Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആർബിഐയുടെ കരുതൽധനത്തിൽ കേന്ദ്രസർക്കാർ നോട്ടമിട്ടത് സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനോ? ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിശക്തമെന്ന് ധനമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് ആക്ഷേപം; സമ്പദ് വ്യവസ്ഥ ശക്തമെങ്കിൽ ആർബിഐയുടെ കരുതൽധനത്തിലേക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക പരിഗണന എന്തിന്? സർക്കാർ നിരത്തുന്ന വാദങ്ങളിൽ ആശയക്കുഴപ്പങ്ങളുണ്ടെന്ന് വിലയിരുത്തൽ  

ആർബിഐയുടെ കരുതൽധനത്തിൽ കേന്ദ്രസർക്കാർ നോട്ടമിട്ടത് സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യാനോ? ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിശക്തമെന്ന് ധനമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന് ആക്ഷേപം; സമ്പദ് വ്യവസ്ഥ ശക്തമെങ്കിൽ ആർബിഐയുടെ കരുതൽധനത്തിലേക്ക് കേന്ദ്രസർക്കാരിന്റെ പ്രത്യേക പരിഗണന എന്തിന്? സർക്കാർ നിരത്തുന്ന വാദങ്ങളിൽ ആശയക്കുഴപ്പങ്ങളുണ്ടെന്ന് വിലയിരുത്തൽ   

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സർക്കാർ സെക്യൂരിറ്റികൾ കൈവശം സൂക്ഷിക്കുതിന് ലഭിക്കുന്ന തുക, ബാങ്കുകൾക്ക് നൽകുന്ന വായ്പ(റിപ്പോ)യ്ക്ക് ലഭിക്കുന്ന പലിശ, യു.എസ് ട്രഷറി ബിൽ, മറ്റ് ബോണ്ടുകൾ തുടങ്ങിയവയിൽ നിന്നുള്ളവ എന്നിങ്ങനെ വിവിധ മാർഗ്ഗങ്ങളിലൂടെ പണമാണ് ലഭിക്കുന്നതാണ് റിസർവ്വ് ബാങ്കിന്റെ വരുമാനം. ഇതിൽ അവരുടെ ചെലവു കഴിച്ചുള്ള തുകയുടെ ബാക്കി ലാഭമായും ആ ലാഭത്തിന്റെ ഒരു വിഹിതം കേന്ദ്രസർക്കാരുമായി പങ്കുവെക്കപ്പെടുന്നു. അതിന് അപ്പുറത്തേക്ക് മോദി സർക്കാർ ഇപ്പോൾ പിടിച്ചു വാങ്ങുന്നത്. കേന്ദ്ര സർക്കാരിന്റെ ധനകമ്മി കുറയ്ക്കാനുള്ള കുറുക്കു വഴി. കരുതൽ ധനത്തിൽ നിന്ന് സർക്കാറിന് നൽകുന്നത് സാമ്പത്തിക രംഗത്ത് തെറ്റായ സന്ദേശമാകും നൽകുക. വർധിച്ചു വരുന്ന ധനക്കമ്മി നിയന്ത്രിക്കാൻ കരുതൽ ധനശേഖരം ഉപയോഗിക്കുന്നതും ആശാസ്യമല്ല. റിസർവ് ബാങ്കിന്റെ കരുതൽ ധനത്തിൽ പ്രതീക്ഷ വെക്കുന്നതിനേക്കാൾ, സ്വന്തം നിലക്ക് വരുമാനം വർധിപ്പിക്കാൻ സർക്കാർ ശ്രമിക്കേണ്ടതുണ്ടെന്നായിരുന്നു ആർ.ബി.ഐയുടെ മുൻ നിലപാട്. ഇതെല്ലാം തകിടം മറിക്കുന്ന രീതിയിലാണ് ഇപ്പോൾ കാര്യങ്ങൾ നീങ്ങുന്നത്.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും ബാങ്കിങ് സംവിധാനത്തിന്റെയും ബാങ്കർ ആയും പൊതു കടത്തിന്റെ കൈകാര്യ കർത്താവായും ബാങ്കുകളുടെ കരുതൽ ധനത്തിന്റെ നിയന്ത്രണവും ബാങ്കുകളുടെ അവസാനത്തെ അത്താണിയായും പ്രവർത്തിക്കേണ്ട സ്ഥാപനമാണ് റിസർവ്വ് ബാങ്ക്. സാമ്പത്തിക വ്യവസ്ഥിതിയുടെ നിയന്ത്രണം, മേൽനോട്ടം, വികസനം എന്നിവ ഇന്ത്യയിൽ നിർവ്വചിക്കപ്പെട്ടിട്ടുള്ള പണ നയത്തിനകത്തു നിന്നുകൊണ്ടാവണമെന്നാണ് ചട്ടം. ഈ അധികാര പരിധിയിലേക്കാണ് കേന്ദ്ര സർക്കാർ കൈടത്തുന്നത്. സുസ്ഥിരമായതും കരുത്തുറ്റതും വൈവിദ്ധ്യാത്മകവുമായ ഒരു സാമ്പത്തിക വ്യവസ്ഥ കെട്ടിപ്പടുക്കാൻ വേണ്ടിയാണു റിസർവ് ബാങ്ക് പരിശ്രമിക്കുന്നത്. ഇത് കൂടാതെ, റിസർവ്വ് ബാങ്ക് അതിന്റെ പ്രധാന പ്രവർത്തനമായ ബാങ്ക് നോട്ട് പുറപ്പെടുവിക്കുക, കറൻസി മാനേജ്മെന്റ് തുടങ്ങിയ പ്രവർത്തനവും തുടരുന്നു. എന്നാൽ ഈ അവകാശങ്ങൾ കവർന്നെടുക്കുകയാണ് മോദി സർക്കാർ. രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്നതിന് തെളിവാണ് ഇത്.

കരുതൽ ധനശേഖരത്തിൽ നിന്ന് തുകയെടുത്ത് ധനക്കമ്മി കുറയ്ക്കുന്നതിന് പ്രയോജനപ്പെടുത്താനാണ് നീക്കം. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നു എന്ന വാർത്തകൾക്കിടെയാണ് റിസർവ് ബാങ്കിന്റെ തീരുമാനം. സർക്കാർ സെക്യൂരിറ്റികളുടെ ഇടപാടിലൂടെ കിട്ടുന്ന ലാഭം, വാണിജ്യ ബാങ്കുകൾക്കു വായ്പ നൽകുമ്പോൾ ലഭിക്കുന്ന പലിശവരുമാനം, കടപത്രങ്ങളിൽനിന്നു കിട്ടുന്ന വരുമാനം എന്നിവയാണ് ആർബിഐയുടെ വരുമാനം. കേന്ദ്രബാങ്കിന്റെ പ്രവർത്തനച്ചെലവ്, ജീവനക്കാരുടെ ചെലവ്, തേയ്മാനം എന്നിവയൊക്കെ കഴിഞ്ഞ് ബാക്കിവരുന്ന തുകയാണു നീക്കിയിരിപ്പായി മാറുന്നത്. രാജ്യത്തെ സാമ്പത്തിക മേഖലയിൽ മറ്റൊരു തരത്തിലും പരിഹരിക്കാനാവാത്ത പ്രതിസന്ധി വരുമ്പോൾ ഉപയോഗിക്കാൻ വേണ്ടിയുള്ളതാണ് ഈ പണം. ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിശക്തമെന്നാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറയുന്നത്. എങ്കിൽ പിന്നെ എന്തിനാണ് ഇത്തരത്തിലൊരു ഇടപെടലെന്നതാണ് ഉയരുന്ന ചോദ്യം.

രാജ്യം അതിഗുരുതരമായ പ്രതിസന്ധിയിലേക്കു നീങ്ങുമ്പോൾ മാത്രം ഉപയോഗിക്കാനുള്ള റിസർവ്വ് ബാങ്കിന്റെ കരുതൽ ധനത്തിൽ നിന്ന് ഒരു ഭാഗം കേന്ദ്ര സർക്കാർ സമ്മർദ്ദത്തിലൂടെ സ്വന്തമാക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ നിരന്തര സമ്മർദ്ദത്തെ തുടർന്നാണ് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിനു കൈമാറണമെന്ന ബിമൽ ജലാൻ സമിതിയുടെ ശുപാർശ ആർബിഐ അംഗീകരിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ആർബിഐയുടെ നീക്കിയിരിപ്പിൽനിന്ന് ഇത്രവലിയ തുക സർക്കാരിനു കൈമാറുന്നത്. ഘട്ടം ഘട്ടമായി തുക കൈമാറാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. കരുതൽ ധനം കൈമാറുന്നതിൽ നേരത്തെ ഗവർണറായിരുന്ന ഉർജിത് പട്ടേലും സർക്കാരും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഉർജിത് പാട്ടേലിന്റെ രാജിയിലേക്കു വരെ നയിച്ചതും ഇത്തരം അഭിപ്രായ വ്യത്യാസങ്ങളായിരുന്നു. രണ്ട് വർഷമായി സർക്കാരും ആർബിഐയും തമ്മിൽ ഇതു സംബന്ധിച്ച് വലിയ തർക്കം നിലനിന്നിരുന്നു. എന്നാൽ തന്ത്രപരമായി പണം കേന്ദ്ര സർക്കാർ സ്വന്തമാക്കുകയായിരുന്നു.

പൊതുതിരഞ്ഞെടുപ്പിനു മുമ്പുതന്നെ ആർബിഐയുടെ കരുതൽധനം പിടിച്ചെടുക്കാൻ മോദി സർക്കാർ ശ്രമിച്ചിരുന്നു. സർക്കാർ ആർബിഐ.യുടെ പ്രവർത്തനങ്ങളിൽ കൈകടത്തുകയാണെന്നും അത് സാമ്പത്തികരംഗത്ത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി ഡപ്യൂട്ടി ഗവർണർ വിരൽ ആചാര്യ പരസ്യമായി രംഗത്തെത്തി. ഇതോടെ സർക്കാർ പിന്മാറുകയായിരുന്നു. വിരൽ ആചാര്യയുടെ രാജിയിലേക്കു നയിച്ചതും ഈ തർക്കമായിരുന്നു. ഉർജിത് പട്ടേൽ രാജിവച്ചതോടെ, മോദിയുടെ വിശ്വസ്തനായ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ശക്തികാന്ത ദാസിനെ ആർബിഐയുടെ ഗവർണറാക്കി. അതോടെയാണ് എല്ലാം എളുപ്പമായി. വിമർശനത്തിനിടയാക്കുമെന്നു കണ്ടാണ് ആർബിഐ മുൻഗവർണർ ബിമൽ ജലാന്റെ നേതൃത്വത്തിൽ സമിതി രൂപവൽക്കരിച്ച് കരുതൽധനത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തത്. ഒന്നാം എൻഡിഎ സർക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയ്, 2003ൽ ബിമൽ ജലാനെ രാജ്യസഭാംഗമാക്കിയിരുന്നു. ഈ വ്യക്തിയാണ് കേന്ദ്രസർക്കാരിന് പണം കൈമാറുന്നത്.

റിസർവ് ബാങ്കിന്റെ കരുതൽ ധനശേഖരത്തിൽ നിന്ന് മൂന്നര ലക്ഷം കോടി രൂപ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ ആദ്യ മോദി സർക്കാരിന്റെ കാലത്താണ് പുറത്തു വന്നത്. അന്ന് ഇത് ഏറെ വിവാദങ്ങളുണ്ടാക്കി. ആഭ്യന്തര-അന്താരാഷ്ട്ര വിപണികളിൽ ഇടപെടാനുള്ള ആർ.ബി.ഐയുടെ ശേഷിയുമായി ബന്ധപ്പെട്ടുള്ള കരുതൽ ധനം, പക്ഷേ സർക്കാർ പദ്ധതികൾക്കായി നൽകാനാവില്ലെന്ന മറുപടിയാണ് റിസർവ് ബാങ്ക് അന്ന് ഇതിന് നൽകിയത്. എന്തിനാണ് റിസർവ് ബാങ്കിന്റെ പക്കൽ ഇത്രയധികം പണം? എന്തുകൊണ്ടത് രാജ്യത്തിന്റെ ക്ഷേമ പദ്ധതികൾക്കായി ഉപയോഗിച്ചു കൂട? ആർ.ബി.ഐയുടെ പക്കലുള്ള കരുതൽ ധനം ഇത്തരത്തിൽ വെറുതെ ചെലവഴിച്ച് കളയാനുള്ളതല്ല. മറിച്ച്, സാമ്പത്തിക രംഗത്തെ അപ്രതീക്ഷിതമായ സാഹചര്യം മറികടക്കുന്നതിനാണ് കരുതൽ ധനം ഉപയോഗിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെ സൂചകമാണ് കരുതൽ ധനം. നിലവിൽ 9.59 ലക്ഷം കോടി രൂപയാണ് ആർ.ബി.ഐയുടെ കരുതൽ ധനമായുള്ളത്. ആർ.ബി.ഐയുടെ സ്വന്തം ട്രഷറിയിൽ നിന്നുള്ള വരുമാനത്തിന്റെ ഒരു പങ്കാണ് കരുതൽ ധനമായി ഉപയോഗിക്കുന്നത്.

സ്വർണം-കറൻസി വിപണിയിലെ ഇടപാടുകളും, വാണിജ്യ ബാങ്കുകൾക്ക് റിസർവ് ബാങ്ക് നൽകുന്ന വായ്പകളിലൂടെ ലഭിക്കുന്ന പലിശയുമൊക്കെയാണ് ആർ.ബി.ഐയുടെ പ്രധാന വരുമാന മാർഗം. നിലവിൽ ആർ.ബി.ഐയുടേതായുള്ള 9.59 ലക്ഷം കോടി രൂപയിൽ, 6.91 ലക്ഷം കോടി മൂലധന നിർണയ ഫണ്ടിലും ശേഷിക്കുന്ന തുക അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള ഫണ്ടിലുമാണ് ഉള്ളത്. നോട്ടു നിരോധനത്തിന് മുമ്പ് 2015-16ൽ 65,876 കോടി രൂപ ഗവൺമെന്റിന് ലാഭ വിഹിതമായി ആർ.ബി.ഐ നൽകുകയുണ്ടായി. എന്നാൽ, തൊട്ടടുത്ത വർഷം അത് 30,659 കോടിയായി കുറഞ്ഞു. നോട്ട് നിരോധനത്തെ തുടർന്ന് പുതിയ നോട്ടുകൾ അച്ചടിക്കാനായി വന്ന ചെലവാണ് ലാഭവിഹിതത്തിൽ ഇടിവ് വരാനുള്ള കാരണമായി ആർ.ബി.ഐ ചൂണ്ടിക്കാട്ടുന്നത്. നോട്ട് അച്ചടിക്കായാണ് റിസർവ്വ് ബാങ്കിന്റെ ചെലവുകളിലെ ഭൂരിഭാഗം തുകയും വേണ്ടിരുന്നത്.

കേന്ദ്ര സർക്കാരിന് കിട്ടുക 64 ശതമാനം അധികം തുക

കരുതൽ ധനം പങ്കിടുന്നത് സംബന്ധിച്ച ബിമൽ ജലൻ സമിതിയുടെ ശുപാർശ റിസർവ് ബാങ്ക് അംഗീകരിക്കുകയായിരുന്നു. ഡയറക്ടർ ബോർഡ് കേന്ദ്രസർക്കാരിന് 1,76,051 കോടി രൂപ നൽകാൻ തീരുമാനിച്ചുവെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. ഇവ ഘട്ടംഘട്ടമായിട്ടായിരിക്കും കൈമാറുക. റിസർവ് ബാങ്കിന്റെ 2018-19 കാലയളവിലെ കരുതൽ ധനശേഖരമായി 1,23,414 കോടി രൂപയും പരിഷ്‌കരിച്ച ഇക്കണോമിക് കാപ്പിറ്റൽ ഫ്രെയിംവർക്ക് (ഇ.സി.എഫ്) പ്രകാരം 52,637 കോടി രൂപയും കൈമാറാനാണ് തീരുമാനം.

അടുത്ത മാർച്ചിനുള്ളിൽ കേന്ദ്രസർക്കാരിന് ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതിലും 64 ശതമാനം അധികം തുക ഇതുവഴി റിസർവ് ബാങ്കിൽ നിന്ന് ലഭിക്കും. റിസർവ് ബാങ്ക് കരുതൽപണമായി സൂക്ഷിച്ചുവച്ച 9.6 ലക്ഷം കോടിയിൽ 3.6 ലക്ഷം കോടി രൂപയിലായിരുന്നു കേന്ദ്രസർക്കാരിന്റെ കണ്ണ്. കരുതൽ ധനം എടുത്ത് ചെലവഴിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം എതിർത്തത് റിസർവ് ബാങ്കും സർക്കാരും തമ്മിൽ ഏറ്റുമുട്ടലിനിടയാക്കിയിരുന്നു. ഏറ്റുമുട്ടൽ തണുപ്പിക്കുന്നതിന്റെ ഭാഗമായി ചേർന്ന യോഗത്തിലാണ് ഇക്കാര്യം പരിശോധിക്കാനായി മുൻ ഗവർണർ ബിമൽ ജലന്റെ നേതൃത്വത്തിൽ ആറംഗസമിതിയെ നിയോഗിച്ചത്.

റിസർവ് ബാങ്കിന് ഇത്രയും കരുതൽപണത്തിന്റെ ആവശ്യമില്ലെന്നും അതിൽനിന്ന് 3.6 ലക്ഷം കോടി തങ്ങൾക്ക് നൽകണമെന്നുമയിരുന്നു ധനമന്ത്രാലയത്തിന്റെ ആവശ്യം. 2017ൽ 50,000 കോടി രൂപ സർക്കാരിന് റിസർവ് ബാങ്ക് നൽകിയിരുന്നു. 2016ൽ 30,659 കോടി രൂപയും നൽകി. എന്നാൽ ഇത്തരത്തിൽ തുക കൈമാറുന്നത് വലിയ സാമ്പത്തികദുരന്തമായി മാറുമെന്നും അർജന്റീനയിലെ കേന്ദ്രബാങ്ക് കരുതൽതുകയിൽ നിന്നു 600 കോടി ഡോളർ സർക്കാരിന് നൽകിയതോടെ നേരിട്ട കനത്ത സാമ്പത്തിക തകർച്ച ഉദാഹരിച്ചുമായിരുന്നു ധനമന്ത്രാലയത്തിന്റെ ആവശ്യം റിസർവ് ബാങ്ക് തള്ളിയത്.

അടിയന്തര സാമ്പത്തികപ്രതിസന്ധികൾ നേരിടാനാണ് രാജ്യത്തെ സാമ്പത്തികകാര്യങ്ങൾ നിയന്ത്രിക്കുന്ന പരമോന്നത സംവിധാനമായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കരുതൽ ധനം സൂക്ഷിക്കുന്നത്. ഇന്ത്യയിലെ പൊതുമേഖലാ, സ്വകാര്യ ബാങ്കുകളുടെ കേന്ദ്രബാങ്കായ റിസർവ് ബാങ്കിന്റെ കരുതൽപണം ഇന്ത്യൻ വിപണി പിടിച്ചുനിർത്തുന്നതിനു വേണ്ടിയാണ് ഉപയോഗിക്കാറുള്ളത്. അച്ചടിക്കുന്ന നോട്ടുകളിൽ നിശ്ചിതതുക കരുതലായി ശേഖരിച്ചാണ് റിസർവ് ബാങ്ക് വിപണി നിയന്ത്രിക്കുന്നത്. റിസർവ് ബാങ്കിന്റെ ഈ നടപടിയാണ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സന്തുലനപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP