Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഒടുവിൽ ബിജെപിയിലേക്ക് പോകുന്നയാൾ കോൺഗ്രസ് ഓഫീസ് പൂട്ടി താക്കോൽ അടുത്ത കടയിൽ ഏൽപ്പിക്കണം'; ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ ചർച്ചയിൽ എം.സ്വരാജ് പറഞ്ഞ ഫലിതത്തിന് പിന്നാലെ പൊട്ടിത്തെറിച്ച് എഐസിസി വക്താവ് ഡോ.ഷമ മുഹമ്മദ്; സ്വരാജിന്റെത് ഫലിതമെന്ന് അവതാരകൻ പറഞ്ഞിട്ടും കള്ളം പറയാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ഇരുവരും തമ്മിൽ 'പൊരിഞ്ഞ തർക്കം'

'ഒടുവിൽ ബിജെപിയിലേക്ക് പോകുന്നയാൾ കോൺഗ്രസ് ഓഫീസ് പൂട്ടി താക്കോൽ അടുത്ത കടയിൽ ഏൽപ്പിക്കണം'; ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ ചർച്ചയിൽ എം.സ്വരാജ് പറഞ്ഞ ഫലിതത്തിന് പിന്നാലെ പൊട്ടിത്തെറിച്ച് എഐസിസി വക്താവ് ഡോ.ഷമ മുഹമ്മദ്; സ്വരാജിന്റെത് ഫലിതമെന്ന് അവതാരകൻ പറഞ്ഞിട്ടും കള്ളം പറയാൻ അനുവദിക്കില്ലെന്ന് ആവർത്തിച്ച് ഇരുവരും തമ്മിൽ 'പൊരിഞ്ഞ തർക്കം'

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ടിവി ചാനൽ ചർച്ചകളിൽ വഴക്ക് മൂക്കുന്നത് കുറച്ച് നാളായി നാം കാണാതിരുന്ന വേളയിലാണ് ഈ 'കീഴ്‌വഴക്കത്തിന്' കഴിഞ്ഞ ദിവസം വീണ്ടും തീരശ്ശീലയുയർന്നത്. ഏഷ്യാനെറ്റിന്റെ ന്യൂസ് അവർ പരിപാടിയിലായിരുന്നു നേതാക്കൾ തമ്മിൽ തർക്കം രൂക്ഷമായത്. ടോം വടക്കന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ച ചർച്ചയിൽ എം. സ്വരാജ് എംഎൽഎ പറഞ്ഞ ഫലിതം എഐസിസി വക്താവ് ഡോ. ഷമ മുഹമ്മദിന് രസിക്കാഞ്ഞതിന് പിന്നാലെയാണ് ചാനൽ ചർച്ചയിൽ തർക്കം 'ലൈവായത്'.

'ഒടുവിൽ ബിജെപിയിലേക്ക് പോകുന്ന ആൾ കോൺഗ്രസ് ഓഫീസ് പൂട്ടി താക്കോൽ അടുത്ത കടയിൽ ഏൽപ്പിക്കണം' എന്നൊരു തമാശ പ്രചരിക്കുന്നുണ്ടെന്നും കോൺഗ്രസ് പ്രവർത്തകർക്ക് പോലും അത് പങ്കിടേണ്ടി വരുന്നുണ്ടെന്നും എം സ്വരാജ് പറഞ്ഞു. ഇത് രസിക്കാതിരുന്ന ഷമ കള്ളം പറയാൻ താൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് തർക്കത്തിന് തിരികൊളുത്തിയത്. എന്നാൽ തർക്കം അനുനയിപ്പിക്കാൻ സ്വരാജ് ഫലിതം പറഞ്ഞതാണെന്ന് വ്യക്തമാക്കി അവതാരകൻ ഇടപെട്ടെങ്കിലും ഇരുവരും തമ്മിൽ തർക്കം മുറുകുകയായിരുന്നു.

പ്രത്യയശാസ്ത്ര കാഴ്ചപ്പാടുള്ള ആളാണ് ടോം വടക്കനെന്ന് തെറ്റിദ്ധരിച്ചുവെന്നായിരുന്നു ഷമ മുഹമ്മദിന്റെ വിശദീകരണം. മുപ്പതുവർഷം ചേർന്നുനിന്ന പ്രത്യയശാസ്ത്രത്തെ വ്യക്തിപരമായ ലാഭത്തിനുവേണ്ടിയാണ് ടോം വടക്കൻ തള്ളിപ്പറഞ്ഞതെന്നും അവർ പറഞ്ഞു. എന്നാൽ ഏതു നിമിഷവും കോൺഗ്രസുകാർക്ക് ചേരാവുന്ന പാർട്ടിയാണ് ബിജെപിയെന്നായിരുന്നു സ്വരാജിന്റെ മറുപടി.

ഇരുപാർട്ടികളും തമ്മിൽ പ്രത്യയശാസ്ത്രപരമായി യാതൊരു വ്യത്യാസവും ഇല്ലെന്നും സ്വരാജ് പറഞ്ഞു. സാമ്പത്തിക പരിഷ്‌കരണ നയം, കാർഷിക നയം, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിർണ്ണയാധികാരം സ്വകാര്യമേഖലയ്ക്ക് നൽകൽ, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ ഇവയിലൊന്നും കോൺഗ്രസിന്റേയും ബിജെപിയുടേയും പ്രത്യയശാസ്ത്രങ്ങൾ തമ്മിൽ വ്യത്യാസമില്ലെന്നും സ്വരാജ് പറഞ്ഞു.

കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോയ മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരുടേയും ദേശീയ നേതാക്കളുടേയും പേരുകളും എം.സ്വരാജ് ചർച്ചക്കിടെ പരാമർശിച്ചു. ഫെബ്രുവരി വരെ എൺപത് കോൺഗ്രസ് നേതാക്കളാണ് ബിജെപിയിലെത്തിയതെന്നും വടക്കനോടൊപ്പം ഇന്ന് പോണ്ടിച്ചേരിയിലെ മുതിർന്ന കോൺഗ്രസ് നേതാവ് കമാലിനിയും കർണ്ണാടകയിലെ ബിജെപി നേതാവ് എ.മഞ്ജുവും ബിജെപിയിലെത്തിയെന്ന് സ്വരാജ് പറഞ്ഞു.

മൂന്ന് തവണ യുപി മുഖ്യമന്ത്രിയും ഒരു തവണ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും ആയ എൻഡി തിവാരി, മുൻ കർണാടക മുഖ്യമന്ത്രി എസ്.എം കൃഷ്ണ, യുപി മുഖ്യമന്ത്രി ആയിരുന്ന ജഗദംബിക പാൽ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആയിരുന്ന വിജയ് ബഹുഗുണ, മഹാരാഷ്ട്ര മുഖ്യമന്ത്രി ആയിരുന്ന നാരായൺ റാണ, അരുണാചൽ മുഖ്യമന്ത്രി പ്രേമ ഖണ്ഡു എന്നിങ്ങനെ കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ നിരവധി പ്രമുഖരുടെ പേരുകൾ എം സ്വരാജ് എണ്ണിപ്പറഞ്ഞു. വീരേന്ദ്ര സിങ്, റീത്ത ബഹുഗുണ, നജ്മ ഹെപ്തുള്ള എന്നിങ്ങനെ തലയെടുപ്പുള്ള നിരവധി കോൺഗ്രസ് നേതാക്കളാണ് ബിജെപിയിലെത്തിയതെന്ന് എം സ്വരാജ് തുടർന്നു. ഇതോടെ ഷമ മുഹമ്മദ് ചർച്ചയിൽ ഇടപെട്ടു.

 

കള്ളം പറയരുതെന്നും ഒരു കോൺഗ്രസ് നേതാവും സ്വരാജ് പറഞ്ഞരീതിയിൽ പ്രസ്താവന നടത്തിയിട്ടില്ലെന്നുമുള്ള വാദവുമായി എഐസിസി വക്താവ് ഷമ മുഹമ്മദ് ചർച്ചയിൽ ആവർത്തിച്ച് ഇടപെട്ടു. ഇപ്പോൾ പ്രചരിക്കുന്ന ഒരു ഫലിതമാണ് താൻ പറഞ്ഞതെന്ന് സ്വരാജ് വിശദീകരിച്ചു. ഫലിതമാണെന്ന് ചർച്ച നിയന്ത്രിച്ചുകൊണ്ടിരുന്ന അവതാരകൻ വിനു വി ജോണും ഇടപെട്ട് പറഞ്ഞെങ്കിലും കള്ളം പറയാൻ അനുവദിക്കില്ല എന്നായിരുന്നു ഷമയുടെ മറുപടി. തമാശ ചർച്ചയിൽ വേണ്ട എന്നായി ഷമ മുഹമ്മദ്. തുടർന്നാണ് ഇരുവരും തമ്മിൽ തർക്കമായത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP