Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണപ്പണയ ബിസിനസ്സുകാർക്ക് വായ്പയില്ല; ഇൻഷുറൻസ് നിർബന്ധം; 75 ശതമാനത്തിൽ കൂടുതൽ പണം നൽകില്ല; സഹകരണ ബാങ്കിൽ ചെന്ന് പണയംവച്ച് പണമെടുക്കാൻ ഇനി പ്രയാസമാകും

സ്വർണപ്പണയ ബിസിനസ്സുകാർക്ക് വായ്പയില്ല; ഇൻഷുറൻസ് നിർബന്ധം; 75 ശതമാനത്തിൽ കൂടുതൽ പണം നൽകില്ല; സഹകരണ ബാങ്കിൽ ചെന്ന് പണയംവച്ച് പണമെടുക്കാൻ ഇനി പ്രയാസമാകും

തിരുവനന്തപുരം: സഹകരണബാങ്കുകളിൽ സ്വർണം പണയംവച്ച് വായ്പയെടുക്കുകയും അത് പലിശകൂട്ടി തങ്ങളുടെ സ്ഥാപനംവഴി വിതരണം ചെയ്യുകയും ചെയ്യുന്ന സ്വകാര്യ പണയസ്ഥാപനങ്ങൾക്ക് സർക്കാരിന്റെ മൂക്കുകയർ. സ്വർണപ്പണയ ഇടപാട് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കു സഹകരണ ബാങ്കുകളും സംഘങ്ങളും സ്വർണപ്പണയത്തിന്മേൽ വായ്പ നൽകുന്നതു സർക്കാർ വിലക്കി.

ഇത്തരം ഇടപാടുകൾ സംസ്ഥാനത്ത് വ്യാപകമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. സഹകരണ സ്ഥാപനങ്ങളിലെ സ്വർണപ്പണയ ഇടപാടുകളിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ സ്വർണപ്പണയ വായ്പ സംബന്ധിച്ച നിബന്ധനകൾ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ സാധാരണക്കാർക്കും സഹകരണ സംഘങ്ങളിൽനിന്ന് സ്വർണവായ്പയെടുക്കാൻ തടസ്സങ്ങളേറുമെന്നും ആക്ഷേപം ഉയരുന്നു.

കാസർകോട്ട് സഹകരണ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ച് കോടികളുടെ തട്ടിപ്പ് നടന്ന സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരം സർക്കാർ കൊണ്ടുവരുന്നത്. ബൈലായിൽ വ്യവസ്ഥയുണ്ടെങ്കിൽ മാത്രമേ സഹകരണ സംഘങ്ങൾക്ക് സ്വർണപ്പണയ ഇടപാട് നടത്താവൂ. പക്ഷേ, ഇതു ലംഘിച്ച് സംസ്ഥാനത്തെ പല സംഘങ്ങളും വ്യാപകമായി വായ്പ നൽകുന്നുണ്ട്. ഇത്തരം നിരവധി തട്ടിപ്പുകൾ സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരം.

യോഗ്യതയില്ലാത്ത അപ്രൈസർമാരെ നിയമിച്ചും മതിയായ ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെയും പല സഹകരണസംഘങ്ങളും ബാങ്കുകളും വായ്പ നൽകുന്നതായി കണ്ടെത്തി. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ വായ്പ നേടിയെടുക്കുന്നതായും പണയ ഉരുപ്പടികളുടെ കൃത്യത ഉറപ്പുവരുത്തുന്നില്ലെന്നും കണ്ടെത്തിയ പശ്ചാത്തലത്തിലാണു 13 നിബന്ധനകൾ പുറപ്പെടുവിച്ചത്. കഴിഞ്ഞദിവസം ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ ഇവയാണ്:

സ്വർണപ്പണയ ഇടപാട് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കോ അവയുടെ ഉടമസ്ഥർക്കോ സ്വർണപ്പണയ വായ്പ നൽകരുത്. പണയമായി എടുക്കുന്ന ഉരുപ്പടികളുടെ മാർക്കറ്റ് വില നിശ്ചയിച്ച് ഇതിന്റെ പത്തു ശതമാനത്തിൽ കൂടിയ തുകയ്ക്ക് സംഘം ഇൻഷുറൻസ് കവറേജ് ഏർപ്പെടുത്തണം.

സ്വർണപ്പണയ വായ്പ നൽകുന്ന സംഘങ്ങളിലും ബാങ്കുകളിലും മതിയായ സ്‌ട്രോങ് റൂം സംവിധാനം വേണം. വായ്പക്കാരിൽ നിന്ന് അപ്രൈസർ ചാർജ്, ഇൻഷുറൻസ് ചാർജ്, ഫോറം വില തുടങ്ങിയ ഇനത്തിൽ ഈടാക്കാവുന്ന മിനിമം തുക 50 രൂപയായി നിജപ്പെടുത്തി. സംഘങ്ങളിലെ ജീവനക്കാർ അതേ സംഘത്തിൽ അംഗമായി വായ്പയെടുക്കരുത്. സ്വർണപ്പണയ ഉരുപ്പടികളുടെ കമ്പോളവിലയുടെ 75 ശതമാനത്തിൽ കൂടുതൽ തുക വായ്പ നൽകരുത്.

ഒരു ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് 250 രൂപയും മൂന്നു ലക്ഷം വരെ 300 രൂപയും അഞ്ചു ലക്ഷം വരെ 400 രൂപയും ഏഴു ലക്ഷം വരെ 500 രൂപയും 10 ലക്ഷം വരെ 700 രൂപയും അതിനു മുകളിൽ 1,000 രൂപയും മാത്രമേ ഈടാക്കാവൂ. പണയ ഉരുപ്പടികൾ ആറു മാസത്തിലൊരിക്കൽ വിദഗ്ധ അപ്രൈസർമാരെക്കൊണ്ടു പരിശോധിപ്പിക്കണം. എണ്ണം, തൂക്കം, പരിശുദ്ധി എന്നിവ ഉറപ്പുവരുത്തണം. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയാൽ ക്രിമിനൽ സ്വഭാവമുള്ളതാണെങ്കിൽ പൊലീസിൽ പരാതിപ്പെട്ടു ക്രിമിനൽ കേസ് ചാർജ് ചെയ്തുവെന്ന് ഉറപ്പുവരുത്തണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP