Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇ-വാലറ്റുകൾക്ക് 'തട്ടുകേട്' ഉണ്ടാവാൻ പോകുന്നെന്ന വാർത്ത ശരിയോ ? ഡിജിറ്റൽ പണമിടപാടിന്റെ ഉസ്താദായ ഇ-വാലറ്റുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ പ്രധാന കാര്യങ്ങൾ ഏറെ; ഇ-വാലറ്റിൽ നിന്നും പണം തട്ടിപ്പ് സാധ്യമോ ? സ്മാർട്ട് ഫോണിലെ മണിച്ചെപ്പായ വാലറ്റ് ആപ്പുകളുടെ സുരക്ഷയ്ക്കായി ആർബിഐ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അറിഞ്ഞില്ലേ ? ഇ-വാലറ്റുകളെ പറ്റി ഇക്കാര്യങ്ങൾ ഓർത്തില്ലെങ്കിൽ പണിയുറപ്പാണേ !

ഇ-വാലറ്റുകൾക്ക് 'തട്ടുകേട്' ഉണ്ടാവാൻ പോകുന്നെന്ന വാർത്ത ശരിയോ ? ഡിജിറ്റൽ പണമിടപാടിന്റെ ഉസ്താദായ ഇ-വാലറ്റുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ പ്രധാന കാര്യങ്ങൾ ഏറെ; ഇ-വാലറ്റിൽ നിന്നും പണം തട്ടിപ്പ് സാധ്യമോ ? സ്മാർട്ട് ഫോണിലെ മണിച്ചെപ്പായ വാലറ്റ് ആപ്പുകളുടെ സുരക്ഷയ്ക്കായി ആർബിഐ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അറിഞ്ഞില്ലേ ? ഇ-വാലറ്റുകളെ പറ്റി ഇക്കാര്യങ്ങൾ ഓർത്തില്ലെങ്കിൽ പണിയുറപ്പാണേ !

തോമസ് ചെറിയാൻ കെ

സാങ്കേതിക വിദ്യ അതിന്റെ മൂർധന്യത്തിലെത്തിയിരിക്കുന്ന ഇക്കാലത്ത് ബാങ്കിങ്ങിലും പണമിടപാടിലും ഐടി എന്ന മായാജാലം തീർത്ത വിപ്ലവം ചെറുതല്ല. കൈയിൽ തുട്ടായും നോട്ടായും വിലസിയിരുന്ന പണത്തെ ഇലക്ട്രോണിക്ക് രൂപമാക്കി മാറ്റിയ വിദ്യ സ്മാർട്ട് ഫോണെന്ന നമ്മുടെ കവച കുണ്ഠലത്തെ ഒരു മിനി ബാങ്കാക്കി മാറ്റുകയായിരുന്നു. വരവും പോക്കും കണക്ക് സൂക്ഷിക്കലും തുടങ്ങി മൊട്ടു സൂചി വാങ്ങാൻ നേരം പണമടയ്ക്കണമെങ്കിൽ പോലും ആശ്രയിക്കാൻ പാകത്തിൽ അത് വളർന്നു.

ആ വളർച്ചയിൽ ഏറ്റവുമധികം കാമ്പായി നിന്ന ഒന്നായിരുന്ന ഇ-വാലറ്റുകൾ അഥവാ ഇലക്ട്രോണിക്ക് വാലറ്റുകൾ എന്ന് പറയുന്നത്. 2019 മാർച്ച് മാസത്തോടെ ഇ വാലറ്റുകൾക്ക് എന്തോ കാര്യമായ 'തട്ടുകേട്' വരുന്നുവെന്ന വാർത്തകൾ കേട്ട് നടുങ്ങിയിരിക്കുകയാണ് ഏവരും. എന്നാൽ ഇ-വാലറ്റുകളുമായി ബന്ധപ്പെട്ട് ഇതു വരെ നടന്ന കാര്യങ്ങൾ വെള്ളം ചേർക്കാതെ ഒന്ന് കേട്ടാൽ ഏവർക്കും കലങ്ങും കാര്യമെന്താണെന്ന്.

പുത്തൻ മണിച്ചെപ്പിലൂടെ നമുക്ക് ഇ-വാലറ്റുകൾ എന്തെന്നും ഇപ്പോൾ ഇവയുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്നതെന്തെന്നും ഒന്ന് അറിയാം. ഒപ്പം ഇ-വാലറ്റുകളുടെ ഉപയോഗത്തിനിടെ ഓർക്കേണ്ട കാര്യങ്ങളും ഗുണ ദോഷങ്ങളും അറിഞ്ഞാൽ ഇപ്പോൾ ഏവർക്കുമുള്ള വ്യാധി നേർ പകുതിയായി കുറയുമെന്നുറപ്പ്.

ഇ- വാലറ്റുകൾ എന്നാൽ

പഴ്‌സിന്റെ ഉപയോഗമെന്താ പണം വയ്ക്കുന്നു..സൂക്ഷിക്കുന്നു.. ആവശ്യമുള്ളപ്പോൾ എടുക്കുന്നു. അത്ര തന്നെ. ഇതേ സംഗതിയുടെ ഡിജിറ്റൽ രൂപമാണ് ഇ- വാലറ്റുകൾ എന്ന് പറയുന്നത്. ഇവിടെ ലെതർ പഴ്‌സല്ല പകരം സ്മാർട്ട് ഫോണിൽ വാലറ്റ് ആപ്ലിക്കേഷൻ വഴിയാണ് പണം കൈകാര്യം ചെയ്യുന്നത്. നമ്മുടെ ബാങ്ക് അക്കൗണ്ടുമായി വാലറ്റ് യോജിപ്പിക്കാം. ചില ബാങ്കുകൾ അവരുടേതായ ആപ്പുകളും ഇതിനായി ഇറക്കിയിട്ടുണ്ടെന്നും ഓർമ്മിക്കുക. ബാങ്ക് അക്കൗണ്ടിൽ നിന്നും പണം ഡിജിറ്റൽ രൂപത്തിൽ (നമുക്ക് അത് സംഖ്യയായി കാണാം.

തുക എത്രയെന്ന്) വാലറ്റ് ആപ്പിലേക്ക് മാറ്റി ആവശ്യാനുസരണം ചെലവാക്കുന്നു. ചെലവാക്കുന്നതും ഡിജിറ്റൽ രൂപത്തിൽ തന്നെ. ഇത് പ്രവർത്തിപ്പിക്കാനായി നമ്മുടെ ബാങ്കിന്റെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ആപ്പുമായി ലിങ്ക് ചെയ്യാം. ഇപ്പോൾ ഏകദേശം കാര്യം പിടികിട്ടി അല്ലേ?.

ഇത്തരം വാലറ്റുകൾ കൊണ്ട് മൊട്ടു സൂചിക്ക് മുതൽ ഫ്‌ളൈറ്റ് ടിക്കറ്റിന് വരെ പണം ചെലവാക്കാം.എസ്‌ബിഐയുടെ ബഡ്ഢി, ആക്‌സിസ് ബാങ്കിന്റെ ലൈം, ഐസിഐസിഐയുടെ പോക്കറ്റ്‌സ് തുടങ്ങി പേടിഎം എന്ന ഇ-വാലറ്റ് സൂപ്പർ താരം വരെ ഇ-വാലറ്റുകളുടെ ശ്രേണിയിലുണ്ട്.

ഇ- വാലറ്റുകൾ ഗുണ-ദോഷ സമ്മിശ്രം തന്നെ അവയറിയാം

ഗുണങ്ങൾ

ലോകത്തെവിടെയിരുന്നും പ്രവർത്തിപ്പിക്കാം. ബാങ്കിൽ പോകേണ്ട കാര്യമില്ലെന്ന് ചുരുക്കം.

പണം ചെലവാക്കുന്നതിന്റെയും വരവിന്റെയും കൃത്യം കണക്ക് സൂക്ഷിക്കും. 

ഒട്ടുമിക്ക വാലറ്റുകൾക്കും പണം ഇടുന്നതിന് പരിധിയില്ല.

ബാങ്കിന് പ്രവർത്തന സമയമുണ്ട്. ഇ വാലറ്റുകൾ വന്നതോടെ ഏത് പാതിരാത്രിയിലും ബാങ്കിങ് ലളിതമായി നടത്താമെന്നായി

ബാഹ്യമായ പ്രശ്‌നങ്ങൾ ബാധകമല്ല. ഉദാ. ബാങ്ക് അവധിയോ ഹർത്താലോ ഒന്നും 'ഇ' സർവീസുകളെ ബാധിക്കില്ല.

ചില്ലറ തുകകൾ പോലും കൈമാറാം. ഉദാ. 88.25 രൂപയുടെ പർച്ചേസാണെങ്കിൽ പോലും കൃത്യമായി അത്രയും പണം തന്നെ അടയ്ക്കാം. ചില്ലറയില്ലെന്ന പരാതിയില്ല.

പണം സാധാരണ മോഷ്ടിക്കപ്പെടുമോ എന്ന ടെൻഷൻ അധികമില്ല (എന്നാലും ഹാക്കിങ് എന്നത് ചെറു കുരുക്ക് തന്നെ).

ഓൺലൈൻ ഷോപ്പിങ്ങിന്റെ വലിയ വാതിൽ തുറക്കുന്നതിനാൽ കടകളിൽ കിട്ടാത്ത ലാഭകരമായ ഓഫറുകളും ഇതിൽ നിന്നും ലഭിക്കും. ഉത്സവ സീസണിൽ പ്രത്യേകിച്ച്.

സമയം നഷ്ടപ്പെടുത്താതെ പെട്ടന്ന് പേയ്‌മെന്റ് നടത്താം.

ദോഷങ്ങൾ

പണം ഡിജിറ്റൽ ഫോർമാറ്റിലായതിനാൽ ഓൺലൈനായി കണ്ണിൽ കണ്ടതൊക്കെ വാങ്ങി പെട്ടന്ന് പണം ചെലവഴിക്കാൻ തോന്നും.

പണം എണ്ണി ഉപയോഗിച്ചാൽ അധികം ചെലവാക്കാൻ തോന്നില്ല. ഇ വാലറ്റുകൾ 'പണം തീനി' തന്നെ.

എല്ലാ ഓഫറുകളേയും വിശ്വസിക്കാൻ സാധിക്കില്ല. നിബന്ധനകൾക്ക് വിധേയമെന്ന് അറിയിപ്പ് ലഭിക്കുമ്പോഴേക്കും പണം പോയിരിക്കും.

ചില ആപ്പുകൾ മാത്രമാണ് നെറ്റ് വർക്ക് ഇല്ലാതെ പ്രവർത്തിക്കുന്നത്. നെറ്റ് കട്ടായാൽ തീർന്നു.

ഓൺലൈൻ കൊള്ളക്കാരുടെ പിടി വീഴാം. ഹാക്കിങ് ഇന്ന് സർവ സാധാരണമായതിനാൽ ഓൺലൈനായി പണം നഷ്ടപ്പെടാനും സാധ്യതയുണ്ട്.

വലിയ തുക ഇടുമ്പോൾ റിസ്‌കും വർധിക്കും. പേയ്‌മെന്റ് നടത്തുമ്പോൾ ചില ഓഫറുകൾ അപ്രതീക്ഷിത സർവീസ് ചാർജ് ഈടാക്കാം. ഇത് ഇടപാട് നടന്നു കഴിഞ്ഞേ ഉപഭോക്താവ് അറിയൂ.

നോട്ടിന്റെ ഉപയോഗത്തിന് പകരക്കാരനല്ല. ഉദാഹരണത്തിന് വഴിയോര കച്ചവടക്കാരിൽ നിന്ന് സാധനം വാങ്ങുമ്പോൾ നോട്ട് തന്നെ ശരണം.

ഇവ കൂടി ഓർത്താൽ നന്ന്........

ഗൂഗിളിന്റെ പ്ലേസ്റ്റോറിൽ നിന്നും ഇ- വാലറ്റ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ അതിന്റെ റേറ്റിങ്ങും യൂസർ റിവ്യുവും മുതൽ ആപ്പ് നൽകുന്ന പ്രൈവസി പോളിസി വിശദാംശങ്ങൾ വരെ സൂക്ഷമമായി നിരീക്ഷിക്കുക

എസ്എംഎസ് അലർട്ടും ഇ-മെയിൽ അലർട്ടും പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക.

വാലറ്റിന് പാസ്വേർഡ് പ്രോട്ടക്ഷൻ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഇടയ്ക്കിടെ പാസ്വേർഡ് മാറ്റുന്നത് സുരക്ഷ ഉറപ്പാക്കാൻ സഹായിക്കും.

വിശദാശംങ്ങൾ സൂക്ഷിക്കാൻ ചില ആപ്പിൽ സൗകര്യമുണ്ട്. ഇതിൽ ഡെബിറ്റ് കാർഡ് നമ്പർ, അതിന്റെ പിൻ നമ്പർ എന്നിവ നൽകുമ്പോൾ ഓർക്കുക ഹാക്കിങ്ങിന് ഇരയായാൽ എല്ലാം തീർന്നു.

അമിതമായ അളവിൽ പണം സൂക്ഷിക്കാതിരിക്കുക. അത് നഷ്ടമുണ്ടാക്കുകയേ ഉള്ളൂ.

ആപ്പ് ഉപയോഗിക്കുന്ന ഗാഡ്ജറ്റിൽ വൈറസ് കയറാതിരിക്കാൻ ആന്റി വൈറസ് സോഫ് വെയറുകൾ ഉപയോഗിക്കുക. ഇവയ്‌ക്കൊപ്പം തന്നെ ഇ-വാലറ്റുകളെ സംരക്ഷിക്കുന്ന സപ്പോർട്ടിങ് ആപ്പുകളും ലഭ്യമാണ്. വിദഗ്ധ അഭിപ്രായം തേടി ഇവയും ഉപയോഗിക്കാൻ മറക്കരുത്.

കേട്ടതൊക്കെ ശരിയോ ഇ-വാലറ്റ് പൂട്ടുമോ ?

2016ലെ നോട്ട് നിരോധനത്തിന് ശേഷമാണ് രാജ്യത്ത് ഇ-വാലറ്റുകളുടെ ഉപയോഗത്തിൽ ഗണ്യമായ വളർച്ചയുണ്ടായത്. പേ-ടിഎം ഉപയോഗിക്കൂവെന്ന് പറഞ്ഞ് പ്രധാനമന്ത്രിയുടെ ചിത്രം സഹിതം പരസ്യമിറങ്ങിയത് ആരും മറന്നിട്ടില്ല. 2016 നവംബർ മുതൽ 2017 ഡിസംബർ വരെയുള്ളകണക്കെടുത്താൽ ഒറ്റയടിക്ക് 70 ശതമാനത്തോളം വരെ വളർച്ചയുണ്ടായി. എന്നാൽ 2018 ൽ ഇ-വാലറ്റുകളുടെ ഉപയോഗം ഗണ്യമായി കുറഞ്ഞിരുന്നു.

ഉപഭോക്താക്കളുടെ വിവരങ്ങൾ ആധാർ നമ്പറർ ശേഖരിച്ചുകൊണ്ട് കെവൈസിയായി സൂക്ഷിക്കണമെന്ന് കഴിഞ്ഞ വർഷം ഇ-വാലറ്റ് കമ്പനികൾക്ക് റിസർവ് ബാങ്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നൽകിയ സമയപരിധി കഴിഞ്ഞിട്ടും കമ്പനികൾ ഇത് നടപ്പാക്കാഞ്ഞതോടെ ആധാർ നമ്പർ നൽകാത്ത ഉപയോക്താക്കൾക്ക് പരിമിതമായ സേവനങ്ങൾ മാത്രമാണ് പല വാലറ്റുകളിലും ലഭിച്ചത്. ഇതോടെയാണ് ആളുകൾ ഇ-വാലറ്റുകളോട് ഗുഡ് ബൈ പറഞ്ഞ് ലിക്വിഡ് മണിയെ തന്നെ ആശ്രയിക്കാൻ തുടങ്ങിയത്.

12568 കോടി രൂപയുടെ ഇ-വാലറ്റ് ഇടപാടുകൾ നടന്നിരുന്ന സ്ഥാനത്തിപ്പോൾ അതിന്റെ പകുതി പോലും നടക്കുന്നില്ല. ഇവാലറ്റ് ഭീമനായ പേ പാൽ പോലും അക്കാര്യം അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഇന്ത്യയിൽ ഇപ്പോൾ നേരിടുന്ന ഈ ഭീഷണി മൂലം രാജ്യത്ത് തുടങ്ങാനിരുന്ന സേവനം തുടരണോ വേണ്ടയോ എന്ന ചിന്തയിലാണ് കമ്പനി. കമ്പനികളോട് നിർദ്ദേശിച്ച കെവൈസി തയാറാക്കൽ നിർദ്ദേശം കൃത്യമായി പാലിക്കാതായോതെടെ വാലറ്റുകളിലെ ചില സേവനങ്ങൾ റദ്ദാക്കിയതോടെയാണ് ഈ മേഖല ശരിക്കും തിരിച്ചടി നേരിട്ടത്. ആധാർ കാർഡോ പാൻ കാർഡോ അടക്കമുള്ള തിരിച്ചറിയൽ രേഖ വച്ച് റദ്ദായ വാലറ്റുകൾ വീണ്ടും ആക്ടീവാക്കാമെന്നിരിക്കെ ഇതിലുള്ള അഞ്ജതയാണ് ഇ-വാലറ്റ് ഉപയോഗത്തോട് ഗുഡ് ബൈ പറയാൻ കാരണമായത്.

അതിനിടയിലാണ് ഒരു ഇ-വാലറ്റിൽ നിന്നും മറ്റൊന്നിലേക്ക് പണമയയ്ക്കാവുന്ന ഇന്റർ ഓപ്പറേറ്റബിലിറ്റി സംവിധാനം റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. മാത്രമല്ല പുതിയ റിസർവ് ബാങ്ക് ചട്ട പ്രകാരം വിസ കാർഡ്, മാസ്റ്റർ കാർഡ് എന്നീ സേവനങ്ങളും ഇ- വാലറ്റുകളിൽ ഉപയോഗപ്പെടത്താം. യുപിഐ എന്ന യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് എന്ന സംവിധാനത്തിലൂടെയാണ് ഇത് പ്രവർത്തിക്കുന്നത്. കെവൈസി ചട്ടങ്ങൾ കൃത്യമായയി പാലിക്കുന്ന ഇ-വാലറ്റുകൾക്ക് കുഴപ്പമൊന്നും വരില്ലെന്ന് ചുരുക്കം. എന്നാൽ ഇതിനൊത്തല്ല ഇപ്പോൾ രാജ്യത്തെ ഇ- വാലറ്റുകളുടെ സ്ഥിതി.

രാജ്യത്തെ 85 ശതമാനം സ്മാർട്ട് ഫോൺ ഉയോക്താക്കളും ഇ- വാലറ്റുകൾ ഇൻസ്റ്റോൾ ചെയ്ത് ഉപയോഗിക്കുന്നുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷം കൊണ്ട് ഇതിൽ 30 ശതമാനം ആളുകളും അൺഇൻസ്റ്റാൾ ചെയ്യുകയും അത്രയും തന്നെ ആളുകൾ ആപ്പ് ഉപയോഗിക്കാതെ വെറുതെ ഇട്ടിരിക്കുകയും ചെയ്തിരിക്കുകയാണ്. ദീർഘനാൾ ഉപയോഗിക്കരാതിരുന്നതോടെ വാലറ്റിലെ പല സേവനങ്ങളും ഇല്ലാതായതായും പലയിടങ്ങിൽ നിന്നും ഇക്കാലയളവിൽ പരാതിയുയർന്നിരുന്നു.

വാലറ്റ് സേവനം സുരക്ഷിതമായിരിക്കാൻ ആർബിഐ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ എന്തൊക്കെ ?

ഉപഭോക്താവിന്റെ കെവൈസി നിർബന്ധമാക്കണം

ഇ-വാലറ്റ് ഉപഭോക്താവിന്റെ കെവൈസി (തിരിച്ചറിൽ രേഖ ഉൾപ്പടെ വിശദ വിവരങ്ങൾ) സൂക്ഷിക്കണം. ഇല്ലെങ്കിൽ 2019 ഫെബ്രുവരിക്ക് ശേഷം വാലറ്റ് ഉപയോഗിക്കാൻ സാധിക്കില്ല.

24 മണിക്കൂറും ഹെൽപ് ലൈൻ നിർബന്ധം

ഇ- വാലറ്റുകൾ ഡെബിറ്റ് / ക്രെഡിറ്റ് കാർഡിൽ പ്രവർത്തിക്കുന്നതിനാൽ തട്ടിപ്പുകൾക്ക് ഇരയാകാനുള്ള സാധ്യത ഏറെയാണ്. അതിനാൽ തന്നെ ഉപഭോക്താവിന് ഇതറിയിക്കാനുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ സേവനം ഉടൻ തന്നെ ആരംഭിക്കണം.

ഇടപാടുകളുടെ എസ്എംഎസ് നിർബന്ധം

ഇ- വാലറ്റുകൾ വഴി ഇടപാടുകൾ നടന്നാൽ ഉപഭോക്താവിന് എസ്എംഎസ് അലർട്ട് നിർബന്ധമായിരിക്കണം. അനധികൃതമായ ഇടപാട് എന്തെങ്കിലും നടന്നാൽ ഉപഭോക്താവിന്റെ മൊൈബൽ നമ്പറിൽ എസ്എംഎസായും ഇമെയിൽ ഐഡിയിൽ മെയിൽ സന്ദേശമായും അറിയിപ്പ് നൽകിയിരിക്കണം.

പണം റീഫണ്ട് ചെയ്യാൻ സംവിധാനമൊരുക്കണം

ഉപഭോക്താവിന്റെ ഇ-വാലറ്റ് അക്കൗണ്ടിൽ നിന്നും പണം അനധികൃതമായി നഷ്ടമായാൽ അത് റിപ്പോർട്ട് ചെയ്ത് മൂന്ന് ദിവസത്തിനകം നഷ്ടപ്പെട്ടയാൾക്ക് പണം തിരികെ നൽകാൻ വാലറ്റ് കമ്പനി ബാധ്യസ്ഥരാണ്. അഥവാ ഇത്തരത്തിൽ പണം നഷ്ടമായത് ഉപഭോക്താവ് അറിയിച്ചില്ലെങ്കിൽ പത്തു ദിവസത്തിനകം പണം റീഫണ്ട് ചെയ്യാൻ കമ്പനി ബാധ്യസ്ഥരാണ്.

എല്ലാ ഉപഭോക്താക്കളും അലർട്ട് സൗകര്യത്തിനായി രജിസ്റ്റർ ചെയ്യണം

ഉപഭോക്താക്കൾ തട്ടിപ്പിനിരയാകുന്നത് തടയാൻ എവരും കസ്റ്റമർ അലർട്ട് സൗകര്യത്തിൽ നിർഡബന്ധമായും രജിസ്റ്റർ ചെയ്യണം. മൊബൈൽ വാലറ്റ് കമ്പനികളുമായി ഉപഭോക്താക്കൾ ഫോൺ നമ്പർ, ഇ-മെയിൽ ഐഡി മറ്റ് കോൺണ്ടാക്ട് വിശദാംശങ്ങൾ എന്നിവ നൽകി അലർട്ട് സന്ദേശങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.

ഇവയായിരുന്നു ഇ-വാലറ്റുകളുടെ സുരക്ഷ ഉറപ്പാക്കാൻ ആർബിഐ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ. എന്നാൽ ഇവ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന് ബോധ്യമായതോടെയാണ് ഈ മാസം അവസാനം വരെ നിർദ്ദേശങ്ങൾ അനുസരിച്ച് മുന്നോട്ട് നീങ്ങാൻ സർക്കാർ വാലറ്റ് കമ്പനികൾക്ക് നിർദ്ദേശം നൽകിയത്.

ഇത് പാലിക്കപ്പെട്ടില്ലെങ്കിൽ ഒരു പക്ഷേ വാലറ്റുകൾക്ക് നിര്ഡബന്ധമായ നിയന്ത്രണങ്ങൾ വരികയോ അല്ലെങ്കിൽ കൃത്യമായി നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പാകുന്നത് വരെ പ്രവർത്തനം അപ്പാടെ മരവിപ്പിക്കയോ ചെയ്യാം. ഡിജിറ്റൽ പണമിടപാട് നമ്മുടെ ജീവശ്വാസമായതിനാൽ ഇ-വാലറ്റ് നിരോധനം വരില്ലെന്ന് പ്രത്യാശിച്ച് വരുന്നതെന്തെന്ന് നോക്കാം...

ഇന്ത്യയിലെ പ്രധാന ഇ-വാലറ്റുകൾ ഏവ ? അവയുടെ പ്രവർത്തനമെങ്ങനെ ? ഉപയോഗിക്കേണ്ട രീതി എന്നിവ ചർച്ച ചെയ്യുന്ന മണിച്ചെപ്പ് ഉടൻ.......

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP