Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോർപ്പറേറ്റുകൾക്ക് കടംനൽകി മുടിഞ്ഞ ബാങ്കുകളെ രക്ഷിക്കാൻ പാവപ്പെട്ടവന്റെ പണം അക്കൗണ്ടുകളിൽ മരവിപ്പിച്ചു നിർത്തുന്നു; രാജ്യത്ത് നടപ്പിലാക്കുന്നത് 'നാശത്തിലേക്കുള്ള പാത'യിൽ എഴുതപ്പെട്ടതുപോലെയുള്ള കാര്യങ്ങൾ; കറൻസി നിരോധനത്തിന്റെ പേരിൽ നരേന്ദ്ര മോദി പറയുന്നതെല്ലാം തട്ടിപ്പെന്ന് വ്യക്തമാക്കി ബംഗളൂരുവിലെ അഡ്വക്കേറ്റിന്റെ ലേഖനം

കോർപ്പറേറ്റുകൾക്ക് കടംനൽകി മുടിഞ്ഞ ബാങ്കുകളെ രക്ഷിക്കാൻ പാവപ്പെട്ടവന്റെ പണം അക്കൗണ്ടുകളിൽ മരവിപ്പിച്ചു നിർത്തുന്നു; രാജ്യത്ത് നടപ്പിലാക്കുന്നത് 'നാശത്തിലേക്കുള്ള പാത'യിൽ എഴുതപ്പെട്ടതുപോലെയുള്ള കാര്യങ്ങൾ; കറൻസി നിരോധനത്തിന്റെ പേരിൽ നരേന്ദ്ര മോദി പറയുന്നതെല്ലാം തട്ടിപ്പെന്ന് വ്യക്തമാക്കി ബംഗളൂരുവിലെ അഡ്വക്കേറ്റിന്റെ ലേഖനം

മറുനാടൻ ഡെസ്‌ക്‌

ലോകത്തിലെ സാമ്പത്തിക രംഗത്തെ ചാഞ്ചാട്ടങ്ങളെയും വിവിധ രാജ്യങ്ങൾ നടപ്പിലാക്കുന്ന നയങ്ങളെയും വിലയിരുത്തിയും വിമർശിച്ചും ജെയിംസ് റിക്കാർഡ്‌സ് എന്ന എഴുത്തുകാരൻ എഴുതുന്ന പുസ്തകങ്ങൾ ബെസ്റ്റ് സെല്ലറുകളാണ്. കറൻസി വാർസ് (കറൻസി യുദ്ധങ്ങൾ), ദ ഡെത്ത് ഓഫ് മണി (പണത്തിന്റെ മരണം) എന്നീ പുസ്തങ്ങൾ എഴുതി ശ്രദ്ധനേടിയ ജെയിംസിന്റെ ഇപ്പോഴത്തെ ഏറ്റവും പുതിയ ബെസ്റ്റ് സെല്ലറാണ് ദ റോഡ് ടു റൂയിൻ (നാശത്തിലേക്കുള്ള പാത).

നാശത്തിലേക്കുള്ള പാതയെന്ന തന്റെ പുതിയ പുസ്തകത്തിൽ പറയുന്നതിന് സമാനമായ സാഹചര്യമാണ് ഇന്ത്യയിൽ ഇപ്പോൾ കറൻസി നിരോധനത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് വസതുതകളെ അപഗ്രഥിച്ച് ബംഗളൂരുവിൽ നിന്നുള്ള അഡ്വക്കേറ്റ് ശ്രീധർ ചക്രവർത്തി രാമൻ എഴുതിയ ലേഖനും ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. യൂറോപ്പിലും യുഎസിലുമെല്ലാം ഇത്തരമൊരു യുദ്ധം നടന്നിരുന്നു.

നെഗറ്റീവ് പലിശ നിരക്കുകളും പിടിച്ചെടുക്കൽ പ്രവണതയോടെയുള്ള നികുതി പരിഷ്‌കരണങ്ങളും മറ്റും കൊണ്ടുവന്ന് സമ്പാദ്യങ്ങൾ പിടിച്ചെടുക്കുന്നതും കറൻസി ഒഴിവാക്കി ജനങ്ങളുടെ സമ്പാദ്യം മുഴുവൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ബാങ്കുകളിൽ എത്തിക്കുന്നതും ആണ് സർക്കാരുകൾ ചില ഘട്ടങ്ങളിൽ പ്രയോഗിക്കുന്ന തന്ത്രങ്ങൾ. ഇത് ഫലപ്രദമായി നടപ്പാക്കാൻ പണം എന്നത് ഇല്ലാതാകണമെന്ന് റിക്കാർഡ്‌സ് തന്റെ പുസ്തകത്തിൽ പറഞ്ഞിരുന്നു. ഈ സാഹചര്യമാണ് ഇന്ത്യയിൽ കറൻസി നിരോധനത്തിലൂടെ മോദി നടപ്പാക്കിയതെന്നാണ് ലേഖനത്തിൽ പറയുന്നത്.

കറൻസി നിരോധനം കൊണ്ടവന്നത് കള്ളപ്പണം പുറത്തുകൊണ്ടുവരികയെന്ന ഉദ്ദേശത്തിലല്ലെന്നും മറിച്ച് കോർപ്പറേറ്റ് കമ്പനികൾക്ക് കടംകൊടുത്ത് മുടിഞ്ഞ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കാനായിരുന്നുവെന്നും കാര്യകാരണസഹിതം ലേഖകൻ സമർത്ഥിക്കുന്നുണ്ട്. 2015-16 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ 17,672 കോടി നഷ്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. 2014-15 കാലത്ത് 36,350 കോടി ലാഭത്തിലായിരുന്ന ബാങ്കുകളാണ് തൊട്ടടുത്ത സാമ്പത്തിക വർഷത്തോടെ ഇത്രയും നഷ്ടത്തിലായത്. 2015 ജനുവരിയിൽ 4,419.25 ആയിരുന്ന നിഫ്റ്റി പൊതുമേഖലാ ബാങ്ക് ഇൻഡക്‌സ് ഇക്കൊല്ലം ജൂലായ് ആയപ്പോഴേക്കും 2,913 പോയന്റിലേക്ക് ഇടിഞ്ഞു.

ഇതിനെ മറികടക്കാൻ സർക്കാരിന്റെ പക്കൽ ഉണ്ടായിരുന്നത് രണ്ടുവഴികളായിരുന്നു. ഒന്നുകിൽ ആവശ്യത്തിന് പണം ലഭ്യമാക്കുക. അല്ലെങ്കിൽ സാമ്പത്തിക സിസ്റ്റത്തെ മരവിപ്പിച്ച് നിർത്തുക. ഇതിൽ രണ്ടാമത്തെ ഉപാധിയാണ് മോദി സർക്കാർ സ്വീകരിച്ചത്. ലോകത്ത് മറ്റു രാജ്യങ്ങളിലും പ്രയോഗിച്ച ഇത്തരം മരവിപ്പിക്കൽ 'ഐസ് നയൻ' എന്നാണ് അറിയപ്പെടുന്നത്. 2012ൽ സൈപ്രസിലും 2015ൽ ഗ്രീക്കിലും മാരകമായ ഈ പ്രയോഗം നടത്തിയിരുന്നു.

കള്ളപ്പണവും കള്ളനോട്ടും വേട്ടയാടാൻ എന്നു പറഞ്ഞ് നടപ്പാക്കിയ കറൻസി നിരോധനം മാസമൊന്ന് പിന്നിട്ടപ്പോഴേക്കും അതിനുവേണ്ടിയല്ലെന്ന് വ്യക്തമാവുകയാണ്. സമൂഹത്തെ കാഷ്‌ലെസ് ആക്കാനും ഡിജിറ്റൽ ഇടപാടുകാരാക്കി ജനത്തെ ഉയർത്താനുമായിരുന്നു നടപടിയെന്നാണ് ഇപ്പോൾ കേന്ദ്രസർക്കാർ കറൻസി നിരോധനത്തെ ന്യായീകരിക്കുന്നത്. പക്ഷേ, കാര്യം ഇതൊന്നുമല്ല. മറിച്ച് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ രക്ഷിക്കാനുള്ള അറ്റകൈ പ്രയോഗമാണ് സർക്കാർ നടത്തിയത്. ഈ സാഹചര്യമുണ്ടായതാകട്ടെ കോർപ്പറേറ്റുകൾക്ക് മുൻപിൻ നോക്കാതെ കടംകൊടുത്തതിനാലാണ്.

ഈ കടങ്ങൾ തിരിച്ചുകിട്ടാതെ വന്നതോടെ നിഷ്‌ക്രിയ ആസ്തി പെരുകി ബാങ്കുകൾ വൻ നഷ്ടത്തിലേക്ക് വീണു. ഇത് ഇപ്പോഴത്തെ കണക്കിൽ ഏതാണ്ട് ആറു ലക്ഷം കോടിയോളം വരും. ആകെ നിഷ്‌ക്രിയ ആസ്തി നേരത്തേയുണ്ടായിരുന്ന അഞ്ചു ശതമാനത്തിൽ നിന്ന് 9.5 ശതമാനമായാണ് കഴിഞ്ഞ സാമ്പത്തിക വർഷം ഉയർന്നത്. അങ്ങനെയാണ് 36,350 കോടി ലാഭത്തിലായിരുന്ന ബാങ്കുകൾ ഒറ്റ വർഷം കൊണ്ട് 17,672 കോടി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത്. ഇതോടെ അവയുടെ ഓഹരി മൂല്യം ഇടിഞ്ഞു.

ഇതിനു പുറമെയാണ് നിക്ഷേപങ്ങളിലുണ്ടായ ചോർച്ചയും ബാങ്കുകളെ വേട്ടയാടിയത്. ഒന്നര ലക്ഷം മുതൽ രണ്ടുലക്ഷം കോടിവരെ നിക്ഷേപങ്ങൾ കുറഞ്ഞു. 2013ൽ എൻആർഐകളിൽ നിന്ന് വാങ്ങിയ നിക്ഷേപങ്ങളുടെ (എഫ്‌സിഎൻആർ) കാലാവധി പൂർത്തിയായതോടെ സെപ്റ്റംബർ-നവംബർ കാലത്ത് അവ തിരിച്ചു നൽകേണ്ട സാഹചര്യവും ഉണ്ടായി. ഇതെല്ലാം ബാലൻസ് ഷീറ്റിൽ പ്രതിഫലിക്കുമെന്ന് വന്നതോടെ ബാങ്കുകൾ വൻ പ്രതിസന്ധിയിലേക്കാണ് നീങ്ങിയത്.

ഇതിനെല്ലാം പുറമെയാണ് ചെറുകിട നിക്ഷേപംപോലും ജിഡിപിയുടെ 9.8 ശതമാനമായി താഴ്ന്നത്. കഴഞ്ഞ 25 വർഷത്തെ ഏറ്റവും താഴ്ന്ന നിലയായിരുന്നു ഇത്. ഇത്തരത്തിൽ രാജ്യത്ത് ബാങ്കുകൾ സാമ്പത്തിക പരക്കംപാച്ചിൽ നേരിട്ടപ്പോൾ അതിൽ നിന്ന് അവരെ രക്ഷിക്കാനുള്ള ഉപാധിയെന്ന നിലയിൽ മാത്രമാണ് കേന്ദ്രസർക്കാർ കറൻസി നിരോധനമെന്ന അറ്റകൈ പ്രയോഗം പുറത്തെടുത്തത്. ഐസ് നയൻ എന്ന് അറിയപ്പെടുന്ന ഈ മരവിപ്പിക്കൽ പ്രക്രിയയിലൂടെ ഓരേ സമയം ബാങ്കുകളിലേക്ക് ജനങ്ങളിൽ നിന്ന് പണമെത്തിക്കുകയും അത് തിരിച്ചെടുക്കാൻ അവർക്ക് അവസരം നൽകാതിരിക്കുകയും ചെയ്യുകയാണ് ചെയ്യുക.

ഇതിനായി എടിഎമ്മുകൾ പൂട്ടിയിടുകയും ബാങ്ക് അക്കൗണ്ടിൽ നിന്ന് പണമെടുക്കുന്നതിന് നിയന്ത്രണം കൊണ്ടുവരികയും ചെയ്യും. ഇപ്പോൾ ഇതാണ് ഇന്ത്യയിൽ സംഭവിച്ചിരിക്കുന്നതെന്നും അല്ലാതെ കള്ളപ്പണവേട്ടയല്ലെന്നുമാണ് ലേഖനത്തിൽ വിശദീകരിക്കുന്നത്. സൈപ്രസിലും ഗ്രീക്കിലും ഉണ്ടായ സമാന സാഹചര്യങ്ങളിലെ സാമ്പത്തിക തകർച്ചയിൽ പരീക്ഷിക്കപ്പെട്ടത് ഇതേ രീതിയാണെന്നും ലേഖകൻ സമർത്ഥിക്കുന്നു. നിക്ഷേപകരുടെ പണം പിൻവലിക്കാൻ അനുവദിക്കാതെ തടഞ്ഞത് വലിയ പ്രശ്‌നമാണ് രണ്ടിടത്തും സൃഷ്ടിച്ചത്. ഇതോടെ രാജ്യത്ത് കറൻസിക്കായി ജനം പരക്കംപാഞ്ഞു തുടങ്ങി. ഗ്രീക്ക് പ്രതിസന്ധിയെ തുടർന്ന് അവിടെ ജനങ്ങൾ കറൻസിയില്ലാതെ പഴയകാല ബാർട്ടർ സിസ്റ്റം തന്നെ പുനഃസ്ഥാപിക്കേണ്ടിവന്നു. സമാനമായ സ്ഥിതിയാണ് ഇന്ത്യയിലും സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്.

ഇപ്പോൾ കറൻസിയുടെ ഉപയോഗം കുറയ്ക്കാൻ വേണ്ടി ആഹ്വാനം നൽകുകയും ആവശ്യത്തിന് പണം എടിഎമ്മുകളിൽ നിറയ്ക്കാതെയും അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ പരിധിവച്ചും നടപ്പിലാക്കുന്ന നിയന്ത്രണങ്ങൾ വാസ്തവത്തിൽ കൂടുതൽ പണം ബാങ്കുകളിൽ നിലനിർത്താൻ വേണ്ടിയാണെന്ന സൂചനകളാണ് ഇതോടെ പുറത്തുവരുന്നത്. സാധാരണക്കാരായ ജനങ്ങളെ കുഴപ്പത്തിലാക്കി ഇതെല്ലാം നടപ്പാക്കുന്നതാകട്ടെ വൻകിട കോർപ്പറേറ്റ് കമ്പനികൾക്ക് നൽകിയ പണം കിട്ടാക്കടമായി മാറിയതോടെ കുഴപ്പത്തിലായ ബാങ്കുകളെ രക്ഷിക്കാനുള്ള അവസാന ശ്രമമെന്ന നിലയിലും. അതിനാൽ തന്നെ ഇപ്പോഴത്തെ കറൻസി നിരോധനം കോർപ്പറേറ്റ് സൗഹൃദം കാത്തുസൂക്ഷിക്കുന്ന നരേന്ദ്ര മോദി സർക്കാർ അവരെ രക്ഷിക്കാൻ വേണ്ടി നടത്തുന്ന ഒരു ശ്രമം മാത്രമാണെന്നും ലേഖനും വിലയിരുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP