Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ ഇന്നലെ നടത്തിയ പ്രയോഗം പിശകാണ്..ഒരാളുടെ തൊഴിൽ എന്നുപറഞ്ഞാൽ ശ്രീ വിനു മനസിലാക്കണം.. പ്യൂണിനും അവതാരകനും എല്ലാം ഒരേ ഡിഗ്നിറ്റിയാണ്..ആദ്യം നിങ്ങൾ അത് മനസിലാക്കു; വായിൽ തോന്നുന്നത് വിളിച്ചു പറയുകയല്ല വേണ്ടത്; എം. സ്വരാജും വായിൽ തോന്നുന്നത് പറയേണ്ടെന്ന് വിനു: സ്പീക്കർ ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട വിനു.വി.ജോണിന്റെ വിവാദ പരാമർശത്തെ ചൊല്ലി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വാഗ്വാദം

നിങ്ങൾ ഇന്നലെ നടത്തിയ പ്രയോഗം പിശകാണ്..ഒരാളുടെ തൊഴിൽ എന്നുപറഞ്ഞാൽ ശ്രീ വിനു മനസിലാക്കണം.. പ്യൂണിനും അവതാരകനും എല്ലാം ഒരേ ഡിഗ്നിറ്റിയാണ്..ആദ്യം നിങ്ങൾ അത് മനസിലാക്കു; വായിൽ തോന്നുന്നത് വിളിച്ചു പറയുകയല്ല വേണ്ടത്; എം. സ്വരാജും വായിൽ തോന്നുന്നത് പറയേണ്ടെന്ന് വിനു: സ്പീക്കർ ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ട വിനു.വി.ജോണിന്റെ വിവാദ പരാമർശത്തെ ചൊല്ലി ഏഷ്യാനെറ്റ് ന്യൂസ് അവറിൽ വാഗ്വാദം

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ ഏഷ്യാനെറ്റ് ന്യൂസിലെ അവതാരകൻ വിനു വി ജോൺ നടത്തിയ പരാമർശം വിവാദത്തിലായിരുന്നു. ന്യൂസ് അവർ ചർച്ചയിൽ ശ്രീരാമകൃഷ്ണന് നിയമസഭയിലെ പ്യൂണായിട്ടിരിക്കാൻ പോലും യോഗ്യതയില്ലെന്നാണ് വിനു വി ജോൺ ചൊവ്വാഴ്ച പറഞ്ഞത്. ബുധനാഴ്ച അതേ വിഷയത്തിൽ നടന്ന ചർച്ചയിൽ വിനു ആ പരാമർശം പിൻവലിക്കണമെന്ന് എം.സ്വരാജ് എംഎൽഎ ആവശ്യപ്പെട്ടു. ഇതേ തുടർന്ന് ഇരുവരും തമ്മിൽ ചൂടേറിയ വാഗ്വാദമുണ്ടായി.

അതിലേക്ക് നയിച്ച് ചർച്ചയുടെ പ്രസക്ത ഭാഗങ്ങൾ

എം.സ്വരാജ്: നിർഭാഗ്യവശാൽ അങ്ങയുടെ ചാനലും മറ്റൊരു ചാനലും കസ്റ്റംസ് അന്വേഷിക്കുന്ന പ്രതിയെന്ന് സംശയിക്കുന്ന ആൾ സിപിഎം അംഗമാണെന്ന തരത്തിൽ സംപ്രേഷണം ചെയ്തു. അദ്ദേഹത്തിന്റെ കാര്യത്തിൽ പകൽ പോലെ വ്യക്തമാണ്. ബിജെപി പ്രവർത്തകനാണ്. അദ്ദേഹം ചാലയിലെ ബിജെപി കൗൺസിലറുടെ ഡ്രൈവർ ആയിരുന്നയാളാണ്. അത്തരമൊരു വാർത്ത കൊടുക്കുകയും പിന്നീടത് നിർത്തി വച്ചുവെന്നും അറിഞ്ഞു. അത് ശരിയല്ലല്ലോ. അതിന് അങ്ങ് ഖേദം പ്രകടിപ്പിക്കണം എന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്.

വിനു.വി.ജോൺ: ഒരു നിമിഷം...സന്ദീപ് നായരുടെ അമ്മ ഞങ്ങളോട് സംസാരിക്കുമ്പോൾ സിപിഎം പ്രവർത്തകനാണ് എന്ന മട്ടിലാണ് സംസാരിച്ചത്. അതിന് ശേഷം അവർ വിളിച്ച് ഞാനാണ് സിപിഎം, മകനാണ് ബിജെപി അനുഭാവി എന്ന് പറഞ്ഞു. അപ്പോൾ തന്നെ ആ വാർത്ത മാറ്റിയിട്ടുണ്ട്. ആ വാർത്ത സംപ്രേഷണം ചെയ്യാം. ഞാൻ പറഞ്ഞപ്പോൾ പറ്റിയതാണ് ആ അമ്മ തന്നെ വിളിച്ചുപറഞ്ഞു.

തുടർന്ന് അമ്മയുടെ ബൈറ്റ് പ്ലേ ചെയ്യുന്നു.

എന്തൊരു നിർഭാഗ്യകരമായ വാദമാണ് അങ്ങ് ഉന്നയിക്കുന്നത്. ആ വാർത്ത എഡിറ്റ് ചെയ്തതാണ്.

(തുടർന്ന് ഇപ്പോൾ സംപ്രേഷണം ചെയ്യുന്നത് എന്ന് പറഞ്ഞ് വാർത്ത പ്ലേ ചെയ്‌തെങ്കിലും ശരിയായ ബൈറ്റ് സാങ്കേതിക പ്രശ്‌നം മൂലം കാണിക്കാൻ കഴിയുന്നില്ല. )

വിനു: സന്ദീപ് നായരുടെ കട ഉദ്ഘാടനം ചെയ്യാൻ കേരളത്തിന്റെ സ്പീക്കർ പോയത് എന്തുകൊണ്ടാണ്? സ്റ്റാർട്ട് അപ്പിന്റെ ഉദ്ഘാടനം എന്നാണ് അദ്ദേഹം ഇന്നലെ പറഞ്ഞത്.

അങ്ങയോട് ഇങ്ങനെ സംസാരിക്കേണ്ടി വരുന്നതിൽ ദുഃഖമുണ്ട്. അങ്ങ് എന്തൊരു നെറികേടിലാണ് ഈ ന്യായീകരണം ചമയ്ക്കുന്നത്. ഞാൻ അങ്ങയോട് ലളിതമായി ചോദിക്കുന്നു..ആ അമ്മ പറഞ്ഞത് അവർ സിപിഎം അംഗമാണെന്നാണ്. അങ്ങനെ ധരിപ്പിച്ച ചോദ്യമാണ് അവരോട് ചോദിപ്പിച്ചത്.

(ആ സ്റ്റോറി കൂടി കാണാം എന്ന് പറഞ്ഞ് സ്റ്റോറി കാണിക്കുന്നു)

സ്റ്റോറി എഡിറ്റ് ചെയ്തതാണെന്ന വാദത്തിൽ സ്വരാജ് തുടർന്നും ഉറച്ചുനിൽക്കുന്നു. സന്ദീപ് നായർ ബിജെപിക്കാരൻ ആണെന്ന കാര്യം പകൽ പോലെ വ്യക്തമാണ്. അദ്ദേഹം സിപിഎംകാരനാണ് എന്ന് വരുത്തി തീർക്കാനുള്ള വ്യഗ്രത ശരിയാണോ എന്നും സ്വരാജ്.

ഈ ബിജെപിക്കാരന്റെ സ്റ്റാർട്ട് അപ്പ് ഉദ്ഘാടനം ചെയ്യാൻ സ്പീക്കർ എന്തിന് പോകണം എന്ന് വിനും

അദ്ദേഹം കള്ളക്കടത്തുകാരൻ ആണെന്ന് അറിഞ്ഞുകൊണ്ട് ഈ സ്പീക്കർ എന്നല്ല ഒരു സ്പീക്കറും പോകില്ല.

(തുടർന്ന് സോളാർ കേസും ചർച്ചയാവുന്നു. സോളാർ കേസിലെ പ്രതികളുടെ ഫോൺ സംഭാഷണം മന്ത്രിമാരുമായി ബന്ധപ്പെട്ട് വന്നതുകൊണ്ടാണെന്ന് സ്വരാജ്. വീണ്ടും ശ്രീരാമകൃഷ്ണനിലേക്ക്..)

അവർ ഡിപ്ലോമാറ്റ് ആണെന്നാണല്ലോ സ്പീക്കർ പറഞ്ഞത്.

യുഎഇ കോൺസുലറ്റ് ജനറലിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച ആ പദവിയിലിരുന്ന ആൾ ക്ഷണിച്ചത് അനുസരിച്ചാണ് പോയത്.

യുഎഇ കോൺസുലറ്റ് ജനറലിന്റെ സെക്രട്ടറി എന്നത് ഉയർന്ന പദവിയാണെന്നതിൽ സംശയമുണ്ടോ?

എനിക്ക് സംശയമുണ്ട്?

ഡിപ്ലോമാറ്റിന്റെ ഇമ്യൂണിറ്റി ഇല്ല

അവർ ഡിപ്ലോമാറ്റാണോ?സ്പീക്കർ പറഞ്ഞു.

നിങ്ങൾ ഇന്നലെ പിശക് പറഞ്ഞുവെന്ന കുറ്റബോധം കൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്ന് പറഞ്ഞ് സ്വരാജ് വിഷയം എടുത്തിടുന്നു

എന്തു കുറ്റബോധം?

നിങ്ങൾ ഇന്നലെ നടത്തിയ പ്രയോഗം പിശകാണ്...എല്ലാത്തരത്തിലും അപലപിക്കേണ്ടതാണ്.. ഒരാളുടെ തൊഴിൽ എന്നുപറഞ്ഞാൽ ശ്രീ വിനു മനസ്ലിലാക്കണം, പ്യൂണിനും അവതാരകനും എല്ലാം ഒരേ ഡിഗ്നിറ്റിയാണ്..ആദ്യം നിങ്ങൾ അത് മനസിലാക്കു. വായിൽ തോന്നുന്നത് വിളിച്ചു പറയുകയല്ല വേണ്ടത്. മനസ്സിലായോ

വായിൽ തോന്നുന്നത് സ്വരാജും പറയേണ്ടതില്ല.

കേരളത്തിന്റെ സ്പീക്കർ ഏതോ ഒരുസത്രീയെ ഡിപ്ലോമാറ്റ് എന്ന് പറയാമോ.. അതിന് പറയുന്ന കാരണം വലിയൊരു കാറിലാണ് വരുന്നതെന്നാണ്

എന്നോട് വായിൽ തോന്നിയത് പറയേണ്ട എന്ന് പറഞ്ഞതുകൊണ്ട് ഞാനും അങ്ങനെ പറഞ്ഞു

അതിന്റെ കോണ്ടക്സ്റ്റ് ഇത്രേയുള്ളുവെന്ന് ...വിനു വീണ്ടും സ്പീക്കറുടെ കാര്യം പറയുന്നു.

താങ്കളുടെ അധമബോധമാണ് ഒരു പ്യൂൺ ജോലിയെ ഇത്ര തരംതാണ രൂപത്തിൽ ഇന്നലെ ചർച്ചയിൽ അവതരിപ്പിക്കുവാൻ കാരണം.. ഒരു ജോലിയും അധമമല്ല വിനു, എല്ലാ ജോലിക്കും അതിന്റെ ഡിഗ്‌നിറ്റിയുണ്ട്.. വായിൽ തോന്നിയത് വിളിച്ചു പറയരുത്.'

(പിന്നീട് ചർച്ചയുടെ മറ്റൊരു ഘട്ടത്തിലും എം.സ്വരാജ് ഇങ്ങനെ ആവശ്യപ്പെടുന്നു..)

അങ്ങ് ഇന്നലെ നടത്തിയ ആ പ്യൂൺ പരാർശം അങ്ങ് പിൻവലിക്കണം. കഴിയുമെങ്കിൽ അങ്ങ് പിൻവലിക്കണം. അതേസമയം ഈ സ്വർണം ആർക്ക് വന്നുവെന്ന ചോദ്യം അങ്ങ് എന്താണ് ഉന്നയിക്കാത്തത്.

സ്വപ്നാ സുരേഷിനെ 'ഡിപ്ലോമാറ്റ്' എന്ന് വിശേഷിപ്പിച്ചതിനെ കുറിച്ച് പറഞ്ഞപ്പോഴാണ് ഇത്തരമൊരു പ്രയോഗം ചൊവ്വാഴ്ച ന്യൂസ് അവറിൽ വിനു നടത്തിയത്. സ്പീക്കർക്കെതിരായ പരാമർശത്തിൽ പ്രതിഷേധം അറിയിക്കുന്നതായി കെ എൻ ബാലഗോപാൽ ചർച്ചയിൽ പ്രതികരിച്ചിരുന്നു. കോൺസുലേറ്റ് ഉദ്യോഗസ്ഥയ്ക്ക് നൽകിയ പരിഗണനയാണ് സ്വപ്നക്ക് ലഭിച്ചതെന്ന് സ്പീക്കർ പറഞ്ഞിരുന്നുവെന്ന് കെ എൻ ബാലഗോപാൽ പറഞ്ഞപ്പോഴാണ് വിനുവിന്റെ പരാമർശം.

'ഡിപ്ലോമാറ്റ് എന്താണെന്നും ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് എന്താണെന്നും ബാലഗോപാലിന് അറിയാമല്ലോ. ആ ചുവന്ന പാസ്‌പോർട്ടുമായാണല്ലോ ബാലഗോപാൽ യാത്ര ചെയ്തത്. പക്ഷേ ശ്രീരാമകൃഷ്ണൻ ഇന്ന് ഈ സ്ത്രീയെ ഡിപ്ലോമാറ്റ് എന്ന് വിശേഷിപ്പിച്ചത് ശ്രീരാമകൃഷ്ണന്റെ വിവരക്കേടാണ്. ഡിപ്ലോമാറ്റിനെക്കുറിച്ച് ഇന്ന് അദ്ദേഹം നടത്തിയ വിവരണത്തെക്കുറിച്ച് ശ്രീ ശ്രീരാമകൃഷ്ണൻ എല്ലാ ബഹുമാനത്തോടെയും പറയട്ടെ, അദ്ദേഹത്തിന് കേരളത്തിന്റെ സ്പീക്കറായിട്ടല്ല ആ നിയമസഭയിലെ പ്യൂണായിട്ട് പോലും ഇരിക്കാൻ യോഗ്യതയില്ല.'

സ്വർണ്ണക്കടത്തിൽ ആരോപണ വിധേയയായ സ്വപ്ന സുരേഷിന് ലോകകേരള സഭയുമായി ബന്ധമില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നേരത്തെ വ്യക്തമാക്കിയിരുന്നു, സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി. തന്നെ അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു. സ്വപ്നയെ കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് അറിയാവുന്നത്. മറ്റുപരിചയമില്ല, ആരോപണങ്ങൾ യുക്തിരഹിതമാണെന്നും സ്പീക്കർ വ്യക്തമാക്കി.

സ്റ്റാർട്ട് അപ് സംരഭത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സ്വപ്നക്കൊപ്പം പങ്കെടുത്തത്. സ്വപ്നയുടെ സുഹൃത്തിന്റെ കടയായിരുന്നു. അങ്ങനെ പറഞ്ഞാണ് സ്വപ്ന ക്ഷണിച്ചത്. ഇപ്പോഴത്തെ വിവാദങ്ങളുമായി ആ ചടങ്ങിന് ബന്ധമില്ല. യുക്തിരഹിതമായ ഏച്ചുകെട്ടൽ മാധ്യമപ്രവർത്തകർ ചെയ്യുമ്പോൾ സംഭവിക്കുന്ന പുകമറ മാത്രമാണ് ഇതെന്നും അദ്ദേഹം പഞ്ഞു. 'ഏത് കാലത്താ നമ്മൾ ജീവിക്കുന്നത്? ഒരു ഷെയ്ക് ഹാൻഡ് കൊടുക്കുന്നതും ഒന്ന് തട്ടുന്നതും ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമായിട്ട് ആരെങ്കിലും കാണാറുണ്ടോ? മനസ്സിൽ കറവെച്ച് നോക്കിയാൽ അങ്ങനെയൊക്കെ തോന്നും, അതിലൊന്നും ഒരു യുക്തിയുമില്ല'-അദ്ദേഹം പറഞ്ഞു.

സ്വപ്ന അപരിചിതയല്ല. യുഎഇ കോൺസുലേറ്റിന്റെ സെക്രട്ടറി എന്ന നിലയിൽ പരിചിതയായിരുന്നു. പല കാര്യങ്ങളിലും ബന്ധപ്പെട്ടിരുന്നു. നമ്മുടെ തന്നെ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മലയാളി എന്ന നിലയിൽ അവരുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥക്കുള്ള എന്ന ബഹുമാനമാണ് സ്വപ്നയ്ക്ക് നൽകിയത്. സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങൾക്ക് കൂടുതൽ തെളിവുകളായി സ്പീക്കർ ശ്രീരാമകൃഷ്ണനൊപ്പം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP