Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എൽഡിഎഫിന് തുടർഭരണമില്ല; യു.ഡി.എഫ് 78 നും 80 നും ഇടയിൽ സീറ്റുകൾ നേടി അധികാരത്തിലെത്തും; തെക്കൻ ജില്ലകളിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; എൽഡിഎഫ് 60 മുതൽ 62 വരെ സീറ്റ് നേടും; എൻഡിഎയ്ക്ക് വോട്ടിങ് ശതമാനം വർധിക്കും; സീറ്റുകൾ നേടില്ലെന്നും ജയ്ഹിന്ദ് ടിവി അഭിപ്രായ സർവെ

എൽഡിഎഫിന് തുടർഭരണമില്ല; യു.ഡി.എഫ് 78 നും 80 നും ഇടയിൽ സീറ്റുകൾ നേടി അധികാരത്തിലെത്തും; തെക്കൻ ജില്ലകളിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; എൽഡിഎഫ് 60 മുതൽ 62 വരെ സീറ്റ് നേടും; എൻഡിഎയ്ക്ക് വോട്ടിങ് ശതമാനം വർധിക്കും; സീറ്റുകൾ നേടില്ലെന്നും ജയ്ഹിന്ദ് ടിവി അഭിപ്രായ സർവെ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തുടർ ഭരണം ലഭിക്കില്ലെന്നും യു.ഡി.എഫ് 78 നും 80 നും ഇടയിൽ സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് സിസെറോ-ആർ.ജി.ഐ.ഡി.എസ്-ജയ്ഹിന്ദ് ടി.വി സർവ്വേ പ്രവചനം. തെക്കൻ ജില്ലകളിൽ യു.ഡി.എഫ് മുന്നേറ്റമുണ്ടാക്കുമെന്നും സർവ്വെ പ്രവചിക്കുന്നു. എൽ.ഡി.എഫ് 60 മുതൽ 62 -വരെ സീറ്റ് നേടും. വോട്ടിങ് ശതമാനത്തിൽ നേരിയ വർധനവ് ഉണ്ടാകുമെങ്കിലും എൻ.ഡി.എ സീറ്റുകളൊന്നും നേടാനിടയില്ലെന്ന് സർവേ പറയുന്നു.

തിരുവന്തനപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നിവ ഉൾപ്പെടുന്ന തെക്കൻ കേരളത്തിൽ ആകെയുള്ള 39 സീറ്റുകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫ് ശക്തമായ മുന്നേറ്റം ഉണ്ടാക്കും. ഈ മേഖലയിൽ യു.ഡി.എഫ് 20 വരെ സീറ്റുകൾ നേടും. എൽ.ഡി.എഫ് 19 സീറ്റുകളായിരിക്കും. 

കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നിവ ഉൾപ്പെടുന്ന മധ്യകേരളത്തിൽ ആകെയുള്ള 41 സീറ്റിൽ യു.ഡി.എഫ് 25 സീറ്റുകൾ വരെ നേടും. എൽ.ഡി.എഫിന് 16 വരെ സീറ്റുകളായിരിക്കും ലഭിക്കുക. 

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയാനാട്, കണ്ണൂർ, കാസർകോഡ് എന്നിവ ഉൾപ്പെടുന്ന വടക്കൻ ജില്ലകളിലെ 60 സീറ്റുകളിൽ യു.ഡി.എഫ് 35 സീറ്റുകൾ വരെ നേടും. എൽ.ഡി.എഫിന് 25 സീറ്റുകൾ വരെ ലഭിക്കും. യു.ഡി.എഫ്-42 ശതമാനം, എൽ.ഡി.എഫ്-39 ശതമാനം,എൻ.ഡി.എ-15 ശതമാനം, മറ്റുള്ളവർ-4 ശതമാനം എന്നിങ്ങനെയായിരിക്കും മുന്നണികളുടെ വോട്ടിങ് ശതമാനമെന്നും സർവെ പറയുന്നു.

രാഹുൽ ഗാന്ധിയുടേയും പ്രിയങ്കാ ഗാന്ധിയുടെയും സന്ദർശനം യു.ഡി.എഫിന് ഗുണം ചെയ്തതായും സർവെ വിലയിരുത്തൽ. ഇരുവരും സംസ്ഥാന വ്യാപകമായി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണം യു.ഡി.എഫിന് ഗുണം ചെയ്യുമെന്ന് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പിനെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന വിഷയങ്ങൾ ഏതെന്ന ചോദ്യത്തിന് 36 ശതമാനം പേർ ശബരിമലയും വിശ്വാസ സംരക്ഷണവും ആണെന്ന് അഭിപ്രായപ്പെട്ടു. 28 ശതമാനം പേർ അഴിമതി പ്രധാന വിഷയമാകുമെന്ന് പറഞ്ഞു. 21 ശതമാനം അഭ്യസ്ത വിദ്യരുടെ തൊഴിലില്ലായ്മയും പിൻവാതിൽ നിയമനവും പ്രധാന പ്രശ്നമായി ചൂണ്ടിക്കാണിച്ചപ്പോൾ 7 ശതമാനം പേർ ആഴക്കടൽ മത്സ്യബന്ധനം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് പറഞ്ഞു. 6 ശതമാനം പേർ വികസന പ്രശ്നങ്ങൾ മുഖ്യതെരഞ്ഞെടുപ്പ് വിഷയമാകുമെന്ന് അഭിപ്രായപ്പെട്ടപ്പോൾ മറ്റുള്ള വിഷയങ്ങളും പ്രധാന്യമർഹിക്കുന്നുണ്ടെന്ന് 2 ശതമാനം പേർ അഭിപ്രായപ്പെട്ടു.

അഴിമതി ആരോപണങ്ങൾ എൽ.ഡി.എഫ് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചോയെന്ന ചോദ്യത്തിന് 72 ശതമാനം പേർ ബാധിച്ചുവെന്നും 21 ശതമാനം ബാധിച്ചില്ലെന്നും 7 ശതമാനം അഭിപ്രായമില്ലെന്നും പ്രതികരിച്ചു. വിവിധ മുന്നണികളുടെ പ്രകടന പത്രികയിൽ ഏറ്റവും മികച്ചത് ഏതെന്ന ചോദ്യത്തിന് 52 ശതമാനം പേർ യു.ഡി.എഫിന്റെ പ്രകടന പത്രികയേയും 39 ശതമാനം പേർ എൽ.ഡി.എഫിന്റെ പ്രകടന പത്രികയേയും പിന്തുണച്ചു.

ഏത് മുന്നണിയുടെ സ്ഥാനാർത്ഥി പട്ടികയാണ് ഏറ്റവും മികച്ചതെന്ന ചോദ്യത്തിന് 58 ശതമാനം പേർ യു.ഡി.എഫിന്റേതാണ് എന്ന അഭിപ്രായപ്പെട്ടപ്പോൾ 35 ശതമാനം പേർ എൽ.ഡി.എഫിന്റെതാണെന്നും 7 ശതമാനം പേർ എൻ.ഡി.എയുടേതെന്നും അഭിപ്രായപ്പെട്ടു. നാമനിർദ്ദേശ പത്രികാ സമർപ്പണവും മൂന്ന് മുന്നണികളും പ്രകടന പത്രിക പുറത്തിറക്കിയ ശേഷവുമാണ് സിസെറോയും ആർ.ജി.ഐ.ഡി.എസും ജയ്ഹിന്ദ് ടി.വി സംയുക്തമായി സർവ്വെ നടത്തിയത്. കേരളത്തിലെ 140 നിയോജക മണ്ഡലത്തിൽ നിന്നും വിവരശേഖരണം നടത്തി.

വിവരണ ശേഖരണത്തിന് മൂന്ന് തരം രീതികളാണ് അവലംബിച്ചത്. ഗൂഗിൾ ഫോം വഴി വോട്ടർമാർക്കിടയിൽ നടത്തിയതാണ് ആദ്യത്തേത്. രണ്ടാമത്തേത്, ടെലിഫോൺവഴി നടത്തിയതാണ്. മൂന്നാമത്തേത് വോട്ടർമാരെ നേരിട്ട് കണ്ട് ചോദ്യവലി ഉപയോഗിച്ച് നടത്തിയതായിരുന്നു. മൊത്തം 7000 പേരിൽ നിന്നും വിവരശേഖരണം നടത്തി. മാർച്ച് 24-മുതൽ 29-ാം തീയ്യതിവരെ അഞ്ചു ദിവസം നീണ്ടു നിന്നതാണ് സർവെ. മൊത്തം 21 ചോദ്യങ്ങളാണ് സർവേയിൽ പങ്കെടുത്തവരോട് ആരാഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP