Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുംബൈയിൽ ഓപ്പണിങ് എപ്പിസോഡ് ഷൂട്ടിങ് നടക്കുന്നത് രഹസ്യാത്മകത ഉറപ്പാക്കി; ബറോസ് സെറ്റിൽ നിന്ന് പറന്നെത്തിയ ലാൽ തന്നെ സെറ്റിലെ തിളങ്ങും താരം; 100 ദിവസം ആ വീട്ടിൽ താമസിക്കുന്നവർ ആരൊക്കെയെന്ന് അറിയാൻ നാളെ വരെ കാത്തിരിക്കണം; ബിഗ് ബോസും ഐപിഎല്ലും മത്സരിക്കാൻ വീടുകളിലേക്ക് എത്തുമ്പോൾ

മുംബൈയിൽ ഓപ്പണിങ് എപ്പിസോഡ് ഷൂട്ടിങ് നടക്കുന്നത് രഹസ്യാത്മകത ഉറപ്പാക്കി; ബറോസ് സെറ്റിൽ നിന്ന് പറന്നെത്തിയ ലാൽ തന്നെ സെറ്റിലെ തിളങ്ങും താരം; 100 ദിവസം ആ വീട്ടിൽ താമസിക്കുന്നവർ ആരൊക്കെയെന്ന് അറിയാൻ നാളെ വരെ കാത്തിരിക്കണം; ബിഗ് ബോസും ഐപിഎല്ലും മത്സരിക്കാൻ വീടുകളിലേക്ക് എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇനി ബിഗ് ബോസും ഐപിഎല്ലും തമ്മിലെ ടെലിവിഷൻ യുദ്ധം. ശനിയാഴ്ച ഐപിഎൽ ആവേശത്തിന് തുടക്കമാകുമ്പോൾ ഞായറാഴ്ച ബിഗ് ബോസും വീടുകളിലെത്തും. ക്രിക്കറ്റും മോഹൻലാലും ഏറ്റുമുട്ടുമ്പോൾ ആര് ജയിക്കുമെന്നതാണ് നിർണ്ണായകം. കുട്ടികളുടെ അവധിക്കാലത്ത് റേറ്റിങ് ഉയർത്തുന്നതാകും ചാനലുകളെ സംബന്ധിച്ചിടത്തോളും രണ്ടും. ഏഷ്യാനെറ്റ് പ്ലസിൽ മുമ്പ് ഐപിഎല്ലിലെ എല്ലാ കളികളും മലയാള കമന്ററിയുമായി കാട്ടിയ സമയമുണ്ടായിരുന്നു. ഇത്തവണ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഏഷ്യാനെറ്റ് എടുത്തിട്ടില്ല. ബിഗ് ബോസ് കൂടി കണക്കിലെടുത്താണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്.

ബാര്ക്ക് റേറ്റിങ് വീണ്ടും തുടങ്ങി തൊട്ടു പിന്നാലെയാണ് ബിഗ് ബോസും ഐപിഎല്ലും എത്തുന്നത്. അതുകൊണ്ട് രണ്ടിന്റേയും പ്രേക്ഷക സ്വാധീനം പുറത്തു വരിക തന്നെ ചെയ്യും. മലയാളത്തിലെ പ്രോഗ്രാം ചാനലുകളിൽ ബഹുദൂരം മുന്നിലാണ് ഏഷ്യാനെറ്റ്. ബിഗ് ബോസ് എത്തുന്നതോടെ അത് ഇനിയും ഉയർത്തിലേക്ക് പറക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ബിഗ് ബോസ് ഹൗസിലെ രഹസ്യങ്ങളുടെ കലവറയെ പ്രേക്ഷകർ നെഞ്ചോട് ചേർക്കുമെന്നാണ് അണിയറ പ്രവർത്തകരുടേയും പ്രതീക്ഷ.

മുംബൈയിൽ ബിഗ് ബോസിന്റെ ആദ്യ എപ്പിസോഡ് ഷൂട്ടിങ് ശനിയാഴ്ച രാവിലെ തുടങ്ങി കഴിഞ്ഞു. ബറോസ് ലുക്കിൽ മോഹൻലാൽ വീണ്ടും ബിഗ് ബോസ് അവതാരകനാകുന്നു. അതീവ രഹസ്യ സ്വഭാവത്തിൽ നടക്കുന്ന ആദ്യ എപ്പിസോഡ് ചിത്രീകരണം. നാളെ മാത്രമേ ബിഗ് ബോസ് ഹൗസിലെ മത്സരാർത്ഥികളുടെ വിവരം ഏഷ്യാനെറ്റ് പുറത്തു വിടൂ. ഐപിഎല്ലിനും ബിഗ് ബോസിനെ തകർക്കാനാകില്ലെന്നാണ് ഏഷ്യാനെറ്റിന്റെ വിലയിരുത്തൽ. കേരളത്തിലെ ടിവി പരിപാടികളിൽ ബിഗ് ബോസ് ഒന്നാമനെത്തുമെന്ന പ്രതീക്ഷ. എന്നാൽ ഐപിഎൽ ക്രിക്കറ്റ് പുരത്തിനൊപ്പം ബിഗ് ബോസ് എത്തുമ്പോൾ എന്ത് സംഭവിക്കുമെന്ന ആകാംഷ എല്ലാവർക്കുമുണ്ട്.

കഴിഞ്ഞ രണ്ട് സീസണുകളും മികച്ച നിലയിൽ ആരംഭിച്ചുവെങ്കിലും അവസാന ഭാഗങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ മങ്ങലേറ്റിരുന്നു. സീസൺ നാല് ഷോയുടെ പ്രമോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിരുന്നു. ഇനി അറിയേണ്ടത് ആരൊക്കെയാണ് ഇക്കുറി ബിഗ് ബോസിൽ താമസിക്കാൻ എത്തുന്നു എന്നതാണ്. ബിഗ് ബോസിലെ മത്സരാർത്ഥികളുടെ പ്രവചന പട്ടിക നിരവധി പ്രചരിക്കുന്നുണ്ട്. ഇതിനൊന്നും സ്ഥിരീകരണമില്ല. നാളെ ഏഷ്യാനെറ്റിൽ രാത്രി ഒൻപത് മണിക്കാകും ബിഗ് ബോസിന്റെ ആദ്യ എപ്പിസോഡ്. അപ്പോൾ മാത്രമേ ചിത്രം വ്യക്തമാകൂ.

എന്നാൽ ഇതിലൊന്നും ഇല്ലാതിരുന്ന സിനിമാ സംവിധായകൻ തന്നെ ബിഗ് ബോസിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ്. ന്യൂജൻ സിനിമകളിലൂടെ കാമ്പസിനെ ഇളക്കി മറിച്ച ഒമർ ലുലുവിനെയാണ് ബിഗ് ബോസിന്റെ അണിയറക്കാർ ഓഡീഷനിൽ പങ്കെടുക്കാൻ ക്ഷണിച്ചത്. എന്നാൽ സിനിമാ തിരക്കുകൾ നിമിത്തം ബിഗ് ബോസിന്റെ ക്ഷണം അദ്ദേഹം നിരസിക്കുകയായിരുന്നു. ഇതിനുള്ള കാരണങ്ങളും ഒമർ ലുലു ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

ബിഗ് ബോസ് ആദ്യ സീസണിൽ ശ്വേത മേനോൻ, ശ്രീലക്ഷ്മി ശ്രീകുമാർ, ഹിമ ശങ്കർ, അനൂപ് ചന്ദ്രൻ, അദിതി രവി, സാബുമോൻ തുടങ്ങിയവർ സിനിമാ മേഖലയിൽനിന്നും പങ്കെടുത്തിരുന്നു. രണ്ടാം സീസണിൽ രജിനി ചാണ്ടി, സാജു നവോദയ, വീണ നായർ, തെസ്നി ഖാൻ, പ്രദീപ് ചന്ദ്രൻ തുടങ്ങിയവരായിരുന്നു സിനിമാ താരങ്ങൾ. മൂന്നാം സീസണിൽ നോബി മർക്കോസ്, മണിക്കുട്ടൻ, മിഷേൽ ആൻ ഡാനിയേൽ, സജ്‌ന ഫിറോസ്, ഫിറോസ് ഖാൻ, രമ്യ പണിക്കർ എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ഇത്തവണയും സിനിമാലോകത്തുനിന്നും ഒന്നിലധികം താരങ്ങൾ ബിഗ് ബോസ് ഹൗസിൽ എത്തി എന്നാണ് സൂചന.

ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.ഏറ്റവുമൊടുവിൽ നടന്ന ബിഗ് ബോസ് മലയാളം സീസൺ 3ൽ ടൈറ്റിൽ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടൻ ആയിരുന്നു.

രണ്ടാംസ്ഥാനം സായ് വിഷ്ണുവിനും മൂന്നാം സ്ഥാനം ഡിംപൽ ഭാലിനുമായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ 100 ദിവസം പൂർത്തിയാക്കാൻ കഴിയാതിരുന്ന മൂന്നാം സീസണിൽ പക്ഷേ പ്രേക്ഷകർക്ക് വോട്ട് ചെയ്യാൻ അവസരം നൽകിയതിനു ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP