Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വായ്പ ബാധ്യതയാകാതിരിക്കാൻ ഓർക്കേണ്ട കാര്യങ്ങൾ ഏറെ; സിബിൽ സ്‌കോറിന് തട്ടുകേട് വന്നാൽ വായ്പ എന്ന സ്വപ്‌നം എന്നന്നേക്കുമായി അടയുമെന്ന് പറയാൻ കാരണമെന്ത് ? ധനകാര്യ സ്ഥാപനവുമായി 'കട'പ്പാട് ഉണ്ടാക്കുന്നതിന് മുൻപ് ചോദിച്ചറിയേണ്ട കാര്യങ്ങൾ എന്തൊക്കെ ? പലിശയിൽ വിലപേശാൻ പറ്റുമോ ? വായ്പ ഊരാക്കുടുക്കായി മാറാതിരിക്കാൻ ഇക്കാര്യങ്ങൾ ഓർക്കാം

വായ്പ  ബാധ്യതയാകാതിരിക്കാൻ ഓർക്കേണ്ട കാര്യങ്ങൾ ഏറെ; സിബിൽ സ്‌കോറിന് തട്ടുകേട് വന്നാൽ വായ്പ എന്ന സ്വപ്‌നം എന്നന്നേക്കുമായി അടയുമെന്ന് പറയാൻ കാരണമെന്ത് ? ധനകാര്യ സ്ഥാപനവുമായി 'കട'പ്പാട് ഉണ്ടാക്കുന്നതിന് മുൻപ് ചോദിച്ചറിയേണ്ട കാര്യങ്ങൾ എന്തൊക്കെ ? പലിശയിൽ വിലപേശാൻ പറ്റുമോ ?  വായ്പ ഊരാക്കുടുക്കായി മാറാതിരിക്കാൻ ഇക്കാര്യങ്ങൾ ഓർക്കാം

തോമസ് ചെറിയാൻ കെ

പഠിച്ച്  ജോലി നേടി പത്തു പൈസ കൈയിലേക്ക് വന്നു തുടങ്ങുമ്പോൾ മുതൽ നാം കരുതും..ഹാ പണം വന്നു തുടങ്ങി ഇനി ആവശ്യങ്ങളെല്ലാം നിറവേറ്റാം എന്ന്. എന്നാൽ ഇന്നത്തെക്കാലത്ത് ജോലി ലഭിക്കുമ്പോൾ തന്നെ നല്ലൊരു വിഭാഗം വരുന്ന 'ജോലിക്കാർക്കും' വിദ്യാഭ്യാസ വായ്പ എന്ന ചെറു ബാധ്യത കൂടെ തന്നെ കാണും. എന്നാലത് അടയ്ക്കാൻ ഒരു പരിധിയിൽ കൂടുതൽ പ്രയാസമുണ്ടാവില്ല. പക്ഷേ അതിനു ശേഷം ഒരു ശരാശരിക്കാരന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത് വായ്പകളുടെ ഘോഷയാത്ര തന്നെയാണ്.

വാഹന വായ്പ, ഭവന വായ്പ, ബിസിനസ് വായ്പ തുടങ്ങി ആവശ്യമനുസരിച്ച് കടത്തിന്റെ പേര് മാത്രം മാറുന്ന ഒട്ടേറെ വായ്പകളാണ് ഇന്നുള്ളത്. സർക്കാർ നിയന്ത്രണത്തിലുള്ള ബാങ്കുകൾ, സ്വകാര്യ ബാങ്കുകൾ തുടങ്ങി ചിട്ടി സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ആരംഭിച്ചിരിക്കുന്നത് സാധാരണക്കാരടക്കമുള്ളവർക്ക് വായ്പ തരാൻ തന്നെ. എന്നാൽ ഏവരും ഓർക്കേണ്ട മറ്റൊരു സംഗതി കൂടിയുണ്ട്. ആവശ്യത്തിനായി വായ്പ എടുക്കുന്നതിന് മുൻപ് ഓർത്തിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. ഇവയോർത്താൽ നിങ്ങൾക്ക് സമാധാനമപരമായി വായ്പ എന്ന 'ഉത്തരവാദിത്വത്തെ' കൈകാര്യം ചെയ്യാൻ സാധിക്കും.

ലോൺ എടുക്കും മുൻപ് പ്രാഥമികമായി ഓർക്കേണ്ട കാര്യങ്ങൾ

വായ്പ എടുക്കും മുൻപ് അതിനെ പറ്റി നൂറു ശതമാനം പഠിച്ച ശേഷം മാത്രം ധനകാര്യ സ്ഥാപനവുമായി കൈകൊടുക്കുക. തിരിച്ചടവ് കാലാവധി, നിബന്ധനകൾ, ഇഎംഐ, പലിശ നിരക്ക് തുടങ്ങി മറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ വരെ കൃത്യമായി പഠിച്ച് വേണം വായ്പയെടുക്കാൻ. നമ്മുടെ ആവശ്യത്തിനുള്ള പണം മാത്രം വായ്പയെടുത്ത ശേഷം ബാക്കി തുക സ്വയം കണ്ടെത്താൻ ശ്രമിക്കണം.

വായ്പയെ പൂർണമായും ആശ്രയിക്കരുത്. ഇക്കാര്യങ്ങൾ ഓർത്തില്ലെങ്കിലാണ് വായ്പ എന്നത് കെണിയായി മാറുകയും അത് ജപ്തി അടക്കമുള്ള നടപടികളിലേക്ക് കടക്കുകയും ചെയ്യുന്നത്. അത്രയും കുഴപ്പങ്ങളിലേക്ക് വായ്പ എന്നത് എത്താതിരിക്കാൻ നാം കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തിയേ തീരു.

ഒരുപാട് വായ്പകൾ നല്ലതല്ല കേട്ടോ....

വായ്പ എന്നത് അത്യാവശ്യഘട്ടത്തിൽ മാത്രം എടുക്കേണ്ട ഒന്നാണ്. അത് ഒന്നിൽ കൂടുതൽ പാടില്ല. എന്നാൽ എല്ലാ ആവശ്യങ്ങളേയും സാക്ഷാത്കരിക്കാൻ ഒന്നിൽ കൂടുതൽ വായ്പയെടുത്ത് കുരുക്കിലാകുന്നവരുണ്ട്. പ്രത്യേകിച്ച് യുവാക്കൾ. ഇങ്ങനെയുള്ളവരുടെ വിശ്വസ്യതയ്ക്ക് മങ്ങൽ വരാൻ അധിക സമയം വേണ്ടിവരില്ല. വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയാൽ അത് ബാങ്കിനു മുൻപിൽ നിങ്ങളുടെ വിശ്വാസ്യതയുടെ അളവുകോലായ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും. ഇത് മോശം നിലയിലേക്ക് പോയാൽ മറ്റൊരു വായ്പ നിങ്ങൾക്ക് ജീവിതത്തിൽ ലഭിക്കില്ലെന്ന കാര്യം ഓർക്കുക. മാത്രമല്ല ഇങ്ങനെയുള്ളവർക്ക് പലിശയിൽ ഇളവ് കിട്ടില്ലെന്ന് മാത്രമല്ല കഠിനമായ പലിശനിരക്കാവും കാത്തിരിക്കുക.

ക്രെഡിറ്റ് ഇൻഫർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ (സിബിൽ) സൂക്ഷിക്കുന്ന ക്രെഡിറ്റ് സ്‌കോറാണ് രാജ്യത്തെ ഏത് ബാങ്കിൽ നിന്നും നിങ്ങൾക്ക് വായ്പ ലഭിക്കുന്നതിനുള്ള വിശ്വാസ്യതയുടെ ആധാരം എന്ന കാര്യം മറക്കരുത്.അവസാന നിമിഷം വായ്പ അടയ്ക്കുന്ന പരിപാടിയും അത്ര നല്ലതല്ല. ഇത് ക്രെഡിറ്റ് സ്‌കോർ കുറയാൻ കാരണമാകും. ക്രെഡിറ്റ് സ്‌കോർ 750ന് മുകളിലാണെങ്കിൽ നിങ്ങൾക്ക് ലോൺ ലഭിക്കുന്നതിന് പ്രയാസമുണ്ടാകില്ല എന്ന കാര്യം മറക്കരുത്.

ലോൺ തിരിച്ചടവിന്റെ വിവരങ്ങളോ മറ്റ് കാര്യങ്ങളോ യഥാസമയം സിബിൽ രേഖകളിൽ ചേർക്കുവാൻ ബാങ്കുകൾ വിട്ടുപോയെങ്കിൽ അക്കാര്യം ബാങ്കിനെയും സിബിൽ അധികൃതരേയും അറിയിക്കണം. മറിച്ച് നിങ്ങളുടെ തന്നെ പ്രശ്നം കൊണ്ടാണ് സ്‌കോർ താഴ്ന്നതെങ്കിൽ അത് ശരിയാക്കാനുള്ള വഴികൾ ഉടൻ തന്നെ സ്വീകരിക്കണമെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

വിശദാംശങ്ങൾ അറിയാതെ 'പണിക്കിറങ്ങരുത്'

ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പയെടുക്കുന്നതിന് മുൻപ് ആ സ്ഥാപനം വായ്പയുടെ പുറത്ത് ചുമത്തുന്ന എല്ലാ നിബന്ധനകളും ആനുകൂല്യങ്ങളും മുതൽ തിരിച്ചടവ് മുടങ്ങിയാൽ എടുക്കുന്ന നടപടികളെ പറ്റി വരെ നാം കൃത്യമായി പഠിച്ചിരിക്കണം. കരാറുകളിൽ ഒപ്പിടുന്നതിന് മുൻപ് ഇത് കൃത്യമായി വായിച്ച് പഠിക്കുക. ഓരോ ബാങ്കുകളും ഇത്തരം വ്യവസ്ഥകൾ പുതുക്കുന്നതിനാൽ വിദഗ്ധരായിട്ടുള്ളവരോട് ചോദിച്ച് മനസിലാക്കണം.

ഇപ്പോഴാണെങ്കിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും വായ്പയെടുത്താൽ മുൻപ് ഇത്തരത്തിൽ വായ്പയെടുത്ത കസ്റ്റമറുടെ റിവ്യു അടക്കം ലഭിക്കും. മറഞ്ഞിരിക്കുന്ന നിബന്ധനകൾ ഇല്ലെന്ന് ഉറപ്പ് വരുത്തുകയാണ് ആദ്യം വേണ്ടത്.

തിരിച്ചടയ്ക്കാനുള്ള 'വകുപ്പുണ്ടോ' ?

തിരിച്ചടയ്ക്കാനുള്ള വരുമാനം ഉണ്ടോ എന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ വായ്പയ്ക്ക് തലവെയ്ക്കാവു. മാസം തോറും അടയ്ക്കേണ്ട തുക വരുമാന പരിധിയിൽ ഉൾക്കൊള്ളിക്കാൻ സാധിക്കുന്നതാണെന്നും മറ്റ് റിസ്‌ക്കുകളില്ലെന്നും ഉറപ്പാക്കുക. അല്ലെങ്കിൽ അത് പിന്നീട് ബാധ്യതയാകാൻ സാധ്യതയുണ്ട്. നമുക്ക് ആകെയുള്ള വരുമാനത്തിന്റെ 35 ശതമാനത്തിൽ കൂടുതൽ വായ്പാ തിരിച്ചടവിനായി ഉപയോഗിക്കേണ്ടി വരരുതെന്നും ആ പരിധിക്കുള്ളിൽ തിരിച്ചടവ് നിൽക്കുന്ന ലോണുകൾ മാത്രമേ എടുക്കാവൂ എന്നും വിദഗ്ദ്ധർ പറയുന്നു. തിരിച്ചടവ് കാലാവധി വലിച്ച് നീട്ടിക്കൊണ്ട് പോകുന്നതും ശരിയല്ല.

ഇത് പലിശയിലെ വർധനയ്ക്കും എന്തിന് ക്രെഡിറ്റ് സ്‌കോറിനെ വരെ ബാധിക്കുന്ന കാര്യവുമാണ്. ഒരു കാരണവലശാലും തിരിച്ചടവ് മുടങ്ങാനും പാടില്ല. അങ്ങനെ വന്നാൽ അതിനും അധിക പലിശ നൽകേണ്ടി വരികയും സാമ്പത്തികമായ താളപ്പിഴയുണ്ടാവുകയും ചെയ്യും. ഇത്തരത്തിൽ വായ്പയുമായി ബന്ധപ്പെട്ട് നിങ്ങളിൽ നിന്നും വീഴ്‌ച്ചയുണ്ടായാൽ അത് സിബിൽ രേഖകളിൽ ഇടം നേടുകയും ഭാവിയിൽ ലോൺ എന്നത് ലഭിക്കാതെ വരുന്ന അവസ്ഥയുമുണ്ടാകും.

ഇങ്ങനെ വീഴ്‌ച്ച വന്നാൽ കുറഞ്ഞത് ഏഴ് വർഷത്തേക്ക് വരെ വായ്പ എന്നത് നിങ്ങൾക്ക് സ്വപ്നം കാണാനാവില്ല. ചുരുക്കി പറഞ്ഞാൻ കൃത്യമായ പ്ലാനിങ്ങുണ്ടെങ്കിൽ വായ്പ എന്നത് അനുഗ്രഹവും അല്ലെങ്കിൽ അതൊരു ശാപവുമാണ്. അപ്രതീക്ഷിതമായും ജീവിതത്തിൽ ചെലവുകൾ വരാമെന്ന് ഓർത്ത് മുന്നോട്ട് പ്ലാനിങ് തയാറാക്കുന്നതാണ് ഉത്തമം.

 ഗ്യാരണ്ടിയുള്ള ലോണുകൾ തന്നെ നല്ലത്

ഗ്യാരണ്ടിയുള്ള അതായത് ഈട് വച്ച് എടുക്കുന്ന വായ്പകളാണ് ക്രെഡിറ്റ് സ്‌കോർ കുറയാതിരിക്കാൻ ഏറ്റവും നല്ലത്. പേഴ്സണൽ വായ്പ, ക്രെഡിറ്റ് കാർഡ് എന്നിവയ്ക്ക് ഈടില്ലാത്തതിനാൽ തിരിച്ചടവിൽ വീഴ്‌ച്ച വരുത്തിയാൽ അത് ക്രെഡിറ്റ് സ്‌കോറിനെ സാരമായി ബാധിക്കുകയും ചെയ്യും. ഭൂമിയോ സ്വർണമോ മറ്റ് സ്ഥിര നിക്ഷേപങ്ങളോ ഗ്യാരണ്ടിയായി നൽകി വായ്പയെടുക്കുന്നതാണ് ഉത്തമമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഈടിന് എപ്പോഴും ഉയർന്ന ക്രെഡിറ്റ് സ്‌കോർ തന്നെയാണ് കാത്തിരിക്കുന്നത്.

ഗ്യാരണ്ടി ഇല്ലാതെ ഒന്നിൽ കൂടുതൽ തവണ ലോണെടുത്താൽ അതും വിശ്വാസ്യതയ്ക്ക് മങ്ങൽ ഏൽപ്പിക്കുന്ന ഒന്നായി മാറും. മാത്രമല്ല ഒരു പരിധിയിൽ കൂടുതൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാലും നിങ്ങൾക്ക് റിസ്‌ക് കൂടും എന്ന കാര്യം ഓർമ്മിക്കുക. ക്രെഡിറ്റ് ലിമിറ്റിൽ നിന്നും 30 ശതമാനത്തിലധികം ഉപയോഗിക്കുകയും ഇത് സ്ഥിരം പരിപാടിയാകുകയും ചെയ്താൽ വിശ്വാസ്യതയ്ക്ക് ഷട്ടർ വീഴുമെന്നും ഉറപ്പ്.

വായ്പ എടുക്കാൻ ഉറപ്പിച്ചോ...? എങ്കിൽ ഘട്ടം ഘട്ടമായി ഇങ്ങനെ നീങ്ങാം

വായ്പ എടുക്കാൻ തീരുമാനിച്ച് കഴിഞ്ഞാൽ എന്താണ് നമ്മുടെ ആവശ്യമെന്നും അതിനോട് കൃത്യമായി യോജിക്കുന്ന ധനകാര്യ സ്ഥാപനവും തിരഞ്ഞെടുക്കുക. വായ്പ എന്തുമായി കൊള്ളട്ടെ അതിനെ കുറിച്ച് അന്വേഷിക്കാൻ ഇറങ്ങുമ്പോൾ ഒരു സ്ഥാപനത്തിൽ മാത്രമായി ഒതുക്കി കളയരുത്. അതിനായി ബാങ്കുകൾ, ചിട്ടി കമ്പനികൾ, സഹകരണ സ്ഥാപനങ്ങൾ, ഭവന വായ്പയ്ക്കാണെങ്കിൽ ഹൗസിങ് ഫിനാൻസ് കമ്പനികൾ തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. ഇവയിലെല്ലാം കൃത്യമായി അന്വേഷിച്ച് രേഖകൾ കണ്ടെത്തണം.

പ്രതിമാസ പലിശ, ഇളവ് എന്നിവ സംബന്ധിച്ച് ഓരോ സ്ഥാപനവും എങ്ങനെയാണ് സേവനം നൽകുന്നതെന്ന് മനസിലാക്കി കൃത്യമായി താരതമ്യം ചെയ്ത ശേഷം തീരുമാനമെടുക്കുക. പലിശ നിരക്ക് മാത്രമല്ല അഡ്‌മിനിസ്ട്രേറ്റീവ് ഫീ, പ്രോസസിങ് ചാർജ്, പ്രീ പെയ്മന്റ് ചാർജ് എന്നിങ്ങനെ മറഞ്ഞിരിക്കുന്ന നിരക്കുകൾ ഉണ്ട്. അവ ഓരോ സ്ഥാപനത്തിനും എത്രയെന്ന് കൃത്യമായി അറിഞ്ഞിരിക്കണം. വായ്പയുടെ കാലാവധി, പലിശ നിരക്ക്, ഫ്ളോട്ടിങ്, ഫിക്സഡ്, റീസെറ്റ് പിരീഡ് തുടങ്ങിയവ കൂടി അറിയുന്നതും ഏറെ ഗുണം ചെയ്യും. 

പലിശ നിരക്കിൽ വ്യത്യാസം വരുത്താൻ ബാങ്കുകൾക്ക് അധികാരം നൽകുന്ന 'റീസെറ്റ് ക്ലോസ്' പരിശോധിച്ച് എത്ര വർഷം കൂടുമ്പോഴാണ് ഇത്തരത്തിൽ മാറ്റം വരുത്തുന്നത് എന്ന് മനസ്സിലാക്കണം. ചില ബാങ്കുകൾ എത്ര തുകയാണോ ആവശ്യമുള്ളത് അതിന്റെ നിശ്ചിത തുക കിഴിച്ചുള്ള സംഖ്യയേ വായ്പാ തുകയായി നൽകൂ. മാർജിൻ മണി അഥവാ ഡൗൺ പേയ്മെന്റ് എന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാൽ ചില ബാങ്കുകൾ മാർജിൻ മണിയുടെ അളവ് കുറച്ചുതരും. ഈ തുകയിൽ വിലപേശൽ നടത്താൻ പറ്റുമെന്ന കാര്യവും മറക്കരുത്. 

നിങ്ങൾക്ക് അനുയോജ്യമായ വായ്പ നൽകാൻ ധനകാര്യ സ്ഥാപനം തയാറായാൽ ഉടൻ തന്നെ വായ്പയുടെ പലിശ നിരക്കും ഫീസുകളും എഴുതി തരാൻ ആവശ്യപ്പെടുക. ഇതിൽ വിലപേശാനും സാധിക്കും എന്ന കാര്യം മറക്കരുത്. ഇപ്രകാരം ചെയ്തില്ലെങ്കിൽ ഒരു ഫീസിൽ ഇളവ് തന്നശേഷം മറ്റ് ഫീസ് കൂട്ടിവയ്ക്കാൻ സാധ്യതയുണ്ട്. വായ്പ എടുക്കുമെന്ന് ഉറപ്പായാൽ എല്ലാംകൂടി രേഖപ്പെടുത്തിയ ഒരു ഓഫർ ലെറ്റർ നേടുക. അത് പൂർണമായും പഠിച്ച ശേഷം മാത്രമേ വായ്പ എടുക്കുന്ന നടപടികളിലേക്ക് നീങ്ങാവൂ.

(സാധാരണക്കാർക്കായി സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന വായ്പാ പദ്ധതികളെ പറ്റിയുള്ള മണിച്ചെപ്പ് ഉടൻ)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP