങ്ങിന്റെ 91ലെ ഉദാരവത്ക്കരണം അദാനിയുടെ തലവരമാറ്റി.

വൈവിധ്യങ്ങളുടെ രാജകുമാരൻ

വൈവിധ്യവത്ക്കരണമാണ് അദാനിയുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ ഒന്നിൽ പിഴവ് പറ്റിയാൽ അത് മറ്റൊന്ന്വെച്ച് നികത്തും. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഹരിത വൈദ്യുതി, കൽക്കരിയിൽ നിന്നുള്ള വൈദ്യുതി, സിമന്റ്, കാർഷികോൽപ്പന്ന കയറ്റുമതി, ലോജിസ്റ്റിക്‌സ്, എയ്‌റോസ്‌പേസ്....ഒടുവിലിതാ എൻഡിടിവിയും. അദാനിയുടെ സാമ്രാജ്യം വിപുലീകരിക്കപ്പെടുകയാണ്് .അദാനിയുടെ പബ്ലിക്കായ കമ്പനികൾ നോക്കുക. അദാനി എന്റർപ്രൈസസ്, അദാനി പോർട്‌സ് ആൻഡ് ലോജിസ്റ്റിക്‌സ്, അദാനി ഗ്യാസ്, അദാനി വിൽമർ, അദാനി പവർ, അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ. ഇവയെല്ലാം ലിസ്റ്റഡ് കമ്പനികളാണ്. അദാനി എന്റർപ്രൈസസിന്റെ ഓഹരി വില 3130 രൂപയ്ക്കടുത്ത്. ഇവയുടെ സംയുക്ത വിപണി മൂല്യം 20,000 കോടി ഡോളറാണ് (16 ലക്ഷം കോടി രൂപ!).

1985 മുതൽ ചെറുകിട വ്യവസായങ്ങൾക്കു വേണ്ട പ്രൈമറി പോളിമേഴ്‌സ് കച്ചവടം നടത്തിയാണ് അദാനി എന്ന കോളജ് ഡ്രോപ്പ് ഔട്ട് പ്രവർത്തനം തുടങ്ങുന്നത്. 1988ൽ അദാനി എക്‌സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചു. ഇന്ന് നിരവധി തുറമുഖങ്ങളുടെ നടത്തിപ്പ് ഈ കമ്പനിക്കാണ്. കയറ്റുമതി കമ്പനിയുടെ പേരിൽ 1991 മുതൽ കാർഷികോൽപ്പന്നങ്ങളും തുണിത്തരങ്ങളും ലോഹങ്ങളും കയറ്റുമതി ചെയ്തു. ഗുജറാത്തിൽ മുന്ധ്ര തുറമുഖം വളർന്നു വരുന്ന കാലം. അദാനിക്ക് തുറമുഖത്തിന്റെ മാനേജീരിയിൽ ഔട്ട്‌സോഴ്‌സിങ് കരാർ കിട്ടി. 1993. മുന്ധ്ര തുറമുഖത്തെ പ്രത്യേക സാമ്പത്തിക മേഖലയിൽ ഒരു ജെട്ടിയുടെ കരാർ എടുത്തുകൊണ്ടാണ് തുറമുഖ രംഗത്തേക്കുള്ള പ്രവേശം. 1995ൽ മുന്ധ്ര തുറമുഖത്തിന്റെ മാനേജ്‌മെന്റ് കരാർ കിട്ടി. ഇന്ന് വർഷം 20 കോടി ടൺ ചരക്ക് കൈകാര്യം ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണിത്.

ഇന്ന് ഇന്ത്യയിലെ 13 തന്ത്രപ്രധാന തുറമുഖങ്ങൾ നിയന്ത്രിക്കുന്നത് അദാനി പോർട്ട്‌സ് ലിമിറ്റഡാണ്. നമ്മുടെ വിഴിഞ്ഞം അതിലുൾപ്പെടും. ഇന്ത്യയുടെ തുറമുഖ ശേഷിയുടെ 24% അദാനിക്കാണ്. ഇവയാണ് ആ തുറമുഖങ്ങൾ1. മുന്ധ്ര, 2. കൃഷ്ണപട്ടണം, 3. ദാഹേജ്, 4.ട്യൂണ ടെർമിനൽ, 5.ഹസിറ, 6. മർഗാവ്, 7.കാട്ടുപ്പള്ളി, 8.എണ്ണൂർ, 9.വിശാഖപട്ടണം, 10.ധമ്‌റ, 11.ദിഖി. ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ തുറമുഖങ്ങൾ 5 എണ്ണം. ഗോവയിലും കേരളത്തിലും ഒഡീഷയിലും ആന്ധ്രയിലും ഓരോന്ന്. തമിഴ്‌നാട്ടിൽ രണ്ടെണ്ണം. അറബിക്കടൽ തീരത്തും ബംഗാൾ ഉൾക്കടൽ തീരത്തും തുറമുഖങ്ങളുള്ള ഏക വമ്പനാണ് അദാനി.

അദാനി പവർ 1996ൽ തുടങ്ങി. ഇന്ന് ഏകദേശം 5000 മെഗാവാട്ട് താപവൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ താപവൈദ്യുതി ഉത്പാദകൻ. ഓസ്‌ട്രേലിയയിൽ കൽക്കരി ഖനികളുണ്ട്. കൽക്കരി ഖനനം ചെയ്യുന്നതും അതുപയോഗിച്ച് ഇന്ത്യയിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതും വിൽക്കുന്നതും ഒരേ അദാനിതന്നെ. ഇങ്ങനെ ഒരു വ്യവസായത്തിനിന്നുള്ള കണക്ഷൻ വെച്ച് മറ്റൊരു മേഖലയിലേക്ക് കടക്കുന്നിടത്താണ് അദാനിയുടെ വിജയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP