Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിരണ്ടാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ മുപ്പത്തിരണ്ടാം ഭാഗം

ജീ മലയിൽ

രാത്രി ഏറെയായി.

ലീലക്കു വേണ്ടി നോട്ടു പകർത്തിയെഴുതി തീരാറായതിന്റെ സന്തോഷം സുരേന്ദ്രനാഥിന്റെ മുഖത്തു വിരിഞ്ഞു വന്നു. സുരേന്ദ്രനാഥിന്റെ കൂടെഅതേമുറിയിൽ താമസിക്കുന്നവൻഉറക്കം കഴിഞ്ഞിട്ടു മണിക്കൂറു മൂന്നുകഴിഞ്ഞു. എങ്കിലും സുരേന്ദ്രന് ഉറങ്ങണമെന്നുതോന്നിയില്ല.നോട്ടു പകർത്തിയെഴുതുമ്പോൾ ശരീരമാസകലം ഒഴുകിക്കൊണ്ടിരുന്ന ഒരു തരം വൈകാരിക സാഫല്യം അനുഭവിക്കുകയായിരുന്നു, അവൻ.

ക്ഷീണം തോന്നിയപ്പോൾബുക്കിലെ എഴുതാനുള്ള ബാക്കി താളുകൾ സുരേന്ദ്രന്മറിച്ചുനോക്കി.

'എഴുതാൻഇനിയും മൂന്നു പേജു കൂടിയേയുള്ളു. ഇന്നു തന്നെ അതുംഎഴുതി തീർക്കണം. അതിനു ശേഷം ഉറങ്ങാം.'

അങ്ങനെ ചിന്തിച്ചുകൊണ്ട്അവൻ ജനലിലൂടെഅന്ധകാരത്തിലേക്കുനോക്കിയിരുന്നു. ജയരാജ് കൈ നോക്കിപ്പറഞ്ഞ കാര്യങ്ങൾആഅന്ധകാരത്തിൽതെളിഞ്ഞു വന്നു.

'നിന്നെ പ്രേമിക്കുന്നവരായിട്ട്ഇപ്പോൾ ആകെ അഞ്ചു പെണ്ണുങ്ങൾ ഉണ്ട്. അവരിൽ നാലുപേർക്ക് നിന്നോട്അഗാധമായ പ്രേമമാണ്. ഒരാൾ മാത്രം നിന്നെ പറ്റിക്കാൻ വേണ്ടി പ്രേമം നടിക്കുകയാണ്. '

'ആരാണ് പറ്റിക്കാൻ വേണ്ടി പ്രേമംനടിക്കുന്നആ ഒരുവൾ? ലീലയോമേരിയോ ശ്യാമയോ? അതോ എന്റെ നാട്ടിലെ വെളുത്ത പൊക്കം കുറഞ്ഞ പാവാടക്കാരിയോ? അവളുടെ പേരെന്താണ്?അടുത്ത പ്രാവശ്യം വീട്ടിൽ പോകുമ്പം അവളുടെ പേര്ഒന്നു തിരക്കണം. ഏതവളായെന്നെ പറ്റിക്കാൻ നോക്കുന്നെന്നു കണ്ടുപിടിക്കണം.'

അവൻ കസേരയിൽ നിന്നും എഴുന്നേറ്റു.'എന്നെ ഈ പെണ്ണുങ്ങളെല്ലാം പ്രേമിക്കുന്നതെന്താ?'

കണ്ണാടിയിലേക്കുനോക്കിപ്പോൾതന്റെ സൗന്ദര്യത്തിൽ അവനുഅഭിമാനം തോന്നി. താൻ ആ കോളേജിലെ ഏറ്റവും സൗന്ദര്യം കൂടിയവനായി അവന്അപ്പോൾതോന്നി. തന്റൗനേരിയ മീശയിൽ തലോടിക്കൊണ്ട് അവൻ മന്ദഹസിച്ചു.മുടി ചീകിയൊതുക്കി വീണ്ടും കസേരയിൽ വന്നിരുന്ന് എഴുതാൻ തുടങ്ങി.അവന്റെചുണ്ടുകളിൽ ഇടയ്ക്കിടയ്ക്കു മിന്നൽ മാതിരി ഒരു പാൽപുഞ്ചിരി വിടർന്നു വന്നുകൊണ്ടിരുന്നു.

രാത്രി മുന്നോട്ടൊഴുകിയപ്പോൾ......

സുരേന്ദ്രൻ എഴുതി തീർന്നതിലുള്ള സംതൃപ്തിയോടെ ഒന്നു നിവർന്നിരുന്നു. കൈ ഉയർത്തി ഒരു വശത്തേക്കു നീട്ടി ശ്വാസം ആഞ്ഞു വലിച്ച് കസേരയിൽ ഇരുന്നൊന്നു ഞെളിഞ്ഞു.

പെട്ടെന്ന് ഒരു ചിരിവന്നു. അതിനിടയിലും ഒരു കോട്ടുവാ അവനറിയാതെ വന്നു പോയി. വീണ്ടും ചിന്തകൾ അവനെ ഗ്രസിച്ചു.

'ഈ ബുക്ക് അവളെ ഏൽപ്പിക്കുമ്പോൾ എന്തു സ്‌നേഹമായിരിക്കുംഅവളുടെ മുഖത്ത്.' അവൻ അറിയാതെ തന്റെ നഖം കടിച്ചു. കടിച്ചെടുത്ത ചെറിയ നഖത്തുമ്പുകൾ അറിയാതെ തന്നെ തുപ്പിക്കളഞ്ഞു. അതുതുടർന്നപ്പോൾ ജയരാജിന്റെ വാക്കുകൾ വീണ്ടും തെളിഞ്ഞു വരുന്നു.

അവൻ ലീലയുടെ ബുക്ക് എടുത്തു വെറുതെ പേജുകൾ മറിക്കാൻതുടങ്ങി.ലീലയുടെവടിവൊത്ത അക്ഷരങ്ങൾ കണ്ടപ്പോൾ തന്റെ വൃത്തിയില്ലാത്ത അക്ഷരങ്ങളെപ്പറ്റിഓർത്തുകുണ്ഠിതപ്പെട്ടു.

വീണ്ടുംതാളുകൾ മറിച്ചപ്പോൾ ഒരു മടക്കിയ പേപ്പർ സുരേന്ദ്രൻ കണ്ടു. അതു കയ്യിലെടുത്തുനോക്കി.

ഒരു എഴുത്ത്. അഡ്രസ്സ് എഴുതിയിട്ടുണ്ട്. അഡ്രസ്സ് വായിച്ചു നോ.

ടു സുരേന്ദ്രനാഥ്.

നാലാക്കി മടക്കിയ ആ എഴുത്തു പെട്ടെന്ന് നിവർത്തു വായിച്ചു.

'സുരേന്ദ്രനാഥാ,'

സുരേന്ദ്രന്റെ ഹൃദയം ആഞ്ഞു മിടിക്കാൻ തുടങ്ങി.

സുരേന്ദ്രൻ ആകാംക്ഷയോടെ എഴുത്ത്തുടർന്നു വായിച്ചു.

'ഞാനൊരു പ്രത്യേക കാര്യം എഴുതുകയാണ്. എങ്ങനെയാണ്അതെഴുതേണ്ടതെന്ന് എനിക്കറിയില്ല. എങ്കിലും തുറന്നെഴുതുന്നു. ഞാൻ സുരേന്ദ്രനെ അഗാധമായി പ്രേമിക്കുന്നു. സുരേന്ദ്രനെ കാണാതിരിക്കാൻ എനിക്കു വയ്യ.ഞാനൊരു കാര്യം പറഞ്ഞോട്ടെ. ദയവായി മറ്റു പെണ്ണുങ്ങളുമായി പ്രേമം കൂടരുത്. അവർക്കും സുരേന്ദ്രനിൽ ഒരുനോട്ടമുണ്ടെന്ന് എനിക്കറിയാം.അതു കാണുമ്പോൾ എന്റെ ഹൃദയം തകരുകയാണ്. ഇനിയും എന്നെ വിഷമിപ്പിക്കല്ലേ, എന്റെ സുരേന്ദ്രനാഥാ.

എനിക്കു ഒരുപാടു കാര്യങ്ങൾ പറയാനുണ്ട്. ഹോസ്റ്റലിൽ വച്ച് എനിക്ക് ഒന്നും പറയാൻ തോന്നാറില്ല. നമ്മൾ സംസാരിക്കുന്നതു കേൾക്കാൻആ മേരിയും ശ്യാമയും ഒളിഞ്ഞു നോക്കും. അതുകൊണ്ട് നാളെ വൈകിട്ടു ക്ലാസ്സു കഴിഞ്ഞ് ഞാൻ ലൈബ്രറിയിൽ കയറിയിരിക്കും. അഞ്ചുമണിക്കിറങ്ങി വരും. അപ്പോൾ നമുക്കു ഒത്തിരി നേരം സംസാരിക്കണം.എന്റെ എല്ലാ ആഗ്രഹവും അപ്പോൾ പറയാം. എന്നിട്ട് ആ സൗന്ദര്യം കണ്ടുകൊണ്ട് നിൽക്കണം. നാളെ അഞ്ചുമണിക്കു കാത്തു നിൽക്കണെ. മറക്കല്ലെ.

ഇതിന്റെ മറുപടിയും മറക്കാതെ ഈ ബുക്കിൽ വച്ചു തരണേ.....

എന്ന് നാഥന്റെ കൂടെയുള്ള ജീവിതം സ്വപ്നം കണ്ടു കഴിയുന്നലീല.'

വായന കഴിഞ്ഞപ്പോൾ സുരേന്ദ്രന്റെ ഹൃദയമിടിപ്പിന്റെ വേഗവും ശക്തിയും കുറഞ്ഞുതുടങ്ങി.

അവൻ ഉരുവിട്ടു. ' ലീലക്കാ എന്നോട് ഏറ്റം കൂടുതൽ ഇഷ്ടം എന്ന് ഇപ്പോൾ മനസ്സിലായി. നാളെ അഞ്ചു മണിക്കു തീർച്ചയായിട്ടും പോണം.'

അവനു സന്തോഷം തോന്നിയെങ്കിലുംഹൃദയചലനത്തിന്റെ വേഗം വീണ്ടുമേറാൻ തുടങ്ങി.

അല്പനേരം കഴിഞ്ഞപ്പോൾ അവൻകിടക്കയിൽ നിവർന്നു കിടന്നു. പിന്നീട് ഇടതു വശം ചരിഞ്ഞു കിടന്നു..

'എന്തെല്ലാമാണ് അവൾ പറയാൻ പോകുന്നത്? ഞാൻ എന്തെല്ലാം അവളോടു പറേണം?'

കുളിരു കോരിയിടുന്ന ചിന്തയോടെ അവൻഅങ്ങനെ കിടന്നു.നിദ്ര വന്നു തഴുകിയത് അവനറിഞ്ഞതേയില്ല.

ഉപബോധമനസ്സിന്റെഉള്ളറകളിൽ നിന്നും ഓരോരോ സ്വപ്നങ്ങൾ തെളിഞ്ഞുവന്നുകൊണ്ടിരുന്നു. അവസാനംരോമാഞ്ചം വര്ഷിധക്കുന്നകുളിർകാറ്റൊഴുകി.ഒപ്പം ജലകണങ്ങളും.

അവൻ ഞെട്ടിയുണർന്നു. അവനു വല്ലായ്മ തോന്നി.

'ശ്ശെ. ശ്ശെ. എന്തു കണ്ടപ്പോഴാണ് അതു സംഭവിച്ചത?'അവൻ ഓർത്തു നോക്കി.

'അവളെ കാത്തുകോളേജിൽ നില്ക്കുവാരുന്നു. അഞ്ചരയായിട്ടും അവളെ കാണാതെ വിഷമിച്ചു നില്ക്കുമ്പോൾ അതാ അവൾ വരുന്നു. ഒന്നും പറയാതെ എന്നെ കൈക്കു പിടിച്ച്... എന്നിട്ട്.....ശ്ശെ.....ശ്ശെ...ഓർക്കുമ്പോൾ ലജ്ജ തോന്നുന്നു.എന്താ അങ്ങനെ കണ്ടത്?മോശം...മോശം.'

അവൻ കൈലി കാലുകൾക്കിടയിലേക്കു തിരുകിക്കയറ്റി വച്ചിട്ടു തിരിഞ്ഞു കിടന്നു. കുറെനേരം ഉറക്കം വന്നില്ല. പിന്നീട് അറിയാതെ ഉറങ്ങിപ്പോകുകയും ചെയ്തു.

പിറ്റേദിവസംകോളേജിൽപോകാൻ സമയമായപ്പോൾ അവന്റെമുറിയൻ വിളിച്ചുണർത്തിയപ്പോഴാണ്‌സുരേന്ദ്രനാഥ് ഞെട്ടിയുണർന്ന് എഴുന്നേറ്റത്. അപ്പോൾലീലയുടെ എഴുത്തും രാത്രിയിൽ കണ്ട സ്വപ്നവും മനസ്സിലൂടെ ഉരുത്തിരിഞ്ഞു വന്നു.

അന്നു ക്ലാസ്സിൽ ശ്രദ്ധിക്കാൻ അവനു മനസ്സാന്നിധ്യം ഇല്ലായിരുന്നു.

എപ്പോഴും ഒരേചിന്ത.

'വൈകുന്നേരം അവളോട് എങ്ങനെ പെരുമാറണം? എന്തായിരിക്കും അവൾ പറയുന്നത്? ഞാനെന്തു പറയണം?'

ഇടയ്ക്കിടയ്ക്ക്അവൻ പെൺകുട്ടികളുടെ ബെഞ്ചിലേക്കു നോക്കുന്നുണ്ടായിരുന്നു. ഒരു പ്രാവശ്യം നോക്കിയപ്പോൾ ലീലയും തന്നെ നോക്കുന്നതായി അവൻ കണ്ടു.

അപ്പോൾഇക്കിളിഅനുഭവപ്പെട്ടു.സുരേന്ദ്രനാഥ്തന്നെ നോക്കിചിരിക്കുന്നതുകണ്ട്‌ലീലതല വെട്ടിച്ചു മാറ്റി.പെട്ടെന്ന് അവന്റെമനസ്സു ചാഞ്ചാടി.

'സാറു കാണുമെന്നുകരുതിയായിരിക്കുമോഅവൾ തല വെട്ടിച്ചുമാറ്റിയത്?അവളും ചിരിക്കാൻ ശ്രമിച്ചില്ലേ?'

ഉച്ചയ്ക്കു ശേഷം ഒരു പ്രാവശ്യംഅവൾതന്നെ നോക്കുന്നതായി അവനു തോന്നി. അപ്പോഴും അവൻ ആരും കാണാതെ ചിരിക്കാൻ ശ്രമിച്ചു.പക്ഷേഅവൾ ചിരിക്കാതെ വീണ്ടുംതല വെട്ടിച്ചു മാറ്റി.

'സാർ കാണാതിരിക്കാനാവുംനോട്ടം മാറ്റുന്നത്. ഞാൻ നോക്കുമ്പോഴൊക്കെ അവളും നോക്കുന്നുണ്ടല്ലോ. അതാണ് ഞങ്ങളുടെ ഹൃദയങ്ങൾ തമ്മിലുള്ള അടുപ്പം.....ഐക്യം. എനിക്ക് അതു മതി. '

സുരേന്ദ്രനാഥ്പിന്നീട്‌നോക്കുമ്പോഴൊന്നുംഅവളുടെ നോട്ടം തിരിച്ചുലഭിച്ചില്ല.

ഒരു വിധത്തിൽ ക്ലാസ്സു കഴിയുന്നതു വരെ അവൻ അടങ്ങിയും അടക്കിയും ഇരുന്നു. പക്ഷേഉള്ള് അവനുമായി ഗംഭീരമായ സംഘട്ടനത്തിലായിരുന്നു.

'എനിക്കു ലീല മതി.മേരീം ശ്യാമേം ഒക്കെ പോട്ടെ. അയ്യോ, മേരീയേം ശ്യാമയേം കളയാനൊക്കുമോ?ലീലപറഞ്ഞെ,അവര്ക്കും എന്നോട് പ്രേമമാന്നല്ലേ. ജയരാജ് കൈ നോക്കി പറഞ്ഞതുമങ്ങനാണല്ലോ. പെണ്ണുങ്ങളു തമ്മിൽ അങ്ങോട്ടു മിങ്ങോട്ടും ഒന്നുമറിയാതെ എല്ലാത്തിനേം അങ്ങു പ്രേമിക്കാം. എനിക്കാരേം നഷ്ടപ്പെടുകേം ഇല്ല. അവരാരും നിരാശപ്പെടുകേം വേണ്ട. ഞാനൊരു കാമദേവൻ തന്നെ.'

നാലരയ്ക്കു ക്ലാസ്സു കഴിഞ്ഞപ്പോൾ അവൻ ആലോചിച്ചു.'ഹോസ്റ്റലിലേക്കു പോണോ. അതോ അഞ്ചുമണി വരെ ഇവിടെത്തന്നെ നിക്കണോ.'

ക്ലാസ്സിൽ നിന്നും ഇറങ്ങിയപ്പോൾ അവൻ ലീലയെ ശ്രദ്ധിച്ചു. അവളുടെ നോട്ടം കിട്ടാതെ വന്നതിൽ അവനു ദുംഖവും നിരാശയും സമ്മിശ്രമായി അനുഭവപ്പെട്ടു.

ലീല ലൈബ്രറി ഹാളിലേക്കു കയറിപ്പോകുന്നത്അവൻ കണ്ടു. അവൻ ലൈബ്രറിയുടെ വാതിൽക്കലേക്കു നടക്കാൻ ആഞ്ഞു. പക്ഷേ മുമ്പിൽ വന്നു നില്ക്കുന്നു, ജയരാജും വിനോദും പ്രദീപും കൂടി. സുരേന്ദ്രന് ഈർഷ്യ തോന്നി.

'എന്റെ വഴി മുടക്കാനെക്കൊണ്ട് വന്നവന്മാര്.'

ജയരാജ് ചോദിച്ചു. 'എന്താണ് അവശൻ വിവശനായി ഉലാത്തുന്നത്?'

'എന്താടാാാ അങ്ങനെ പറേന്നത്? ഞാം പറഞ്ഞിട്ടില്ലേടാാാ എന്നെ അങ്ങനെ വിളിക്കല്ലേന്ന്. ''

'ഇല്ല... ഇല്ല.പോട്ടെ സുരേന്ദ്രാ.സുരേന്ദ്രനെങ്ങോട്ടാ? ഹോസ്റ്റലിലേക്കല്ലേ?''

ജയരാജ് ചിരിക്കുന്നു. വിനോദും പ്രദീപും ചിരിക്കുന്നു.

'ഇവരെന്തിനാ ചിരിക്കുന്നെ?'

സുരേന്ദ്രന് ദേഷ്യം തോന്നി. 'ഇനീം ആ എഴുത്തു വല്ലോം അവരു കണ്ടോ?'

അവന്റെ ദൃഷ്ടികൾ മേലോട്ടുയർന്നു നിന്നു.'ഹോസ്റ്റലിലേക്കു പോകണോ?ഇനീം ഇരുപത്തഞ്ചു മിനിറ്റുണ്ട്.ഇവരെ വിളിച്ചോണ്ടങ്ങു പോയാലോ?'

പെട്ടെന്നു സുരേന്ദ്രനു തോന്നി, വേണ്ടെന്ന്.

'ഹോസ്റ്റലിലേക്കല്ലെടാാാ..... എനിക്കു ലൈബ്രറീൽ ഒന്നു കേറണം.''

'ആ....ആ....സരസനറിയുന്നുണ്ട്. ഗോപസ്ത്രീകൾ സുരേന്ദ്രണ്ണനുമായി രമിക്കാൻ കാത്തു നില്ക്കുന്നു. അല്ലേ സുരേന്ദ്രണ്ണാ? ചെന്നാട്ടെ. ഓടക്കുഴൽ മറക്കാതെ കൊണ്ടു പോരണേ. അല്ലേങ്കിൽ അവർ എപ്പോഴും വായിച്ചോണ്ടിരിക്കാൻ തട്ടിക്കൊണ്ടു പൊയ്ക്കളയും.'' ജയരാജ് സരസമായി ഉരുവിട്ടപ്പോൾ സുരേന്ദ്രനു മഞ്ഞളിപ്പ്.

അവൻ ചിന്തിച്ചു. ' ഇവനെങ്ങാനും അറിഞ്ഞോ? ഓ, വെറുതെ തട്ടിവിടുകയാവും. ഇവനൊരു വിടുവായൻപാമ്പാട്ടിയല്ലേ?'

'നീ പോടാപാമ്പാട്ടി.' സുരേന്ദ്രൻഉള്ളിൽ മന്ത്രിച്ചു.

''ഞാൻ പോട്ടെടാാാ.'സുരേന്ദ്രൻ അവരോടു പറഞ്ഞിട്ട്‌ലൈബ്രറി ഹാളിലേക്കു നടന്നു. അപ്പോൾ ലീല പുസ്തകം എടുത്തുകൊണ്ടു വെളിയിലേക്കിറങ്ങിയത് അവൻ ഞെട്ടലോടെ കണ്ടു. എങ്കിലും അവൻ ആശയിലേക്കു വഴുതി വീണു.

'ഹോസ്റ്റലിൽ പോയിട്ട് അഞ്ചുമണിക്ക് വരാനാവും'

തന്റെ പുറകെ ജയരാജും മറ്റും നടന്നു വരുന്നതു കണ്ടപ്പോൾ സുരേന്ദ്രന് അവരോടു വെറുപ്പുതോന്നി. .

'അവൾ പോയല്ലോാാ. പിന്നാലെ ചെല്ലുന്നില്ലേസുരേന്ദ്രണ്ണാ?'ജയരാജ് ചോദിച്ചതു കേട്ടപ്പോൾ സുരേന്ദ്രൻ ചൂളിപ്പോയി.

അവിടെ ഒരു അദ്ധ്യാപകൻ നില്ക്കുന്നുണ്ടായിരുന്നു. അദ്ദേഹം കേട്ടു കാണുമോ എന്ന് സുരേന്ദ്രനാഥ് സംശയിച്ചു. അവൻ മറുപടിയൊന്നും പറഞ്ഞില്ല.

നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങുന്നതു സുരേന്ദ്രൻ അക്ഷമനായിനോക്കിയിരുന്നു.ലൈബ്രറി ഹാളിലെ ക്ലോക്ക് മെല്ലെ മാത്രമേ നീങ്ങുന്നുള്ളു. ഓടിച്ചെന്ന് ആ സൂചികൾ തിരിച്ചു വയ്ക്കണമെന്നുസുരേന്ദ്രന്ആഗ്രഹം ഉണ്ടായി. അത്രയും സമയത്തിനകം യുഗങ്ങൾ തിരിഞ്ഞു കഴിഞ്ഞതായി സുരേന്ദ്രന് അനുഭവപ്പെട്ടു.

സമയമേ വേഗം വേഗം ഓടിപ്പോകൂ എന്ന് അലറാൻ അവൻ ആഗ്രഹിച്ചു.'എന്തല്ലാം കേൾക്കാൻ പോകുന്നു എന്റെ ലീലയിൽ നിന്നും.'

ലൈബ്രറിയുടെ ജനലുകൾ എല്ലാം അറ്റൻഡർ അടയ്ക്കുന്നത് അവൻ കണ്ടു. അതിനുള്ളിൽ വായിച്ചു കൊണ്ടിരുന്നവർ എല്ലാവരും പോയിരുന്നു. സുരേന്ദ്രനും പ്രദീപും ജയരാജും വിനോദും മാത്രംഅതിനുള്ളിൽ അവശേഷിച്ചു.

സുരേന്ദ്രൻ ക്ലോക്കിൽ നോക്കിയിട്ട് അവർ കാണാതെമെല്ലെ എഴുന്നേറ്റു.

അവർഅവന്റെ പങ്കപ്പാടും വിരളിച്ചയും കണ്ട് അന്യാന്യം കണ്ണിറുക്കിക്കാട്ടി ഊറിച്ചിരിക്കുകയായിരുന്നു.

അഞ്ചുമണിയായല്ലോഎന്നു ചിന്തിച്ചുകൊണ്ട് അവൻ ലേഡീസ് ഹോസ്റ്റലിലേക്കുള്ള വഴി ലക്ഷ്യമാക്കി നടന്നു. 'കോളേജു കെട്ടിടത്തിന്റെ കിഴക്കു വശത്തു കാത്തു നില്ക്കാം.അപ്പോൾ ആരും കാണില്ല.അവൾ വരുമ്പോൾ എന്നെ കാണുകേം ചെയ്യും.'

മറ്റവർ മൂന്നു പേരും അവന്റെ പിറകെ ചെന്നു.

ജയരാജ്പറഞ്ഞു.''രാധ അണ്ണനെത്തിരക്കിവരാറായിക്കാണും. അല്ലേ? എന്നാൽ കാമുകണ്ണൻ ഇവിടെ നില്ല്. ഞങ്ങൾ പോട്ടെ. '

അവർ പൊട്ടിച്ചിരിച്ചുകൊണ്ട് കോളേജ് ജംഗ്ഷനിലേക്കു നടക്കുന്നതുകണ്ടപ്പോൾസുരേന്ദ്രനു പെട്ടെന്നൊരു സംശയം.

'കോളേജ് ജംഗ്ഷനിലേക്കു പോകാൻഅവർ ഇതു വഴി കറങ്ങി വന്നതെന്തിനാ? കോളേജിന്റെ മുമ്പിൽ കൂടി പോയാൽ പോരാരുന്നോ? അവര് എന്നെ വിടാതെ പിന്തുടരുന്നല്ലോ. അവരെങ്ങാനും ഇതറിഞ്ഞോ?.'

അവർ പൊട്ടിച്ചിരിച്ചുകൊണ്ടു നടന്നു പോകുന്നതും നോക്കി സുരേന്ദ്രൻ അല്പനേരം അവിടെനിന്നു. പെട്ടെന്ന് ലീലയെപ്പറ്റി ഓർത്തു. അവൾ അപ്പോൾ വരെയും വരാഞ്ഞതിൽ കുണ്ഠിതം തോന്നി.

ചിന്തിച്ചങ്ങനെ കുറെ നേരം നിന്നപ്പോൾ സുരേന്ദ്രൻ കണ്ടു, ജയരാജും മറ്റും തിരിച്ചു വരുന്നത്. അവർ എന്തൊക്കെയോ പറഞ്ഞു പൊട്ടിച്ചിരിക്കുകയും ചെയ്യുന്നു.

സുരേന്ദ്രൻ വാച്ചിൽ നോക്കിക്കൊണ്ടുകണ്ണു മിഴിച്ചു.

'സമയം അഞ്ചര ആയിരിക്കുന്നു. അതു വരെയും അവൾ വന്നതുമില്ല.'

അവൻ അവിടെ നിന്നും മാറിപ്പോകാൻ ആഗ്രഹിച്ചു. പക്ഷേ കാലുകൾ ചലിച്ചില്ല. അവർ മൂവരും ഹോസ്റ്റലിലേക്കു നടന്നു പോകുന്നതു കണ്ടപ്പോൾ സുരേന്ദ്രനു ആശ്വാസം തോന്നി.

ആറുമണി വരെ കാത്തു നിന്ന ശേഷം നിരാശനായി സുരേന്ദ്രൻ ഹോസ്റ്റലിലേക്കു നടന്നു. അവിടെ എത്തിയപ്പോൾ ജയരാജും മറ്റും മുൻവശത്തു മേശമേൽ ഇരിക്കുന്നുണ്ടായിരുന്നു.

ജയരാജ് പറഞ്ഞു. ' കാത്തിരുന്നു മുഷിഞ്ഞു കാണും, പാവം.!കഷ്ടമെന്നല്ലാതെന്തു ചൊല്ലാൻ!'

അതുകേട്ടിട്ടും സുരേന്ദ്രൻ ഒന്നും പറയാതെമുറിക്കുള്ളിലേക്കു കയറിപ്പോയി.കയ്യിലിരുന്ന ബുക്കുകൾ മേശപ്പുറത്തു വച്ചിട്ട് ലീലയുടെ ബുക്കു മാത്രം കയ്യിലെടുത്തു. അതിൽ താൻ അവൾക്ക് എഴുതി വച്ച മറുപടി കത്തുണ്ടോ എന്നു തെരഞ്ഞുനോക്കി. ഉണ്ടെന്നു കണ്ടപ്പോൾ ആ ബുക്കും കത്തും എടുത്തുകൊണ്ട് വേഗംലേഡീസ് ഹോസ്റ്റലിലേക്കു നടന്നു.

''ബുക്കിൽ കൂടി പ്രണയലേഖനകൈമാറ്റമൊന്നുമില്ലല്ലോ?'ജയരാജ്പറഞ്ഞകമന്റ്‌കേട്ടില്ല എന്നു നടിച്ച്‌സുരേന്ദ്രൻകാലുകൾ കവച്ചു വച്ചു മുന്നോട്ടു നീങ്ങി.

അല്ല, ഒഴുകി.

ലേഡീസ് ഹോസ്റ്റലിൽ എത്തിയപ്പോഴേക്കും സുരേന്ദ്രന്റെ ഹൃദയം ദ്രുതഗതിയിൽ സ്പന്ദിക്കുകയായിരുന്നു. ലീലയുടെ കയ്യിലേക്കു ബുക്കു കൊടുക്കുമ്പോൾ കൈ വിറച്ചു. ശരീരവും വിറച്ചു.

പെട്ടെന്നു ചോദിച്ചു പോയി. ' ലീലയെന്താരുന്നു ലീലേ എന്നോടു വരണമെന്നു പറഞ്ഞിട്ട് വരാഞ്ഞത്? '

' എവിടെ?'

' കോളേജിൽ. '

' ഞാനിന്ന് കോളേജിൽ വന്നല്ലോ. '

' എപ്പം?'

' രാവിലെ എട്ടര തൊട്ട് വൈകിട്ട് നാലര വരെ ഞാൻ കോളേജിൽ ഉണ്ടാരുന്നു.'

' അതല്ല. എനിക്കു തന്ന കത്തിൽ..........?'

' ഏതു കത്ത്?'

'എന്തിനാ ലീലേ എന്നെ പറ്റിക്കന്നേ? ഞാനതിനു മറുപടിയും ആ ബുക്കിൽ വച്ചിട്ടുണ്ട്.'സുരേന്ദ്രൻ ചിരിക്കാൻ ശ്രമിച്ചു. പക്ഷേ ചിരി വിളറിപ്പോയിരുന്നു.

ലീല ആ ബുക്കും കൊണ്ടു വേഗം മുറിയിലേക്കു നടന്നു.

ദ്രുതഗതിയിൽ പമ്പിങ്‌നടത്തുന്ന ഹൃദയത്തോടും അതിലും കൂടുതൽ ഫ്രീക്വൻസിയിൽ വിറയ്ക്കുന്ന ശരീരത്തോടും കൂടി സുരേന്ദ്രൻഅവിടെ നിന്നു.എന്തെല്ലാം ചിന്തകൾ അവന്റെ മനസ്സിൽ കൂടി പാഞ്ഞു കയറി കടന്നു പോയെന്ന് അവനു തന്നെ നിശ്ചയമില്ലായിരുന്നു.

പെൺകുട്ടികൾ മൂവരും പൊട്ടിച്ചിരിക്കുന്നത് അവൻ കേട്ടു

'എന്റെ എഴുത്തു വായിച്ചാകുമോ?ലീലമറ്റവരെക്കൂടി ആ എഴുത്തു കാണിച്ചോ?'അവനു വല്ലായ്മ അനുഭവപ്പെട്ടു. വിറയലിന്റെ വേഗമേറി.

അല്പനേരം കഴിഞ്ഞു ലീല ഇറങ്ങി വന്നു.

സുരേന്ദ്രൻപറയാൻപറ്റാത്തഅവസ്ഥയിലുമായി.ജാള്യവുംവിറയലുംമഞ്ഞളിപ്പും കുറ്റബോധവും എല്ലാമെല്ലാം അവനെ കീഴടക്കി.

അവന്റെ മനസ്സിൽ അപ്പോൾ ഒരു ചോദ്യംമുഴങ്ങിക്കേട്ടു.

'അവൾ എനിക്കു കത്തു തന്നില്ലേ?അപ്പോൾ അതിലിരുന്ന കത്ത്?'

അവൾ കത്തുമായി വന്ന് അവന്റെ മുമ്പിൽ ചിരിച്ചുകൊണ്ടു നിന്നു. അവൾ തന്നെ പരിഹസിച്ചു ചിരിക്കുന്നതായി അവനു തോന്നി. തന്റെ തൊലി മുഴുവൻ ഉരിഞ്ഞു പോകുന്നതായി അനുഭവപ്പെട്ടു. ശ്യാമയും മേരിയും എത്തി നോക്കുകയും ചെയ്യുന്നു.

ലീല പറഞ്ഞു. 'കത്തു വായിച്ചു. ഇനീം ഇങ്ങനെയൊന്നും തരരുത്. ഞാൻ ആർക്കും കത്തെഴുതിയിട്ടില്ല. '

സുരേന്ദ്രന് ഉറക്കെ ചോദിക്കണമെന്നു തോന്നി.

'നീയല്ലെങ്കിൽ നിന്റെ....?'

പക്ഷേ നാവ് ഇറങ്ങിപ്പോയിരുന്നു. ഉമിനീരു വറ്റിപ്പോയിരുന്നു. തൊണ്ട വരണ്ടുപോയിരുന്നു. ശരീരം മരവിച്ചു പോയിരുന്നു.

തല കുനിച്ചു പിടിച്ചുകാൽവിരലുകൊണ്ടു തറയിൽ വൃത്തം വരച്ചുനില്ക്കാനേ അപ്പോൾ അവനു സാധിച്ചുള്ളു.

ലീല തിരിച്ചു നടന്നു പോകുന്നത് അവനറിഞ്ഞു. എങ്കിലും നോക്കാൻ തോന്നിയില്ല.

പെൺകുട്ടികൾ പൊട്ടിച്ചിരിക്കുന്നതു സുരേന്ദ്രന്റെ കാതുകളിൽ വീണ്ടും വന്നടിച്ചു.

സുരേന്ദ്രൻ വിഷണ്ണനായി ഇറങ്ങി നടന്നു.

അപ്പോൾ പെൺകുട്ടികൾ പറയുന്നതു കേട്ടു.

'അയ്യോപാവംസുരേന്ദ്രൻ !''

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP