Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹളങ്ങൾ ഒക്കെ കഴിഞ്ഞ് റിസർവ് ബാങ്കിൽ കൊണ്ടുകൊടുത്ത് പഴയ നോട്ടുകൾ മാറ്റാൻ കാത്തിരുന്നവർ ഇനി കേസ്സിലെ പ്രതികളാകും; നോട്ട് പിൻവലിച്ച സമയത്ത് രാജ്യത്തിന് വെളിയിൽ ആയിരുന്നു എന്ന് തെളിയിക്കാനാവാത്ത ആരുടെയും പണം സ്വീകരിക്കില്ല; ആർബിഐ തെറ്റിക്കുന്നത് പ്രഖ്യാപന സമയത്ത് മോദി നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന്

ബഹളങ്ങൾ ഒക്കെ കഴിഞ്ഞ് റിസർവ് ബാങ്കിൽ കൊണ്ടുകൊടുത്ത് പഴയ നോട്ടുകൾ മാറ്റാൻ കാത്തിരുന്നവർ ഇനി കേസ്സിലെ പ്രതികളാകും; നോട്ട് പിൻവലിച്ച സമയത്ത് രാജ്യത്തിന് വെളിയിൽ ആയിരുന്നു എന്ന് തെളിയിക്കാനാവാത്ത ആരുടെയും പണം സ്വീകരിക്കില്ല; ആർബിഐ തെറ്റിക്കുന്നത് പ്രഖ്യാപന സമയത്ത് മോദി നൽകിയ വാഗ്ദാനങ്ങളിൽ ഒന്ന്

മറുനാടൻ ഡെസ്‌ക്

ന്യൂഡൽഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ, വ്യക്തമായി പറഞ്ഞ കുറെ കാര്യങ്ങളുണ്ട്. പഴയ നോട്ടുകൾ ഡിസംബർ 30 വരെ ബാങ്കുകളിലും അതിനുശേഷം മാർച്ച് 31വരെ റിസർവ് ബാങ്കിന്റെ മേഖലാ കേന്ദ്രങ്ങളിലും മാറ്റിയെടുക്കാം എന്നതായിരുന്നു എത്. എന്നാൽ, നിശ്ചിത സമയപരിധിക്കുശേഷം പഴയ നോട്ടുകളുമായി റിസർവ് ബാങ്ക് ഓഫീസുകളിലെത്തിയവർ നിരാശരായി. നവംബർ എട്ടിനും ഡിസംബർ 30-നും ഇടയ്ക്ക് വിദേശത്തായിരുന്നു എന്ന് തെളിയിക്കാത്ത ആരുടെയും കൈയിൽനിന്ന് പഴയ നോട്ടുകൾ സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് ആർബിഐ ഇപ്പോൾ.

സർക്കാറിന്റെ പ്രഖ്യാപിത നിലപാടാണ് ആർബിഐ അട്ടിമറിച്ചതെന്ന് പഴയ നോട്ട് മാറാനെത്തിയവർ പറയുന്നു. ഡിക്ലറേഷൻ സമർപ്പിച്ച് മാർച്ച് 31 വരെ നോട്ടുമാറാമെന്നാണ് മോദി പ്രസംഗത്തിൽ പറഞ്ഞിരുന്നത്. എന്നാൽ, വിദേശത്തായിരുന്നു എന്ന് തെളിയിക്കാനാവാത്ത ആരുടെയും പക്കൽനിന്ന് നോട്ടുകൾ സ്വീകരിക്കേണ്ടതില്ലെന്ന കടുംപിടിത്തത്തിലാണ് റിസർവ് ബാങ്ക്. കൊച്ചിയിലും കൊൽക്കത്തയിലും അഹമ്മദാബാദിലും നാഗ്പുരിലും ചെന്നൈയിലും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആർബിഐ ഓഫീസുകളിലെത്തിയവർക്ക് നിരാശരാകേണ്ടിവന്നു.

പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ എല്ലാവർക്കും സൗകര്യം ലഭിക്കില്ലെന്നാണ് ബാങ്ക് നിലപാട്. സർക്കാറിന്റെ നയവും തീരുമാനങ്ങളും ഓർഡിനൻസിലുണ്ട്. അതിൽ വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്കും 50 ദിവസത്തെ കാലയളവിൽ വിദേശത്തുണ്ടായിരുന്നവർക്കും മാത്രമാണ് ഇളവ് പറഞ്ഞിരിക്കുന്നത്. 50 ദിവസം ലഭിച്ചിട്ടും പഴയ നോട്ടുകൾ മാറാൻ എന്തുകൊണ്ട് ശ്രമിച്ചില്ലെന്നും അധികൃതർ ചോദിക്കുന്നു.

ഓർഡിനൻസ് പ്രകാരം നവംബർ എട്ടിനുശേഷം ഡിസംബർ 30 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ഇല്ലാതിരുന്നവർക്ക് മാത്രമാണ് ഇളവുള്ളത്. പ്രവാസി ഇന്ത്യക്കാർക്കും മറ്റാവശ്യങ്ങൾക്കായി വിദേശത്ത് പോയിരുന്നവർക്കുമാണ് സൗകര്യം ലഭിക്കുക. ഇവർ വിദേശത്തായിരുന്നുവെന്നത് വ്യക്തമായി തെളിയിക്കുകയും വേണം. വിമാനത്താവളത്തിലെ കസ്റ്റംസ് ഡെസ്‌കിൽ കൈവശമുള്ള നോട്ടുകൾ വെളിപ്പെടുത്തി അവയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയ ഡിക്ലറേഷൻ ഉണ്ടെങ്കിൽ മാത്രമേ റിസർവ് ബാങ്ക് ഓഫീസുകളിലും നോട്ടുകൾ സ്വീകരിക്കുകയുള്ളൂ.

എന്നാൽ, നവംബർ എട്ടിന് റിസർവ് ബാങ്ക് പുറത്തിറക്കിയ പത്രക്കുറിപ്പിൽനിന്ന് തീർത്തും വിഭിന്നമാണ് ഓർഡിനൻസ്. ഡിസംബർ 30-നുള്ളിൽ ബാങ്കുകളിലൂടെ പഴയ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കാത്തവർക്ക് മാർച്ച് 31 വരെ റിസർവ് ബാങ്ക് ഓഫീസുകളിലൂടെ നോട്ടുകൾ മാറിയെടുക്കാനാവുമെന്ന് ആ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പഴയ നോട്ടുകൾ മാറാനെത്തുന്നവർ കേസ്സിൽ പ്രതികളാവുന്ന സാഹചര്യമാണുള്ളത്. 5000 രൂപയ്ക്കുമേൽ പഴയ നോട്ടുകൾ കൈവശം വെക്കുന്നത് കുറ്റകരമാണെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലാണിത്.

കേരളത്തിൽ ഇനി നോട്ട് മാറ്റമോ നിക്ഷേപമോ ഇല്ല

സർക്കാർ അനുവദിച്ച 50 ദിവസ കാലാവധിക്കകം അസാധു നോട്ടുകൾ മാറ്റാത്തവർക്ക് ഇനി കേരളത്തിൽ നോട്ട് മാറ്റാനോ, അസാധു നോട്ടുകൾ അക്കൗണ്ടുകളിൽ നിക്ഷേപിക്കാനോ കഴിയില്ല. നോട്ട് പിൻവലിക്കൽ പദ്ധതി കാലാവധി അവസാനിച്ച ഡിസംബർ 30നു ശേഷം റിസർവ് ബാങ്ക് ഓഫിസുകളിൽ അസാധു നോട്ട് കൈമാറാമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ ഉറപ്പ്. ഇതനുസരിച്ച് ഇന്നലെ തിരുവനന്തപുരത്തെയും കൊച്ചിയിലെയും ആർബിഐ ഓഫിസുകളിൽ അസാധു നോട്ടുകളുമായി എത്തിയ ഇടപാടുകാരെ ഉദ്യോഗസ്ഥർ മടക്കി അയച്ചു. ആർബിഐയിലെ കേരള സെന്ററുകളെ പഴയ നോട്ട് സ്വീകരിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ഡിസംബർ 31നു കേന്ദ്രസർക്കാർ പുറത്തിറക്കിയ സർക്കുലർ പ്രകാരം, നവംബർ ഒൻപതു മുതൽ ഡിസംബർ 30 വരെയുള്ള കാലയളവിൽ വിദേശത്തായിരുന്നവർക്കു മാത്രമേ ഇനി നോട്ട് മാറ്റാൻ കഴിയൂ എന്നാണ് ഇപ്പോൾ ആർബിഐ നിലപാട്. മാത്രമല്ല, മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, നാഗ്പൂർ എന്നിവിടങ്ങളിലെ ആർബിഐ ഓഫിസുകളിൽ മാത്രമേ അസാധു നോട്ടുകൾ സ്വീകരിക്കൂ. ഇതനുസരിച്ച്, കേരളത്തിൽ നിന്നുള്ള പ്രവാസികളും വിദേശയാത്രയിലായിരുന്നവരും ഇനി നോട്ട് മാറാൻ ചെന്നൈയിൽ എത്തേണ്ടിവരും.

നോട്ട് പിൻവലിക്കൽ കാലയളവിൽ വിദേശത്തായിരുന്ന പ്രവാസികൾക്കു ജൂൺ 30 വരെയും വിദേശയാത്രയിൽ ആയിരുന്നവർക്കു മാർച്ച് 31 വരെയുമാണ് അസാധു നോട്ട് അക്കൗണ്ടിൽ നിക്ഷേപിക്കാൻ അവസരമുള്ളത്. ഒറ്റത്തവണ മാത്രമേ ഇതിന് സാധിക്കുകയൂള്ളൂ. മറ്റൊരാളെ ഇതിനായി നിയോഗിക്കാൻ കഴിയില്ലെന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. വിദേശയാത്രയിലായിരുന്നവർക്കു നിക്ഷേപിക്കാവുന്ന പണത്തിനു പരിധിയില്ലെങ്കിലും പ്രവാസികളെ സംബന്ധിച്ച് ഇത് തിരിച്ചടിയാണ്. പ്രവാസികൾക്ക് 25,000 രൂപയേ നിക്ഷേപിക്കാൻ അവസരമുള്ളൂ.

നോട്ട് പിൻവലിക്കൽ കാലയളവിൽ വിദേശത്തായിരുന്നു എന്നു തെളിയിക്കുന്ന പാസ്‌പോർട്ടിന്റെ ഒറിജിനൽ ഹാജരാക്കണം. ഈ കാലയളവിൽ ബാങ്കിൽ നിക്ഷേപം നടത്തിയിട്ടില്ലെന്നു തെളിയിക്കുന്ന അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്, തിരിച്ചറിയൽ കാർഡ്, അക്കൗണ്ട് വിവരങ്ങൾ, ആധാർ നമ്പർ എന്നിവയും നൽകണം. പ്രവാസികൾ ഡിസംബർ 30നു ശേഷമാണു നാട്ടിലെത്തിയതെന്നു തെളിയിക്കുന്ന കസ്റ്റംസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവരങ്ങളും രേഖകളും തൃപ്തികരമെങ്കിൽ ഇടപാടുകാരൻ കൈമാറുന്ന അസാധു നോട്ടുകൾ ഒരാഴ്ചയ്ക്കകം ബാങ്ക് അക്കൗണ്ടിലേക്ക് ആർബിഐ നിക്ഷേപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP