Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202325Saturday

ഓഹരി വിപണിയിലെ അസ്ഥിരതയിൽ കമ്പനി ഓഹരി വിലകൾ ആടിയുലഞ്ഞു; ബുധനാഴ്ചയും വലിയ ചാഞ്ചാട്ടം; പ്രതിസന്ധികൾക്കിടയിലും ലക്ഷ്യം കണ്ട 20,000 കോടിയുടെ എഫ്പിഒ പിൻവലിക്കാൻ അദാനി എന്റർപ്രൈസസ് തീരുമാനം; നിക്ഷേപകർക്ക് തുക മടക്കി നൽകും; വിപണിയിലെ ഏറ്റക്കുറച്ചിലിൽ എഫ്പിഒയുമായി മുന്നോട്ടുപോകുന്നത് ധാർമികമായി ശരിയല്ലെന്ന് ഗൗതം അദാനി; അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനം

ഓഹരി വിപണിയിലെ അസ്ഥിരതയിൽ കമ്പനി ഓഹരി വിലകൾ ആടിയുലഞ്ഞു;  ബുധനാഴ്ചയും വലിയ ചാഞ്ചാട്ടം; പ്രതിസന്ധികൾക്കിടയിലും ലക്ഷ്യം കണ്ട  20,000 കോടിയുടെ എഫ്പിഒ പിൻവലിക്കാൻ അദാനി എന്റർപ്രൈസസ് തീരുമാനം; നിക്ഷേപകർക്ക് തുക മടക്കി നൽകും; വിപണിയിലെ ഏറ്റക്കുറച്ചിലിൽ എഫ്പിഒയുമായി മുന്നോട്ടുപോകുന്നത് ധാർമികമായി ശരിയല്ലെന്ന് ഗൗതം അദാനി; അസാധാരണ സാഹചര്യത്തിൽ അസാധാരണ തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പ്രതിസന്ധികൾക്കിടെ ലക്ഷ്യം കണ്ട എഫ്പിഒ പിൻവലിക്കാൻ അദാനി എന്റർപ്രൈസസിന്റെ തീരുമാനം. എഫ്പിഒ നിക്ഷേപ തുക നിക്ഷേപകർക്ക് തിരികെ നൽകാൻ കമ്പനി ബോർഡ് തീരുമാനിച്ചു.നിലവിലെ അസാധാരണ സാഹചര്യവും, ഓഹരി വിപണിയിലെ അസ്ഥിരതയും കണക്കിലെടുത്താണ് ഈ അസാധാരണ തീരുമാനം എടുത്തത്. അദാനി എന്റർപ്രൈസസ് വാർത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

എഫ്പിഒയ്ക്ക് നിക്ഷേപകർ നൽകിയ പിന്തുണയ്ക്ക് ചെയർമാൻ ഗൗതം അദാനി നന്ദി പറഞ്ഞു. 'എഫ്പിഒ സബ്‌സ്‌ക്രിപ്ഷൻ ഇന്നലെ വിജയകരമായി പൂർത്തിയാക്കി. ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും നിക്ഷേപകർ അർപ്പിച്ച വിശ്വാസത്തിന് നന്ദി. എന്നാൽ, ബുധനാഴ്ച ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടെ, അദാനി ഓഹരിവിലയിൽ വലിയ ഏറ്റക്കുറച്ചിൽ വന്നു. ഈ സാഹചര്യത്തിൽ എഫ്്പിഒയുമായി മുന്നോട്ട് പോകുന്നത് നിക്ഷേപകരുടെ താൽപര്യത്തിന് വിരുദ്ധവും ധാർമികമായി ശരിയുമല്ലെന്ന് ബോർഡ് യോഗം വിലയിരുത്തി. നിക്ഷേപകരുടെ താൽപര്യം പരമപ്രധാനമായതുകൊണ്ടും അവരെ വലിയ നഷ്ടത്തിൽ നിന്ന് സംരക്ഷിക്കേണ്ടത് അത്യാവശ്യമായതുകൊണ്ടും എഫ്പിഒയുമായി മുന്നോട്ടുപോകേണ്ടെന്ന് ബോർഡ് തീരുമാനിച്ചു', ഗൗതം അദാനി കുറിപ്പിൽ പറഞ്ഞു. നിക്ഷേപകരുടെ തുക ഉടൻ തന്നെ മടക്കി നൽകും.

ഈ തീരുമാനം കമ്പനിയുടെ നിലവിലുള്ള പ്രവർത്തനത്തെയോ, ഭാവി പദ്ധതികളെയോ ഒരുതരത്തിലും ബാധിക്കില്ല. ബാലൻസ് ഷീറ്റ് വളരെ ശക്തമാണെന്നും സുരക്ഷിതമായ ആസ്തികൾ ഉണ്ടെന്നും, വിപണി സ്ഥിരതയ്യാർജ്ജിക്കുമ്പോൾ തങ്ങൾ മൂലധന വിപണി നയം വീണ്ടും പരിശോധിക്കുമെന്നും ഗൗതം അദാനി അറിയിച്ചു.

 

യുഎസ് ധനകാര്യ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് ഉന്നയിച്ച ആരോപണങ്ങൾക്കിടയിലും അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപ സമാഹരിക്കാനുള്ള അനുബന്ധ ഓഹരി ഇഷ്യുവിന് (എഫ്പിഒ) മികച്ച പ്രതികരണമായിരുന്നു. അവസാനദിവസം 1.12 മടങ്ങ് ഓഹരികൾക്കുള്ള അപേക്ഷകളാണ് എഫ്പിഒയിൽ എത്തിയത്. ആദ്യ ദിവസങ്ങളിൽ തണുത്ത പ്രതികരണമായിരുന്നു. 4.5 കോടി ഓഹരികളാണ് എഫ്പിഒയിൽ വച്ചത്. 5.08 കോടി ഓഹരിക്കുള്ള അപേക്ഷയെത്തി.

എന്നാൽ, കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ബുധനാഴ്ചയും അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ ഇടിവ്. ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ചിൽ 30 ശതമാനം നഷ്ടം രേഖപ്പെടുത്തി. വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 92 ബില്യൺ ഡോളർ നഷ്ടമെന്ന് ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വ്യക്തിപരമായി അദാനിയുടെ സമ്പത്ത് 40 ബില്യൺ കുറഞ്ഞു. ക്രെഡിറ്റ് സ്വീസ് അദാനി കമ്പനികളുടെ ബോണ്ടുകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചു.

അദാനി പോർട്‌സ് 19.18 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 10 ശതമാനവും അദാനി എനർജി 5.60 ശതമാനവും അംബുജ സിമന്റ് 16.72 ശതമാനവും നഷ്ടം രേഖപ്പെടുത്തി. അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ, അദാനി ഗ്രീൻ എനർജി, അദാനി ഇലക്ട്രിസിറ്റി എന്നിവ നൽകുന്ന ബോണ്ടുകളുടെ മൂല്യവും ക്രെഡിറ്റ് സ്വീസ് കുറച്ചു.

അമേരിക്കൻ സ്ഥാപനമായ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവിട്ടതോടെയാണ് അദാനി കമ്പനികൾക്ക് ഓഹരി വിപണിയിൽ വലിയ തിരിച്ചടി നേരിട്ടത്. ഇതോടെ ഓഹരി വില വൻതോതിൽ കൂപ്പുകുത്തുകയായിരുന്നു. നേരത്തെ ഫോബ്‌സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ അദാനി പത്താം സ്ഥാനത്തേക്ക് വീണിരുന്നു.

ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായി. ഫോബ്‌സിന്റെ പുതിയ പട്ടികയിലാണ് അംബാനി അദാനിയെ മറികടന്നത്. ഫോബ്‌സിന്റെ പട്ടികയിൽ ഗൗതം അദാനി പത്താം സ്ഥാനത്തേക്ക് വീണു. 83.9 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി.

അതേസമയം, 84.3 ബില്യൺ ഡോളർ ആസ്തിയോടെ മുകേഷ് അംബാനി പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. 214 ബില്യൺ ഡോളർ ആസ്തിയോടെ ബെർനാർഡ് അർനോൾട്ടാണ് ഒന്നാം സ്ഥാനത്ത്. 178.3 ബില്യൺ ഡോളർ ആസ്തിയോടെ ഇലോൺ മസ്‌കാണ് രണ്ടാമത്. 126.3 ബില്യൺ ഡോളറിന്റെ ആസ്തിയോടെ ജെഫ് ബെസോസാണ് മൂന്നാം സ്ഥാനത്ത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP