Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പലായനം വിധിയായി വന്നില്ലെങ്കിൽ ആ കുട്ടിയുടെ ഭാവി എന്തായിരുന്നു? ഇറാനി ചിത്രകാരന്റെ 'ഐലൻ കുർദി' കവർ ചിത്രമാക്കി കാവ്യസമാഹാരം; കരയുന്നവരുടെയും കരയാൻ വിധിക്കപ്പെട്ടരുടെയും കവിതകളുമായി അൻസാർ വർണനയുടെ 'ആസാദി'

പലായനം വിധിയായി വന്നില്ലെങ്കിൽ ആ കുട്ടിയുടെ ഭാവി എന്തായിരുന്നു?  ഇറാനി ചിത്രകാരന്റെ 'ഐലൻ കുർദി' കവർ ചിത്രമാക്കി കാവ്യസമാഹാരം; കരയുന്നവരുടെയും കരയാൻ വിധിക്കപ്പെട്ടരുടെയും കവിതകളുമായി അൻസാർ വർണനയുടെ 'ആസാദി'

മറുനാടൻ മലയാളി ബ്യൂറോ

വർക്കല:ലോക മനസാക്ഷിയുടെ ഉള്ളു പിടയുകയും കണ്ണീർ വാർക്കുകയും ചെയ്ത ഐലൻ കുർദിയുടെ ചിത്രം കവർചട്ടയാക്കി മലയാള കവിതാ സമാഹരം. പ്രസിദ്ധ ഇറാനി ചിത്രകാരൻ ഇമാദ് സാലിയുടെ ലോക ശ്രദ്ധയാകർഷിച്ച പെയിന്റിങാണ് കവി അൻസാർ വർണനയുടെ മൂന്നാമത് കവിതാ സമാഹാരമായ 'ആസാദി'യുടെ കവർ ചിത്രം.

പിറന്ന നാട്ടിൽ ജീവിക്കാനാകെ പലായനം ചെയ്യേണ്ടി വരുന്നവരുടെ എണ്ണം ലോകമൊട്ടാകെ നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്.നിലയ്ക്കാത്ത വെടിയൊച്ചകളും ബോംബു സ്‌ഫോടനങ്ങളും തകർത്തെറിഞ്ഞ ജീവിതങ്ങളും നിരവധിയാണ്.സമാധാനത്തോടെയുള്ള ജീവിതം തീർത്തും അസാധ്യമായപ്പോഴാണ് സിറിയയിലെ നാലു വയസുകാരനായ ഐലൻ കുർദിയെയും കൂട്ടി കുടുംബം മറ്റുള്ളവർക്കൊപ്പം പലായനം ചെയ്തത്.ജീവനും കൊണ്ട് രക്ഷപ്പെടാൻ കയറിയ ബോട്ട് നടുക്കടലിൽ മുങ്ങി.

ബോട്ടിലുണ്ടായിരുന്നവരെല്ലാം മുങ്ങി മരിച്ചു.അടുത്ത ദിവസം ഐലൻ കുർദിയുടെ മൃതശരീരം കടൽത്തീരത്ത് അടിഞ്ഞു കയറി.മരിച്ച മുഖത്തും ഓമനത്തം വിട്ടു പോകാതെ കടൽത്തീരത്ത് കമിഴ്ന്നു കിടക്കുന്ന ഐലൻ കുർദിയുടെ ചിത്രം കണ്ട് ലോകം നടുങ്ങി.മനസാക്ഷി കൈമോശം വരാതിരുന്നവരെല്ലാം തേങ്ങി.സിറിയയെക്കുറിച്ചും അവിടുത്തെ ജനതയുടെ തുലാസിലാടുന്ന ജീവനെയും ജീവിത്തെയും കുറിച്ച് ലോകമൊന്നാകെ ചർച്ച ചെയ്യപ്പെട്ടു.ഐക്യരാഷ്ട്ര സഭയിലേക്കും ഐലൻ കുർദി വിഷയമെത്തി.

കവികളുടെയും എഴുത്തുകാരുടെയും ചിത്രകാരന്മാരുടെയും നൊന്ത മനസിൽ ഐലൻ കുർദി ഒരു തേങ്ങലായും നീറ്റലായും പറ്റിച്ചേർന്നു കിടന്നു.അങ്ങനെയാണ് ഇറാനി ചിത്രകാരനായ ഇമാദ് സാലിഹിക്കും ഐലൻ കുർദി വരക്കുള്ള വിഷയമായത്.

ഇമാദ് സാലിഹി തന്റെ പെയിന്റിങിലൂടെ ആവിഷ്‌കരികരിക്കുന്ന ചിന്ത ഇങ്ങനെയാണ്.....പലായനത്തിന് വിധിക്കപ്പെട്ട ഐലൻ കുർദി മുങ്ങി മരിക്കുകയായിരുന്നു.അതല്ലായിരുന്നെങ്കിൽ ഐലൻ കുർദിയുടെ മരണം നിരന്തരം ബോംബു വീണ് കരിഞ്ഞു പോയ മണ്ണിൽ ഒരു തുള്ളി വെള്ളം പോലും കിട്ടാത്ത അവസ്ഥയിലായിരിക്കും.അതായത് അക്രമികളും ഭീകരവാദികളും സാധാരണ മനുഷ്യന്റെ ജീവിക്കാനുള്ള അവകാശത്തെ നിഷ്‌കരുണം ഹനിക്കുകയാണ്.

ഭരണകൂടം പൗരന്റെ രക്ഷക്കെത്താതെ നിസ്സഹായതയോടെ നോക്കി നിൽക്കുന്നു.ഇത് സിറിയയിലും തുർക്കിയിലും ഇറാക്കിലും മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തും നടന്നു കൊണ്ടിരിക്കുന്നു.ചുരുക്കത്തിൽ ജീവിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യത്തിന ഭരണകൂടം സുരക്ഷയൊരുക്കാതിരിക്കുമ്പോൾ അവൻ അല്ലെങ്കിൽ അവർ കൊല്ലപ്പെടുക തന്നെയാവും ഫലം.

ഇമാദ് സാലിഹി ലോക പ്രസിദ്ധനായ ചിത്രകാരനാണ്.സിറിയയിലും തുർക്കിയിലും ഈജിപ്റ്റിലും ഐക്യ അറ്റബ് നാടുകളിലും വർഷാവർഷം നടക്കുന്ന അന്താരാഷ്ട്ര പെയിന്റിങ് കാർട്ടൂൺ മൽസരങ്ങളിലെ ജൂറി ചെയർമാനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.ഓൺലൈൻ,ഫെയ്‌സ് ബുക്ക് മാധ്യമം വഴിയാണ് ഇമാദ് സാലിഹിയും അൻസാർ വർണനയും തമ്മിൽ സൗഹൃദം സ്ഥാപിക്കുന്നത്.

വർണനയുടെ രണ്ടാമത്തെ കവിതാ സമാഹാരമായ 'സ്വപ്നക്കുഞ്ഞ്'ന്റെ രണ്ടാം പതിപ്പിനും ആകാശപ്പരപ്പിന്റെ അനന്തയിലിരുന്ന് പുല്ലാങ്കുഴൽ മീട്ടുന്ന പെൺകുട്ടിയുടെ മനോഹരമായ ചിത്രം സമ്മാനിച്ചിരുന്നു. ഒരിക്കൽപ്പോലും തമ്മിൽ കാണാതെ ഫെയ്‌സ് ബുക്ക് സൗഹൃദത്തിലൂടെ ആത്മ സുഹൃത്തുക്കളായി അറബ് ചിത്രകാരനായ ഇമാദ് സാലിഹിയും മലയാളിയായ യുവകവി അൻസാർ വർണനയും.

അൻസാർ വർണനയുടെ മൂന്നാമത് കവിതാ സമാഹാരമായ 'ആസാദി'യിലെ 43 കവിതകളിൽ ഏറെയും കരയുന്നവരുടെയും കരയാൻ വിധിക്കപ്പെട്ടരുടെയുമാണ്.പിറന്ന മണ്ണിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഭരണകൂട ഭീകരതയാൽ ഹനിക്കപ്പെടുന്ന പുതിയ ഫാസിസ്റ്റ് സമീപനത്തിനെതിരേയുള്ള ചെറുത്തു നില്പാണ് 'ആസാദി'.

തിരുവനന്തപുരം പരിധി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന കവിതസമാഹാരം 'ആസാദി'വ്യാഴാഴ്ച രാവിലെ 10ന് വർക്കല ടൗൺ ഹാൾ അനക്‌സിൽ കഥാകൃത്ത് ബാബു കുഴിമറ്റം പ്രകാശനം ചെയ്യും.സിനിമാ സംവിധായകൻ അരുൺ ഗോപി പുസ്തകം സ്വീകരിക്കും.സിപിഐ ദേശീയ സമിതിയംഗം പന്ന്യൻ രവീന്ദ്രൻ സമ്മേളനം ഉൽഘാടനം ചെയ്യും.മലയാളത്തിന്റെ പ്രിയകവി ബാലചന്ദ്രൻ ചുള്ളിക്കാടാണ് പുസ്തകത്തിന് മുൻകുറി എഴുതിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP