Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രവാസികൾക്കിനി എന്തിന് ടെൻഷൻ? 'പ്രവാസി ചിട്ടി' ഒപ്പമില്ലേ; സംസ്ഥാന സർക്കാരിന്റെ പദ്ധതിയെ പറ്റിയുള്ള മുഖ്യ കാര്യങ്ങൾ ഇതാ; ഓൺലൈനായി പണമടച്ചും ചിട്ടി വിളിച്ചും ലോകത്തെവിടെയിരുന്നും ഇടപാട് നടത്താം; ചിട്ടി തുകയ്ക്ക് ഇൻഷുറൻസ് പരിരക്ഷയും പെൻഷൻ പദ്ധതിയും വരെ തരുന്ന പ്രവാസി ചിട്ടിയിലെ അംഗത്വം ലാഭം തന്നെ; നൂലാമാലകൾ ഒട്ടുമില്ലാത്ത പദ്ധതിക്ക് യൂറോപ്പിലടക്കം മികച്ച പ്രതികരണം

പ്രവാസികൾക്കിനി എന്തിന് ടെൻഷൻ? 'പ്രവാസി ചിട്ടി' ഒപ്പമില്ലേ; സംസ്ഥാന സർക്കാരിന്റെ പദ്ധതിയെ പറ്റിയുള്ള മുഖ്യ കാര്യങ്ങൾ ഇതാ; ഓൺലൈനായി പണമടച്ചും ചിട്ടി വിളിച്ചും ലോകത്തെവിടെയിരുന്നും ഇടപാട് നടത്താം; ചിട്ടി തുകയ്ക്ക് ഇൻഷുറൻസ് പരിരക്ഷയും പെൻഷൻ പദ്ധതിയും വരെ തരുന്ന പ്രവാസി ചിട്ടിയിലെ അംഗത്വം ലാഭം തന്നെ; നൂലാമാലകൾ ഒട്ടുമില്ലാത്ത പദ്ധതിക്ക് യൂറോപ്പിലടക്കം മികച്ച പ്രതികരണം

തോമസ് ചെറിയാൻ കെ

പണം..അതില്ലാതെ ഒരു ജീവിതം ചിന്തിക്കാൻ പോലും സാധിക്കില്ല. അത് സത്യം തന്നെ. എന്ന് കരുതി ജീവിതത്തിൽ പണമാണ് എല്ലാം എന്നും പണത്തിന് പ്രാധാന്യം നൽകി അതിന് പിന്നാലെ ഓടുന്നതാണ് ലക്ഷ്യമെന്നും മനസിൽ കരുതി ജീവിക്കുന്നവർക്ക് ഒരിക്കലും മനസമാധാനം എന്ന കാര്യം കിട്ടില്ല എന്നും ഓർക്കുക. കുടുംബം പുലർത്താനും വീട്ടു ചെലവ് മുതൽ വിദ്യാഭ്യാസവും വിവാഹും വീടുപണിയും അടക്കമുള്ള കാര്യങ്ങൾ നടത്തിയെടുക്കാനും സ്വദേശത്തും വിദേശത്തും എല്ലുമുറിയേ പണിയെടുക്കുന്നവർ കുറവല്ല. പ്രത്യേകിച്ച് ഇന്ത്യ പോലൊരു രാജ്യത്ത് നിന്നും.

പ്രതിമാസം ആദ്യവാരത്തിനുള്ളിൽ ശമ്പളമായി കിട്ടുന്ന പണം  മാസം അവസാനിക്കുമ്പോഴേയ്ക്കും കാലിയായിരിക്കും. പിന്നെ കടമെടുത്തും പണം റോൾ ചെയ്തും കാര്യം നടത്തിയെടുക്കുന്നവരാണ് മിക്കവരും. ഇത്തരത്തിലുള്ള അവസരങ്ങളിൽ നമ്മേ ഏറെ സഹായിക്കുന്ന ഒന്നാണ് ചിട്ടി. ചിട്ടിപിടിച്ച് ആവശ്യങ്ങൾ നിറവേറ്റുന്നതിൽ മലയാളികളെ കടത്തിവെട്ടാൻ മറ്റൊരു നാട്ടുകാർക്കും കഴിയില്ല എന്നത് മറ്റൊരു സത്യം. നമ്മുടെ നാടിന്റെ സമ്പത്ത് വ്യവസ്ഥയ്ക്ക് മികച്ച സംഭാവന നൽകുന്ന പ്രവാസികൾക്കായി സംസ്ഥാന സർക്കാർ രൂപീകരിച്ച പദ്ധതിയാണ് പ്രവാസി ചിട്ടി പദ്ധതി.

അറബ് മണ്ണിലെ പ്രവാസികളെ ലക്ഷ്യം വച്ചാണ് പ്രവാസി ചിട്ടി ആരംഭിച്ചതെങ്കിലും ഇപ്പോൾ യൂറോപ്പ് അടക്കമുള്ള മേഖലയിലേക്ക് പ്രവാസി ചിട്ടി വ്യാപിപ്പിച്ചുവെന്ന വാർത്ത നാം കേട്ടിരുന്നു. എന്നാൽ പദ്ധതി ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോഴും പദ്ധതിയെ പറ്റി കാര്യമായി അറിയാത്ത ആളുകളുമുണ്ട്. ആവർക്കു വേണ്ടി എന്താണ് പ്രവാസി ചിട്ടി എന്ന് വിവരിക്കുന്ന മിനി മണിച്ചെപ്പാണ് ഇത്തവണത്തേത്.

പ്രവാസി ചിട്ടി: ആദ്യമായി അറിഞ്ഞിരിക്കേണ്ടത്

ലോകത്തെവിടെയിരുന്നും ഓൺലൈനായി പങ്കെടുക്കാവുന്ന ചിട്ടി പദ്ധതി. പ്രാവസ ജീവിതത്തിന്റെ തിരക്കിനിടയിലും ഓൺലൈനായി നടപടികൾ പൂർത്തിയാക്കാവുന്ന പദ്ധതി. നിസാരമായി പറഞ്ഞാൽ അതാണ് പ്രവാസി ചിട്ടി. ഓൺലൈനായി പൈസ അടയ്ക്കുന്നത് മുതൽ ചിട്ടി വിളിക്കാനും സ്വന്തം നാട്ടിലുള്ള വസ്തു അടക്കമുള്ളവ ജാമ്യം നൽകി ചിട്ടിതുക ഇന്ത്യൻ മണിയായി പിൻവലിക്കാനും സാധിക്കും എന്നതാണ് പ്രവാസി ചിട്ടിയുടെ പ്രത്യേകത. മാത്രമല്ല ലേലത്തുകയായി കിട്ടുന്ന പണം സുരക്ഷിത നിക്ഷേപമാക്കി മാറ്റി അതിൽ നിന്നും ആദായമുണ്ടാക്കാനും സാധിക്കും എന്നും ഓർക്കുക.

കെഎസ്എഫ്ഇയും കിഫ്ബിയും (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) ചേർന്ന് ആരംഭിച്ച പദ്ധതിക്ക് ഇപ്പോൾ മികച്ച പ്രതികരണമാണ് ലോകമെമ്പാടു നിന്നും ലഭിക്കുന്നത്. 18നും 55നും ഇടക്ക് പ്രായമുള്ള ഇന്ത്യൻ പൗരന്മാരായ പ്രവാസി മലയാളികൾക്കാണ് ചിട്ടിയിൽ അംഗമാകാനാവുക. പത്തു ലക്ഷം രൂപ വരെ ഒന്നോ അതിലധികമോ ചിട്ടികളായി അംഗത്വമെടുക്കാം. പത്തു ലക്ഷത്തിന് മുകളിലുള്ള ചിട്ടികൾക്ക് ഇൻഷുറൻസ് ഇല്ലാതെ ചേരാനും അവസരമുണ്ട്.

പ്രവാസികൾക്കായി 25 മുതൽ 40 മാസം വരെ കാലാവധിയുള്ള ചിട്ടികളടക്കമാണ് പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നത്. ഇതിൽ 2500 രൂപ മുതൽ 40,000 രൂപ വരെ മാസതവണ വരുന്ന ചിട്ടി പദ്ധതികളുണ്ട് (ഇക്കൂട്ടത്തിൽ പുതിയ പദ്ധതികളും നടപ്പാക്കിയേക്കാം). പ്രവാസി ചിട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത ഇതിന് എൽഐസിയുടേയും സംസ്ഥാന ഇൻഷുറൻസ് വകുപ്പിന്റെയും ഇരട്ട ഇൻഷുറൻസ് കവറേജ് ലഭിക്കും എന്നതാണ്. ചിട്ടി അടയ്‌ക്കേണ്ട കാലാവധിക്കിടെ ചിട്ടി ഉടമ മരണപ്പെട്ടാൽ ബാക്കിയായി അടയ്‌ക്കേണ്ട തുക എൽഐസി നൽകും. അതായത് ചിട്ടി ഉടമയുടെ അവകാശികൾക്ക് മേൽ ചിട്ടിയടവിന്റെ ബാധ്യത വീഴില്ല. ചിട്ടി ഉടമയ്ക്ക് അപകടമാണ് സംഭവിക്കുന്നതെങ്കിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കംപ്യൂട്ടറും ഇന്റർനെറ്റും ഉണ്ടോ? ലോകത്തെവിടെയിരുന്നും ചിട്ടിയിൽ ചേരാം

സർക്കാർ സംരംഭമായ സിഡിറ്റും എൻഐസിയും ചേർന്ന് ഒരുക്കിയിരിക്കുന്ന വെബ്‌സൈറ്റ് വഴി ലോകത്തെവിടെയിരുന്നും ചിട്ടിയിൽ ചേരുന്നതിനായി അംഗത്വമെടുക്കാം. സംശയങ്ങൾ ദൂരീകരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്. തുടക്കത്തിൽ യുഎഇയിലെ പ്രവാസികൾക്കായി ആരംഭിച്ച പദ്ധതിയിപ്പോൾ യൂറോപ്പിലടക്കം മികച്ച പ്രതികരണവുമായി മുന്നേറുന്നുവെന്ന് കേൾക്കുമ്പോൾ തന്നെ ഇതിന്റെ വിശ്വാസ്യത എത്രത്തോളം മികച്ചതാണെന്ന് മനസിലാക്കാം.

പ്രവാസി ചിട്ടിലൂടെ കിട്ടുന്ന നിക്ഷേപതുക കിഫ്ബി ബോണ്ടുകളിൽ നിക്ഷേപിക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. കിഫ്ബിയിൽ ലഭിക്കുന്ന നീക്കിയിരുപ്പ് തുക കേരളത്തിന്റെ വിവിധ മേഖലകളിലുള്ള വികസനപ്രവർത്തനങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുകയും ചെയ്യും എന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത. ഈ ബോണ്ടുകളുടെ ജാമ്യക്കാരൻ കേരള സർക്കാറാണ്. കിഫ്ബി ബോണ്ടുകളിൽനിന്ന് സ്വരൂപിക്കുന്ന തുകയാണ് വികസന പദ്ധതികൾക്ക് ചെലവിടുക.

ചിട്ടിതുകയുടെ നീക്കിയിരിപ്പ് മാത്രമാണ് ഉപയോഗപ്പെടുത്തുന്നത് എന്നതിനാൽ ചിട്ടിയുടെ നടത്തിപ്പിന് പണമില്ലാത്ത അവസ്ഥയുണ്ടാകില്ല. ചിട്ടിക്കായി കൂടുതൽ തുക വേണ്ടിവന്നാൽ നേരത്തേ സ്വരൂപിക്കപ്പെട്ട കിഫ്ബി ബോണ്ടുകളിൽ നിന്ന് തിരികെ എടുത്ത് ഉപയോഗിക്കാനുമാവും. പദ്ധതിയിൽ പ്രവാസികൾക്കു മാത്രമേ ചേരാൻ സാധിക്കൂ എന്ന കാര്യം ഓർക്കുക. എന്നാൽ അംഗമായ ശേഷം ചിട്ടി ഉടമ പ്രവാസി അല്ലാതായാലും ചിട്ടിയിൽ തുടരാം എന്നതിനാൽ ആശങ്കപ്പെടേണ്ടതില്ല.

പ്രവാസി ചിട്ടിയെ പറ്റിയുള്ള കെഎസ്എഫ്ഇയുടെ വീഡിയോ ടൂട്ടോറിയൽ

ചിട്ടി ആരംഭിക്കാൻ നിലയിൽ പ്രാബല്യത്തിലുള്ള പാസ്‌പോർട്ട്, വീസ, എന്നിവ ഉണ്ടായിരിക്കണം. ഇ-കെവൈസിയും ഔദ്യോഗികമായി നൽകേണ്ട രേഖകളിലൊന്നാണ്. കെഎസ്എഫ്ഇയുടെ വിദേശത്തുള്ള ഏജന്റുമാർ മുഖേന ഇ-കെവൈസി നൽകാം എന്ന് ആദ്യം മുതലേ അറിയിപ്പുണ്ടായിരുന്നു.എന്നാൽ ഇതിനായി ഇപ്പോൾ ഏജന്റുമാരില്ല. പകരം മണി എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ സഹായമാണ് കെഎസ്എഫ്ഇ ഏർപ്പാടാക്കുന്നത്. ഗ്ലോബൽ മണി എക്സ്ചേഞ്ച്, ലുലു എന്നിവയൊക്കെയാണ് അവ. പ്രവാസി ചിട്ടി പദ്ധതിയുടെ വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം ചിട്ടി നിക്ഷേപം ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യവുമുണ്ട്.

ചിട്ടിക്കായി പെൻഷൻ പദ്ധതിയും ഇൻഷുറൻസ് പരിരക്ഷയും ഉണ്ടായിരിക്കും എന്നതാണ് മറ്റൊരു പ്രത്യേകത. പദ്ധതി വഴി പ്രവാസികൾക്ക് മികച്ച നിക്ഷേപവും പ്രവാസികളുടെ അധ്വാനത്തിന്റെ ഫലം സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കപ്പെടുന്നു എന്ന ഇരട്ട ഗുണമാണ് 'പ്രവാസി ചിട്ടി' കാഴ്‌ച്ചവെക്കുന്നത്.

ഇൻഷുറൻസും പെൻഷൻ പദ്ധതിയും...സുരക്ഷിതമാണീ  പ്രവാസി ചിട്ടി

വളരെ ലഘുവായ ജാമ്യ വ്യവസ്ഥകളാണ് പ്രവാസി ചിട്ടിക്കുള്ളത്. ജാമ്യം നിൽക്കുന്നവർക്ക് ഫയലിന്റെ നിലവിലെ സ്ഥിതി അറിയാനായി ഡിജിറ്റൽ ഡോക്യുമെന്റേഷൻ സംവിധാനമുണ്ട്. വസ്തു ജാമ്യം നൽകി വില നിശ്ചയിക്കുന്നത് മുതൽ ആധാരം പരിശോധിക്കുന്നത് വരെയുള്ള കാര്യങ്ങൾക്ക് ഏത് ശാഖ തിരഞ്ഞെടുക്കാനും സാധിക്കും. ചിട്ടിവിളിച്ച് ലഭിക്കുന്ന പണം ചിട്ടിയുടമയുടെ എൻആർഒ അക്കൗണ്ടിൽ ഓൺലൈനായി ലഭിക്കുമെന്നും ഓർക്കുക.

ചിട്ടി ഉടമകൾക്കുള്ള സംശയങ്ങളും ആശങ്കകളും ദൂരീകരിക്കാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന വെർച്വൽ ഓഫീസാണ് പദ്ധതിക്കായി പ്രവർത്തിക്കുന്നത്. വ്യത്യസ്ഥമായ ചിട്ടി പദ്ധതികൾ ഉള്ളതിനാൽ പല രാജ്യത്ത് ജോലി ചെയ്യുകയാണെങ്കിലും സൗകര്യപ്രദമായ സമയം തിരഞ്ഞെടുത്ത് ചിട്ടിയിൽ ചേരാനും അവസരമുണ്ട്. ചിട്ടിയിൽ അംഗമാകുന്നവർക്ക് പെൻഷൻ പദ്ധതിയുണ്ടെന്ന കാര്യവും ഓർക്കുക. എൽഐസിയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. ചിട്ടി പ്രൈസ് തുക പെൻഷൻ പദ്ധതിയിലേക്ക് മാറ്റിയാണ് ഈ സേവനം ലഭ്യമാകുന്നത്.

ഓൺലൈൻ ലേലം എങ്ങനെ (കെഎസ്എഫ്ഇയുടെ ട്യൂട്ടോറിയൽ)

ചിട്ടിയുടമ വിദേശത്ത് വച്ച് മരിച്ചാൽ ഭൗതികശരീരം ഒരു അനുയാത്രികനോടൊപ്പം നാട്ടിലെത്തിക്കുവാൻ നടപടി സ്വികരിക്കുമെന്നും ഓർക്കുക. എൽ.ഐ.സിയുടെ ഇൻഷുറൻസ്, പെൻഷൻ, സ്‌റ്റേറ്റ് ഇൻഷുറൻസ് നൽകുന്ന അത്യാഹിത സുരക്ഷാ പരിരക്ഷ, സുരക്ഷിത സമ്പാദ്യം എന്നിങ്ങനെ നാലു വ്യത്യസ്ത സാമ്പത്തിക ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരേ ഒരു ചിട്ടിയാണ് പ്രവാസി ചിട്ടി. ജോലി ചെയ്യാൻ സാധിക്കാത്ത വിധം അംഗഭംഗം സംഭവിച്ചാലും എൽ.ഐ.സിയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിനൊപ്പം പെൻഷനും കിട്ടും.

ധനമന്ത്രി തോമസ് ഐസക് 2017-18ലെ ബജറ്റ് പ്രസംഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിങ്ങനെ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വൻ പദ്ധതികൾ കേരള അടിസ്ഥാന വികസന നിക്ഷേപ ഫണ്ട് ബോർഡ് (കിഫ്ബി) വഴി നടപ്പാക്കാൻ പ്രവാസി ചിട്ടിയിലെ വരുമാനം പ്രയോജനപ്പെടുത്തുമെന്നായിരുന്നു പ്രഖ്യാപനം.

പ്രവാസി ചിട്ടിയിലൂടെ മൂന്നുവർഷം കൊണ്ട് 20,000 കോടി രൂപ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. എന്നാൽ യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണം കണക്കിലെടുത്താൽ ഇതിൽ കൂടുതൽ തുക കണ്ടെത്താൻ സാധിക്കുമെന്നാണ് കരുതുന്നത്.

പ്രവാസി ചിട്ടിയിൽ ചേരാം...വെബ്‌സൈറ്റ് ലിങ്ക് ഇതാhttps://www.pravasi.ksfe.com/

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP