Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

ബോയിക്കോട്ട് ചൈന മുദ്രാവാക്യം വിളിക്കുമ്പോളും ചൈനയെ ആട്ടിയോടിക്കുക എളുപ്പമാകില്ല; ഇന്ത്യൻ വിപണി കയ്യടക്കിയ റെഡ്മി മുതൽ ഇലക്ടോണിക്ക് രംഗത്തെ കുതിച്ചുചാട്ടം നടത്തിയതിന് പിന്നിൽ ചൈനക്കാരുടെ സാങ്കേതിക മികവ് തന്നെ; ഇലക്ട്രോണി ഉത്പ്പന്നങ്ങൾ മുതൽ ആവശ്യമരുന്ന് വരെ ആശ്രയിക്കേണ്ടത് ചൈനയെ; ഇന്ത്യയിൽ നിന്ന് പടിയിറക്കേണ്ടത് 500 ഇന ഉത്പ്പന്നങ്ങൾ; ചൈനീസ് ബഹിഷ്‌കരണം എളുപ്പമാകാത്തത് ഇന്ത്യയുടെ ഈ ദൗർബല്യങ്ങളാൽ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: അതിർത്തിയിൽ വെടിപൊട്ടിയതോടെ ചൈനക്കെതിരെ ഉയരുന്നത് കടുത്ത രോഷമാണ്. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്താണ് ഇന്ത്യയുടെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ചലഞ്ചുകളും ആഹ്വാനങ്ങളും മുന്നോട്ട് വെച്ചിരിക്കുന്നത്. ഇന്ത്യയെ കടന്നാക്രമിച്ച ചൈനയുടെ ഒരു ഉത്പന്നം പോലും ഇന്ത്യൻ വിപണിയിൽ ഇനി വേണ്ടയെന്ന് ആഹ്വാനം ചെയ്യുമ്പോഴും ചൈനീസ് വിപണിയെ ഇന്ത്യയിൽ നിന്ന് പുറം തള്ളുന്നത് അത്ര എളുപ്പമാകില്ല.

ചൈന ലോക വ്യാപാര സംഘടനയിൽ (ഡബ്ലിയുടിഒ) 2001ൽ അംഗമായതിനു ശേഷമാണ് ഇന്ത്യ ചൈന വ്യാപാരം വികസിക്കാൻ തുടങ്ങിയത്. 2003 -04 കാലത്ത് ചൈനയിൽ നിന്നുള്ള ഇറക്കുമതി 410 കോടി ഡോളറിന്റേതും കയറ്റുമതി 300 കോടി ഡോളറിന്റേതുമായിരുന്നു. തുടർ വർഷങ്ങളിൽ നാടകീയമാറ്റങ്ങളാണ് ഉണ്ടായത്.

അടുത്ത 5 വർഷത്തിൽ ഇന്ത്യയുടെ ഇറക്കുമതി 8 മടങ്ങ് വർധിച്ചപ്പോൾ കയറ്റുമതി 3 മടങ്ങ് മാത്രമാണ് വർധിച്ചത്. അടുത്ത ദശകമായപ്പോഴേയ്ക്കും ചൈന ഇന്ത്യയിലെ അവരുടെ വിപണി പിന്നെയും വികസിപ്പിച്ചു. 2017-18 ൽ ഇറക്കുമതി 7600 കോടി ഡോളറിലെത്തി. അതേസമയം, കയറ്റുമതി 2012-13 ൽ 1800 കോടി ഡോളർ ആയിരുന്നത് 1300 കോടി ഡോളറായി ചുരുങ്ങി. കഴിഞ്ഞ 3 വർഷത്തിനിടയിൽ ഇറക്കുമതി 6500 കോടി ഡോളറായി താഴുകയും കയറ്റുമതി 1600 കോടി ഡോളറിലേക്ക് ഉയരുകയും ചെയ്തു.

ഇറക്കുമതിയിലെ വർധനയും സ്തംഭനാവസ്ഥയും വ്യാപാര കമ്മിയും ആണ് ഇന്ത്യയെ ആശങ്കപ്പെടുത്തേണ്ടത്. 2019 ലെ ലോകബാങ്ക് കണക്ക് കാണിക്കുന്നത് ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതിയുടെ 72 ശതമാനവും അസംസ്‌കൃത വസ്തുക്കളോ അസംസ്‌കൃത ഉൽപന്നങ്ങളോ ആണെന്നും ഇറക്കുമതിയിൽ മൂന്നിൽ രണ്ടും ഉപഭോക്തൃ സാധനങ്ങളോ അടിസ്ഥാന യന്ത്രോപകരണങ്ങളോ ആണെന്നുമാണ്.

ചൈനയിൽ നിന്നുള്ള ഇറക്കുമതിയിലെ 2 പ്രധാന ഘടകങ്ങൾ ഇലക്ട്രോണിക് ഉപകരണങ്ങളും ഭാഗങ്ങളും, മരുന്നുനിർമ്മാണ ഘടകങ്ങളുമാണ്. അതിനാൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ചില നിർണായക മേഖലകൾ ചൈനയെ ആശ്രയിച്ചാണ് നിൽക്കുന്നത്. 201718 ൽ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് രംഗത്ത് ഇന്ത്യയുടെ ആവശ്യത്തിന്റെ 60 ശതമാനവും മരുന്നുനിർമ്മാണമേഖലയുടെ 69 ശതമാനവും നിറവേറ്റിയത് ചൈനയാണ്.

പല പ്രധാന മരുന്നുകളുടെയും നിർമ്മാണ ഘടകങ്ങൾക്ക് ചൈനയെ അതിരുകടന്ന് ആശ്രയിക്കേണ്ടി വരുന്നു എന്നത് ഇന്ത്യ നേരിടുന്ന തലവേദനയാണ്. പല അവശ്യ ഉൽപന്നങ്ങൾക്കും അവരെ ആശ്രയിക്കാതെ വയ്യെന്ന സ്ഥിതിയിൽ വ്യാപാര വളർച്ചയെ രാഷ്ട്രീയ ഭിന്നത പിന്നോട്ടടിപ്പിക്കാൻ സാധ്യത കുറവാണ്. ഇന്ത്യ അവശ്യ ഉൽപന്നങ്ങളുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടണമെന്ന നിർദ്ദേശങ്ങൾ വർഷങ്ങളായി ഉയർന്നുവരുന്നുണ്ട്. അതിനു സർക്കാർ പിന്തുണ വേണ്ടിവരും.

ചൈനീസ് ഇറക്കുമതി ഇന്ത്യയിൽ

ബഹിഷ്‌കരിക്കേണ്ട 500 ലധികം 'മെയ്ഡ് ഇൻ ചൈന' ഉൽപ്പന്നങ്ങളുടെ പട്ടിക കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സിഐടി) പുറത്തിറക്കി. റിപ്പോർട്ട് അനുസരിച്ച്, ലഡാക്ക് അതിർത്തിയിലെ ആക്രമണത്തെക്കുറിച്ച് വ്യാപാരികളുടെ സംഘടന ശക്തമായ വിമർശിച്ചു. ചൈനയുടെ മനോഭാവം രാജ്യത്തിന്റെ (ഇന്ത്യ) താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നും സംഘടന കൂട്ടിച്ചേർത്തു.

കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, ദൈനംദിന ഉപയോഗ വസ്തുക്കൾ, അടുക്കള ഇനങ്ങൾ, ഫർണിച്ചർ, ഹാർഡ്വെയർ, പാദരക്ഷകൾ, ഹാൻഡ്ബാഗുകൾ, ലഗേജ്, ഇലക്ട്രോണിക്സ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഇലക്ട്രോണിക്സ്, വാച്ചുകൾ, രത്‌നങ്ങൾ, ആഭരണങ്ങൾ, സ്റ്റേഷനറി, പേപ്പർ, വീട്ടുപകരണങ്ങൾ എന്നിവ പട്ടികയിലെ ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു. ആരോഗ്യ ഉൽപ്പന്നങ്ങൾ, ഓട്ടോ പാർട്‌സ് തുടങ്ങിയവയും പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. ഇന്ത്യയിൽ ഏറ്റവും പ്രചാരം നേടിയ സ്മാർട്ട് ഫോണായ ഷവോമിയുടെ റെഡ്മി വരെ ചൈനീസ് കമ്പനിയാണ്.

ചൈനീസ് ബഹിഷ്‌കരണം നടത്തുമ്പോൾ തന്നെ പകരം വയ്ക്കാനില്ലാത്ത സാങ്കേതിക വിദ്യ കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്. നോക്കിയയേയും സാംസങ്ങിനേയും കടത്തിവെട്ടിയാണ് റെഡ്മി ഇന്ത്യൻ വിപണി കയ്യടക്കിയത്. ഇന്ത്യൻ കമ്പനിയായ മൈക്രോ മാക്‌സ് വരെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. ചൈനയുടെ സാങ്കേതിക സംവിധാനവും വിലയിലെ നേരിയ കുറവും തന്നെയാണ് ചൈനീസ് ഉത്പന്നങ്ങളിലേക്ക് ഇന്ത്യൻ ജനതയെ അടുപ്പിച്ചത്.ചൈനയിൽ നിന്ന് ബഹിഷ്‌കരിക്കേണ്ട 500 ലധികം ഉത്പന്നങ്ങൾ ഉൾക്കൊള്ളുന്ന പട്ടികയാണ് 'ഇന്ത്യയുടെ ഉത്പന്നങ്ങൾ - നമ്മുടെ അഭിമാനം' എന്ന പേരിൽ സിഐടി പുറത്തിറക്കിയിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ, 2021 ഡിസംബറോടെ ചൈനയിൽ നിന്നുള്ള ഇറക്കുമതിയിൽ 13 ബില്യൺ ഡോളറിന്റെ (ഏകദേശം ഒരു ലക്ഷം കോടി രൂപ) കുറവുണ്ടാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിൽ ചൈനയിൽ നിന്നുള്ള വാർഷിക ഇറക്കുമതി 5.25 ലക്ഷം കോടി രൂപയാണ് (70 ബില്യൺ ഡോളർ.

ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ നിർമ്മിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെങ്കിലും ഇറക്കുമതി ചെയ്യുമ്പോൾ വില നിർണ്ണായക ഘടകമാണ്. ഈ വസ്തുക്കൾ നിർമ്മിക്കാൻ പ്രത്യേക സാങ്കേതികവിദ്യ ആവശ്യമില്ല. ഈ ചരക്കുകൾ ഇന്ത്യയിൽ എളുപ്പത്തിൽ നിർമ്മിക്കാനും ചൈനീസ് ഇറക്കുമതിക്ക് പകരം വയ്ക്കാനും കഴിയും.

ചരക്കുകൾക്കായി ഇന്ത്യയെ ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന് സിഐടി ദേശീയ പ്രസിഡന്റ് ബി.സി ഭാരതിയയും ദേശീയ ജനറൽ സെക്രട്ടറി പ്രവീൺ ഖണ്ടേൽവാളും വ്യക്തമാക്കുന്നത്.നിലവിൽ, ഇത്തരം ഇനങ്ങൾ ബഹിഷ്‌കരണത്തിന്റെ പരിധിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. കാരണം ഇത്തരത്തിലുള്ള സാങ്കേതികവിദ്യയുടെ ബദൽ ഇന്ത്യയിൽ വികസിപ്പിക്കുകയോ അല്ലെങ്കിൽ ഏതെങ്കിലും സൗഹൃദ രാഷ്ട്രങ്ങൾ നിർമ്മിക്കുകയോ ചെയ്യുന്നതുവരെ, മറ്റ് മാർഗങ്ങളില്ലെന്നും അവർ അഭിപ്രായപ്പെട്ടു. ചെറുകിട സംരംഭങ്ങളെ ആശ്രയിക്കുകയാണ് ഏറെ മാർഗം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP