Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബാബ്‌റി മസ്ജിദ് പറയാം ശബരിമല പറയാൻ പാടില്ല എന്നിടത്താണ് പക്ഷപാതിത്വം വരുന്നത്; ശബരിമല എന്നൊരു വിഷയം ചർച്ച ചെയ്യാൻ പാടില്ല എന്ന് പറയാൻ ടിക്കാറാം മീണയ്ക്ക് ആരാണ് അധികാരം കൊടുത്തതെന്ന് കെ.സുരേന്ദ്രൻ; ടി.എൻ.ശേഷൻ പോലും ഇത്തരമൊരു നിബന്ധന വച്ചിട്ടില്ലെന്ന് തിരുവഞ്ചൂർ; ശബരിമല ആരുഭരിക്കണമെന്ന് തീരുമാനിക്കുന്നതല്ല ഈ തിരഞ്ഞെടുപ്പെന്ന് ആനത്തലവട്ടം; ടിക്കാറാം മീണയുടെ വിവാദ മുന്നറിയിപ്പിൽ ഏഷ്യാനെറ്റ് ന്യൂസ് അവറിലെ സംവാദം ഇങ്ങനെ

ബാബ്‌റി മസ്ജിദ് പറയാം ശബരിമല പറയാൻ പാടില്ല എന്നിടത്താണ് പക്ഷപാതിത്വം വരുന്നത്; ശബരിമല എന്നൊരു വിഷയം ചർച്ച ചെയ്യാൻ പാടില്ല എന്ന് പറയാൻ ടിക്കാറാം മീണയ്ക്ക് ആരാണ് അധികാരം കൊടുത്തതെന്ന് കെ.സുരേന്ദ്രൻ; ടി.എൻ.ശേഷൻ പോലും ഇത്തരമൊരു നിബന്ധന വച്ചിട്ടില്ലെന്ന് തിരുവഞ്ചൂർ; ശബരിമല ആരുഭരിക്കണമെന്ന് തീരുമാനിക്കുന്നതല്ല ഈ തിരഞ്ഞെടുപ്പെന്ന് ആനത്തലവട്ടം; ടിക്കാറാം മീണയുടെ വിവാദ മുന്നറിയിപ്പിൽ ഏഷ്യാനെറ്റ് ന്യൂസ് അവറിലെ സംവാദം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വ്യക്തമാക്കിയതോടെ ബിജെപി ശക്തമായ പ്രതിഷേധത്തിലാണ്. ടിക്കാറാം മീണയെ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി പരാതിയും നൽകി. ഇല്ലാത്ത അധികാരം പ്രയോഗിക്കാൻ ടിക്കാറാം മീണ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് ബിജെപി അനുഭാവി അഡ്വ.കൃഷ്ണദാസ്.പി.നായർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. ഈ വിഷയത്തിലെ സംശയങ്ങൾ തീർക്കാൻ ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ നിലപാടുകൾ പ്രസ്‌ക്തമാവുകയാണ്. രാഷ്ട്രീയ പാർട്ടികൾ കൂടി അംഗീകരിച്ചതാണ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം. എന്നാൽ, ശബരിമല സ്ത്രീപ്രവേശനവും സംസ്ഥാന സർക്കാരിന്റെ നിലപാടും ചർച്ച പ്രചാരണവിഷയമാക്കാൻ കഴിയില്ലെന്ന് വന്നതാണ് ബിജെപിയെ ചൊടിപ്പിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയിൽ സിപിഎമ്മും, ബിജെപിയും, കോൺഗ്രസുമെല്ലാം തങ്ങളുടെ നിലപാട് വിശദീകരിച്ചു. സിപിഎം ചട്ടത്തിനൊപ്പമോ എന്ന പൊതുസംശയമാണ് ചാനലും ഉന്നയിച്ചത്.

ഈ വിഷയത്തിൽ സിപിഎമ്മിന്റെ ആനത്തലവട്ടം ആനന്ദൻ പറഞ്ഞത് ഇങ്ങനെ:

രാജ്യം ആരുഭരിക്കണമെന്ന് തീരുമാനിക്കുന്നതാണ് ഈ തിരഞ്ഞെടുപ്പ്..അല്ലാതെ ശബരിമല ആരുഭരിക്കണമെന്ന് തീരുമാനിക്കുന്നതല്ല ഈ തിരഞ്ഞെടുപ്പ്. ശബരിമല തന്ത്രിയെ തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണെങ്കിൽ ശബരിമല വിഷയമാകാം. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ചൂണ്ടിക്കാണിക്കുക മാത്രമാണ് ടിക്കാറാം മീണ ചെയ്തത്. അദ്ദേഹം അത് പറഞ്ഞുവെന്നല്ലാതെ, ഇതെല്ലാം പുസ്തകത്തിൽ പറഞ്ഞിട്ടുള്ളതാണ്. അതിനെ ലംഘിക്കാൻ സ്വാതന്ത്ര്യമുള്ളവർക്കൊക്കെ ലംഘിക്കാം. ലംഘിച്ചാൽ അത് കോടതിയിൽ പോകും. അഴീക്കോട് തിരഞ്ഞെടുപ്പ്. കെ.എം.ഷാജിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയത് ഈ കാര്യം പറഞ്ഞുകൊണ്ടാണ്. മഹാരാഷ്ട്രയിൽ ഇതുപോലെ അഭിരാം സിങ്ങിന്റെ കേസ് റദ്ദാക്കി. അഞ്ചുവർഷത്തെ മോദി ഭരണത്തിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാതെ ശബരിമലയെ ഉപയോഗിച്ച് എൽഡിഎഫ് സർക്കാരിനെ ആക്രമിക്കാൻ ശ്രമിക്കുന്നത് ബിജെപിയുടെ പരാജയമാണെന്ന് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.

കെ.സുരേന്ദ്രൻ

ചട്ടങ്ങളിൽ പറഞ്ഞതിന് അപ്പുറം ടിക്കാറാം മീണ പറഞ്ഞുവെന്നാണ് ബിജെപി സംസ്ഥാന ജനറൽ സെകട്ടറി കെ.സുരേന്ദ്രന്റെ വിലയിരുത്തൽ. ജനപ്രാതിനിധ്യനിയമത്തിലെ 13 എ അനുസരിച്ച് ആദ്യം തന്നെ വേണ്ടത് തിരഞ്ഞെടുപ്പ് ഓഫീസറുടെ നിഷ്പക്ഷതയാണ്. തിരഞ്ഞെടുപ്പിൽ ഏതുവിഷയം ചർച്ച ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ല. ചട്ടങ്ങൾ ലംഘിക്കപ്പെടുന്നുണ്ടോയെന്ന് മാത്രമാണ് കമ്മീഷൻ നോക്കേണ്ടത്. ഉദാഹരണത്തിന് മതചിഹ്നങ്ങൾ ഉപയോഗിക്കാൻ പാടില്ല. ജാതീയമോ, വംശീയമോ ആയ ചിഹ്നങ്ങളൊന്നും ഉപയോഗിക്കാൻ പാടില്ല. പരമതനിന്ദ നടത്താൻ പാടില്ല. സ്ഥാനാർത്ഥികളെ വ്യക്തിപരമായി ആക്ഷേപിക്കാൻ പാടില്ല. ഈ ചട്ടങ്ങളൊക്കെ പാലിക്കുന്നുണ്ടോയെന്നുള്ളതാണ് കമ്മീഷൻ നോക്കേണ്ടത്. ശബരിമല എന്നൊരു വിഷയം ചർച്ച ചെയ്യാൻ പാടില്ല എന്ന് പറയാൻ ടിക്കാറാം മീണയ്ക്ക് ആരാണ് അധികാരം കൊടുത്തത്? ശബരിമല ഈ നാട്ടിലെ ആളുകൾ ചർച്ച ചെയ്യുന്നൊരു വിഷയമാണ്. വർഷങ്ങളായി ആനത്തലവട്ടം ആനന്ദന്റെ പാർട്ടി ബാബറി മസ്ജിദ് എന്ന് പറയുന്നുണ്ടല്ലോ? ബാബ്‌റി മസ്ജിദ് പറയാം ശബരിമല പറയാൻ പാടില്ല എന്നിടത്താണ് പക്ഷപാതിത്വം വരുന്നത്. ഇവിടെ സുപ്രീംകോടതി വിധിക്കെതിരെ പറയാൻ പാടില്ല. അത് തിരഞ്ഞെടുപ്പിന് മാത്രമല്ല, ഒരുകാലത്തും പറയാൻ പാടില്ല. സുപ്രീംകോടതി വിധി ആരും ലംഘിക്കാൻ പാടില്ല.എന്നാൽ,സുപ്രീംകോടതി വിധിയുടെ ന്യായാന്യായങ്ങൾ ചർച്ച ചെയ്യാൻ പാടില്ലെന്ന് വന്നാലോ? സുരേന്ദ്രൻ ചോദിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ

ടി.എൻ.ശേഷനായിരുന്നു ഇന്ത്യ കണ്ട ഏറ്റവും മികച്ച തിരഞ്ഞെടുപ്പ് കമ്മീഷണർ. ആ ശേഷൻ പോലും ഇങ്ങനെ ഒരു നിബന്ധന വച്ചിട്ടില്ല.
ശബരിമല എന്ന് പറയുന്നത് ക്ഷേത്രം മാത്രമല്ലല്ലോ, അവിടെ 15,000 പൊലീസുകാരെ നിയോഗിച്ചു. കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള തുകയാണ് അവർക്ക് കൊടുക്കുന്നത്. അത് ചോദ്യം ചെയ്യാൻ പറ്റില്ലാന്ന് വന്നാൽ? നിയമസഭ പാസാക്കിയ ബജറ്റിന്റെ അടിസ്ഥാനത്തിൽ അനുവദിച്ച തുക വിനിയോഗിക്കുന്നതിൽ ക്രമക്കേടുണ്ടെങ്കിൽ ഒരു പൗരന് ചോദിക്കാൻ പാടില്ലേ? അതെങ്ങനയാ പ്രചാരണത്തിൽ തെറ്റായി പോവുക. അതൊക്കെ ചോദിക്കാനുള്ള അധികാരം രാഷ്ട്രീയ കക്ഷികൾക്കുണ്ട്.

ഹാരീസ് ബീരാൻ( സുപ്രീം കോടതി അഭിഭാഷകൻ)

മതപരമായ പ്രചാരണത്തിനാണ് ടിക്കാറാം മീണ ഊന്നൽ നൽകിയിരിക്കുന്നതെങ്കിൽ അത് മോഡൽ കോഡ് ഓഫ് കേണ്ടക്ടറ്റിൽ വരും. അങ്ങനെയെങ്കിൽ അത് തിരഞ്ഞെടുപ്പ് കുറ്റമാണ്. ശബരിമലയെ ഊന്നിക്കൊണ്ടുള്ള മതപ്രചാരണം എന്നുള്ളതാണ് ഇപ്പോൾ വിവാദമുണ്ടാക്കിയിരിക്കുന്നത്. അത് പാടില്ല എന്നുപറയുമ്പോൾ അത് തിരഞ്ഞെടുപ്പ് കുറ്റം എന്നാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ശബരിമലകേസിൽ അഞ്ചംഗ ബഞ്ച് വിധി പ്രഖ്യാപിച്ചതോടെ അതനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരായി കഴിഞ്ഞു. ആ വിധി നടപ്പാക്കാൻ സർക്കാർ ശ്രമിച്ചപ്പോഴാണ് അതിനെതിരെ പ്രക്ഷോഭം ഉയർന്നത്. ഈ പ്രക്ഷോഭം ഒരുതരത്തിൽ നിയമലംഘനമാണ്. ഈ നിയമലംഘനം തടയുക എന്നത് മാത്രമല്ല, ഏതെങ്കിലും മതവിഭാഗത്തെ മാത്രം കേന്ദ്രീകരിച്ച് കൊണ്ടുള്ള മതപരമായ പ്രചാരണം കൂടി വന്നുകഴിയുമ്പോൾ, അത് തീർച്ചയായും ഒരു തിരഞ്ഞെടുപ്പ് കുറ്റമായി മാറാനുള്ള സാധ്യത കണ്ടുകൊണ്ടായിരിക്കണം അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. നിയമലംഘനം ഉണ്ടാകാതിരിക്കാൻ ആവാം അദ്ദേഹം ഇങ്ങനെയൊരു നിബന്ധന കൊണ്ടുവന്നതെന്നും ഹാരീസ് ബീരാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP