Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീട്ടിലിരിക്കൽ കാലത്ത് മലയാളം വിനോദ ചാനലുകളിൽ ചാകര സൂര്യക്കും കൈരളിക്കും! സീരിയലുകൾ നിന്നതോടെ തളർച്ചയിൽ ഏഷ്യാനെറ്റ്; ഫ്‌ളവേഴ്‌സിനും മുരടിപ്പു തന്നെ; അനുകൂല സാഹചര്യം ഉണ്ടായെങ്കിലും ക്ലച്ചുപിടിക്കാൻ ആവാതെ മാതൃഭൂമിയുടെ കപ്പ ടിവി; കൈരളിയുടെ കുഞ്ഞൻ ചാനലായ വീ ടിവിയും റേറ്റിങ് ഇരട്ടിയാക്കി കുതിക്കുന്നു; കോവിഡ് കാലത്തെ ലോക്ക്ഡൗണിൽ മലയാളം വിനോദ ചാനലുകളുടെ റേറ്റിങ് ഇങ്ങനെ

വീട്ടിലിരിക്കൽ കാലത്ത് മലയാളം വിനോദ ചാനലുകളിൽ ചാകര സൂര്യക്കും കൈരളിക്കും! സീരിയലുകൾ നിന്നതോടെ തളർച്ചയിൽ ഏഷ്യാനെറ്റ്; ഫ്‌ളവേഴ്‌സിനും മുരടിപ്പു തന്നെ; അനുകൂല സാഹചര്യം ഉണ്ടായെങ്കിലും ക്ലച്ചുപിടിക്കാൻ ആവാതെ മാതൃഭൂമിയുടെ കപ്പ ടിവി; കൈരളിയുടെ കുഞ്ഞൻ ചാനലായ വീ ടിവിയും റേറ്റിങ് ഇരട്ടിയാക്കി കുതിക്കുന്നു; കോവിഡ് കാലത്തെ ലോക്ക്ഡൗണിൽ മലയാളം വിനോദ ചാനലുകളുടെ റേറ്റിങ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കാലം എല്ലാവർക്കും തിരിച്ചടികളുടെ കാലമാണ്. വ്യവസായ രംഗത്തും ടെലിവിഷൻ രംഗത്തുമെല്ലാം തിരിച്ചടികളുടെ കഥകൾ മാത്രമേ പറയാനുള്ളൂ. എന്നാൽ, വിനോദ വ്യവസായ രംഗത്തിന് നേട്ടമുണ്ടാക്കാൻ പറ്റിയ സമയാണ് ഇതെന്നാണ് പൊതുവേ ഉണ്ടായിരുന്ന വിലയിരുത്തലുകൾ. പരസ്യങ്ങൾ കുറവാണെന്ന പ്രതിസന്ധി ഉണ്ടെങ്കിലും വീട്ടിലിരിക്കുന്ന ആളുകളെ ടെലിവിഷന് മുന്നിൽ പിടിച്ചിരുത്താൻ പറ്റിയ സമയമായിരുന്നു കോവിഡ് കാലത്തെ ലോക്ക് ഡൗൺ.

കൊറോണക്കാലത്ത് ജനങ്ങൾ വീട്ടിലടച്ചിരിക്കേണ്ടി വന്നത് വിനോദ ചാനലുകൾക്ക് ചാകരക്കാലമാവുമെന്നായിരുന്നു വിലയിരുത്തൽ. ബാർക് റേറ്റിങ് വന്നപ്പോൾ മൂടിചൂടാ മന്നന്മാരുടെ തലയുരുണ്ടു. വൻകിടക്കാർക്ക് നേട്ടമുണ്ടാക്കാൻ സാധിക്കാതെ പോയപ്പോൾ റേറ്റിങ് ഉയർത്തി നേട്ടമുണ്ടാക്കിയത് സൂര്യ ടിവിയും കൈരളിയും വീ ടിവിക്കുമാണ്. ജനുവരി മുതലുള്ള മുൻ ആഴ്ചകളിലെ റേറ്റിങ് ശരാശരിയുമായി തട്ടിച്ചു നോക്കുമ്പോൾ സൂര്യ 142 പോയിന്റ് നേട്ടമുണ്ടാക്കി. കൈരളി 70 പോയിന്റും കൈരളിയുടെ തന്നെ വീ ടിവി 48 പോയിന്റും അധിക നേട്ടമുണ്ടാക്കി ദേശീയ പ്രാദേശിക വമ്പന്മാരെ പിന്നിലാക്കി.

ഈ വർഷം വാരം ഒന്ന് മുതൽ 12 വരെയുള്ള കാലയളവിൽ ഏഷ്യാനെറ്റിന്റെ റേറ്റിങ് ശരാശരി 873 പോയിന്റാണ്. അത് 13ആം ആഴ്ചയിൽ 714 എന്ന നിരക്കിലേക്ക് കൂപ്പുകുത്തി. ഏഷ്യാനെറ്റിന്റെ നഷ്ടം 159 പോയിന്റ്. സൂര്യ 299 എന്ന ശരാശരിയിൽ നിന്ന് 441ലേക്ക് ഉയർന്നു. മഴവിൽ മനോരമ 291ൽ നിന്ന് 327ലേക്ക് ഉയർന്നു. ലോക്ക്ഡൗൺ കാലത്ത് ജനം മുഴുവൻ ടിവിക്ക് മുന്നിൽ ഇരുന്നപ്പോൾ ഫ്‌ളവേഴ്‌സിന് മുതൽ കൂട്ടാനായത് 18 അധിക പോയിന്റ് മാത്രം. 236 പോയിന്റ് എന്നത് 254 ആയി. ഇതോടെ ഫ്‌ളവേഴ്‌സും കൈരളിയും തമ്മിലുള്ള റേറ്റിങ് വ്യത്യാസം 16 പോയിന്റ് മാത്രമായി. ദേശീയ വമ്പനായ സീ കേരളം കൊറോണക്കാലത്ത് ഉണ്ടാക്കിയ നേട്ടം വട്ടപൂജ്യമാണ്.

ഏഷ്യാനെറ്റ് പോലുള്ള ചാനലുകൾക്ക് തിരിച്ചടിയായത് സീരിയലുകളുടെ കുറവാണ്. സീരിയലുകൾ ഇല്ലാത്ത അവസ്ഥ വന്നതോടെ വനിതാ പ്രേക്ഷകർ കൂട്ടത്താടെ മാറി. അതേസമയം യൂത്തിനെ എന്റർടെയ്ൻ ചെയ്യുന്ന ചാനലുകൾക്ക് പിടിച്ചു നിൽക്കാനും സാധിച്ചു. ഇതിന് തെളിവായത് കൈരളിയുടെയും വീയുടെയും കുതിപ്പാണ്. കൈരളിയുടെ സഹോദര ചാനലായ വീ ടിവി ഇക്കാലത്ത് 48 പോയിന്റ് അധികനേട്ടം ഉണ്ടാക്കി. 56 എന്ന ശരാശരി നിരക്കിൽ നിന്ന് വീ ടീവി 104ലേക്ക് കുതിച്ചുയർന്നു. ഏഷ്യാനെറ്റ് പ്ലസ് ഉണ്ടാക്കിയ അധിക നേട്ടം 32 പോയിന്റാണ്. 148ൽ നിന്ന് 180ലേക്കാണ് ഏഷ്യാനെറ്റ് പ്ലസ് എത്തിയത്. അമൃത ടിവി 83ൽ നിന്ന് 104ലേക്ക് എത്തി.അധികനേട്ടം 21. ഇതോടെ അമൃതയും കൈരളിയുടെ വീയും ഒരേ പോയിന്റിലായി. ഏറെ തിരിച്ചടി നേരിട്ടത് മാതൃഭൂമിയുടെ വിനോദ ചാനലായ കപ്പ ടിവിയാണ്. ലോക്ക്ഡൗൺ കാലത്തും രണ്ടക്കത്തിലേക്കെത്താൻ കപ്പ ടിവിക്കായില്ല. 9 പോയിന്റാണ് കപ്പയുടെ സമ്പാദ്യം. ഉണ്ടാക്കിയ അധിക നേട്ടം രണ്ട് പോയിന്റ് മാത്രം.

ആഗോള മാധ്യമ രംഗത്തെ ഭീമൻ രൂപർട്ട് മർഡോക്കിന്റെ കൈയിൽ നിന്ന് വാൾട്ട് ഡിസ്‌നി വാങ്ങിയ ചാനലാണ് ഏഷ്യാനെറ്റ്. സംസ്ഥാനത്ത് എല്ലാ സാഹചര്യത്തിലും റേറ്റിംഗിൽ നേട്ടമുണ്ടാക്കുന്ന ചാനലാണ് ഏഷ്യാനെറ്റ്. കുടുംബാംഗങ്ങൾ കൂട്ടത്തോടെ ചാനലുകൾക്ക് മുമ്പിലെത്തിയ ഈ ദിവസങ്ങളിൽ നേരിട്ട തിരിച്ചടി ചാനൽ വൃത്തങ്ങളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മറ്റൊരു ദേശീയ നെറ്റ്‌വർക്കിന്റെ ഭാഗമായ സീ കേരളത്തിന്റെ കൊറോണകാലത്തെ തകർച്ചയും ചർച്ച ചെയ്യപ്പെപ്പെടുകയാണ്. പോയിന്റ് നിലയിൽ കൈരളിക്ക് പുറകിലാണ് സീ കേരളത്തിന്റെ സ്ഥാനം.

കൊറോണക്കാലത്ത് വൻ നേട്ടമുണ്ടാക്കാനുള്ള ഫ്‌ളവേഴ്‌സിന്റെ നീക്കം പാളിയെന്നാണ് ബാർക് റേറ്റിങ് സൂചിപ്പിക്കുന്നത്. വലിയ സാമ്പത്തിക പിൻബലം ഉണ്ടെങ്കിലും മുഖ്യധാര വിനോദ ചാനലുകളുടെ പട്ടികയിലേക്ക് കടന്നു ചെല്ലാൻ അമൃതയ്ക്ക് ഇനിയും ആയിട്ടില്ല. കൈരളിയുടെ വീ ടിവിക്കും പിന്നിലാണ് അമൃത ടിവി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP