Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആദ്യദിവസം മാത്രം തുറന്നത് ഒന്നരക്കോടി അക്കൗണ്ടുകൾ; ലക്ഷ്യം ഏഴരക്കോടി പുതിയ അംഗങ്ങൾ; ഇന്ത്യയെ സമ്പൂർണ ബാങ്ക് അക്കൗണ്ട് ഉടമരാജ്യമാക്കാനുള്ള മോദിയുടെ വിപ്ലവത്തിന് ആവേശകരമായ തുടക്കം

ആദ്യദിവസം മാത്രം തുറന്നത് ഒന്നരക്കോടി അക്കൗണ്ടുകൾ; ലക്ഷ്യം ഏഴരക്കോടി പുതിയ അംഗങ്ങൾ; ഇന്ത്യയെ സമ്പൂർണ ബാങ്ക് അക്കൗണ്ട് ഉടമരാജ്യമാക്കാനുള്ള മോദിയുടെ വിപ്ലവത്തിന് ആവേശകരമായ തുടക്കം

ന്യൂഡൽഹി: രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ വൻവിപ്ലവത്തിന് വഴിയൊരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചിരിക്കുന്നത്. രാജ്യത്തെ പൗരന്മാർക്കെല്ലാം ബാങ്ക് അക്കൗണ്ട് ലഭ്യമാക്കുകയെന്ന വൻ ലക്ഷ്യമിട്ട് തുടങ്ങിയ ജൻധൻ യോജനയ്ക്കാണ് ഇന്നലെ ന്യൂദൽഹിയിൽ പ്രധാനമന്ത്രി തുടക്കം കുറിച്ചിരിക്കുന്നത്. ആരംഭദിവസമായ ഇന്നലെത്തന്നെ വൻ ജനപിന്തുണയാണ് ഈ പദ്ധതിക്ക് ലഭിച്ചിരിക്കുന്നത്. ഇന്നലെ മാത്രം രാജ്യത്തുടനീളമായി ഒന്നരക്കോടി ബാങ്ക് അക്കൗണ്ടുകൾ തുറന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ പൗരനേയും ബാങ്കുകളുമായി ബന്ധപ്പെടുത്തി സാമ്പത്തികരംഗത്തെ തൊട്ടുകൂടായ്മ ഇല്ലാതാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതിലൂടെ മാത്രമെ രാജ്യത്തെ ദാരിദ്ര്യം തുടച്ചുമാറ്റാനാവൂ എന്ന് മോദി പ്രഖ്യാപിച്ചു.

ബാങ്കിംഗിന്റെ സേവനങ്ങൾ എല്ലാവരിലേക്കുമെത്തിക്കുകയെന്നത് മോദിയുടെ സർക്കാരിന്റെ പ്രധാനനയങ്ങളിലൊന്നാണ്. അത് നടപ്പിലാക്കാനാണ് പ്രസ്തുതപരിപാടി രാജ്യവ്യാപകമായി ആരംഭിച്ചിരിക്കുന്നത്. മോദി സർക്കാർ നൂറു ദിവസം പിന്നിടുന്ന അവസരത്തിലാണ് ഈ പദ്ധതി നടക്കുന്നത്. രാജ്യത്തെ 10 കോടി ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ടും സമ്പാദ്യവുമില്ലെന്ന് ധന ്ര്രമന്തി അരുൺ ജയ്റ്റ്‌ലി പറഞ്ഞു. അടുത്ത കൊല്ലം ജനുവരിയോടെ 7.2 കോടി കുടുംബങ്ങൾക്ക് അക്കൗണ്ട് തുറക്കാൻ സർക്കാർ ശ്രമിക്കും. ജൻധൻ യോജന പദ്ധതിയുടെ ആദ്യംഘട്ടം ഈ മാസം ആരംഭിച്ച് അടുത്ത ഓഗറ്റിൽ അവസാനിക്കും. രണ്ടാം ഘട്ടം 2015ൽ തുടങ്ങി 2018ൽ അവസാനിക്കും.അക്കൗണ്ടുകളില്ലാത്ത രാജ്യത്തെ ഏഴരക്കോടി കുടുംബങ്ങൾക്ക് 2018ഓടെ രണ്ട് അക്കൗണ്ടുകൾ ലഭ്യമാക്കുകയാണ് ഇതിന്റെ അന്തിമലക്ഷ്യം.

ഇതിലൂടെ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട വൻപദ്ധതികൾ സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായാണ് സൂചന. ഈ പദ്ധതിപ്രകാരം അക്കൗണ്ട് തുറക്കാൻ നിയമത്തിന്റെ നൂലാമാലകളില്ല. ആധാർ കാർഡിന്റെ കോപ്പിയും ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയുമുള്ള ആർക്കും ഇതിലൂടെ എളുപ്പത്തിൽ അക്കൗണ്ട് സ്വന്തമാക്കാം. ജൻധൻ യോജനയിലൂടെ അക്കൗണ്ട് തുറക്കുന്നവർക്ക് ഒരു ലക്ഷം രൂപയുടെ അപകട ഇൻഷൂറൻസ് കവറേജും 30,000 രൂപയുടെ ലൈഫ് ഇൻഷൂറൻസ് കവറേജും ലഭിക്കുന്നതാണ്. ഇവർക്ക് ഒരു റുപേ ഡബിറ്റ് കാർഡും കരഗതമാകും. 5000 രൂപയുടെ ഓവർഡ്രാഫ്റ്റ് സൗകര്യവും ഇവർക്ക് ലഭിക്കും.

സാമൂഹ്യമായ തൊട്ടുകൂടായ്മ അവസാനിപ്പിക്കാനാണ് മഹാത്മാഗാന്ധി ശ്രമിച്ചത്. എന്നാൽ ദാരിദ്ര്യം ഇല്ലാതാക്കണമെങ്കിൽ സാമ്പത്തികരംഗത്തെ തൊട്ടുകൂടായ്മ കൂടി ഇല്ലാതാക്കണമെന്നും അതിന് ഇത്തരം പദ്ധതികൾ ആവശ്യമാണെന്നും ജൻധൻയോജനയുടെ ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് പ്രധാനമന്ത്രി പ്രസ്താവിച്ചു. സംസ്ഥാന തലസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും വിവിധയിടങ്ങളിൽ കേന്ദ്രക്യാബിനറ്റ് മന്ത്രിമാരും അതേ സമയം പദ്ധതിയുടെ ഉദ്ഘാനം നിർവഹിച്ചു. രാജ്യത്തുടനീളമായി മൊത്തം 600 ഇടങ്ങളിൽ ഈ പരിപാടി അരങ്ങേറിയിരുന്നു. ഇതിനായി വിവിധ ബാങ്കുകൾ 77,000 ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ഒറ്റദിവസത്തിൽ ഒന്നരക്കോടി അക്കൗണ്ടും ഇൻഷുറൻസ് പരിരക്ഷയും ബാങ്കിങ് ചരിത്രത്തിൽ ആദ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ജൻധൻ യോജനയോട് ആഭിമുഖ്യം പ്രകടിപ്പിച്ച് റിസർവ് ബാങ്ക് അക്കൗണ്ടുകൾ തുറക്കാനുള്ള ചട്ടങ്ങളിൽ ഇളവ് വരുത്തി. നോ യുവർ കസ്റ്റമർ നോംസി( ഗഥഇ) ലാണ് ഇളവ് വരുത്തിയിരിക്കുന്നത്. ഇതു പ്രകാരം ബാങ്കുകളിൽ സേവിങ്‌സ് അക്കൗണ്ടുകൾ തുറക്കാനെത്തുന്നവർ അഡ്രസ് തെളിയിക്കാനും ഐഡന്റി തെളിയിക്കാനും വെവ്വേറെ രേഖകൾ സമർപ്പിക്കേണ്ടതില്ല. ഇതിനായി ഡ്രൈവിങ് ലൈസൻസ് പോലുള്ള തെളിവുകൾ മാത്രം മതിയാകും. ഇതിൽ അപേക്ഷകന്റെ അഡ്രസും ഫോട്ടോയും ഉണ്ടെന്നതിനാൽ അക്കൗണ്ട് തുറക്കാൻ ഇത് ധാരാളമാണ്. കെവൈസി നോംസ് പ്രകാരം വോട്ടർ ഐഡി കാർഡ്, പാൻ കാർഡ്, യുഐഡിഎഐ ഇഷ്യൂ ചെയ്ത ആധാർ ലറ്റർ കാർഡ്, എംഎൻആർഇജിഎ ഇഷ്യൂ ചെയ്തതും ഗവൺമെന്റ് ഒഫീഷ്യൽ ഒപ്പിട്ടതുമായ ജോബ് കാർഡ് എന്നിവയുണ്ടെങ്കിൽ അക്കൗണ്ട് തുറക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP