Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂലധന സമാഹരണത്തിലൂടെ ലക്ഷ്യമിടുന്നത് ഒരു ലക്ഷം കോടി; വികസന പാതിയിലേക്ക് കേരളത്തെ നയിക്കാൻ ഇനി കേരളാ ബാങ്കും; ബാങ്കിങ് നയം പ്രഖ്യാപിക്കുക സംസ്ഥാനത്തിന്റെ പ്രത്യേകതകൾ എല്ലാം കണക്കിലെടുത്തും; മലപ്പുറം ജില്ലാ ബാങ്ക് ഒഴികെ ഇനി എല്ലാം ഒരു കുടക്കീഴിൽ; കോർബാങ്കിങിൽ സാങ്കേതികത എത്തുന്നത് വരെ ജില്ലാ ബാങ്ക് ലൈസൻസ് അതേ പടി തുടരും; എസ് ബി ടിയുടെ കുറവ് നികത്താൻ ഇനി കേരളാ ബാങ്ക്

മൂലധന സമാഹരണത്തിലൂടെ ലക്ഷ്യമിടുന്നത് ഒരു ലക്ഷം കോടി; വികസന പാതിയിലേക്ക് കേരളത്തെ നയിക്കാൻ ഇനി കേരളാ ബാങ്കും; ബാങ്കിങ് നയം പ്രഖ്യാപിക്കുക സംസ്ഥാനത്തിന്റെ പ്രത്യേകതകൾ എല്ലാം കണക്കിലെടുത്തും; മലപ്പുറം ജില്ലാ ബാങ്ക് ഒഴികെ ഇനി എല്ലാം ഒരു കുടക്കീഴിൽ; കോർബാങ്കിങിൽ സാങ്കേതികത എത്തുന്നത് വരെ ജില്ലാ ബാങ്ക് ലൈസൻസ് അതേ പടി തുടരും; എസ് ബി ടിയുടെ കുറവ് നികത്താൻ ഇനി കേരളാ ബാങ്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം/കൊച്ചി: ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ച് കേരള ബാങ്ക് നിലവിൽവന്നു. കേരള ബാങ്ക് രൂപവത്കരണത്തിനെതിരായ 21 ഹർജികൾ ഹൈക്കോടതി വെള്ളിയാഴ്ച തള്ളിയതിനുപിന്നാലെ ഉത്തരവിറങ്ങി. മലപ്പുറം ജില്ലാബാങ്ക് ഒഴികെയുള്ള 13 ബാങ്കുകളാണ് കേരളബാങ്കിന്റെ ഭാഗമാകുന്നത്. ഇതോടെ സഹകരണ ബാങ്കിങ് മേഖലയുടെ അടിമുടി മാറ്റമാണ് ഇനി പ്രാബല്യത്തിൽ വരാൻ പോകുന്നത്. സഹകരണ ബാങ്കിങ് മേഖലയുടെ പ്രവർത്തനം തന്നെ ഇതോടെ വിപുലീകരിക്കപ്പെടുകയും ചെയ്യും. 14 ജില്ലാ സഹകരണ ബാങ്കുകളാണ് സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ച് ഒരൊറ്റ ബാങ്കാക്കി മാറ്റാൻ ആഗ്രഹിച്ചത്. ഇതിൽ മലപ്പുറം മാത്രം ഇപ്പോഴെത്തുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളാ ബാങ്കെന്ന ആശയം ആദ്യം അവതരിപ്പിക്കുന്നത്. പിന്നീടത് ഇടത് മുന്നണിയും, സംസ്ഥാന സർക്കാറും അംഗീകരിച്ചു. കേരളാ ബാങ്കെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പലതവണ സംസ്ഥാന സർക്കാറിന് തിരിച്ചടികൾ നേരിട്ടുണ്ട്. കേരളാബാങ്ക് യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ വികസനത്തിന് കരുത്തേകും. കൂടുതൽ മൂലധ സമാഹരണവും കേരള ബാങ്ക് രൂപീകരണത്തിലൂടെ യാഥാർത്ഥ്യമാകും.

മലപ്പുറം ഒഴികെയുള്ള ജില്ലാബാങ്കുകളിലെയും സംസ്ഥാന സഹകരണ ബാങ്കിലെയും അഡ്‌മിനിസ്ട്രേറ്റീവ് ഭരണം ഇതോടെ അസാധുവായി. ജില്ലാ ബാങ്കുകളുടെ ബാങ്കിങ് ലൈസൻസ് റിസർവ് ബാങ്കിന് തിരിച്ചുനൽകണമെന്നാണു വ്യവസ്ഥ. എന്നാൽ, അതുടനുണ്ടാവില്ല. കോർബാങ്കിങ് ഉൾപ്പെടെയുള്ള സാങ്കേതികസംവിധാനം ഉറപ്പാക്കുന്നതുവരെ ജില്ലാബാങ്ക് ലൈസൻസ് നിലനിർത്തിയേക്കും. പക്ഷേ, ഭരണം കേരള ബാങ്കിന്റേതാകും. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ധനവകുപ്പ് സെക്രട്ടറി സഞ്ജീവ് കൗശിക്, സംസ്ഥാന സഹകരണ ബാങ്ക് എം.ഡി.യായിരുന്ന റാണി ജോർജ് എന്നിവരുൾപ്പെട്ട താത്കാലിക ഭരണസമിതിയെ നിയോഗിച്ചു. ഒരുവർഷമാണ് സമിതിയുടെ കാലാവധി. എന്നാൽ, ലയനം പൂർത്തിയാകുന്നതോടെ തിരഞ്ഞെടുപ്പിലൂടെ ജനാധിപത്യ ഭരണസമിതി അധികാരമേൽക്കും. കേരള ബാങ്ക് സിഇഒ. ആയി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ജനറൽ മാനേജരായ പി.എസ്. രാജൻ ജനുവരിയിൽ ചുമതലയേൽക്കും. പുതിയ ബാങ്കിങ് നയം ഉടൻ പ്രഖ്യാപിക്കും. ഇടതു മുന്നണിയുടെ സ്വപ്‌ന പദ്ധതിയായിരുന്നു കേരളാ ബാങ്ക്. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എസ് ബി ഐയിൽ ലയിച്ചതോടെ കേരളത്തിന്റെ അസ്ഥിത്വം ബാങ്കിങ്ങിൽ നഷ്ടമായി. അതു മറികടക്കാനാണ് കേരളാ ബാങ്ക്.

ബാങ്ക് രൂപീകരണത്തിന് പഠനത്തിനായി ശ്രീറാം കമ്മിറ്റിയെ സർക്കാർ നിയമിച്ചിരുന്നു. കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിന്നീട് കർമസമിതിയെ നിയമിച്ചു. സമിതിയുടെ മേൽനോട്ടത്തിലാണ് റിസർവ് ബാങ്കിന്റെ അനുമതിക്കായി അപേക്ഷിച്ചത്. ഹ്രസ്വകാല വായ്പാ സഹകരണ സംഘങ്ങളെ നിലവിലുള്ള ത്രിതല സമ്പ്രദായത്തിൽനിന്നും ദ്വിതല സമ്പ്രദായത്തിലേക്ക് മാറ്റി കേരള ബാങ്ക് രൂപീകരിക്കുന്നതിന് 19 വ്യവസ്ഥകളോടെ റിസർവ് ബാങ്ക് നേരത്തെ തത്വത്തിൽ അനുമതി നൽകിയിരുന്നു. നബാർഡ് മുഖേന അന്തിമ അനുമതിക്ക് അപേക്ഷിക്കാനും നിർദ്ദേശിച്ചിരുന്നു. പുതുതായി ബാങ്ക് എന്ന പദം പേരിനൊപ്പം ഉപയോഗിച്ച് സഹകരണ സംഘങ്ങൾ രജിസ്റ്റർ ചെയ്യരുതെന്നു നിർദ്ദേശം നൽകി. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിനും പരിഷ്‌കരിക്കുന്നതിനും കമ്മിഷനെ നിയമിച്ചിരുന്നു.

ആർബിഐ മുന്നോട്ട് വച്ച 19 നിബന്ധനകളിൽ, ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളുടെ പൊതുയോഗത്തിൽ രണ്ടിൽ മൂന്ന് ഭൂരിപക്ഷത്തോടെ ലയന പ്രമേയം പാസാക്കണമായിരുന്നു. 13 ജില്ലാ ബാങ്കുകളും കേരള ബാങ്ക് രൂപീകരണത്തെ പിന്തുണച്ചപ്പോൾ മലപ്പുറം ജില്ലാ സഹകരണ ബാങ്ക് അതിനെ എതിർത്ത് വോട്ടു ചെയ്തു. ഇതേത്തുടർന്ന് ഭരണസമിതി യോഗത്തിൽ ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കേണ്ടതില്ലെന്നും യോഗത്തിന്റെ അംഗീകാരം മാത്രം നേടിയാൽ മതിയെന്നുമുള്ള ഭേദഗതി വരുത്തിയുള്ള ഓർഡിനൻസ് ഇറക്കുകയായിരുന്നു. ഈ ഭേദഗതിയാണ് റിസർവ് ബാങ്ക് ഇപ്പോൾ അംഗീകരിച്ചിരിക്കുന്നത്.

നേരിട്ട പ്രതിസന്ധികൾ

കേരള ബാങ്ക് രൂപീകരണത്തിൽ റിസർവ് ബാങ്ക് മുന്നോട്ട് വച്ച നിബന്ധനകൾ പൂർത്തീകരിക്കുക തന്നെയായിരുന്നു വലിയ വെല്ലുവിളി. സംസ്ഥാന സഹകരണ ബാങ്കിന്റെ സാമ്പത്തിക ബാധ്യതയാണ് പ്രധാന തടസ്സമായി. പതിനാല് ജില്ലാ സഹകരണ ബാങ്ക് ഭരണസമിതികളെയും 2017 ഏപ്രിലിലാണ് സർക്കാർ പിരിച്ചുവിട്ടത്. മലപ്പുറം മാത്രം അംഗീകരിച്ചില്ല. പിരിച്ചുവിട്ടവയിൽ 13 ജില്ലാ ബാങ്കുകളും ലാഭത്തിലായിരുന്നു, സംസ്ഥാന സഹകരണ ബാങ്ക് ആകട്ടെ കോടികളുടെ നഷ്ടത്തിലും. ലാഭത്തിൽ പോയ ജില്ലാ ബാങ്കുകളെ നഷ്ടത്തിലുള്ള സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കുന്നത് റിസർവ് ബാങ്ക് ചട്ടത്തിന് വിരുദ്ധമായിരുന്നു.

സംസ്ഥാന സഹകരണ ബാങ്കിന് നബാർഡ് നൽകിയ കോടികളുടെ വായ്പയുണ്ടായിരുന്നു. വായ്പയുടെ ബാധ്യത ആര് ഏറ്റെടുക്കുമെന്നാണ് നബാർഡ് റിസർവ് ബാങ്കിനോട് ചോദിച്ചത്. വായ്പയുടെ കാര്യത്തിൽ നബാർഡ് നിലപാട് കടുപ്പിച്ചത് സർക്കാരിനെ വലിയ രീതിയിൽ പ്രതിസന്ധിയിലാക്കി. റബ്കോ പോലുള്ള സഹകരണ സ്ഥാപനങ്ങളുടെ കിട്ടാക്കടം വേറെയുണ്ടായിരുന്നു.

റിസർവ്വ് ബാങ്ക് നിബന്ധനകൾ

2018 മാർച്ച് 31-ന്റെ നബാർഡിന്റെ കണക്ക് പ്രകാരം ലയിപ്പിച്ച് രൂപീകരിക്കുന്ന ബാങ്കിന് 9 ശതമാനം മൂലധന പര്യാപ്തത ആർജ്ജിക്കണമെങ്കിൽ 97.92 കോടി രൂപയുടെ കുറവുണ്ടായിരുന്നു. ലയനത്തിന് മുൻപ് ഈ തുക സംസ്ഥാന സർക്കാർ നൽകണമെന്നതായിരുന്നു വ്യവസ്ഥ. മാത്രമല്ല, 9% മൂലധനപര്യാപ്തത തുടർന്നും സംസ്ഥാന സർക്കാർ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ലയനശേഷം കെഎസ്സിബിയുടെ ആർബിഐ ലൈസൻസ് തുടരും. ജില്ലാബാങ്കുകളുടെ നിലവിലെ ബ്രാഞ്ചുകൾ കെഎസ്സിബിയുടെ ബ്രാഞ്ചുകളായി മാറും. തുടർന്ന് കെഎസ്സിബി ഈ ബ്രാഞ്ചുകളുടെ ലൈസൻസിനായി ആർബിഐക്ക് അപേക്ഷ നൽകണം. ആർബിഐയുടെ മുൻകൂർ അനുമതിയോടെ മാത്രമേ ബ്രാഞ്ചുകൾ മാറ്റി സ്ഥാപിക്കാവൂ. ജില്ലാ ബാങ്കുകൾ അവരുടെ ലൈസൻസ് ആർബിഐക്ക് സറണ്ടർ ചെയ്യണം.'' സംസ്ഥാനസർക്കാർ അന്തിമ അനുമതിക്ക് 2020 മാർച്ച് 31 വരെ പ്രാബല്യം ഉണ്ടായിരിക്കും. അതിനുശേഷം തൽസ്ഥിതി സംബന്ധിച്ച് നബാർഡിലൂടെ റിസർവ് ബാങ്കിന് റിപ്പോർട്ട് സമർപ്പിക്കണം.

ജീവനക്കാരുടെ ആശങ്ക

ശാഖകളുടെ എണ്ണത്തിൽ കുറവു വരുത്തേണ്ടിവരുമോ, ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമോ എന്ന ആശങ്ക ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ശ്രീറാം കമ്മിറ്റിയുടെ നിർദ്ദേശമാണ് ജീവനക്കാരിൽ ആശങ്കയുണ്ടാക്കിയത്. എന്നാൽ, കേരള ബാങ്ക് നിലവിൽ വരുന്നതോടെ ആരുടെയും തൊഴിൽ നഷ്ടപ്പെടില്ലെന്ന് സഹകരണ മന്ത്രിതന്നെ വ്യക്തമാക്കി. എ ക്ലാസ് അംഗങ്ങളായ സംഘങ്ങൾക്ക് ഡയറക്ടർ ബോർഡിലും പ്രാതിനിധ്യം ഉണ്ടാകും. നയരൂപീകരണത്തിലും ഘടനാ മാറ്റത്തിലും നിർണായക പങ്കുവഹിക്കാൻ വലിയ തോതിൽ ഓഹരികൾ കൈമാറി വരുന്ന സംഘങ്ങൾക്കും സാധിക്കുമെന്നത് സഹകാരികളിലെ ആശങ്കയ്ക്കും ഏറെക്കുറെ അറുതി വരുത്തുന്നുണ്ട്.

യുഡിഎഫിന്റെ എതിർപ്പുകൾ

കേരള ബാങ്ക് വേണ്ട എന്ന യു.ഡി.എഫ് തീരുമാനം സഹകരണ നിയമ ഭേദഗതിയിലൂടെ മറികടന്നു. എന്നാൽ, കേവലഭൂരിപക്ഷം പോലും നേടാൻ കഴിയാത്തത്ര എതിർപ്പാണ് മലപ്പുറത്തുനിന്ന് നേരിടേണ്ടി വന്നത്. സഹകരണം എന്ന അടിസ്ഥാനാശയത്തിന്റെ അന്തസ്സത്ത തന്നെ കൈമോശം വരുന്ന നീക്കമാണ് കേരളബാങ്ക് രൂപീകരണമെന്നതാണ് യു.ഡി.എഫിന്റെ എതിർപ്പിനു കാരണം. സഹകരണ രംഗത്ത് വല്ലാത്തൊരു കേന്ദ്രീകരണമാണ് കേരള ബാങ്ക് വഴിയുണ്ടാകുകയെന്നാണ് വിമർശനം. വളരെ ചെറിയ പ്രദേശത്ത്, അവിടെയുള്ള ആളുകളെ ചേർത്ത്, ചെറുതും വലുതുമായ ഓഹരികൾ ശേഖരിച്ചാണ് സഹകരണ പ്രസ്ഥാനത്തിന്റെ ഏറ്റവും താഴേത്തട്ടിലുള്ള പ്രാഥമിക സംഘങ്ങൾ പ്രവർത്തിക്കുന്നത്. അങ്ങനെയുള്ള ഒരു സിസ്റ്റത്തിൽ മാറ്റങ്ങൾ വരുത്തുമ്പോൾ, അത് സാധാരണക്കാരന് ദോഷം ചെയ്യും. ഭരണസമിതിയിൽ വരുന്നവർ കോർപ്പറേറ്റ് ശക്തികളുടെ പ്രതിനിധികളായിരിക്കും.

അവർക്ക് താഴേത്തട്ടിലുള്ളവരോട് ഉത്തരവാദിത്തമുണ്ടാകേണ്ട കാര്യമില്ലല്ലോ. അതായത്, സഹകരണ സംഘത്തിന്റെ സഹകരണം എന്ന അന്തസ്സത്ത അവിടെ നശിക്കും. ജില്ലാ ബാങ്കുകൾ പാടേ ഇല്ലാതെയാകും. സംരംഭകർക്കും മറ്റും ഒരു തുകയിൽക്കവിഞ്ഞ് വായ്പയെടുക്കാൻ സാധിക്കാതെ വരികയും ചെയ്യും. അധികാര വികേന്ദ്രീകരണം എന്ന അടിസ്ഥാന ആശയത്തിന്റെ കടയ്ക്കലാണ് കേരള ബാങ്ക് കത്തിവയ്ക്കുക. കേരള ബാങ്ക് രൂപീകരിക്കുന്നതു വഴി കേരളത്തിലുള്ളവർക്ക് ഇപ്പോഴുള്ളതിൽ നിന്നും എന്തു നേട്ടമാണ് പ്രത്യേകിച്ച് ഉണ്ടാകാൻ പോകുന്നതെന്നും യുഡിഎഫ് ചോദിക്കുന്നു

വെല്ലുവിളികൾ

പക്ഷേ കേരളാബാങ്ക് യാഥാർത്ഥ്യമാകുമ്പോൾ പരിഹരിക്കപ്പെടാത്ത ചില പ്രശ്‌നങ്ങളുണ്ട്. 14 ജില്ലാ ബാങ്കുകളിലായി നിലവിൽ 294 ഡയറക്ടർമാരാണ് ആകെയുള്ളത്. പ്രത്യേക ഭരണസമിതിയുമുണ്ട്. എന്നാൽ ഈ ചുമതലകളെല്ലാം വഹിക്കുന്നത് രാഷ്ട്രീയക്കാരാണ്. ഇവർക്ക് വേണ്ടിയുള്ള ചെലവുകൾ കുറക്കാൻ കേരളാ ബാങ്കിന്റെ രൂപീകരണത്തോടെ കഴിയുമെന്നാണ് പ്രതീക്ഷ. നിയമനത്തിലെ രാഷ്ട്രീയ ഇടപെടലുകളെ ഇതോടെ ഇല്ലാതാക്കാൻ കഴിയുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

കേരള ബാങ്കിന്റെ ലക്ഷ്യങ്ങൾ

കേരളത്തിന്റെ വികസന ലക്ഷ്യങ്ങൾ മുൻ നിർത്തി 'Safe and Reliable Banking for Everyone' എന്നതാണ് കേരള കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ കാഴ്ചപ്പാട്്. കേരള ബാങ്ക് രൂപീകരണത്തോടെ പ്രാഥമിക ബാങ്കുകളെ കൂടുതൽ കരുത്താർജ്ജിപ്പിക്കാൻ കഴിയുമെന്നാണ് സർക്കാർ പറയുന്നത്. മൂലധന സമാഹരണത്തിലൂടെ വൻ നേട്ടം കൊയ്യാൻ കേരളാ ബാങ്കിന് കഴിയുമെന്നാണ് വിലയിരുത്തൽ. ഒരു ലക്ഷം കോടി രൂപയുടെ മൂലധനവുമായാണ് കേരളാ ബാങ്ക് ഇനി പ്രവർത്തിക്കാൻ പോവുക. സംസ്ഥാന, ജില്ലാ ബാങ്കുകളുടെ ആകെ വരുന്ന പ്രവർത്തന മൂലധനമാണിത്. വാണിജ്യ മേഖലയ്ക്ക് കരുത്ത് പകരാനും വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനും കേരളാ ബാങ്കിന് കൂടുതൽ മൂലധന സമാഹരണത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.

കേരളാ ബാങ്കിൽ വായ്പാ സംഘങ്ങൾക്ക് പുറമെ വായ്‌പേതര സംഘങ്ങൾക്ക് കൂടി അനുമതി നൽകാൻ സാധ്യതയുണ്ട്. ഇങ്ങനെ അടിമുടി മറ്റങ്ങളാണ് പുതിയ ബങ്കിങ് സംരംഭത്തിലൂടെ നടപ്പിലാക്കാൻ പോകുന്നത്. അതേസമയം സംസ്ഥാന സഹകരണ ബാങ്കിന് കീഴിൽ ആകെ 20 പതും, ജില്ലാ സഹകരണ ബാങ്കുകൾക്കാകെ 800 ഉം ശാഖകളുണ്ടെന്നാണ് റിപ്പോർട്ട്.

2016 ൽ നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടന പത്രികയിലൂടെ കേരളത്തിലെ ജനങ്ങൾക്ക് നൽകിയ ഉറപ്പായിരുന്നു കേരള ബാങ്കിന്റെ രൂപീകരണം. ജില്ലാ സഹകരണ ബാങ്കുകളും സംസ്ഥാന സഹകരണ ബാങ്കും സംയോജിപ്പിച്ച് കേരളത്തിന്റെ സ്വന്തം ബാങ്ക് എന്ന ആ വാഗ്ദാനം പൂർത്തീകരിക്കുവാനുള്ള അവസാന കടമ്പയും മറികടന്നിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP