Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

അപൂർണ്ണതയുടെ ഒന്നാം ലേഖനം

അപൂർണ്ണതയുടെ ഒന്നാം ലേഖനം

ജോയ് ഡാനിയേൽ

വൾ ചിന്തിക്കുകയാണ്. അഗാധമായി. ചിന്തയുടെ വേലിയേറ്റത്തിൽ കണ്ണുകൾ സജലങ്ങളായി. സായന്തനം അവളുടെ കണ്ണുകളിൽ ഒളിപ്പിച്ചപോലെ കണ്ണുകൾ ചുവന്നു. അവൾക്ക് ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല. ഓർമ്മകൾ.... നെടുവീർപ്പുകൾ....എല്ലാം വേട്ടപ്പട്ടികളെപ്പോലെ പിന്തുടരുന്നു. ഒന്ന് വീണുപോയാൽ?? ആ മുഖത്ത് കണ്ണുനീരിന്റെ ഉപ്പുകണം പറ്റിപ്പിടിച്ചിരുന്നു.

മണിക്കൂറുകൾ .... മണികൂറുകൾ മാത്രം ഇനി ബാക്കി. എല്ലാം തീരുമാനിച്ചുറച്ചിരിക്കുന്നു.... എല്ലാം.

Stories you may Like

എല്ലാ ഓർമ്മകളും ഒരുദിവസം അവസാനിക്കും. എല്ലാ ഓർമ്മകളും ഒരിക്കൽ മാഞ്ഞുപോകും.

അവൾ ലാപ്‌ടോപ്പ് ഓൺചെയ്തു. ജിമെയിലിൽ ലോഗോൺ ചെയ്ത് ടൈപ് ചെയ്തുതുടങ്ങി. വിരലുകൾ കീബോർഡിൽ ഒഴുകി നടന്നു.

ഒരു കത്ത്. ഒരേയൊരു കത്ത്. ഓർമ്മകൾ കൊട്ടിയടക്കാനുള്ള അവസാന വരികൾ. പുഷ്പിക്കാതെ കൊഴിഞ്ഞു വീണ് കരിഞ്ഞുനങ്ങിപ്പോയ മലരുകളുടെ ബാക്കിപത്രം.

മനസ്സിൽ ഓരോരോ ഫ്രേമുകൾ വന്നു നിറഞ്ഞു. കണ്ണിനുമുന്നിൽ എല്ലാം വർണ്ണാഭമായി. കോളേജ്... കാമ്പസ്..... ചിരിയും, കളിയും എല്ലാമെല്ലാം ലയിച്ചുചേർന്ന കലപില ശബ്ദങ്ങൾ.

തുടക്കം

ന്നു ഞാൻ ഒന്നാംവർഷം പ്രീഡിഗ്രിക്ക് പഠിക്കുന്നു. അതൊരു പതിമൂന്നാം തീയതി ആയിരുന്നു എന്ന് തോന്നുന്നു. ട്യൂഷൻസെന്ററിൽ എന്റെ പ്രിയപ്പെട്ട കൂട്ടുകാരി റാണിയുമായി ഇടവേളയിൽ കാര്യംപറഞ്ഞിരിക്കവേ, അവനും ഒരു സുഹൃത്തും റാണിയുടെ അടുത്തേക്കെത്തി. അവർ തമ്മിൽ സംസാരിക്കുന്നതിനിടയിൽ അലക്ഷ്യമായെന്നപോലെ അവനെന്നെ ഒന്ന് നോക്കി. ഞാൻ ഒരു ചിരി സമ്മാനിച്ചു. എന്റെ പേര് ചോദിച്ചു. ഔപചാരികത നിറച്ച് ഞാൻ മറുപടി പറഞ്ഞു.

ആ ചിരിയിൽ, ആ പേരുചോദ്യത്തിൽ തുടങ്ങിയത് ഒരു തുടക്കമാണെന്ന് ഞാൻ കരുതിയില്ല. മനസ്സിനെ പിൽക്കാലത്ത് അമ്മാനമാടിയ തുടക്കം.

അവൻ റാണി യോട് എന്നെപ്പറ്റി വിശദമായി ചോദിച്ചു. അവൾ ഒരു ദിവസം പറഞ്ഞു. 'നിന്നോട് അവനെന്തോ പറയണം എന്ന് പറയുന്നു. പക്ഷേ ഞാൻ സമ്മതിച്ചില്ല. നീ വെയ്റ്റ് ചെയ്യ്... ആരെയും അന്ധമായി വിശ്വസിക്കാൻ പാടില്ല. എന്റേതായ ഒരന്വേഷണം ഞാൻ നടത്തട്ടെ. എന്നിട്ട് പറയാം....'

അവൾ പറയുന്നതിന്റെ അർത്ഥമോ, ആഴമോ അന്നെനിക്ക് മനസ്സിലായില്ല. ഒരുതരം കൗതുകം എന്റെ മനസ്സിൽ വന്നുനിറഞ്ഞു....എവിടെയോ പോയി മറഞ്ഞു. എന്തോ രഹസ്യം അവൾ എന്നിൽനിന്ന് ഒളിപ്പിക്കുന്നതായി തോന്നി. എങ്കിലും ഞാൻ ഒന്നും ചോദിച്ചില്ല.

എന്റെ മുന്നിൽ മനസ്സ് തുറക്കാൻ അവൾ രണ്ടു ദിവസമെടുത്തു.

'അവനു നിന്നോട് പറയാനുള്ളത് എന്താണെന്നറിയാമോ?' ആകാംഷ എന്നിൽ വന്നുനിറഞ്ഞു. അതിന്റെ ഉന്നതിയിൽ എത്തുന്നത് കണ്ടു ചിരിച്ചുകൊണ്ട് അവൾ പറഞ്ഞു.

'അവൻ നിന്നെ സ്‌നേഹിക്കുന്നു..'

അവൾ എന്റെ കയ്യിൽ പിടിച്ചു. അവളുടെ വാക്കിനുള്ളിലെ തീവ്രത എനിക്ക് മനസ്സിലായി. കുറേ നേരത്തേക്ക് എന്തുപറയണം എന്ന് ഞാൻ മറന്നു. പരിസരത്തെവിടെങ്കിലും അവൻ നിൽക്കുന്നുണ്ടോ? എന്റെ കണ്ണുകൾ പരതി. ഹൃദയത്തുടിപ്പുകൾ ഉയർന്നു വന്നു. ഞാൻ വിയർക്കാൻ തുടങ്ങി. മറുപടിക്കായി റാണി കാതോർത്തു .

'നീ അനുകൂലം ആണെങ്കിൽ മാത്രമേ അവൻ നിന്നോട് നേരിട്ട് വന്നുസംസാരിക്കൂ'

ഞാനൊരു പ്രതിസന്ധിയിൽ ആയി. ജീവിതത്തിൽ ഇന്നുവരെ ഉറച്ച തീരുമാനങ്ങൾ എടുത്തിട്ടില്ല. നെഞ്ചുപിടച്ചു. കരങ്ങൾ വിറച്ചു. ഇടിമിന്നലും പേമാരിയും മുന്നിൽ വന്നിറങ്ങി യപോലെ തോന്നി.

അന്നുരാത്രി എനിക്കുറങ്ങാൻ കഴിഞ്ഞില്ല. ഞാൻ അവന്റെ മുഖം ഓർത്തെടുക്കാൻ ശ്രേമിച്ചു. റാണിയുടെ വാക്കുകൾ ചെവിക്കുള്ളിൽ മൂളിപ്പറക്കുന്നു. ഉറക്കം എന്നിൽനിന്ന് ഭയന്നുമാറി നിന്നു. ഭയം.... ഭയം മാത്രമായിരുന്നു ഉള്ളിൽ. ഞാൻ ആഗ്രഹിക്കാത്ത എന്തിലേക്കോ അവൾ വലിച്ചിഴക്കുന്നതായി തോന്നി. ഞാൻ ഒരു പ്രണയം ആഗ്രഹിക്കുന്നില്ല. പ്രണയം എന്നും എനിക്ക് വാക്കുകളിലും വായനകളിലും മാത്രമേ അറിവുള്ളായിരുന്നു. അസ്വസ്ഥതയുടെ ആരാത്രി തിരിഞ്ഞും മറിഞ്ഞും കിടന്ന് വെളുപ്പിച്ചു.

അടുത്ത ഒരാഴ്ച ഞാൻ കോളേജിൽ പോയില്ല. നെഞ്ച് ദ്രുതഗതിയിൽ മിടിക്കുമ്പോൾ കോളെജിന്റെ പടികൾ ചവിട്ടുവാൻ ആകുമായിരുന്നില്ല. കോളേജ്ജീവിതം അവസാനിപ്പിച്ചാലോ എന്നുപോലും ചിന്തിച്ചു. ഓരോദിവസവും രാത്രിയുംപകലും മാറിമാറി എന്നെ മഥിച്ചുകൊണ്ടിരുന്നു.

റാണിയുടെ ഫോൺ വിളിവന്നു. എന്തുകൊണ്ടാണ് കോളേജിൽ ചെല്ലാത്തതെന്ന് അവൾക്കറിയണം. ഞാൻ എന്റെ ധർമ്മസങ്കടം പറഞ്ഞു. പ്രണയം എനിക്ക് നൽകിയ വല്ലാത്ത ഭയം കണ്ടിട്ട് അവൾ പറഞ്ഞു.

'എടീ...അവൻ കാരണമാണോ നീ കോളേജിൽ വരാത്തതെന്ന് ചോദിക്കുന്നു. വിഷമം ആണെങ്കിൽ അവൻ നിന്നിൽ നിന്നും ഇനി മാറിനിന്നോളാമെന്ന് .... പക്ഷേ നീ കോളേജ് മുടക്കരുത്'

പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരംവികാരം പെരുവിരൽ മുതൽ തലമുടിവരെ കടന്നുപോയി.

'നിനക്കവനോട് വിരോധമോമറ്റോ ഉണ്ടോ? അവൻ കാരണമാണ് നീ കോളേജിൽ വരാത്തത് എന്നുകരുതി ആകെ ടെൻഷൻ അടിച്ചാണ് അവന്റെ നടപ്പ്'

'എനിക്ക് ആരോടും വിരോധമില്ല. പരിഭവുവുമില്ല. എനിക്കിത് പരിജയവുമില്ല. ഒരു ഷോക്കുപോലെ... അതാ. ഞാൻ ഒരു പ്രണയം ആഗ്രഹിക്കുന്നില്ല. അത് പറ്റില്ല ....'

റാണി എന്നെ സ്വന്തനിപ്പിക്കനായി പറഞ്ഞു 'പോട്ടെ... നിനക്ക് ഇഷ്ടമില്ലേൽ വേണ്ട. അതിന് നീ കോളേജ് കട്ട്‌ചെയ്തു വീട്ടിൽ ഇരുന്നിട്ട് എന്തു കാര്യം? അതൊക്കെ മറന്നേര് .... കോളേജിൽ വാ... ഞാനായിട്ട് ഇട്ടവിത്ത് ഞാനായിട്ട് തന്നെ പറിച്ചു കളഞ്ഞേക്കാം'

അടുത്തദിവസം കോളേജിൽ എത്തിയത് ഇനിവയനെ ഒരിക്കലും കാണരുത് എന്ന് കരുതിയാണ്. അവന്റെ കൺവെട്ടത്തു നിന്ന് മാറിനടക്കാൻ ഞാനാഗ്രഹിച്ചു.

എന്നാൽ എന്റെ ചിന്തകളകും പ്രവൃത്തികളും മാറിമറിയാൻ ഒന്ന് രണ്ടു ദിവസങ്ങൾ മാത്രം മതിയായിരുന്നു. അറിയാതെ, അറിയാതെ ഞാൻ അറിഞ്ഞു..... എന്നിലും പ്രണയത്തിന്റെ വിത്ത് മുളക്കും എന്ന്

അടുപ്പം

ന്റെ മനസ്സിന്റെ സ്പന്ദനം അവനിലേക്ക് പടർന്നു. റാണി ഞങ്ങൾക്കിടയിൽ ഹംസമായി മാറി. പിന്നീട് നേരിൽകാണുംവരെ എല്ലാ മെസേജുകളും കൈമാറിയത് അവളായിരുന്നു.

ഒരു ദിവസം കോളേജിൽ നിന്ന് ഞാൻ ബസ്സ്സ്റ്റോപ്പിലേക്ക് നടക്കുന്നു. രണ്ടു വശവും നീണ്ടു നിവർന്നു പച്ചപരവതാനി വിരിച്ചു കിടക്കുന്ന വയലുകളെ തലോടിയെത്തുന്ന കാറ്റ് എന്റെ തലമുടികളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. പിന്നിൽ നടക്കുന്ന അവൻ ചിലചോദ്യങ്ങൾ ചോദിച്ചു. ഞാൻ പുഞ്ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. ഒരു കാന്തം മാതിരി മനസ്സ് അവനിലേക്ക് അടുത്ത് പോകുന്നത് ഞാനറിഞ്ഞു.

പുതിയ സിനിമകൾ, കോളേജിലെ പുതിയ പുതിയ തമാശകൾ ഒക്കെയായിരുന്നു ഞങ്ങളുടെ വിഷയങ്ങൾ.

കോളേജിലെ വലിയ ആൽമരച്ചുവട്ടിൽ കുറെയേറെ ഇലകൾ കൊഴിഞ്ഞുവീണു, ആലിൻ കായകൾ വീണു. മരത്തിനുമുകളിൽ തളിരിലകൾ ഉയർന്നുവന്നു. അതിനൊക്കെയൊപ്പം ഞങ്ങളുടെ ബന്ധവും ഗാഡമായി.

എന്നും വൈകിട്ടത്തെ, കോളേജുമുതൽ ബസ്സ്സ്റ്റോപ്പ് വരെ ഒന്നിച്ചുള്ള നടത്തം ഒഴിവാക്കാനാവാതതായി.

എന്റെക്ലാസ്സിൽ ഇരുന്നാൽ പുറത്തുള്ള കാഴ്ചകൾ ഒക്കെ കാണാം. കാമ്പസ്സും, കാമ്പസ്സി നപ്പുറവും. അങ്ങനിരിക്കെ ഞാൻ ആ കാഴ്ച ശ്രേദ്ധിച്ചു . അവനും കൂട്ടുകാരും കന്റീനി ലേക്കും, കാമ്പസിനു പുറത്തുള്ള മുറുക്കാൻ കടയിലേക്കും ചിരിച്ചുല്ലസിച്ചു പോകുന്നത്. റാണി പറഞ്ഞപ്പോൾ ആണ് ഞാൻ ആ പോക്കിന്റെ ഉദ്ധേശം മനസ്സിലായത്. സിഗരട്ട് വലിക്കാൻ അതെനിക് ഓർക്കാപ്പുറത്ത് അടികിട്ടിയ പോലെയായിരുന്നു. ജീവിതത്തിൽ ഞാൻ ഏറ്റവും വെറുക്കുന്ന രണ്ടു കാര്യങ്ങൾ-മദ്യവും സിഗരറ്റും. സിഗരറ്റിന്റെ പുകയും മണവും ഉള്ളവരിൽ നിന്നും അകന്നു നിൽക്കാൻ എന്നും ശ്രമിച്ച എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല.

അന്ന് വൈകിട്ടത്തെ നടത്തയിൽ എന്റെ പ്രധിഷേധം അറിയിച്ചു. അവൻ തലകുനിച്ചു നിശബ്ധതയോടെ മുന്നോട്ടു നടന്നു.

'.... നിർത്താൻ ഞാൻ ശ്രെമിക്കാം .... പതുക്കെ, പതുക്കെ... ഒറ്റയടിക്ക് നിർത്താൻ പറ്റില്ല'

അതൊരു വാഗ്ദാനം മാത്രമായിരുന്നു. നടപ്പാകാൻ കഴിയാത്ത വാഗ്ദാനം.

ഓരോ പിരീയ്ഡ് കഴിയുമ്പോഴും അവൻ കൂട്ടുകാരോടൊത്ത് ചിരിച്ചുല്ലസിച്ച് പോകുന്നത് കാണുമ്പോൾ ഉള്ളിൽ അമർഷം നുരപൊന്തുകയായിരുന്നു. മുറുക്കാൻകട നടത്തുന്ന കിളവനെ ചെന്ന് രണ്ടെണ്ണം കൊടുത്ത് കച്ചവടം പൂട്ടിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നേക്കാൾ കൂടുതലായി സിഗരറ്റിനെയും, കൂട്ടുകാരെയും സ്‌നേഹിക്കുന്നത് എനിക്ക് അസഹനീയം ആയിരുന്നു.

എങ്കിലും ഞാൻ സ്‌നേഹിച്ചു. കാമ്പസിൽ ആർപ്പും ആരവവും ഇല്ലാതെ.

ഒരിക്കൽ ഉച്ചയ്ക്ക് ഞാനും റാണിയും ക്ലാസിന്റെ വരാന്തയിൽ സല്ലപിച്ചു കൊണ്ടിരിക്കുമ്പോൾ അവൻ അതുവഴി നടന്നു വന്നു.

'ഞാനിവിടെ ഇത്തിരി നേരം ഇരുന്നോട്ടെ?'

അനുവാദം കുട്ടും മുമ്പ് അവൻ അവിടിരുന്നു. ഞങ്ങളോടൊപ്പം തമാശകൾ പറയാൻ കൂടി. പെട്ടെന്ന് പ്രിൻസിപ്പാൾ അച്ചൻ അതുവഴി വരുന്നു. ബ്രെക്കിട്ടതുപൊലെ അച്ചൻ ഞങ്ങളുടെ അടുത്ത് വന്നു നിന്നു. അവനെ കൈ ചൂണ്ടി വിളിച്ചു. പെൺകുട്ടികളെ 'ശല്യം' ചെയ്യാൻ വന്നിരിക്കുന്ന അവന് അച്ചന്റെ വായിൽ നിന്ന് നന്നായി കിട്ടി. പ്രിൻസിപ്പാൾ വിളിച്ചുകൊണ്ടു പോകുമ്പോൾ വളിച്ച മുഖത്തോടെ ഞങ്ങളെ അവൻ തിരിഞ്ഞു നോക്കിയതുകണ്ട് ഞങ്ങൾ ഒത്തിരി ചിരിച്ചു.

ഒരിക്കൽ റാണി എന്നോട് മനസ്സിൽ തീകോരിയിടുന്ന ഒരു കാര്യംകൂടിപറഞ്ഞു. അവൻ മദ്യപിക്കും? കഴിഞ്ഞ ദിവസം അവനും കൂട്ടുകാരും ഒന്നിച്ചുകൂടി. സ്‌പൈവർക്ക് വഴി റാണി അറിഞ്ഞതാണ്.

ദേഷ്യവും, സങ്കടവും കൊണ്ട് കണ്ണ്‌നിറഞ്ഞു. മുഷ്ടിചുരുട്ടി ഞാൻ ഡസ്‌കിൽ ആഞ്ഞിടിച്ചു.

'സോറി ഡീ... സത്യമായിട്ടും അവൻ സിഗരട്ട് വലിയും, കള്ളുകുടിയും ഉണ്ടെന്നു എനിക്കറിയില്ലായിരുന്നു. അറിഞ്ഞിരുന്നെങ്കിൽ ....' ഞാൻ ഒന്നും പറഞ്ഞില്ല. ദേഷ്യം അപ്പോഴും എന്നിൽ നിന്നും വിട്ടുപോയിരുന്നില്ല.

'നീയൊരു കാര്യം ചെയ്യ്.. ഈ ബന്ധം വിട്ടേര്. നിനക്ക് യോജിച്ച ഒന്നല്ല ഇത്. നിന്നൊടിഷ്ടം ഉണ്ടായിരുന്നേൽ നിനക്ക്തന്ന പ്രോമിസ് അവൻ പാലിച്ചേനെ. ഇനിയും നിനക്ക് പ്രോമിസ് കിട്ടിക്കൊണ്ടിരിക്കും..... നീ വിട്ടേര് ... അതാ നല്ലത്'

റാണി പറഞ്ഞതും സത്യമാണ്. പക്ഷെ, മനസ്സിൽ പറ്റിപ്പിടിച്ചിരിക്കുന്ന എന്തോഒന്ന് ഒറ്റദിവസം കൊണ്ട് വലിച്ചു പറിച്ച് എറിയുക എന്നുവച്ചാൽ? എനിക്കത് സാധിക്കുമോ?

അന്ന് ഞാൻ ഒരു തീരുമാനം എടുത്തു. അല്പം കഠിനമായ ഒരുതീരുമാനം.

അകൽച്ച

ഞാൻ തീരുമാനിച്ചുറച്ചു. ഇനി അവനോട് മിണ്ടില്ല. ദേഷ്യവും, വിഷമവും എല്ലാം ഞാൻ അതിലൂടെ പ്രകടിപ്പിക്കും. വൈകുംനേരത്തെ ഒന്നിച്ചുള്ള നടത്തം, ഓരോ പിരിയഡ് കഴിയുമ്പോഴും കൂട്ടുകാരോടൊപ്പം പോകുന്നത് നോക്കിയിരിക്കുന്നത് ഒക്കെ നിർത്തി. ഓരോ കാരണം പറഞ്ഞ് പല ദിവസവും ഞാൻ കോളേജിൽ പോയില്ല. എന്നാൽ എന്നെ പരതിനടക്കുന്ന ആ കണ്ണുകൾ എനിക്ക് കാണാമായിരുന്നു. റാണിയോട് അവൻ കിള്ളി, കിള്ളി ചോദിച്ചപ്പോൾ അവൾ എന്റെ അകൽച്ചയുടെ കാരണം പറഞ്ഞു. അവൻ ഒത്തിരി മാപ്പ് പറഞെങ്കിലും ഇനി എന്നെ കാണാൻ ഇനി ശ്രമിക്കേണ്ട എന്നവൾ തറപ്പിച്ചു പറഞ്ഞു.

എന്നോട് സംസാരിക്കാനുള്ള അവന്റെ ശ്രെമം ഒന്നും വിജയിച്ചില്ല. കോളേജിൽ നിന്നും ബസ്സ്‌റ്റൊപ്പിലെക്ക് നടക്കുമ്പോൾ അവന്റെ ചോദ്യങ്ങൾക്കെല്ലാം ഞാൻ മൗനം പാലിച്ചു. കുറ്റബോധം ആ മുഖത്ത് നിഴലിച്ചു നിൽക്കുന്നത് ഞാൻ അറിഞ്ഞു. നൂറുവട്ടം അവൻ എനിക്ക് പ്രോമിസ് തന്നു, ഇനി ഒരിക്കലും ചെയ്യില്ലെന്ന്. ഒരു പ്രോമിസ് പാലിക്കാൻ പറ്റാത്ത ഒരാൾ നൂറു പ്രോമിസ് എങ്ങിനെ പാലിക്കും എന്ന് ഞാൻ തിരികെ ചോദിച്ചു.

അടുത്തുള്ള രണ്ടു ദിവസം ഞാൻ കോളേജിൽ പോയില്ല.

രണ്ടുദിവസത്തെ അവധിയെടുപ്പ്, ശനി, ഞായർ ഒക്കെ കഴിഞ്ഞ് നാലാമത്തെ ദിവസം ഞാൻ കൊളേജിലെത്തി. അന്ന് ബസ്സിൽ വച്ച് ഞാൻ അവനെ കണ്ടു. അവനെന്നെ പരുഷമായി, രൂക്ഷമായി നോക്കി. ദഹിപ്പിച്ചു കളയാനുള്ള ദേഷ്യം ആ മുഖത്ത് ഞാൻ കണ്ടു. എന്നാൽ നിശബ്ദതയോടെ, നിർവികാരതയോടെ അലക്ഷ്യമായി ഞാൻ പുറത്തേക്ക് നോക്കിയിരുന്നു.

ആ രാത്രിയിലും എനിക്കുറക്കംവന്നില്ല. ആ പരുഷനോട്ടം മുന്നിൽ തെളിഞ്ഞു നിൽക്കുന്നു. ഇങ്ങിനെയാണോ എല്ലാ പ്രണയവും? നിശബ്ധത ഒന്നിനും പരിഹാരമാകുന്നില്ലല്ലോ ഈശ്വരാ! ഒന്നു മനസ്സുതുറന്നു സംസാരിച്ചിരുന്നെങ്കിൽ... ദുഷ്ട കൂട്ടുകെട്ടുകൾ ഉപേക്ഷിക്കാൻ, ദുശീലങ്ങൾ വിട്ടുകളയാൻ, എനിക്ക് ഒത്തിരി പ്രാധാന്യം നൽകാൻ .... ഈ അകൽച്ച ഞങ്ങൾക്ക് രണ്ടുപേർക്കും ഭ്രാന്തുപിടിപ്പിക്കും.

ഒരുദിവസം വൈകുന്നേരം പതിവിലും വൈകി ഞാൻ ബസ്സ്‌റ്റോപ്പിലേക്ക് നടക്കുമ്പോൾ പിന്നിൽ ഒരു കാലൊച്ച കേട്ടു. അതവന്റെ കലൊച്ച യാണെന്ന് ഞാൻ മനസ്സിലാക്കി. ഉള്ളിൽ ഹൃദിസ്ഥമായ പാദചലനം.

'സോറി.....'

ഞാൻ മുഖം ഉയർത്തി നോക്കി.

'ഇനി ഒരിക്കലും......' അവൻ ആണയിട്ടു. എങ്കിലും ഞാൻ നിശബ്ധത ഭന്ജിച്ചില്ല. എന്നാൽ അവൻ എന്റെ കരംപിടിച്ചു.

'സത്യമായി ഞാൻ പറയുന്നു. നിനക്കുവേണ്ടി എല്ലാ ദുശീലവും ഉപേക്ഷിക്കും.... സോറി... ഒത്തിരി സോറി..'

ആ ക്ഷമാപണത്തിൽ എന്റെ മൗനം മുറിഞ്ഞു. ഞാൻ ചിരിച്ചു.

ഭൂമിൽ സന്മസ്സുള്ളവർക്ക് സമാധാനം..... ആകാശത്തിന്റെ കോണിൽ നിന്നെവിടെയെങ്കിലും മാലാഖ പാടിയിട്ടുണ്ടാവണം.

'നീ ഇന്ന് കൊരിന്ത്യർ ഒന്നാം ലേഖനം പതിമൂന്നാം അദ്ധ്യായം വായിക്കണം....'

രാത്രി ബൈബിളിൽ അവൻ പറഞ്ഞ ലേഖനം എടുത്തു. അതിൽ പൗലോസ് പറയുന്നു. '.............. സ്‌നേഹം ദീർഘക്ഷമയും ദയയുമുള്ളതാണ്. സ്‌നേഹം അസൂയപ്പെടുന്നില്ല. അഹങ്കരിക്കുന്നില്ല. അനുചിതമായി പെരുമാരുന്നില്ല. കോപിക്കുന്നില്ല.വിദ്വേഷം പുലർത്തുന്നില്ല..... സ്‌നേഹം സകലതും സഹിക്കുന്നു.... സകലതും വിശ്വസിക്കുന്നു. സകലതും പ്രത്യാശിക്കുന്നു. സകലത്തെയും അതിജീവിക്കുന്നു. സ്‌നേഹം ഒരിക്കലും അവസാനിക്കുന്നില്ല....'

ഞാൻ ബൈബിൾ നെഞ്ചോട് ചേർത്തു. സ്‌നേഹ തരംഗങ്ങൾ എന്നിലേക്ക് പ്രവഹിക്കുന്നപോലെ എനിക്ക് തോന്നി.

അന്നുമുതൽ ഒന്ന് കൊരിന്ത്യർ പതിമൂന്നാം അദ്ധ്യായം എനിക്ക് പ്രിയപ്പെട്ടതായി മാറി.

ഞങ്ങൾ വീണ്ടും അടുത്തത് റാണിക്ക് ഇഷ്ടപെട്ടില്ല. 'അവൻ നിനക്ക് തന്ന വാക്ക് പാലിക്കില്ല. നീ കണ്ടോ....' അവൾ ഇടക്കിടെ താക്കീത് തന്നുകൊണ്ടിരുന്നു. ഞാനതിന് മൗനം മറുപടിയായി നൽകികൊണ്ടിരുന്നു.

ഒരു ദിവസം അവൾ പറഞ്ഞു 'അവന്റെ പെങ്ങൾ എനിക്ക് ഇടക്കിടെ ഫോൺ വിളിക്കുന്നുണ്ട്. നിന്നെപ്പറ്റി വിശദമായി ചോദിച്ചു. നിന്റെ സ്വഭാവം, അവളുടെ ആങ്ങളക്ക് ചേരുന്നതാണോ എന്നിങ്ങനെ.... അവരുടെ സംസാരം. എന്തോ ഒരു ഇഷ്ടക്കേട് ഉള്ളപോലെ'

ഞാൻ ഒന്ന് മൂളി.

'നീ വിട്ടേര്. മിണ്ടാപൂച്ച പോലെ നടക്കുന്ന നിനക്ക് പറ്റിയ ബന്ധമല്ല ഇത്. സത്യത്തിൽ ഇതൊക്കെ ഞാൻ നേരത്തെ അന്വേഷിക്കണ്ടതായിരുന്നു. ഒരിക്കലും ഇത് നിനക്ക് പറ്റിയതല്ല....'

എന്റെ മൗനത്തിന്റെ അർഥം അവൾക്കു മനസ്സിലായി.

'ഞാൻ പറയാനുള്ളത് പറഞ്ഞു... ഇനി ബാക്കി നിനക്ക് തീരുമാനിക്കാം' അവൾ നടന്നകന്നു. ഞാൻ ഒന്നും പറഞ്ഞില്ല. വിദൂരതയിൽ പറന്നുപോകുന്ന കിളികളെ നോക്കി, കാമ്പസിലെ മരക്കൂട്ടങ്ങൾ കാറ്റത്തിളകിയാടുന്നത് നോക്കി കുറേനേരം നിന്നു .

എന്റെ ജീവിതം. എന്റെ തീരുമാനം. അതിന്റെ ഗുണവും ദോഷവും എനിക്ക് മാത്രം സ്വന്തം.

ഞാൻ നടന്നു. ഇരുൾ പാകിയവീഥിയിൽഎന്നപോലെ . എന്റെ കരം പിടിക്കാൻ ആരോ ഉണ്ടെന്നപോലെ.

വേർപിരിയൽ

ന്റെ പ്രീഡിഗ്രി അവസാനവർഷം കാമ്പസിലെ വലിയ ആൽമരത്തിന്റെ ചുവട്ടിൽ വച്ച് അവൻ പറഞ്ഞു

'നീ ഡിഗ്രിക്ക് ഇവിടെ ചേരണ്ടാ...'
'അതെന്താ?'
'ഞാൻ ഒരുവർഷം കൂടി മാത്രമേ ഇവിടെയുള്ളൂ. അടുത്ത വർഷം ഞാൻ ഇവിടെ നിന്ന് പോകും. രണ്ടുവർഷം നിന്നെയിവിടെ ഉപേക്ഷിച്ചു പോകാൻ എനിക്ക് കഴിയില്ല. ഒരുപക്ഷേ എന്റെ സ്വാർഥത ആയിരിക്കാം. എന്നാലും, പ്ലീസ്'

സത്യത്തിൽ ആ തീരുമാനം ഒത്തിരി സങ്കടം ഉണ്ടാക്കുന്നതായിരുന്നു. അവനില്ലാതെ ഞാൻ വേറൊരു കാമ്പസിൽ?? എനിക്കടുപ്പമുള്ള തെല്ലാം വിട്ട് പുതിയ ലോകത്ത്?! ഈ കാമ്പസ്സിന്റെ ഗന്ധം, അടുപ്പം, സന്തോഷം വേറെ ഏതു സ്ഥലത്ത് ചെന്നാലും എനിക്ക് കിട്ടില്ല എന്നെനിക്കറിയാമായിരുന്നു.

എങ്കിലും ഞാൻ സമ്മതിച്ചു.

പ്രീഡിഗ്രി അവസാനവർഷ റിസൽട്ട് വന്നു. ഓഫീസിനു മുന്നിലെ നോട്ടീസ് ബോർഡിൽ നിന്ന് റിസൽട്ട് അറിഞ്ഞ് സന്തോഷത്തോടെ പടികൾ ഇറങ്ങവെ അങ്ങ് ദൂരെ അവൻ നിൽക്കുന്നത് കണ്ടു. രണ്ടുമൂന്ന് കൂട്ടുകാരും ഒപ്പം ഉണ്ട്. ചുണ്ടത്തും വിരലുകൾക്കിടയിലുമായി കത്തിയെരിയുന്ന സിഗരറ്റ് ഞാൻ ഒന്നേ നോക്കിയുള്ളൂ. എന്റെ സന്തോഷം എല്ലാം ആവിയായിപ്പോയി. അവനെ ഗൗനിക്കാതെ ഞാൻ പടികൾ ഇറങ്ങി.

ഞാൻ ബസ്സ്റ്റോപ്പിൽ നിൽക്കുമ്പോൾ എവിടെനിന്നോ ഓടിക്കിതച്ച് അവൻ മുന്നിൽ വന്നു.

'സോറി.... ഒത്തിരി നാളിനു ശേഷം കൂട്ടുകാർ ഒക്കെ കൂടിയപ്പോൾ...'

ഞാന്മിണ്ടിയില്ല. വലിയവായിൽ ഒന്ന് കരഞ്ഞാലോ എന്ന് ഞാൻ ചിന്തിച്ചു.

'എനിക്ക് ഒന്നും പറയാനില്ല.... എല്ലാ പ്രോമിസ്സും ... വെറുതെ..'

'സത്യമായും ഞാൻ എല്ലാം നിർത്തും... നീയെന്നെ മനസ്സിലാക്കൂ. നിനക്ക് ഒത്തിരി സന്തോഷം ഉള്ള ദിവസം ആണിന്ന് .... ഇതിന്റെ പേരിൽ ആ സന്തോഷം കളഞ്ഞുകുളിക്കരുത്'

ബസ്സ് കയറുംമുമ്പ് ഞാൻ അവനോട് ക്ഷമിച്ചിരുന്നു. എന്നാൽ അത് ശരിയായിരുന്നില്ല എന്ന് പിന്നെടെനിക്ക് തോന്നി. എന്റെ നിയന്ത്രണം ഇത്രയേ ഉള്ളൂ എന്ന് അവൻ കരുതിയിട്ടുണ്ടാവണം. പ്രോമിസ്സുകൾ പാലിക്കപെടാതിരിക്കുവാൻ കൂടിയുള്ള താണെന്ന് അവൻ കരുതിയിട്ടുണ്ടാവണം.

ഡിഗ്രിക്ക് അവനില്ലാത്ത പുതിയ കോളേജിൽ ഞാൻ ചേർന്നു . പുതിയ കോളേജിൽ ചേരും മുമ്പ് ഒരിക്കൽ ഞങ്ങൾ കണ്ടുമുട്ടി. അന്ന് അവനെനിക്കൊരു മോതിരം തന്നു. സെന്റ്ആന്റണീസ് വലിയ പള്ളിയിൽ നിന്ന് വാങ്ങിയത്. ഞാൻ അത് സൂക്ഷിച്ചു വച്ചു. വെറുതെയിരിക്കുമ്പോൾ ആ മോതിരം എടുത്ത് നോക്കും. കോളേജ് ദിനങ്ങളും, കാമ്പസ് ചിന്തകളും ഉണർത്താൻ ആ മോതിരം മതിയായിരുന്നു.

കോളേജിൽ നിന്ന് ബസ്സ്‌സ്റ്റൊപ്പിലെക്ക് നീണ്ടു കിടക്കുന്ന മൺപാത. പാതക്കിരുവശവും പച്ചപട്ടുവിരിച്ചപോലെ വയലുകൾ. റോഡിനരുകിലുള്ള ബസ്സ് സ്റ്റോപ്പ്, അതിനോട് അടുത്തുള്ള ഒരു കലുങ്ക്, അതിനോട് ചേർന്ന് ചെറിയ കടകൾ. അവന്റേയും കൂട്ട്കാരുടെയും സ്ഥിരംസങ്കേതം. അവിടെ വച്ചു തന്നെയാണ് അവൻ ഒരിക്കൽ എന്റെ ഒരു ഫോട്ടോക്കുവേണ്ടി കെഞ്ചി നിന്നത്. എന്നെ കാത്തുകാത്ത് വെയിറ്റിങ് ഷെഡിൽ നിന്ന ആ നിൽപ്പ് ഓർക്കാൻ സുഖമാണ്. ഫോട്ടോ കയ്യിൽ ഉണ്ടായിട്ടും അതുകൊടുക്കാതെ ഞാൻ ചിരിച്ചു നിന്നു.

ചില പ്രോമിസ്സുകൾ പാലിക്കാതിരിക്കൻ കൂടിയുള്ളതാണ്.....

ഒരിക്കൽ എന്റെ കയ്യക്ഷരം കാണാൻ വേണ്ടി നോട്ടുബുക്ക് കയ്യിൽ നിന്നും തട്ടിപ്പറിച്ച് ഓടി. അവന്റെ പുറകേ ഓടിചെന്ന് ഞാനത് തിരികെ വാങ്ങി. എന്റെ കിതപ്പ് നോക്കി അവൻ ചിരിച്ചു.

ചില ഓർമ്മകൾ മറക്കാതിരിക്കാൻ കൂടിയുള്ളതാണ്.

എന്റെ നീണ്ട തലമുടിയും നീലയിൽ വെള്ളഎംബ്രോയിഡറിയുള്ള ചുരിദാറും അവനൊത്തിരി ഇഷ്ടമായിരുന്നു. സമയം കിട്ടുമ്പോൾ ഒക്കെ അവൻ അതിനെപറ്റി വർണ്ണിക്കും. അവന്റെ ഇഷ്ടം മാനിച്ച് മുടി കെട്ടി, ഇടയ്ക്കിടെ ആ ചുരിദാർ ധരിക്കാൻ ശ്രദ്ധിച്ചു.

ക്ലാസിൽ നൊട്ടെഴുതാതെ ആരുടെയോ കെമിസ്ട്രിയുടെ നോട്ടുബുക്ക് ഒരു ദിവസം പകർത്തിയെഴുതി കൊടുക്കാനായി കൊണ്ടുതന്നു. എന്റെ കയ്യക്ഷരം കാണാൻ കൊതിച്ചിരുന്ന അവന് ഞാൻ അതോരുത്സവമാക്കി തിരികെ ഞാൻ പകർത്തി നൽകി .

പുതിയ കാമ്പസ്. പുതുമയുടെ അന്തരീക്ഷം. എങ്കിലും നഷ്ടപ്പെടലിന്റെ വേദന ഒത്തിരിയൊത്തിരിയായിരുന്നു.

പ്രണയം അനശ്വരമാണ്. പ്രണയം അമൂല്യമാണ്.. ലോകത്ത് ഏതോ ഒരു കോണിൽ എനിക്കായി ഒരാൾ കാത്തിരിക്കുന്നു എന്നത് ഒത്തിരി ഊഷ്മളമായ വികാരമായിരുന്നു.

കോളേജ് വർഷാവസാനം ടൂർപോയി വന്നപ്പോൾ അവൻ എനിക്കൊരു കാർഡ് അയച്ചു. എനിക്കു വേണ്ടി വാങ്ങിയ പൊട്ടുകൾ ഒത്തിരി അതിൽ ഭംഗിയായി ഒട്ടിച്ച ഗ്രീറ്റിങ്ങ് കാർഡ്. നെറ്റിയിൽ പതിക്കുന്നതിനേക്കാൾ ഭംഗി ആ പൊട്ടുകൾക്ക് ഉണ്ടെന്ന് തോന്നിപ്പോയി.

യാത്രയയപ്പ്

വന്റെ പഠനംകഴിഞ്ഞു. റിസൾട്ട് വന്നു. ഒരു ദിവസം അവൻ ഫോണിൽ വിളിച്ചു.

'എനിക്ക് ഒന്ന് കാണണം'

'എന്തു പറ്റി ?'

'നേരിട്ടുപറയാം ... ഇത്തിരി സസ്‌പെൻസ് കിടക്കട്ടെ. വരണം.' അവൻ ഫോൺവച്ചു.

പണ്ടേ എനിക്ക് സസ്‌പെൻസ് കൊണ്ടുനടക്കാൻ പറ്റില്ല. കോളേജ് വിട്ടശേഷം പിന്നീട് ഇതുവരെ കണ്ടിട്ടില്ല. ഒത്തിരി നാളിനു ശേഷം ഉള്ള കൂടിക്കാഴ്ച.... എന്നാൽ അതിനപ്പുറമുള്ള എന്തോ പ്രത്യേകത ഇതിൽ തോന്നി. എന്താണത്? ആകാംഷയുടെ മുൾമുനയിൽ ഞാൻ നിന്നു.

സെന്റ്ആന്റണീസ് വലിയപള്ളി. പള്ളിയിൽ ഏതോ ധ്യാനം നടക്കുകയാണ്. മനസ്സിനും, ശരീരത്തിനും സൗഖ്യം തേടി വന്നവരെക്കൊണ്ട് പള്ളിമുറ്റവും അകവും നിറഞ്ഞു. അന്തോണീസ് പുണ്യവാളന്റെ രൂപത്തിന് മുൻപിൽ മെഴുതിരികത്തിച്ച് ഞാൻ പള്ളിമുറ്റത്തുള്ള പന്തലിൽ നിന്നു. സന്തോഷം, ആകാംഷ, ഭയം ഒന്നൊന്നായി മനസ്സിൽ തിങ്ങി നിറഞ്ഞു. എത്രയോ നാളിനുശേഷമുള്ള കൂടിച്ചേരൽ. കാണുമ്പൊൾ, ആ മുഖത്ത് നോക്കുമ്പോൾ .... നാണമോ, ചമ്മലോ എന്തോ ഒന്ന് മുഖത്ത് തെളിഞ്ഞു വന്ന് പുഞ്ചിരിയായി രൂപാന്തരപ്പെട്ടു. അവസാനം കുരിശുവരച്ച് പള്ളിമുറ്റത്തെ പന്തലിൽനിന്നും പുറത്തേക്കിറങ്ങി.

പള്ളിയുടെ പടവുകൾ താഴേക്കിറങ്ങുമ്പോൾ അങ്ങ് ദൂരെ വെയിറ്റിങ്‌ഷെഡ്ഡിൽ അവൻ നിൽക്കുന്നത് ഞാൻ കണ്ടു. അടുത്തേക്ക് നടന്നു ചെല്ലുമ്പോൾ പതിവില്ലാത്ത ഗൗരവം ആ മുഖത്ത് നിഴലിച്ചു നിൽക്കുന്നത് ഞാൻ കണ്ടു.

'എത്ര നേരമായി കാത്തുനിൽക്കുന്നു ....? എവിടെയായിരുന്നു നീ ഇതുവരെ??'

ശാസനയുടെ സ്വരം എന്റെ പുഞ്ചിരിയെ മായ്ച്ചുകളഞ്ഞു.

'ഞാൻ പള്ളിയിൽ ആയിരുന്നു. പ്രാർത്ഥിക്കുകയായിരുന്നു' അത് സത്യമോ കള്ളമോ എന്ന് എനിക്കുറപ്പില്ലായിരുന്നു

എന്റെ പുഞ്ചിരി തിരിച്ചുവന്നു. അവൻ വളരെനേരമായി കാത്തുനിൽക്കുകയായിരിക്കണം. യൗവനത്തിലെ ആൺകുട്ടികളുടെ സമയത്തിന് വില കൂടുതൽ ആണല്ലോ.

'എന്താണ് അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്?' എന്നിൽ മുമ്പുണ്ടായിരുന്ന ആകാംഷ തിരിച്ചു വന്നു.

'വരൂ നമുക്കു് ആ മരച്ചുവട്ടിലേക്കു നടക്കാം .....'

ഞങ്ങൾ നടന്നു. പ്രാർത്ഥിക്കാനും, മെഴുകുതിരി കത്തിച്ച് അനുഗ്രഹം നേടാനും വന്നവരുടെ തിരക്കിൽ നിന്നും ഇത്തിരി അകലേക്ക്.

'ഞാൻ പുറത്തേക്ക് പോവുകയാണ്, എം.സി.എ പഠിക്കാൻ. ബോംബയിലെക്ക്. അടുത്താഴ്ച'

ബോംബയിലേക്ക്?? എന്നിൽ നിന്നും ദൂരെ, ദൂരെ പറന്നു പോവുകയോ?! വശ്വസിക്കനായില്ല. ആവശ്വനീയം! എന്റെ മുഖഭാവം അവൻ വായിച്ചെടുത്തു.

'സത്യം. എനിക്ക് പോയേപറ്റൂ. രണ്ടു വർഷം പഠിത്തം. അതിനൊപ്പം തന്നെ ജോലിയും നോക്കണം, ഒത്താൽ ബോംബയിൽതന്നെ അല്ലെങ്കിൽ ഗൾഫിലേക്ക് .... എന്തായാലും ഇനി ഇവിടെനിൽക്കാൻ പറ്റില്ല'

ഞാനൊന്നും പറഞ്ഞില്ല. എന്റെ തീരുമാനങ്ങൾക്ക് അവന്റെ തീരുമാനിച്ചുറപ്പിച്ച കാര്യങ്ങൾക്കുമേൽ സ്വാധീനം ചെലുത്താനാകും എന്നെനിക്ക് തോന്നിയില്ല. പുഞ്ചിരി മാഞ്ഞ് മുഖത്ത് കാർമേഘം ഇരുണ്ടുകൂടി.

'നീ വിഷമിക്കേണ്ട. ഞാൻ നിന്നെ വിളിക്കും. നിനക്ക് കത്തെഴുതും.... ലോകത്തിന്റെ ഏതറ്റത്തായാലും.... നീ മറുപടി അയക്കണം'

'ഉം....'ഞാനൊന്ന് മൂളി. ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഏറെ നാളിനു ശേഷമുള്ള കണ്ടുമുട്ടൽ. അവന്റെ മീശക്ക് കനംവച്ചു. ഹെയർസ്‌റ്റൈൽ മാറി. കോളേജ് കാമ്പസിലെ അലസത ആ മുഖത്ത് നിന്ന് മാറി ഗൗരവം കടന്നു വന്നിരിക്കുന്നു. എന്റെ മുടിക്ക് നീളം വച്ചെന്നും ഇങ്ങനാണേൽ തടിച്ചി ആകുമെന്നും അവൻ കളിയാക്കി ചിരിച്ചു.

'ഡിഗ്രി പാസായത് ഞാൻ നിന്നോട് പറഞ്ഞിരുന്നല്ലോ. അതിൽ ഏറ്റവും മാർക്ക് സ്‌കോർ ചെയ്തത് ഏതു വിഷയത്തിനാണെന്ന് അറിയാമോ?'

'ഇല്ല..'

'കെമിസ്ട്രിക്ക് .... നിന്റെ കൈപ്പടകൊണ്ട് അന്ന് എനിക്ക് നോട്ടെഴുതി തന്നതോർമ്മയില്ലേ? അന്ന് നീ എഴുതിയത് ബുക്കിലല്ല എന്റെ മനസ്സിലാണ്... അത് ഹൃതിസ്ഥമായിരിക്കും.....'

മനസ്സിൽ ഒരു സന്തോഷതിരമാല ഇരച്ചു കയറിവന്നു.

'പോകാൻ സമയമായി. യാത്ര പറയുന്നില്ല. ഇനി നമ്മൾ എന്നുകാണും എന്ന് എനിക്ക് ഉറപ്പു പറയാനൊക്കില്ല. എങ്കിലും മറക്കരുത്. എന്റെ കത്തുകൾക്ക് മറുപടി എഴുതണം. അവിടെ ചെന്ന് ഒന്ന് സെറ്റായശേഷം ഞാൻ കത്തയക്കും... കാത്തിരിക്കുക. ഓക്കെ??'

ഞങ്ങൾ തിരിഞ്ഞു നടന്നു. നിശബ്ദത.... നിശബ്തത മാത്രം ഞങ്ങൾക്കിടയിൽ നിറഞ്ഞു നിന്നു. പാദങ്ങളിൽ ഒരുതരം മരവിപ്പ്

'പോകും മുമ്പ് എനിക്ക് ഒരു പ്രോമിസ് തരുമോ? ' ഞാൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

'എന്ത്?'

നിന്റെ രണ്ടു ദുശീലങ്ങൾ നിരത്തുമോ? എനിക്കിഷ്ടമില്ലാത്ത ആ രണ്ടു ശീലങ്ങൾ? ബോംബൈ എന്നൊക്കെ കേൾക്കുമ്പോൾ എനിക്ക് പേടിയാ.... അതുകൊണ്ടാ..'

അവൻ ചിരിച്ചു. ഉറക്കെയുറക്കെ.

'ബോംബയിൽ ഞാൻ മാത്രമല്ല .... വേറെയും ഒരുപാട് ആൾക്കാർ ഉണ്ട്... ഓക്കേ .... ഞാൻ പ്രോമിസ് തരുന്നു. ഞാൻ അവരണ്ടും ഉപേക്ഷിക്കും. നിനക്ക് വേണ്ടി.'

ആ വാഗ്ദാനം പാലിക്കപെടട്ടെ. ഞാൻ പ്രാർത്ഥിച്ചു.

ബസ്സ്വന്നു. ഞങ്ങൾ രണ്ടും ബസ്സിൽ കയറി. അവൻ എനിക്ക് ടിക്കറ്റെടുത്തു. ബസ്സ് നീങ്ങി. കുറെ സ്റ്റോപ്പുകൾക്ക് ശേഷം അവൻ ഇറങ്ങി. മുന്നോട്ടു നടക്കുംമുമ്പ് സീറ്റിലിരിക്കുന്ന എന്നെ തിരിഞ്ഞു, തിരിഞ്ഞു നോക്കി. ഞാൻ പുഞ്ചിരിച്ചു. ബസ് നീങ്ങുമ്പോൾ മെയിന്റോഡിൽ നിന്നും മൺപാതയിലേക്ക് അവൻ നടന്നു പോകുന്നത് നോക്കി ഞാനിരുന്നു.

അന്നവൻ ആ നടന്നുപോയത് എന്നെന്നേക്കും എന്റെ ജീവിതത്തിൽ കൂടി നിന്നാണെന്ന് അപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല. സെന്റ്ആന്റണീസ് വലിയപള്ളിയുടെ മുന്നിൽ വച്ച് കണ്ടത് അവസാന കൂടിക്കാഴ്ചയാണെന്നും

ആഴ്ചകൾക്ക് ശേഷം പോസ്റ്റുമാൻ കൊണ്ടുതന്ന ആകാശനീലിമ നിറഞ്ഞ ഇൻലാൻഡ് തുറന്നപ്പോൾ പ്രണയത്തിന്റെ മാസ്മരിക സുഗന്ധം മുന്നിൽ വിടർന്നു. തുറന്നുകിടന്ന ജനൽ പാളികൾക്കിടയിലൂടെ അത് പുറത്തേക്ക് പരന്നൊഴുകി.

കത്തുകൾ. ഒന്നിനു പുറകെ ഒന്നായി....പലവട്ടം വായിച്ച ശേഷംഅവയെല്ലാം സൂക്ഷിച്ചു വച്ചു. കത്തുകൾക്ക് എല്ലാം സീരിയൽ നമ്പർ ഇട്ടു. ആ കാലഘട്ടത്തിൽ ഞാൻ ഏറ്റവും കാത്തിരുന്നത് പോസ്റ്റുമാനെയായിരുന്നു.

ബിരുദം കഴിഞ്ഞു. വർഷങ്ങൾ മൂന്ന് കൊഴിഞ്ഞു പോയത് എങ്ങിനെയാണ് എന്ന് അറിഞ്ഞതേയില്ല. മാസത്തിൽ ഒരിക്കൽ അവൻ വിളിക്കും. ബാക്കിയെല്ലാം കത്തുകളിൽ. അവൻ എം.സി.എ കഴിഞ്ഞു ജോലി അന്വേഷണത്തിൽ ആയി.

നാട്ടിലേക്ക് ഒന്ന് വരാൻ ഞാൻ പലകത്തിലും നിർബന്ധിച്ചു. എന്നാൽ ആരോടോ എന്തിനോടോ ഉള്ള വാശിപോലെ അവൻ പറയും.

'നല്ലൊരു ജോലി ആകാതെ ഞാൻ നാട്ടിലേക്കില്ല.... അതുവരെ നീ ക്ഷമിക്ക്.'

അവൻ ആരോടാണ് വാശി കാണിക്കുന്നത് എന്ന് എനിക്കൊരിക്കലും മനസ്സിലായിട്ടില്ല.

ചില വാഗ്ദാനങ്ങൾ പാലിക്കപെടാതിരിക്കാൻ കൂടിയുള്ളതാണ്!

ജോലിഅന്വേഷണം, ഗൾഫ്‌മോഹം. വരുന്ന കത്തുകളിൽ ഒക്കെ പ്രതീക്ഷയും നിരാശയും നിറഞ്ഞു നിന്നു. ഓരോരോ റിക്രൂട്ടിങ് എജസികളിൽ കയറിയിറക്കം. പാർട്ട് ടൈം ജോലികൾ... എത്രയും വേഗം ഒരുകരക്കെത്തും എന്ന പ്രതീക്ഷ. പ്രതീക്ഷിച്ച പലതും കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ടൽ ....

അവസാനം അവനയച്ച കത്തിൽ മൊത്തം നിരാശ പരന്നിരുന്നു. എങ്ങും എത്താതെ താൻ തകർന്നു പോകുമോ എന്നവൻ ഭയന്നു. നിരാശയുടെ ചിത്രങ്ങൾ മാത്രം വരച്ചിട്ട കത്ത്. ആ കത്ത് എന്റെ കൈവശം ഇരുന്നു വിറച്ചു. ഒന്നും ചെയ്യാനാകാതെ നിസ്സഹായയായി ഞാൻ നിന്നു. അവനെ ഒന്നു കാണാൻ ഞാൻ അതിയായി ആഗ്രഹിച്ചു. കരക്ക് പിടിച്ചിട്ട പരൽമീൻ പോലെ മനസ് പിടച്ചു.

ഞാൻ മറുപടി അയച്ചു. പ്രതീക്ഷകൾ, ശുഭാപ്തി വിശ്വാസം എല്ലാം കുത്തിനിറച്ച കത്ത്.

ആ കത്തിന് മറുപടി കിട്ടിയില്ല. പിന്നെ ഒരു കത്തിനും മറുപടി കിട്ടിയില്ല. നിരാശയുടെ ആ കത്ത് എനിക്ക് കിട്ടിയ അവസാന കത്തായിരുന്നു.

വലിയ ഒരു ശൂന്യത. പഴയ കത്തുകൾ എടുത്തു വായിക്കാനേ തോന്നിയില്ല. സീരിയിൽനമ്പരിട്ട ഓരോകത്തും ഓരോ മുറിപ്പാടുകൾ ആയിരുന്നു. പകൽ കണ്ണ്മൂടിക്കെട്ടി വെളിച്ചത്തിനായി അലഞ്ഞു നടന്നപോലെയായി.

ഏകാന്തത

ശൂന്യത.... വലിയ അന്ധകാരം. ജീവിതം മുഴവനും മാറ്റിമറിച്ച കാലഘട്ടം.

പഠനം മടുത്തു.ബിരുദാനന്തര ബിരുദത്തിനു പോകാനുള്ള മുൻതീരുമാനം ഞാൻ മാറ്റി. വീടുനുള്ളിൽ, ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങികൂടാൻ ഞാൻ ആഗ്രഹിച്ചു. ഫോണിന്റെ ഓരോ റിംഗും അവന്റേതാകും എന്ന് പ്രതീക്ഷിച്ചു. ജനാലയിലൂടെ നോക്കിയതു മുഴുവൻ അവന്റെ കത്തുമായി വരുന്ന പോസ്റ്റുമാനെമാത്രം.

എന്താണ് അവൻ ഇങ്ങിനെ? എന്താണ് പറ്റിയത്? എന്നെ മറന്നു പോയോ? ഇല്ല. ഒരിക്കലും അതുണ്ടാകില്ല. അതുണ്ടകാതിരിക്കട്ടെ. ഒരിക്കൽ വിളിവരും. ഒരിക്കൽ കത്ത് വരും. ഞാൻ കാത്തിരുന്നു.

മാസങ്ങൾ ഒന്നൊന്നായി വീണുടഞ്ഞു, ഒപ്പം പ്രതീക്ഷകളും. എല്ലാം വെറുതെയാണ്. എല്ലാം മോഹങ്ങൾ മാത്രം. എല്ലാം പ്രതീക്ഷകൾ മാത്രം.

എന്റെ ഒരു ജന്മദിനം കൂടി കഴിഞ്ഞുപോയി. അവന്റെ ഗ്രീറ്റിങ്ങ് ഇല്ലാത്ത ഒരു ജന്മദിനം. വിളിക്കാത്ത ഒരു ജന്മദിനം. ലോകത്തിന്റെ ഏതറ്റത്തയാലും കത്തയക്കാം, വിളിക്കാം എന്ന് പറഞ്ഞത് പാഴ്‌വാക്കായി.

എന്റെ പ്രതീക്ഷകൾ വെറുതെയാണ്, സ്വപ്നങ്ങൾ വിഫലമാണ്. ഇതുവരെ തലോലിച്ചതെല്ലാം പളുങ്കുപാത്രം പോലെ തറയിൽവീണുടഞ്ഞു. നെടുവീർപ്പുകൾ മാത്രം കിടക്കയിൽ ബാക്കിയായി.

ഡിഗ്രി കഴിഞ്ഞപ്പോൾ മുതൽ വീട്ടുകാർ എന്റെ ജീവിതത്തിലെ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കാൻ തുടങ്ങി. കല്യാണം..... എനിക്ക്‌ശേഷം മാത്രമേ കല്യാണം കഴിക്കൂ എന്ന് ആങ്ങള വാശി പിടിക്കുന്നത് കാരണം, എന്റെ കല്യാണത്തിന്റെ ആലോചനകൾ തകൃതിയായി. അപ്പനും അമ്മയും കുവൈറ്റിലുള്ള ആങ്ങളയോട് സംസാരിക്കുനത് വേദനയോടെ നിസ്സഹായയായി, ഞെട്ടലോടെ ഞാൻ കേട്ടു. ഏതോ പൊത്തിലൊളിച്ചിരിക്കുന്ന വിഷപാമ്പുപോലെ കല്യാണം!

അവൻ ഒന്ന് വിളിച്ചിരുന്നെങ്കിൽ..... എല്ലാം തുറന്നുപറഞ്ഞു എല്ലാവരുടെയും സമ്മതത്തോടെ ശുഭമായി കലാശിച്ചേനെ. വീട്ടുകാർ തമ്മിൽ എതിർക്കാൻ തക്ക ഒന്നും ഇല്ല. എന്റെ നെഞ്ചിടിപ്പ് കൂടികൂടി വന്നു. എത്രനാൾ കാത്തിരിക്കും? എവിടെയാണ് അവൻ? എന്താണ് പറ്റിയത്? ഇനി എന്തെങ്കിലും ആപത്ത്? ഈശ്വരാ....!

എന്താണ് ഞാൻ മാതാപിതാക്കളോട് പറയുക? എന്ത് കാരണം പറഞ്ഞാണ് ഓരോരോ ആലോചനകൾ തട്ടിക്കളയുക ? കുറെ ആലോചനകൾ ഓരോരോ കാരണം പറഞ്ഞു ഒഴിവാക്കി. ഇപ്പോൾ വീട്ടുകാർക്ക് എന്തോ സംശയം എന്നിൽ തോന്നിത്തുടങ്ങിയിട്ടുണ്ട്. അമ്മ ഒന്നുരണ്ടുവട്ടം ചോദിക്കുകയും ചെയ്തു. ഓരോ ആലോചന തട്ടികളയുമ്പോഴും ഉടനെ അവന്റെ കത്ത് വരും, വിളിക്കും എന്നൊക്കെ കരുതി.

എല്ലാം വെറുതെയായിരുന്നു. വെറുതെ..... അവൻ വിളിച്ചില്ല. കത്തയച്ചുമില്ല. മനസ്സ് നിർജീവമായിമാറി.

മുന്നിൽ വാതിലുകൾ എല്ലാം കൊട്ടിയടക്കപെടുകയാണെന്ന് തോന്നിപ്പോയി.

ഒരുപക്ഷെ അവൻ പുതിയ മേച്ചിൽ സ്ഥലങ്ങൾ തേടി പോയിട്ടുണ്ടാകുമോ? എന്നേക്കാൾ സുന്ദരിയെ? വിദ്യാഭ്യാസവും, തറവാടിത്തവും, സമ്പത്തും ഉള്ളവരെ? അവന്റെ പെങ്ങൾ എന്നെപ്പറ്റി നിരന്തരം റാണിയോട് അന്വേഷിച്ചിരുന്നത് എനിക്ക് ഓർമ്മ വന്നു. ഞാൻ മണ്ടി. വീടിനപ്പുറം ഒരു ലോകം ഇല്ലെന്നു കരുതുന്നവൾ. എവിടെയാണ് അവനെ അന്വേഷിക്കുക? ആരോടാണ് ചോദിക്കുക?

അന്തോണീസ് പുണ്യവാളനുഞാൻ ഒത്തിരി നേർച്ചകൾ നേർന്നു. എന്റേതായ ഒരു തീരുമാനം എടുക്കാൻ ഞാൻ അപ്രാപ്തയായിരുന്നു. കാത്തിപ്പ് .. അന്തമില്ലാതെ.

പെണ്ണുകാണലുകൾ. കപടമുഖവുമായി പുഞ്ചിരി മുഖത്ത് വരുത്തി ഞാൻ നിന്നു .

അവസാനം ഞാൻ സമ്മതം മൂളി മലവെള്ളപ്പാച്ചിലിൽ വയൽവരമ്പത്തെ ചിറ ഒലിച്ചുപോകുന്നത് പോലെ.

കല്യാണ നിശ്ചയം. ഞാൻ ചിരിച്ചു കാണിച്ചു. എല്ലാം വീട്ടുകാരുടെ ഇഷ്ടത്തിന് മൂളിക്കൊടുത്തു. അവരെ എതിർക്കാൻ ഞാൻ ഒരിക്കലും ആളല്ല. അഥവാ എതിർത്താൽ തന്നെ എന്തിനു വേണ്ടി? ആർക്കു വേണ്ടി?

കല്യാണനിശ്ചയതിന്റെ തലേന്ന് എന്റെ 'നിധി' ശേഖരം പുറത്തെടുത്തു. അവനയച്ച കത്തുകൾ, കാർഡുകൾ, വെള്ളാരം കല്ലുകൾ പാകിയമോതിരം; എല്ലാമെല്ലാം അവസാനമായി ഒന്നുനോക്കി. മരണപെട്ടവന്റെ കുഴിമാടത്തിൽ അവസാനപിടി മണ്ണിടുന്നവേദന എന്നിലേക്ക് അരിച്ചുകയറി.

അന്നുരാത്രി അതെല്ലാം കത്തിച്ചുകളഞ്ഞു! ഒന്നും വേണ്ട... ഇനി ഒരു ഓർമ്മപോലും ബാക്കിനിൽക്കണ്ട.

ചില ഓർമ്മകൾ മറക്കാപ്പെടനുള്ളത്കൂടിയാണ്.

ഇരുൾ പരന്ന ആകാശത്ത് നക്ഷത്രത്തിളക്കം മാത്രം ബാക്കി നിൽക്കുന്ന ആരാത്രിയെ നോക്കി ഞാൻ ജനാലയ്ക്കരികിൽ നിന്നു . പ്രണയത്തിന് ഇത്ര ആഴത്തിൽ എന്നെ വേദനിപ്പിക്കനാകുമെന്ന് കരുതിയിരുന്നില്ല. വേദനയുടെ നിശ്വാസം തുറന്ന ജനൽ പാളികൾക്കിടയിലൂടെ പുറത്തേക്ക് പരന്നു. നക്ഷത്രങ്ങൾ എന്നെ കളിയാക്കുകയാണോ? ചീവിടുകൾ കൂകിവിളിക്കുകയാണോ?

പ്രണയം ഒരിക്കലും ശാശ്വതമല്ല. ഒരിക്കലും അനശ്വരവുമല്ല. അത് വേദനയാണ്. വിങ്ങൽ ആണ്. കുത്തി, കുത്തി നോവിക്കുന്ന വിങ്ങൽ. പ്രണയം നഷ്ടപെടൽ ആണ് - മനസ്സിൽ തലോലിച്ചതെല്ലാം നഷ്ടപെടുത്തൽ.

അവസാനസമാഗമം..... ബസ്സിൽ നിന്നിറങ്ങി അവൻ പാടവരമ്പത്ത് കൂടി നടന്നകന്നത്.... ആ ചിത്രം ഇടയ്ക്കിടെ മുന്നിൽ ഓടിവന്നു.

നീ എവിടെയാണ്? എന്റെ അവസ്ഥ നീ അറിയുന്നില്ലേ? മനസ്സിലാക്കുന്നില്ലേ? ഇല്ല. എന്നും നീ നിന്റേതായ ലോകത്ത് മാത്രം ആയിരുന്നു. എന്നെ മനസ്സിലാക്കാൻ നീ ഒരിക്കലും ശ്രമിച്ചിട്ടില്ല. അതോ എന്റെ സ്‌നേഹത്തിന്റെ ആഴം മനസ്സില്ലാക്കാൻ കഴിയാഞ്ഞതോ?

വിവാഹനിശ്ചയം. ഒരുമാസം കഴിഞ്ഞ് കല്യാണം. എല്ലാം തീരുമാനിച്ചുറച്ചു.

അസ്തമിക്കാൻ വേണ്ടി മാത്രം സൂര്യൻ ഉദിക്കുന്നു. പാലിക്കപെടാതിരിക്കനായി മാത്രം വാഗ്ദാനങ്ങൾ നല്കപെടുന്നു.

ആദ്യപ്രണയം ആർക്കാണ് മറക്കനവുക? വിശുദ്ധമായ പ്രണയത്തെ തലോലിക്കാത്ത ഏതുപെണ്ണാണ് ലോകത്തുള്ളത്? ഓർമ്മകൾ എരിഞ്ഞടങ്ങുമോ? അതോ ചാരത്തിൽ നിന്ന് ഉയർത്തെഴുന്നെൽക്കുമോ?

ഓർമ്മകളേ എന്നെ വേട്ടയാടാതെ വിട്ടുപോകൂ.....ഞാനൊരു ഭാര്യയാകാൻ പോകുന്നു. ഭർത്താവിനെ ശുശ്രൂഷിച്ച് നൂറുശതമാനം കൂറ് പുലർത്തി.....

പുതിയ ജീവിതതിലേക്കുള്ള കാൽവയ്‌പ്പ് ഉറച്ച തീരുമാനങ്ങൾക്ക് കൂടിയുള്ളതാണ്.

പ്രണയത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ കണ്ണുകൾ ഇറുക്കിയടച്ചു.

പുതിയ കാൽവയ്പ്

ല്ലാം മറക്കുക. പുതിയ ട്രാക്കിലൂടെ ഓടുക. അതൊരു സാഹസമായിരുന്നു. എല്ലാം മറന്ന് ഭർത്താവിനൊപ്പം ജീവിക്കാൻ ഒത്തിരി പ്രയാസപ്പെട്ടു. പുതിയ അവസ്ഥ എനിക്ക് മനസ്സിലാക്കാൻ ദിവസങ്ങൾ എടുത്തു. മാധുവിധുവിന്റെ ദിനങ്ങളിൽ ഞാൻ ചിന്തിച്ചുറച്ചു. എല്ലാം ഭർത്താവിനോട് പറയണം. എങ്കിലേ മനസ്സ് ക്ലീയർ ആവുകയുള്ളൂ. ഒരു കുമ്പസാരം. വലിയ ഭാരം ഇനി മനസ്സിൽ കൊണ്ടുനടക്കാൻ പറ്റില്ല . അദ്ദേഹത്തിന് എന്നെ മനസ്സില്ലാക്കാൻ സാധിക്കും എന്നുഞാൻ വിശ്വസിച്ചു.

രാത്രി.. ഞാൻ തീരുമാനിച്ചുറച്ചിരുന്നു. എല്ലാം തുറന്നു പറയുക. മനസ്സ് ശാന്തമാക്കുക.

അങ്ങനെ ഞാൻ എന്റെ പരാജയപ്പെട്ട പ്രണയകാണ്ഠം അദ്ദേഹത്തോട് പറഞ്ഞു. ആ കരങ്ങളുടെ സുരക്ഷിതത്വത്തിൽ കരഞ്ഞു. മിഴിനീർ തുള്ളികൾ ആ നെഞ്ചത്ത് വീണലിഞ്ഞു. നിശബ്ദനായി അദ്ദേഹം എല്ലാം കേട്ടുകൊണ്ടിരുന്നു.

രാത്രിയുടെ ഏതോയാമത്തിൽ ഞാൻ പറഞ്ഞു നിർത്തി.

അദ്ദേഹം എണീറ്റു. തണുത്ത വെള്ളം കുടിച്ചു. ബാക്കി എനിക്കു നീട്ടി. ഞാനത് കുടിച്ചു. ബെഡ് ലാമ്പിന്റെ അരണ്ട വെളിച്ചത്തിൽ എന്റെ നെറുകയിൽ അമർത്തി ഒരു ചുംബനം നൽകി. പേടിച്ചരണ്ട കുഞ്ഞാടിനെപോലെ ആ കരവലയത്തിൽ നിന്നു. അദ്ദേഹം പറഞ്ഞു.

'പോട്ടെ.... ജീവിതത്തിൽ ഇതുപോലെയൊക്കെ ഉണ്ടാകും. നീ സ്‌നേഹിച്ച പോലെ അവൻ നിന്നെ സ്‌നേഹിച്ചിരുന്നെങ്കിൽ ഏതുസാഹചര്യത്തിലായാലും അവൻ നിന്നെ വിളിക്കുമായിരുന്നു. അതുണ്ടായില്ലല്ലോ......'

ഞാൻ മിണ്ടാതെ നിന്നു . അദ്ദേഹം തുടർന്നു.

'.... ഇനിയിവിടെ നാം, നമ്മുടെ ജീവിതം.... ഒത്തിരി ആഗ്രഹിച്ചാണ് ഞാൻ നിന്നെ ജീവിതത്തിൽ തിരഞ്ഞെടുത്തത്. ഭൂതകാലം എല്ലാം ആ കത്തുകൾക്കൊപ്പം കത്തിചാമ്പലായി എന്ന് കരുതുക. ഇനി നമ്മൾ മാത്രം... നമ്മുടെ ജീവിതം മാത്രം.... എഗ്രീഡ് ??'

'എഗ്രീഡ് ..' ഞാൻ പറഞ്ഞു.

അടുത്ത പ്രഭാതത്തിന് ഒത്തിരി വെളിച്ചം കൂടുതൽ ആയിരുന്നു. വർണ്ണങ്ങൾ ധാരാളമായിരുന്നു. മാസ്മാരിക ഗന്ധവുമായിരുന്നു.

വർഷങ്ങൾ....... അദ്ദേഹം അബുദാബിയിൽ. ഞാൻ നാട്ടിൽ, ഇടയ്ക്കിടെ ഞാൻ വിസിറ്റിനു പോകും. അദ്ദേഹം ഇടക്കിടെ അവധിക്ക് വരും.

ഇടയ്ക്ക് ഏകാന്തതയിൽ അവന്റെ മുഖം മുന്നിൽ തെളിയും. എവിടെയാണവൻ പോയിഒളിച്ചത്? എന്നെ അവൻ പറ്റിക്കുകയായിരുന്നോ? എന്താണവന് പറ്റിയത്? എന്റെ മനസ്സിനെ തകർത്ത് അന്ന്‌പോയത് എവിടെയാണ്? ഏതു ലോകത്താണവൻ? ഞാൻ അറിഞ്ഞടത്തോളം അവൻ പാവമാണ്. ദുശീലങ്ങൾ പോലും എനിക്ക് വേണ്ടി ഉപേക്ഷിക്കാം എന്ന് പറഞ്ഞതാണ്. പിന്നെ അവന് എന്താണ് പറ്റിയത്? ഒരുപക്ഷെ അവന് എന്നെ പൂർണ്ണമായി മനസ്സിലാക്കാൻ സധിച്ചിരിക്കില്ല. മനസ്സിൽ ഉള്ളത് തമ്മിൽതമ്മിൽ പറയാതെ പുറമേ കളിയും തമാശയും മാത്രമായിപ്പോയ പ്രണയമായിരുന്നോ ഞങ്ങളുടേത്. യൗവനത്തിന്റെ ചാപല്യവും, അപക്വതയും കാരണം ആയിരിക്കാം.

ആ അപക്വത വിവാഹ ജീവിതത്തിൽ ഉണ്ടാകാതിരിക്കാൻ നോക്കി.

എന്റെ ഏകാന്തതകൾ ഇടയ്ക്കിടെ ഒരായിരം ചോദ്യങ്ങൾ എന്നോട് ചോദിച്ചു. ഒരിക്കൽ ഇതിന് ഉത്തരം കണ്ടെത്തും. കണ്ടെത്തണം. ആകാംഷ തീർക്കാൻ വേണ്ടി മാത്രം. ഒന്നറിയാൻ മാത്രം.

ഞാൻ അമ്മയായി. മനസ്സും ചിന്തയും, ജീവിതവും എന്റെ കുഞ്ഞിനു വേണ്ടി മാത്രമായ വർഷങ്ങൾ. രണ്ടു മൂന്നു വർഷത്തെ അബുദാബി ജീവിതത്തിനു ശേഷം ഞാൻ സ്ഥിരമായി നാട്ടിലേക്ക് വന്നു.

ഒരിക്കൽ അപ്രതീക്ഷിതമായി പഴയ ഒരു കൂട്ടുകാരിയെ കണ്ടു. അവൾ വഴി റാണിയെ കിട്ടി. റാണിയെ വിളിച്ചു. പലകാര്യങ്ങൾ സംസാരിച്ച കൂട്ടത്തിൽ ഞാൻ അവന്റെ കാര്യം പറഞ്ഞു. കോളേജ് ജീവിതത്തിനു ശേഷം നടന്ന സംഭവങ്ങൾ എല്ലാം. അവസാനം അവന്റെ വിവരം ഒന്നുമില്ലാതെ ബന്ധം മുറിഞ്ഞുപോയതും കല്യാണവും എല്ലാമെല്ലാം. അവൾ ഒരിക്കൽ അവനെ കണ്ടിരുന്നു എന്ന്പറഞ്ഞു. എന്നെപ്പറ്റി അവൻ അവളോട് അന്വേഷിച്ചു എന്നും, കല്യാണം ഒക്കെ കഴിഞ്ഞു ഗൾഫിലേക്ക് പോയത് അവൻ അറിഞ്ഞിട്ടുണ്ടെന്നും പറഞ്ഞപ്പോൾ എനിക്കൊരുതരം ഷോക്കായിരുന്നു! അവനെന്നെപറ്റി എല്ലാം അറിയാം. എനിക്കവനെപറ്റി അറിയില്ല!

'നിന്നെഉപേക്ഷിച്ചുപോയ അവനെപറ്റി കൂടുതൽ ആലോചിച്ച് മനസ്സ് പുണ്ണാക്കണ്ടാ' ഉപദേശത്തോടെയാണ് റാണി ഫോൺ വച്ചത്.

എങ്കിലും എന്റെ മനസ്സ് ശാന്തമായില്ല. എന്തുകൊണ്ടാണ് അവൻ എന്നോട് ഇത് ചെയ്തത്? എന്നിൽ നിന്നും അവനെ അകറ്റിയത് എന്താണ് ? ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉരുണ്ടു കൂടി കിടപ്പുണ്ടായിരുന്നു.

കത്തുകൾ മൊബൈലിനും, മൊബൈലിനും ലാപ്‌ടോപിനും, ലാപ്‌ടോപ് സ്മാർട്ട്‌ഫോണിനും വഴിമാറിക്കൊണ്ടിരുന്ന വർഷങ്ങൾ. വിളിക്കാനും ചാറ്റാനും പുതിയപുതിയ ആപ്ലിക്കേഷനുകൾ മൊബൈലിൽ നിറഞ്ഞു. അബുദാബിയും, വീടിന്റെചുമരുകളും സ്റ്റാർട്ട് ബട്ടണിലെ ഒരു ക്ലിക്കിന്റെ അകലം മാത്രമായി.

ഫേസ്‌ബുക്കും, വാട്‌സ്ആപ്പുമൊക്കെ സമയംകൊല്ലികളായി. സ്‌കൂളിലെ ഗ്രുപ്പുകൾ, കോളേജിലെ ഗ്രൂപ്പുകൾ... ലോകത്തിന്റെ വിവിധ കോണുകളിൽ ഇരുന്ന് പഴയ സുഹൃത്തുക്കൾ ചാറ്റ്‌ചെയ്തു. കോളേജിലെ ഗ്രൂപ്പിൽ ഞാനും ചേർന്നു.

അങ്ങനെയിരിക്കെ ഞാനത് കണ്ടു. കോളേജിലെ ഗ്രൂപ്പിൽ അവൻ ഒളിഞ്ഞിരിക്കുന്നു റിയാദിൽ ഒരു ഐ.റ്റി കമ്പനിയിൽ. ആ പ്രൊഫൈലിൽ കയറിനോക്കി. കല്യാണം കഴിച്ച് ഒരു കുട്ടിയുണ്ട്. നെഞ്ചിടിക്കുന്നുണ്ടായിരുന്നു. ഒരുപാടുനാളായി എന്നോടുതന്നെ ഞാൻ ചോദിച്ചുകൊണ്ടിരുന്ന ഒത്തിരി ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി. ചെയ്യുന്നത് ശരിയോ തെറ്റോ എന്നുപോലും നോക്കിയില്ല. എന്റെ ആകാംഷ, കൗതുകം.... അതുമാത്രമായിരുന്നു നയിച്ചത്.

അദ്ദേഹത്തോട് ഇതൊന്നും പറയാൻ തോന്നിയില്ല. പഴയ കാര്യങ്ങൾ ചിക്കിചിതഞ്ഞ് ആ മനസ്സ് വേദനിപ്പിക്കേണ്ട. ദീർഘനാളത്തെ അന്വേഷണം വിജയിച്ച സന്തോഷം എനിക്കൊത്തിരിയായിരുന്നു. എന്നാൽ ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങൾ ബാക്കിയായിരുന്നു. അവനുമാത്രം പറയാൻ പറ്റുന്ന ഉത്തരം.

ഒരു ഫ്രെണ്ട്‌റിക്വസ്റ്റ് അയച്ചാലോ? വേണ്ട, പിന്തിരിഞ്ഞു. ഇനിയും ഒരു ഫ്രെണ്ട്ഷിപ്പ് വേണ്ട. എല്ലാം ഒരിക്കൽ നിർത്തിയതാണ്.... ഇനി വേണ്ട. ഞാൻ മൊബൈൽ മാറ്റിവച്ചു.

എങ്കിലും ഞാൻ അടുത്ത ദിവസം ഞാനവന് ഫ്രണ്ട്‌റിക്വസ്റ്റ് അയച്ചു

ചാറ്റിങ്

ന്റെ മുഖപത്രം കുറെനാൾ ലോഗിൻ ചെയ്യാതെ കിടക്കുകയായിരുന്നു. ഒരുപാട് മേസെജുകൾക്കും ലൈക്കുകൾക്കും ഇടയിൽ അവൻ എന്റെ റിക്വസ്റ്റ് സ്വീകരിച്ചിരിക്കുന്നത് കണ്ടു. പ്രേതീക്ഷിക്കാത്തത് സംഭവിച്ചപോലെ ഞാൻ കണ്ണ്മിഴിച്ചു. പെട്ടെന്ന് ഒരു മെസേജ് പോപ്അപ് ചെയ്തുവന്നു.

'അൺബിലീവബിൾ '

'ഹൗ ആർ യൂ?'

അവൻ! പത്ത് വർഷങ്ങൾക്ക് ശേഷം ഞാൻ പരവശയായി.

'സീ യൂ ലേറ്റർ ...' അത്രയും ടൈപ് ചെയ്ത് ഞാൻ ലോഗോഫ് ചെയ്തു.

അന്ന് വൈകിട്ട് സ്‌കൈപ്പിൽ ചാറ്റിങ്ങിൽ ഒരു സന്തോഷ വാർത്തയുമായിട്ടാണ് അദ്ദേഹം വന്നത്. ഞാനും മോളും അബുദാബിയിലേക്ക് പറക്കുന്നു. രണ്ടുമാസത്തെ വിസിറ്റ് വിസയിൽ. പപ്പയെ കാണാൻ മകൾ തുള്ളിച്ചാടി. ഒരു ചേഞ്ച് ഞാനും ഇഷ്ടപ്പെട്ടു.

അടുത്ത ദിവസം ഞാൻ ഫേസ്‌ബുക്കിൽ കയറി. കഴിഞ്ഞ ദിവസത്തെ വായിക്കാതെ വിട്ടുകളഞ്ഞ അവന്റെ മെസേജുകൾ വായിച്ചു.

'നിന്റെ ഫ്രണ്ട്‌റിക്വസ്റ്റ് കിട്ടിയതിന്റെ എക്‌സൈറ്റ്‌മെന്റിൽനിന്നും ഇതുവരെ മാറിയില്ല...... ഒരിക്കലും ഇനി കാണാൻ പറ്റുമെന്ന് കരുതിയില്ല...... എന്നെ ഓർത്തതിന്, റിക്വസ്റ്റ് അയച്ചതിന് ഒത്തിരി നന്ദി.....'

ഒന്നോ രണ്ടോ വാക്കിൽ ഒതുങ്ങുന്ന ഉത്തരം നൽകി ഞാൻ നിർത്തി.

ദിവസങ്ങൾ കടന്നുപോയി. അവൻ കുറേകാലമായി എന്നെ ഫേസ്‌ബുക്കിൽ അന്വേഷിക്കുകയായിരുന്നുവത്രേ. മകളുടെ പേരിലുള്ള എന്റെ പ്രൊഫൈൽ അവനു കണ്ടുപിടിക്കാൻ ആയില്ല. പൂക്കളും മകളും അല്ലാതെ പ്രൊഫൈൽ പിക്ച്ചറിൽ എന്റെ ചിത്രം ഉണ്ടായിരുന്നില്ല.

എന്റെ പലചോദ്യങ്ങൾക്കും ഉത്തരം കണ്ടുപിടിച്ചതിനാൽ ഞാൻ ചിരിച്ചു. എന്നാൽ ആ ചിരി അധികംനീണ്ടുനിന്നില്ല. അവൻ ഒരു ചോദ്യം ചോദിക്കുന്നത് വരെ.

'സത്യം പറ... നീയെന്നെ ചീറ്റ് ചെയ്യുകയായിരുന്നില്ലേ?'

ചീറ്റിങ് ഞാൻ അങ്ങോട്ട് ചോദിക്കാനിരുന്ന ചോദ്യം ഇങ്ങോട്ട് ചോദിച്ചിരിക്കുന്നു! വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ ചതിച്ചെന്നൊ? സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യം എന്നോട് ചോദിച്ചപ്പോൾ എനിക്ക് അമർഷം നുരപോന്തിവന്നു. പക്ഷെ അതിനു മറുപടി കൊടുത്തത് അടുത്ത ദിവസമാണ്.

'ഞാൻ ചതിചെന്നോ?.... സത്യം പറ.. ആരാണ് ചീറ്റ് ചെയ്തത്? എല്ലാ ബന്ധവും മുറിച്ച് നീ എവിടെക്കാണ് ഓടിപ്പോയത്? എന്നെപ്പറ്റി മാസങ്ങളോളം നീചിന്തിച്ചിരുന്നൊ ? എന്റെ പ്രതീക്ഷകൾ എല്ലാം തല്ലിക്കെടുത്തിയത് ആരാണ്?.... എന്റെ ലിമിറ്റേഷൻ ഒക്കെ നിനക്ക് അറിയാമല്ലോ....എന്നുട്ടും....'

മറുപടി ഇല്ല. മറുവശം മൂകം.

'..... നിന്നെ ഞാൻ ചതിച്ചിരുന്നുവെങ്കിൽ ഒരിക്കൽപോലും ഞാൻ ചാറ്റ് ചെയ്യില്ലായിരുന്നു. ഫ്രെണ്ട്‌റിക്വസ്റ്റ് അയക്കില്ലായിരുന്നു.....'

ഒരിക്കലും കേൾക്കാൻ പാടില്ലാത്തത് കേട്ടപോലെയും, പറയാൻ പാടില്ലാത്തത് പറഞ്ഞപോലെയും ഞാൻ ലോഗോഫ്‌ചെയ്തു.

അന്ന് രാത്രിയിൽ അബുദാബിയിൽ നിന്ന് അദ്ദേഹം വിളിച്ചത് ഞാനെടുത്തില്ല. അവസാനം ലാൻഡ് ലൈനിൽ വിളി വന്നപ്പോൾ തലവേദന എന്ന് കള്ളം പറഞ്ഞു. ശുഭരാത്രി ആശംസിച്ച് അദ്ദേഹം ഫോൺകട്ടുചെയ്തപ്പോൾ ഞാൻ ഏങ്ങലടിച്ചുകരഞ്ഞു. മകൾ അതുകേട്ട് ഉറക്കത്തിൽനിന്നും ഞെട്ടിയെണീറ്റു.

'അമ്മയെന്തിനാ കരയുന്നെ?'

'അമ്മയ്ക്ക് തലവേദന... മോൾ ഉറങ്ങിക്കോ..' അവളെ ചേർത്തുപിടിച്ച് ഞാൻ വിതുമ്പി.

അടുത്ത ദിവസം ഫേസ്‌ബുക്കിൽ കയറിയപ്പോൾ കുറെ ഫോട്ടോകൾ കണ്ടു. എന്റെ കൈപ്പട..! എന്റെ കത്തുകൾ ഇടിമിന്നൽ പോലെ ഒരു തരംഗം പാഞ്ഞു. ഞാനവനയച്ച കത്തുകൾ! ഈ കത്തുകൾ ഒക്കെ അവൻ ഇപ്പോഴും? ഫോട്ടുകൾക്ക് താഴെയുള്ള വരികളിലൂടെ കണ്ണുകൾ ഓടിനടന്നു.

'ഞാൻ നിന്നെ മറന്നിട്ടില്ല. ഒരിക്കലും. ഒരു ജോലിക്ക് വേണ്ടിയുള്ള നെട്ടോട്ടം ആയിരുന്നു അന്നൊക്കെ. ആ തിരക്കിനിടയിൽ പലതും മറന്നു. എന്നെത്തന്നെ. എന്റേതായ കാലിൽ നിൽക്കാൻ ആഗ്രഹിച്ചു. റൂമുകൾ മാറി. കഷ്ടപെട്ടു .. എങ്കിലും എന്റെയുള്ളിൽ നീ ഉണ്ടായിരുന്നു. കത്തുകൾ ഞാൻ അയച്ചില്ല എന്നത് സത്യമാണ്.. അതെന്റെ തെറ്റ്. ആ തെറ്റ് നിന്നെ എനിക്ക് നഷ്ടമാക്കി...'

നഷബോധാമോ, കുറ്റബോധമോ ആ വരികളിൽ നിറഞ്ഞുനിന്നത് ഞാൻ കണ്ടു.

'..... ഒരു സുഹൃത്ത് പറഞ്ഞാണ് നിന്റെ കല്യാണംകഴിഞ്ഞത് ഞാൻ അറിഞ്ഞത്. ഞാൻ തകർന്നു പോയി. ഞാൻ ഒരു കരയ്ക്ക് അടുക്കാറായപ്പോഴേക്കും നീ നഷ്ടമായി... എന്നന്നേക്കും...... അതറിഞ്ഞ് നിന്നെ ഒത്തിരി ശപിച്ചു. നിന്നോട് ദേഷ്യം തോന്നി. അന്ന് പള്ളിയുടെ മുന്നിൽവച്ച് തന്ന പ്രോമിസ് പാലിച്ചില്ലല്ലോ എന്നോർത്ത്........'

എന്റെ ചിന്തകൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കാൻ തുടങ്ങി. എന്നിട്ട് ടൈപ്പ്‌ചെയ്തു.

'....... നമ്മൾ ഒന്നാഗ്രഹിക്കുന്നു... വേറൊന്ന് കിട്ടുന്നു. നമ്മൾ ആഗ്രഹിക്കുന്ന പോലെ എല്ലാം നടക്കുമെങ്കിൽ പ്രതീക്ഷ പിന്നെന്താണ്?'

ഞാൻ ലോഗോഫ് ചെയ്തു. ദൂരേക്ക് നോക്കിയിരുന്നു. ഞാൻ ചീറ്റുചെയ്‌തൊ ? എനിക്ക് കുറെനാൾ കൂടി കാത്തിരിക്കാമായിരുന്നില്ലേ? എന്നോട് തന്നെ ചോദ്യങ്ങൾ ചോദിച്ചു. ഒരുതരം ആത്മസംഘർഷം ഉള്ളിൽ തികട്ടിവന്നു.

എന്നെത്തന്നെ വെറുത്തു പോയ ദിവസങ്ങൾ. അവനെ കാണിക്കാൻ തെളിവായി ഒന്നും എന്റെ കൈവശം ഉണ്ടായിരുന്നില്ല.

ജീവിതം കലുഷിതമാകുകയായിരുന്നു.... വീണ്ടും. മകളെ നന്നായി പരിചരിക്കാൻ പറ്റുന്നില്ല. ഭർത്താവുമായി മനസ്സുതുറന്ന് സംസാരിക്കാൻ പറ്റുന്നില്ല. ഓരോ ദിവസവും, ഓരോ കാരണങ്ങൾ പറഞ്ഞു മടുത്തു. പുറത്താരോടും മിണ്ടാട്ടമില്ലതായി. എല്ലാവരിൽ നിന്നും അകന്നു നിൽക്കാൻ ഞാൻ ആഗ്രഹിച്ചു. ഉള്ളിലെ സംഘർഷം പുറത്തുകാണിക്കാതിരിക്കാനായി പുഞ്ചിരിയുടെ മൂടുപടം പലപ്പോഴും അണിയേണ്ടിവന്നു.

ഒരിക്കൽ അതുകൂടി ഞാൻ കണ്ടുപിടിച്ചു. പഴയ രണ്ടു ദുശീലങ്ങളും അവൻ നിർത്തിയിട്ടില്ല.

അടുത്ത മെസേജിൽ അവൻ കുറിച്ചു.

'.... നിനക്കറിയുമോ, നിനക്ക് അവസാനം ഒരു കത്തയച്ചിരുന്നു. എന്റെ എല്ലാവിവരങ്ങളും അതിൽ കുറിച്ചിരുന്നു.... അത് നിന്റെ കൈവശം കിട്ടിയിട്ടില്ലയിരിക്കാം. ഞാൻ മറുപടിക്കായി കാത്തിരുന്നു. കാത്തിരിപ്പ് വിഫലമായപ്പോൾ അന്വേഷിച്ചു. അവസാനം അറിഞ്ഞു നീ എനിക്ക് നഷ്ടമായിഎന്ന്!'

അതോടെ അവൻ എല്ലാം അവസാനിപ്പിച്ചു. കുടുംബമായി കഴിയുന്ന എന്നെ ശല്യപ്പെടുത്തേണ്ട എന്നോ കരുതിക്കാണും. അല്ലേൽ നിരാശയായിരിക്കും.

ചില വാഗ്ദാനങ്ങൾ പാലിക്കപെടുകയില്ല....നാമറിയാതെ, മനസ്സറിയാതെ.

ഏതാണ് ശരി? ഏതാണ് തെറ്റ്?

അടുത്ത ദിവസം എനിക്കും മകൾക്കും അബുദാബിയിൽ നിന്നും വിസിറ്റ് വിസയും ടിക്കറ്റും എത്തി.

ഞങ്ങൾ യു.എ.യിലേക്ക് പോകുന്ന ദിവസം അവൻ രാവിലെ ചാറ്റിങ്ങിൽ വന്നു. മെസഞ്ചറിൽ യാത്രാവിശേഷങ്ങൾ പറഞ്ഞു. ഹാപ്പിജേർണി അവൻ ആശംസിച്ചു. ഞാൻ നന്ദി പറഞ്ഞു.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ, ലോഞ്ചിൽ ഇരിക്കുമ്പോൾ അവൻ വീണ്ടും വന്നു.

'എയർപോർട്ടിൽ ആണ്.. അബുദാബിയിൽ എത്തിക്കഴിഞ്ഞ് അറിയിക്കാം' ഞാൻ നേരിടുന്ന മാനസിക നൊമ്പരം അവനോട് ഷെയർ ചെയ്തില്ല. ഭർത്താവിനോടും ഷെയർ ചെയ്തില്ല. മനസ്സിൽ ഇരുന്നത് പുകഞ്ഞു കൊണ്ടിരുന്നു.

മേഘപാളികൾക്കിടയിലൂടെ വിമാനം ഊളിയിടുമ്പോൾ അബുദാബിയിൽ എത്തുന്നതിന്റെ സന്തോഷം ഉണ്ടായിരുന്നില്ല. മനസ്സ് കലുഷിതമായിരുന്നു.

അവൻ ഇന്ന് എന്റെ ആരാണ്? ആരുമല്ല. ഒരിക്കൽ അവന്റെ ജീവിതത്തിലേക്ക് എത്തി ചേരണം എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഇന്ന് ഒരു നഷ്ടബോധം മാത്രം ബാക്കി. അതിനപ്പുറ ത്തേക്ക് അവൻ ആരാണ്?

മകൾ മടിയിൽ കിടന്നുറങ്ങുന്നു. എയർഹൊസ്റ്റസ് മാർ വന്നുപോയി. ഞാൻ അതൊന്നും അറിഞ്ഞില്ല. ഭൂമിയിൽ നിന്ന് മുപ്പതിനായിരം അടി ഉയരത്തിൽ മനസ്സ് നീറിക്കൊണ്ടിരുന്നു. ഞാൻ ചീറ്റ് ചെയ്‌തോ? ശില്പി ഉപേക്ഷിച്ചുപോയ പൂർത്തിയാകാത്ത ശിൽപം പോലെയായിപ്പോയോ ഞാൻ.

കിട്ടിയതിനേക്കാൾ മനോഹരമാണോ കിട്ടാത്തത്? ഇക്കരെ നിന്നാലേ അക്കരപ്പച്ച കാണാൻ കഴിയുകയുള്ളോ ?

കാർമേഘം അന്തരീക്ഷത്തിലും, മനസ്സിലും ഒരുപോലെ മൂടിക്കെട്ടിക്കിടന്നു.

വിമാനത്തിന്റെ മുരളൽ അരോചകമായി തോന്നി. എങ്ങും നഷ്ടപ്പെടലിന്റെ മുരൾച്ച പോലെ. മനസ്സെന്നെ ശപിക്കുന്നു- നീ തെട്ടുകാരിയാണ്. വാഗ്ദത്ത ലന്ഘനം നടത്തി. നഷ്ടബോധത്തിന്റെ ഏതോ പടുകുഴിയിൽ വീണ്ടും വീണുപോകുന്നതു പോലെ തോന്നി. പോരയ്മകളുടെ അഗാധ ഗർത്തത്തിൽ.

ഉത്സവം കഴിഞ്ഞു വിജനമായ പറമ്പ്‌പോലെയായി തീർന്നു മനസ്സ്. എല്ലാവരാലും ഉപേക്ഷിക്കപെട്ട അമ്പലക്കുളവും, മൈതാനവും, സ്റ്റേജും എല്ലാമെല്ലാം. ശബ്ദവും വെളിച്ചവും എല്ലാം നിശബ്ധതക്ക് വഴിമാറി കൊടുത്തു.

അബുദാബി

ബുദാബി എയർപോർട്ടിൽ വിമാനം താണു. എന്നെയും മകളേയും കാത്തു പുഞ്ചിരിപൂക്കളുമായി അദ്ദേഹം. മകളെയെടുത്ത് ആലിംഗനം ചെയ്തു. എന്റെ കൈകളെ തലോടി.

എയർപോർട്ടിൽ നിന്നും മുസാഫയിലേക്ക് യാത്രചെയ്യവേ അദ്ദേഹത്തിന്റെ സന്തോഷത്തിൽ പങ്കുചേർന്നപൊലെ നിന്നു. എന്നിലെ സന്തോഷം കൃത്രിമമായിരുന്നു. യു. ഏ. ഇ എക്‌സ്‌ചേഞ്ചിനടുത്തുള്ള ഫ്‌ലാറ്റിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ എന്തൊക്കെയോ മനസ്സിൽ തട്ടിത്തടഞ്ഞു വന്നു.

'നിനക്കെന്താ ഒരു മൂഡ് ഔട്ട് പോലെ?'

ഞാൻ ചിരിച്ചു. 'ഒന്നുമില്ല. യാത്രയുടെ ക്ഷീണം ആയിരിക്കും... ഒന്നുറങ്ങിയാൽ മാറും'

ആ രാത്രിയിൽ അദ്ദേഹം നെറുകയിൽ ചുംബിക്കുമ്പോൾ എന്റെ നയനങ്ങൾ സജലങ്ങളായി. മനസ്സിൽ കിടക്കുന്ന വലിയ ഒരു ഭാരം പങ്കുവെയ്ക്കാതെ ആ കരവലയത്തിനുള്ളിൽ നിൽക്കാൻ വിമ്മിഷ്ടം തോന്നി. ഒരിക്കൽ എല്ലാം ഏറ്റുപറഞ്ഞു, അദ്ദേഹം എന്നെ മനസ്സിലാക്കി. എന്നാൽ ഒരുതുറന്നു പറച്ചിൽ കൂടി ?? വേണ്ട, ആ മനസ്സിനെ ഇനി വിഷമിപ്പിക്കേണ്ട.

ദിവസങ്ങൾ ആഴ്ചകളായി. ഗൾഫിലെ ക്ലോക്കിന് വേഗത കൂടുതലാണ് വെറുതെ വീട്ടിലിരുന്നാൽ പോലും സമയം അതിവേഗം നീങ്ങിക്കൊണ്ടിരുന്നു.

വ്യാഴാഴ്ച വീക്കെന്റിന്റെ ഉത്സവത്തിമിർപ്പോടെ അദ്ദേഹം വരും. ഒരാഴ്ചത്തെ ഭാരം മുഴുവൻ വെള്ളി, ശനി ദിവസങ്ങളിൽ ഇറക്കിവയ്ക്കും. പക്ഷെ എനിക്കവയെല്ലാം യാന്തികമായി തോന്നി.

അബുദാബി കോർണിഷിലെ ഇളംകാറ്റും, തിരമാലകളും, പാഞ്ഞുനടക്കുന്ന സ്പീഡ് ബോട്ടുകളും, തിരക്കും ഒക്കെനോക്കി ഞാൻ നിൽക്കുമ്പോഴും ചിന്ത വേറേതോ ലോകത്ത് ആയിരിക്കും. അൽവാദാമാളിലും, സിറ്റിസെന്ററിലും ചുവടുകൾ യന്ത്രങ്ങൾ കണക്കെ ഉഴഞ്ഞു നീങ്ങി. എന്റെ ഹൃദയതാളം അദ്ദേഹം അറിയുന്നുണ്ട്. എനിക്കറിയാം. പലപ്പോഴുംതോന്നും ഇത്രമാത്രം അദ്ദേഹത്തിന്റെ സ്‌നേഹത്തിന് ഞാൻ അർഹയാണോ എന്ന്. എന്നിട്ടും എനിക്കെന്തേ സന്തോഷിക്കനാകുന്നില്ല? പതിന്മടങ്ങായി തിരികെ കൊടുക്കാൻ പറ്റുന്നില്ല?

എന്റെ അബുദാബിയിലെ രണ്ടുമാസത്തെ വിസിറ്റ് മാനസിക സംഘർഷങ്ങളുടെ വടംവലിമേള കൂടിയായിരുന്നു.

 'വിഷമിക്കേണ്ട. ആറു മാസത്തിനു ശേഷം നീ സ്ഥിരമായി ഇവിടേക്ക് വരും. എനിക്കിനി ഒറ്റക്ക് പറ്റില്ല..... ജീവിതം കത്തിച്ച് ചാമ്പലാക്കി നാം എന്തു നേടാനാണ്?'

കരങ്ങൾ അമർത്തിപ്പിടിച്ച് അദ്ദേഹം അത് പറയുമ്പോൾ ഒരു വിറയൽ കൈകളിൽ പടരുന്നുണ്ടായിരുന്നു. ഞാൻ ആ മുഖത്ത്‌നോക്കി പുഞ്ചിരിച്ചു.

അബുദാബി എയർപോർട്ട്. ഞങ്ങൾ ഇത്തിഹാദ് എയർ വെയ്‌സിന്റെ കൗണ്ടറിലേക്ക് നടന്നു. ഞങ്ങളിൽ മിഴികൾ ഒട്ടിച്ച് ചേർത്ത് അദ്ദേഹവും. മകൾ പപ്പയ്ക്ക് ഒന്നിനു പുറകെ ഒന്നായി ഫ്‌ലൈയിങ് കിസ്സ് നൽകി എന്റെ കരംപിടിച്ച് നടന്നു.

ഞാൻ തിരികെ നാട്ടിലേക്ക് പറന്നു. വീട്ടിൽ എത്തിയാൽ ആശ്വാസം കിട്ടും എന്നത് എന്റെ മിഥ്യാ ധാരണയായിരുന്നു. എന്നെക്കാത്ത് മാനസിക വേലിയേറ്റത്തിന്റെ ദിനങ്ങൾ ആണ് അവിടെ കാത്തിരുന്നത് എന്ന് എനിക്കറിയില്ലായിരുന്നു.

കാരാഗ്രഹം

വീട്ടിൽ ദിവസങ്ങൾ തള്ളിനീക്കാൻ ഞാൻ പാടുപെട്ടു. കണ്മുന്നിൽ ഇപ്പോഴും ഞാൻ അവനയച്ചു കൊടുത്ത കത്തുകളും, ഞാൻ അവനെ ചീറ്റു ചെയ്തു എന്ന പല്ലവിയുമായിരുന്നു. സത്യത്തിൽ ആരാണ് ചതിച്ചത്? ഞാനാണോ?

വൈകിട്ടത്തെ സ്‌കൈപ് വിളികൾ ഒത്തിരി ആശ്വാസമായി. എന്നാൽ പകലുകൾ ചിന്തയുടെ ഓളങ്ങളിൽ മനസ്സ് ചാഞ്ചാടിക്കൊണ്ടിരുന്നു. ആരോടും സംസാരിക്കാൻ ഇഷ്ടപെട്ടില്ല, ആരെയും അഭിമുഖീകരിക്കാൻ ആഗ്രഹിച്ചില്ല. എന്നിലെ നൊമ്പരം ആരോടും പങ്കുവയ്ക്കാൻ ഞാൻ ഇഷ്ടപെട്ടില്ല. നാലു ചുമരുകൾക്കിടയിൽ ഏകയായി കഴിയാൻ ആഗ്രഹിച്ചു. മകളും ഞാനും, വൈകിട്ടത്തെ സ്‌കൈപ് വിളികളും. അത്രമാത്രമായി ദിവസങ്ങൾ. മകളെ ആലിഗനം ചെയ്തു കിടക്കുന്നതായിരുന്നു എന്റെ സ്വർഗ്ഗം.

എന്നിലെ മാറ്റം പലരിലും അത്ഭുത്മുണ്ടാക്കി. അതുവരെ അവരിലൊരാളായി നിന്ന ഞാൻ പെട്ടെന്ന് ഒറ്റയാനായി മാറിയപോലെ. എല്ലാ ചോദ്യങ്ങളിൽ നിന്നും ഞാൻ തെന്നിമാറി. വെറുതെ ചിരിക്കാൻ പാടുപെട്ടു. ചിന്താഭാരം എന്നെ വേട്ടയാടിക്കൊണ്ടിരുന്നു.

പരിപാവനമായ ഒരു പ്രണയത്തെ തല്ലിക്കെടുത്തിയവൾ ആണോ ഞാൻ?

പകൽ നേരങ്ങളിൽ അവൻ ഇടക്ക് ഫേസ്ബൂക് ചാറ്റിങ്ങിൽ വരും. എങ്കിലും എന്റെ മനസ്സിന്റെ അസ്വസ്ഥത ഞാൻ അവനോട് പറഞ്ഞില്ല. വിശേഷങ്ങൾ ചോദിക്കും. അതിനുത്തരം പറയും. ഒരു ചോദ്യോത്തരപംക്തി പോലെ അത് നീണ്ടു.

ഇടക്ക് ആരാണ് ചീറ്റ്‌ചെയ്തത് എന്നതിനെപ്പറ്റി തർക്കം ഉണ്ടാകും. രണ്ടുപേരും അവരവരുടെ വശങ്ങൾ ശരിയെന്ന് വാദിച്ചു. എങ്കിലും ഞങ്ങൾക്കറിയാമായിരുന്നു എവിടെയോ ഒരു തെറ്റ് സംഭവിച്ചു.....

രാതിയിൽ ഞാൻ തിരിഞ്ഞും, മറിഞ്ഞു കിടന്നു. അബുദാബിയിൽനിന്നുള്ള വിളികൾ മാത്രം ആശ്വാസമായി.

മഴപെയ്തു. കാറ്റു വീശി. ഇടിമിന്നൽ ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു. പുഴ നിറഞ്ഞു. നെൽപാടവും, പുഴയും എല്ലാം കണ്ണെത്താത്ത കടൽപോലെ കാണപ്പെട്ടു. പോക്കാച്ചിതവളകൾ രാവെന്നോ പകലെന്നോ വിത്യാസം ഇല്ലാതെ ചിലച്ചു കൊണ്ടിരുന്നു. വെള്ളത്തിനു മീതെ വെളുത്ത പന്തുകൾ പോലെ തവളമുട്ട ഒഴുകി നടന്നു.

പ്രകൃതി മാറുന്നു. അനുദിനം. ജീവജാലങ്ങൾ മാറുന്നു ദിനംദിനം. എന്തുകൊണ്ട് എനിക്ക് മാത്രം മാറാൻ പറ്റുന്നില്ല. എടുക്കാൻ കഴിയാത്ത വിഴുപ്പിന്റെ ഭാണ്ഡം എന്തിനു ഞാൻ ചുമക്കണം?

മനസ്സ് എനിക്ക് ശന്തമാക്കണം. എന്നന്നേക്കുമായി. സന്തോഷം എനിക്ക് തിരിച്ച് പിടിക്കണം. അതിന് ഞാൻ തന്നെ തീരുമാനിക്കണം. എനിക്കൊന്നും അന്യമല്ല. എല്ലാം കയ്യെത്തും ദൂരത്ത് മാത്രം. എന്നിട്ടും എന്തേ ?

ഒടുവിൽ ഞാൻ അത് തീരുമാനിച്ചു!

എല്ലാം തുറന്നു പറയുക. മനസ്സ് പങ്കുവയ്ക്കുക. അദ്ദേഹം മനസ്സിലാക്കും. ആശ്വസിപ്പിക്കും.

ഒരുപക്ഷെ പ്രതികരണം അനുകൂലമല്ലെങ്കിലോ? സാരമില്ല. എന്ത് പ്രത്യാഘാതവും സ്വീകരിക്കാൻ തയ്യാറാണ് ഞാനിപ്പോൾ. ഈ മറച്ചുവെപ്പ് ഭ്രാന്ത് പിടിപ്പിക്കും.

എല്ലാം തുറന്നു പറയുക. ജീവിതം തന്നെ മാറിപ്പോയേക്കാം. എന്നാലും പറഞ്ഞേ പറ്റൂ.

അടുത്ത ദിവസം സ്‌കൈപ് ചാറ്റിങ്ങിൽ ഞാൻ മനസ്സ് തുറന്നു. നാളുകളായി എന്നെ വേട്ടയാടിക്കൊണ്ടിരുന്ന വിഷമങ്ങൾ പങ്കുവച്ചു. ഫേസ്‌ബുക്കിൽ അവനെ തേടി ചെന്നതും, ചാറ്റിങ്ങ് തുടങ്ങിയതും എല്ലാമെല്ലാം. മൂടിക്കെട്ടിയ മനസ്സ് ശക്തമായ മഴയ്ക്ക് ശേഷം തെളിമാനം സമ്മാനിക്കും എന്ന്പ്രത്യാശിച്ചു. മനസ്സ് തുറന്നു നാളുകൾക്ക് ശേഷം സംസാരിക്കുന്നതിന്റെ സുഖം അനുഭവിച്ചറിഞ്ഞു.

എല്ലാം മറുതലക്കൽ അദ്ദേഹം കേട്ടു. ചില ചോദ്യങ്ങൾ ചോദിച്ചു. ഇത്ര സീരിയസ്സായി അദ്ദേഹത്തിന്റെ പെരുമാറ്റം ഞാൻ അതുവരെ കണ്ടിട്ടില്ല. എന്റെ കണ്ണുകൾ നിറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അദ്ദേഹം നിശബ്ദനായിരുന്നു. ഒരുപാട് നേരം.

പുറത്ത് ശക്തമായ മഴ പെയ്യുന്നു. രാത്രിമഴ. എവിടെയൊക്കെയോ മൂടിക്കെട്ടിയ കാർമേഘം പെയ്‌തൊഴിയുകയാണ്.

അവസാനം അദ്ദേഹം പറഞ്ഞു 'നീ ആദ്യം റിലാക്‌സ് ആകൂ....എനിക്ക് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്. ഇപ്പോൾ അല്ല. ഇപ്പോൾ നീ ഒത്തിരി ക്ഷീണിച്ചിരിക്കുന്നു. നേരം നന്നേ ഇരുട്ടുകയും ചെയ്തു. നന്നായി ഉറങ്ങുക.... ഞാൻ നാളെ വിളിക്കാം.... ഗുഡ്‌നൈറ്റ്.'

സ്‌കൈപ് കട്ടായി. സുഖനിദ്രയിൽ പുതപ്പിനുള്ളിൽ ചുരുണ്ടു കിടന്നുറങ്ങുന്ന മകൾ. ഞാൻ ജനാലയുടെ കർട്ടൻ നീക്കി. പുറത്ത് ഇടിവെട്ടുന്നു. മഴ തകർക്കുന്നു. ഞാൻ കിടക്കയിലേക്ക് ചാഞ്ഞു

എന്തായിരിക്കും അദ്ദേഹത്തിന്റെ മനസ്സിൽ? അന്ന് ആദ്യമായി ആ മനസ്സ് വായിക്കാൻ പാടുപെട്ടു. വളരെ ആലോചിച്ചു മാത്രമേ അദ്ദേഹം തീരുമാനം എടുക്കുകയുള്ളൂ. എടുത്ത തീരുമാനം മാറ്റുകയുമില്ല.

എല്ലാത്തിനും മീതെ ഒന്നെനിക്കറിയാമായിരുന്നു. അദ്ദേഹം എന്നെ എല്ലാത്തിനും മീതെ സ്‌നേഹിക്കുന്നു. എന്നെമാത്രം.

എന്തായിരിക്കും നാളെ അദ്ദേഹം പറയുക? രാത്രി മുഴുവൻ സംസാരിച്ചിട്ടും ചുരുക്കം ചില ചോദ്യങ്ങള മാത്രം അല്ലാതെ അദ്ദേഹം ഒന്നും സംസാരിച്ചില്ല. അത് സാധാരണമല്ല. അതാണ് എനിക്ക് പ്രയാസം ഉണ്ടാക്കിയത്. എന്താണ് ആ മനസ്സിൽ?

രാതിമഴ പെയ്‌തൊഴിയും മുമ്പ് എപ്പഴോ ഞാൻ ഉറങ്ങിപ്പോയി.

നേരം വെളുത്തത് അറിഞ്ഞില്ല. ഞെട്ടിയുണർന്ന് മൊബൈലിൽ ആണ് ആദ്യം നോക്കിയത്. വിളികൾ വന്നിട്ടില്ല. റിങ് ടോൺ ഉച്ചത്തിൽ ആക്കിവച്ചു. അടുക്കളയിലും, മുറിയിലും, മുറ്റത്തും എല്ലാം ഞാൻ മൊബൈൽ കയ്യിൽ തന്നെ കരുതി. ആ വിളിക്ക് കാതോർത്ത് ഞാനിരുന്നു. എന്നാൽ പതിവിനു വിപരീതമായി ഉച്ചവരെ വിളി വന്നില്ല.

ഉച്ചകഴിഞ്ഞപ്പോൾ ഫോൺ ചിലച്ചു. നമ്പർ പോലും നോക്കാതെ ഞാൻ ഫോൺ എടുത്തു. മൊബൈൽ കമ്പനിക്കാരുടെ ഓഫർ. തുടങ്ങുന്നതിനു മുമ്പേ അത് ഞാൻ കട്ട് ചെയ്തു.

എവിടെ വിളി? ഇത്രയും ആകാംഷയോടെ ആ വിളിക്കായി ഒരിക്കലും കതോർത്തിട്ടില്ല.

ഒന്നുരണ്ടു വട്ടം അങ്ങോട്ട് വിളിക്കാൻ മൊബൈൽ എടുത്തതാണ്. വേണ്ട. ഞാൻ പിൻവലിഞ്ഞു.

അന്നത്തെ ദിവസം ഞാൻ പ്രതീക്ഷിച്ച ആ വിളി വന്നില്ല!

വീണ്ടും അശാന്തിയുടെ മണികൂറുകൾ...... ഉച്ചയായി, വൈകുന്നേരും വന്നു, രാത്രിയും എത്തി. വിളിമാത്രം വന്നില്ല.

ഒരു ദിവസം കൂടി ഇരുട്ടി വെളുത്തു. ഉച്ചക്ക് ഞാൻ അടുക്കളയിൽ ഒരു നിസംഗത ഭാവത്തിൽ ജോലിയിൽ. ഒരുവിളിയും പ്രതീക്ഷിക്കാതെയിരുന്നപ്പോൾ ഫോൺ ചിലച്ചു. ഞാൻ കണ്ണുകൾ കൂർപ്പിച്ചു. അദ്ദേഹത്തിന്റെ പേര് സ്‌ക്രീനിൽ മിന്നുന്നു.

'ഹലോ' ഞാൻ ഉറക്കെ വിളിച്ചു. മറുതലക്കൽ നിശബ്ധത. ഞാൻ കാതോർത്തു.

'നിന്റെയും മോളുടെയും റസിഡൻസി വിസ ശരിയായി. അടുത്ത മാസം ആദ്യആഴ്ച ഫ്‌ലൈറ്റ്. വിസ കോപ്പിയും ടിക്കറ്റും ഞാൻ ഇമെയിൽ ചെയ്തിട്ടുണ്ട്.

പ്രതീക്ഷിക്കാത്ത വാർത്ത കേട്ട് ഞാൻ നിശബ്ദയായി.

'എന്താ നീ ഒന്നും മിണ്ടാത്തെ?.... ആർ യു ഹാപ്പി?'

'ഉം...' ഞാൻ മൂളി.

'നമ്മുട ഏറ്റവും വലിയ ആഗ്രഹമല്ലേ.... ഞാൻ വിസ പ്രോസസ്സിങ്ങിന്റെ തിരിക്കിൽ ആയിരുന്നു ഇന്നലെ മൊത്തം. പെട്ടെന്ന് നിനക്ക് സർപ്രൈസ് തരാം എന്ന് കരുതി.... എന്താ നീ ഹാപ്പിയല്ലേ?..'

'അതെ... ഹാപ്പിയാണ്. എനിക്ക് തലവേദന. അതാ...'

'ഓക്കെ ... ഞാൻ തിരിക്കിലാ.. പിന്നെ വിളിക്കാം..'

ഫോൺ കട്ടായി. രാത്രിയിൽ സ്‌കൈപ്. സംസാരിച്ചതെല്ലാം യാത്രയേ പറ്റി ആയിരുന്നു. പതിനഞ്ചു ദിവസങ്ങൾ. ചെയ്തു തീർക്കാൻ ഒത്തിരി കാര്യങ്ങൾ. അതിലൊക്കെ എന്നെ അലട്ടിയത് ഞാൻ ഉദ്ദേശിച്ച മറുപടി അദ്ദേഹത്തിൽ നിന്നും കിട്ടഞ്ഞതായിരുന്നു. അദ്ദേഹം എന്തെങ്കിലും മറച്ചു പിടിക്കുന്നുണ്ടോ? അതോ എനിക്ക് തോന്നലാണോ? എന്നോട് ദേഷ്യം ആയതിനാലാണോ ഇങ്ങിനെ സംസാരിക്കുന്നത്? ഒരുപാട് ചോദ്യങ്ങൾ.

അവൻ ചാറ്റിങ്ങിൽ വന്നു. ഞാൻ പറഞ്ഞു.

'ഗൾഫ് ഇഷ്ടമില്ലാതെയാണ് ഞാൻ നാട്ടിലേക്ക് വന്നത്. എന്നാൽ ഞാൻ വീണ്ടു തിരിച്ചു പോകുന്നു. ഇനി എനിക്കിവിടെ പറ്റില്ല. ഈ അവസ്ഥയിൽ. അതിന് നീ കൂടി ഒരു കാരണമാണ്'

'ഓക്കെ .. എനിക്കറിയാം. ആൾ ദ ബസ്റ്റ്...'

ആ വാക്കിൽ എന്തോ ദൈന്യത നിഴലിച്ചു നിന്നതായി തോന്നി.

ഒരു ദിവസം മാത്രം ബാക്കി. നാളെ വൈകിട്ട് ഞാനും മോളും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഇത്തിഹാദ് എയർവൈസിന് കയറും.

പുതിയ ആകാശം, പുതിയ ഭൂമി. എങ്കിലും എവിടെയോ പൂർത്തിയാക്കാത്ത സമസ്യ പോലെ എന്തോ ഒന്ന്.....

വീടും, നാടും ബന്ധുജനങ്ങളെയും എല്ലാം വിട്ട് ഞാൻ യാത്രയാവുകയാണ്.

മണിക്കൂറുകൾ മാത്രം ബാക്കി.

അവൾ ജിമെയിലിൽ ടൈപ് ചെയ്തു തുടങ്ങി. എവിടെ തുടങ്ങണം? എന്നാൽ എഴുതി തുടങ്ങിയപ്പോൾ വേഗത കൈവന്നു.

'... എവിടെ തുടങ്ങണം എന്നെനിക്കറിയില്ല. എന്നാൽ എങ്ങിനെ അവസാനിപ്പിക്കണം എന്നാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. എന്തൊക്കെയോ കാരണങ്ങൾ കൊണ്ട് നമ്മൾ ഒന്നിച്ചില്ല. വിധിയെന്നോ, നിർഭാഗ്യം എന്നോ, നമ്മുടെ അലസത എന്നോ ഒക്കെ അതിനെ വിളിച്ച് നമുക്ക് ആശ്വസിക്കാം. നീ എവിടെയാണ് എന്ന് ഒന്നറിയാൻ എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. അതിനാൽ നിന്നെ തേടി വന്നു. നമ്മളിൽ ഒരാൾ കുറ്റക്കാരാണ്, അല്ലെങ്കിൽ രണ്ടുപേരും. ആ തെറ്റ് ഞാൻ ഏറ്റെടുക്കുന്നു. അന്ന് വലിയപള്ളിയുടെ മുൻപിൽ വച്ച് ഞാൻ തന്ന വാഗ്ദാനം പാലിച്ചില്ല. ഞാൻ കാത്തിരുന്നെങ്കിൽ ഒരുപക്ഷേ വിധി മാറിമറിഞ്ഞേനെ. നമ്മൾ ഒന്നിച്ചേനെ.

ഒരിക്കൽ ഒരുപാട് ആഗ്രഹിച്ചിരുന്നു, നിന്റെ ജീവിതത്തിലേക്ക് വരാൻ. അത് നടന്നില്ല. ഒരുപക്ഷേ സ്‌നേഹത്തിന്റെ അളവ് എന്റെ പരിധിക്കുള്ളിൽ നിന്ന് നിനക്ക് മനസ്സിലാക്കിത്തരാൻ എനിക്ക് സാധിച്ചിട്ടുണ്ടാവില്ല. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. എല്ലാം കഴിഞ്ഞു പോയി. അടഞ്ഞ അദ്ധ്യായം. എല്ലാം ഓർമ്മകളും, സ്വപ്നങ്ങളും മാത്രം.

ഇന്ന് നമ്മുടെ രണ്ടുപേരുടെയും ജീവിതം കുഴപ്പം ഇല്ലാതെ പോകുന്നു. നിനക്ക് നിന്നെ സ്‌നേഹിക്കുന്ന ഭാര്യയും കുഞ്ഞും. എനിക്കും അതുപോലെ. അതങ്ങനെ തന്നെ ആയിക്കോട്ടെ. തമ്മിൽ തമ്മിൽ ശല്യം ചെയ്യാതെ, അവരവരുടെ ലോകത്ത്..... അതാണു നല്ലത്. നമുക്ക് രണ്ടും.

ഒരുകാര്യം മാത്രം നീ എന്നോട് പറയരുത്.... ഞാൻ ചീറ്റ് ചെയ്തു എന്ന്. ആ വാക്കേ ഞാൻ ഇപ്പോൾ വെറുക്കുന്നു. വേറെ എന്ത് വേണമെങ്കിലും പറഞ്ഞോളൂ... എനിക്ക് ആരെയും ചീറ്റ് ചെയ്യാൻ പറ്റില്ല.

നീ എന്നോട് ആദ്യ ദിവസം ഇഷ്ടമാണെന്ന് റാണിയോട് പറഞ്ഞതിന് ശേഷം ഞാൻ കുറെദിവസം അവധി എടുത്തത് അറിയാമല്ലോ. അതെന്തിനായിരുന്നു എന്നറിയാമോ? എന്റേതായ തീരുമാനം എടുക്കാൻ. ഞാൻ ജീവിതത്തിൽ ആദ്യമായി എടുത്ത കഠിനമായ തീരുമാനം ആയിരുന്നു അത്. അതിനെനിക്ക് കൂടുതൽ സമയം വേണമായിരുന്നു. അങ്ങനെ തീരുമാനിച്ചുറച്ചത് ഞാനായിട്ട് ചീറ്റ് ചെയ്ത് ഇല്ലായ്മ ചെയ്യുമോ? അന്ന് ആ തീരുമാനം എടുക്കാൻ ഒത്തിരി വേദനിച്ചു. ഇന്ന് നിന്നെ കണ്ടുമുട്ടിയ ശേഷം ഇപ്പോളും വേദനിക്കുന്നു. എന്റെ കണ്ണുനീരിൽ നിന്റെ മുഖം തെളിഞ്ഞു നിൽക്കുന്നു. ഞാൻ കൊണ്ടു നടന്നതും, തലോലിച്ചതും എത്ര മനോഹരങ്ങളായ സ്വപ്നങ്ങൾ ആയിരുന്നുവെന്ന് ഒരുപക്ഷേ നീ അറിഞ്ഞിട്ടുണ്ടാകില്ല.

എല്ലാം മനസ്സിൽ തന്നെ നൊമ്പരപൊട്ടുകളായി നിന്നോട്ടെ. എല്ലാം മനസ്സിലാക്കി ഞാൻ ബൈ പറയുന്നു. ഒരിക്കലെങ്കിലും നേരിൽ കാണണം ഇതൊക്കെ പറയണം എന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ ഇനി വേണ്ട. ഒരിക്കൽ നീയെനിക്ക് എല്ലാമായിരുന്നു. ഇന്ന് വഴിപോക്കനെപോലെ ആരുമല്ലാതായി മാറി. ഒരിക്കൽക്കൂടി കാണാൻ, മുഖത്ത് നോക്കാൻ ഇനി എനിക്ക് ധൈര്യം ഇല്ല.

ഒരുപാട് ആലോചിച്ച്, ഹൃദയത്തിൽ തട്ടി പറയുന്നു. ബൈ ..... നല്ലത് മാത്രം വരട്ടെ. ഫെസ്ബുക്കിലോ, മെസഞ്ചറിലോ, ഇമെയിലോ ഒന്നിലും ഇനി ഒന്നിക്കേണ്ട. എല്ലാം അവസാനിപ്പിക്കാം. എന്നെന്നേക്കുമായി. എന്റെ ഫേസ്‌ബുക്കിൽ ഇന്ന് മുതൽ നീ അൺഫ്രെണ്ടാണ്. ഇമെയിലിൽ നീ ബ്ലോക്കാണ്. എന്നുവച്ചാൽ ഇതെന്റെ അവസാന കമ്മ്യൂണിക്കേഷൻ ആകുന്നു...

ഇനി ഞാൻ ഫ്രണ്ട് റിക്വസ്റ്റ് അയക്കില്ല. നിന്നെപ്പറ്റി എനിക്കുണ്ടായിരുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടി. എന്നേക്കാൾ മോശമല്ലാത്ത അവസ്ഥയിൽ ആണ് നീ എന്നറിഞ്ഞതിൽ സന്തോഷം.

നന്ദി. എന്നോട് ചാറ്റ് ചെയ്തതിന്. മനസ്സ് പങ്കുവച്ചതിന്.

എല്ലാം ഇതോടുകൂടി അവസാനിപ്പിക്കാം.

ഇതിനു ദയവായി മറുപടി അയക്കരുത്. എല്ലാ ചോദ്യവും, എല്ലാ ഉത്തരവും ഇതോടു കൂടി കഴിഞ്ഞു. ഒരു അപേക്ഷയുണ്ട്; ഞാൻ നിനക്ക് അയച്ച കത്തുകളും, ഫോട്ടോകളും എല്ലാം കത്തിച്ചു കളഞ്ഞേക്കുക.

എന്നോട് ക്ഷമിക്കുക. ഇതല്ലാതെ എനിക്ക് വേറെ പൊംവഴിയില്ല. മണികൂറുകൾക്കുള്ളിൽ ഞാൻ പറക്കുകയാണ്. എന്റെ ഭർത്താവിന്റെ അടുത്തേക്ക്. ഇനി ഞങ്ങൾക്ക് ഞങ്ങളുടെതായ ലോകം.

ഇനി എനിക്ക് വിഷമമില്ല. ഞാൻ സന്തോഷിക്കുകയാണ്. നമ്മളെപറ്റിയുള്ള എല്ലാ വിഷമവും ഇന്ന് ഞാൻ ഇവിടെ ഇറക്കിവയ്ക്കുന്നു.

ബൈ .... എന്നന്നേക്കും'

സെന്റ് ബട്ടൺ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് അവൾ ബിസിസി ഭർത്താവിനും വച്ചു.

ജിമെയിലിൽ നിന്ന് സൈൻ ഓഫ് ചെയ്ത് ലാപ്‌ടോപ് മടക്കി വച്ചു. ഫ്രിഡ്ജിൽ നിന്നും ഒരുഗ്ലാസ്സ് തണുത്ത വെള്ളമെടുത്ത് കുടിച്ചു. അപ്പോൾ പച്ചവെള്ളത്തിന് മധുരമോ രുചിയോ അവൾക്കനുഭവപ്പെട്ടു.

'അമ്മേ ... കാർ വന്നു...'

കൊഞ്ചിക്കൊണ്ട് മകൾ ഓടിവന്നു. അവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി. ശരിയാണ്. കാറിന്റെ ഇരമ്പൽ അടുത്ത് വരുന്നു.

കാറിലേക്ക് കയറുമ്പോൾ അവൾ തിരിഞ്ഞു നോക്കി. യാത്രയയക്കാൻ ഒത്തിരി മുഖങ്ങൾ. മകൾക്ക് ചുംബനം നൽകുന്ന ബന്ധുക്കൾ. അവൾ കരഞ്ഞില്ല, ഒരുതുള്ളി കണ്ണുനീർ പൊഴിച്ചതുമില്ല.

കാറിന്റെ ഡോർ അടഞ്ഞു. തണുത്ത കാറ്റും, പക്ഷികളുടെ കലപില ശബ്ദവും അണ്ണാറക്കണ്ണന്മാരുടെ ചാഞ്ചാട്ടവും എല്ലാം ഇനി അന്യം. വീടും, ചുടുനിശ്വാസങ്ങളും വിട്ടെറിഞ്ഞ് .... പുതിയ പ്രഭാതതിലേക്ക്.

അന്ന് രാത്രി കൃത്യം 9.45 ന് നെടുമ്പാശ്ശേരി യിൽ നിന്ന് അബുദാബി ലക്ഷ്യമാക്കി ഇത്തിഹാദ് എയർവേയ്‌സിന്റെ വിമാനം പറന്നുയർന്നു. ഉയർന്നുയർന്ന് അങ്ങ് മേഘങ്ങൾക്കിടയിൽ ചെന്നൊളിച്ചു.

പിൻകുറിപ്പ്

പ്രണയം. അത് ഉദാത്തമായി തന്നെയിരിക്കട്ടെ.

ഒരുപാട് മനസ്സുകൾ പ്രണയിച്ചു. ഇന്നും പ്രണയിക്കുന്നു. ഇനിയും പ്രണയിക്കും. കുളിർമയും, സനേഹവും, സന്തോഷവും, പ്രതീക്ഷയും, നിരാശയും, വിങ്ങലും, നഷ്ടപ്പെടലുകളും ഒക്കെയൊക്കെ മുത്തുമണികളായി കൊരുത്ത് ചേർത്ത ഒന്നാണ് പ്രണയം. ചില മണികൾ അതിൽനിന്ന് കൊഴിഞ്ഞു പോകും. ചിലത് മൊട്ട് പുഷ്പിക്കും മുമ്പേ വീണ് മണ്ണോടു ചേർന്ന് ജീർണ്ണിച്ച് തീരും. ചിലത് പൂവായി, സുഗന്ധം പരത്തി അറുപതും, നൂറും മേനി വിളവിൽ താലന്തു കാത്തുസൂക്ഷിക്കും. മണ്ണിൽ വീണ് ജീർണ്ണിക്കുന്ന മൊട്ടുകൾ അടുത്ത ഒരു പ്രണയത്തിന് വളമേകി ചാരത്തിൽ നിന്നെന്നപോലെ ഉയിർത്തെന്നും വരാം.

പ്രണയിച്ചു വിജയിച്ചവർ ഭാഗ്യവാന്മാർ. എന്തെന്നാൽ അവർ പ്രണയത്തിന്റെ മറുവശം പിൽക്കാലത്ത് കാണപ്പെടും. പ്രണയിച്ച് പരാജയമടഞ്ഞവർ ഭാഗ്യവാന്മാർ, എന്തെന്നാൽ നഷ്ടപ്പെട്ട പ്രണയത്തേക്കാൾ മനോഹരമായ മറ്റൊരു പ്രണയം അവർക്ക് നൽകപ്പെടും. ഒരിക്കലും പ്രണയിച്ചിട്ടില്ലാത്തവരും ഭാഗ്യവാന്മാർ, എന്തെന്നാൽ അതുവരെ പരീക്ഷിക്കപ്പെട്ടില്ലാത്ത തേടി അമൂല്യമായ പ്രണയം കാത്തിരിക്കുന്നു!

മനസ്സേ..... നഷ്ടപ്പെടലുകളെ ഓർത്ത് നോവാതിരിക്കുക. കിട്ടിയതിനെയൊർത്ത് ഉല്ലസിക്കുക.

സ്വപ്നങ്ങളും പ്രതീക്ഷകളും നേടാനുള്ളതുപോലെ നഷ്ടപ്പെടാനും കൂടി ഉള്ളതാണ്.

പ്രണയം...... അത് ഉത്കൃഷ്ടമായിതന്നെയിരിക്കട്ടെ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Loading...
Go to TOP