Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയാറാം ഭാഗം

റാഗിങ് ഇവിടെ: ജീ മലയിൽ എഴുതിയ നോവൽ ഇരുപത്തിയാറാം ഭാഗം

ജീ മലയിൽ

''മാഷ് ഇതെന്നു വാങ്ങി വച്ചു?''

ഹോസ്റ്റലിലെ മാഷിന്റെ മുറിയിൽഎത്തിയപ്പോൾ പെട്ടിയിൽ നിന്നും മാഷ് മേശപ്പുറത്തു എടുത്തു വച്ചറംകുപ്പിയിലേക്കൂനോക്കിചിരിച്ചുകൊണ്ട്‌ലൂയി ആരാഞ്ഞു.

''രണ്ടു ദിവസായി. കുടിക്കാനെക്കൊണ്ട് മൂഡു കിട്ടീല്ല.''

കുപ്പിയുടെ അടപ്പ് ലൂയി കടിച്ചെടുത്തു കളഞ്ഞു. ഒരു കവിൾ റം നേരേ വായിലേക്കു ഒഴിച്ചു കുടിച്ചിട്ട് കുപ്പി മാഷിന്റെ നേർക്കു നീട്ടി. മാഷ് വെള്ളം കുടിക്കുന്നതു പോലെ റം നിർത്താതെ വായിൽ ഒഴിച്ചു കുടിച്ചു. മാഷിന്റെ തൊണ്ടയുടെ ചലനം നോക്കി ലൂയി ഇരുന്നു.

കുപ്പി ലൂയിക്കു തിരിച്ചു കൊടുത്തിട്ടുമാഷ്പറഞ്ഞു.''നമ്മ്‌ടെ ഗുളികനെക്കൂടി കിട്ടിയാ കൊള്ളാര്ന്നു.''

കഞ്ചാവിന്റെ തരി മറന്നെങ്കിലും കാണാനുണ്ടോ എന്നു മാഷ്മുറിയാകെ സൂക്ഷ്മമായി പരിശോധിച്ചുനോക്കി. അലമാരിയിലും ബുക്കിനിടയിലും പെട്ടിയിലും മേശയുടെ വലിപ്പിലും മറ്റും മറ്റും.....എന്നിട്ടും ഒരു തരി പോലും കിട്ടിയില്ല.

''തീർന്നിട്ട് വാങ്ങി വെക്കാൻ പറ്റീല്ല. മത്തായി ചത്തേ പിന്നെ ഒന്നിനുംഒരുഷാറു തോന്ന്ണില്ല.''

''എന്താ മാഷേ, ഇങ്ങനെ?മത്തായി മരിച്ചേനെന്താ?മരണത്തെ തടുക്കാൻ ആർക്കും പറ്റില്ല. മരിച്ചവരെപ്പറ്റി ദുഃഖിച്ചിരുന്നാലെന്തു കിട്ടും? നമ്മളും ഒരിക്കെ ചാവും. പിന്നെ ..........''

മാഷ് മറുപടി ഒന്നും പറഞ്ഞില്ല. കുപ്പി കയ്യിലെടുത്തു രണ്ടു കവിൾ മദ്യം കൂടി കുടിച്ചു.

മാഷിന്റെ കണ്ണുകൾ കലങ്ങി മറിഞ്ഞു. അവ ഉള്ളിലേക്കു താണു പോയി.മാഷിന് വല്ലാത്ത പരവേശം അനുഭവപ്പെട്ടു.

''ഒരു സിഗററ്റ് കൊട്.'' മാഷ് ആവശ്യപ്പെട്ടു.

ലൂയി സിഗററ്റു പായ്ക്കറ്റ് മാഷിനു കൊടുത്തിട്ടു കുപ്പി തന്റെ വായിലേക്കു കമഴ്‌ത്തി.

''എന്നാലും ലൂയി, കഴിഞ്ഞ മാസം അവൻ നമ്മ്‌ടെ കൂടെണ്ടാര്ന്നു. ഇപ്പോ എന്ത്യേ?''

മാഷിനു പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിനു മുമ്പു സ്വരം പതറി. കണ്ണുകൾ നിറഞ്ഞൊഴുകി.ചുവന്നു പാറുന്ന കണ്ണുകളിൽ നിന്നും ഊറി വരുന്ന സ്‌നേഹത്തിന്റെ മുദ്രമണികൾ കണ്ടു ലൂയിക്ക് അതിശയം തോന്നി.

''മാഷേ, അത് നിർത്ത് മാഷേ. എന്താ ഇങ്ങനെയൊക്കെ.''

ലൂയി ഒരു സിഗററ്റിനു തീ കൊളുത്തി.

''മാഷ് ഒരു കാര്യം ചെയ്യ്. ഇവിടെ കിടക്ക്. ഞാൻ ഒരു സ്ഥലം വരെ പോയി വരട്ടെ.''

''എവിടെയാ ഞാനും വര്ണുണ്ട്.ഇവിടെ കിടന്നാ ശരിയാവില്ല.''

''ഞാനല്പം ത്രില്ലിനു പോവാ. കുറെ ദിവസം കൊണ്ടു വിചാരിക്കുവാ.''

''എന്ത്വാ ഇത്ര ത്രില്ല്?'' മാഷ് ആകാംക്ഷയോടെ തിരക്കി.

''പോകുമ്പോ സംസാരിക്കാം. എങ്കിമാഷ് വാ.''

അവർ വെളിയിലേക്ക് ഇറങ്ങുമ്പോൾ ഓരോ കവിൾ റം കൂടി അകത്താക്കി.

''അതെടുത്തോ മാഷേ. അതൂടി ഉണ്ടെങ്കി ഒരു ധൈര്യം കിട്ടും. അതു പോലെ ഒരു കാര്യത്തിനാ പോക്ക്.''

മാഷ് കുപ്പി എടുത്തു ലൂയിയുടെ നേർക്കു നീട്ടി. ലൂയി അതു വാങ്ങി മുണ്ടിനിടയിൽ തിരുകി വച്ചു. നടക്കുമ്പോൾ അവരുടെ പാദങ്ങൾ തറയിൽ ഉറച്ചിരുന്നില്ല. ഒരു തരം ഒഴുക്ക്. അവരറിയാതെയുള്ള ചലനം.

''എന്ത പരിപാടി?'' മാഷ് തിരക്കി.

''മാഷ് തിരിച്ചു പോവരുതു കേക്കുമ്പോ.'' ലൂയി ചിരിച്ചുകൊണ്ടു മാഷിന്റെ മുഖത്തേക്കു നോക്കി.

''ഇല്ല. പറ കേക്ക്‌ട്ടെ.''

''ശവപറമ്പിലേക്ക് പോകുവാണ്. മനുഷ്യന്റെ ഒരസ്ഥികൂടം വേണം. അല്പസ്വല്പം കാര്യമുണ്ട്''.

''ഓ അത്രെള്ളൊ.'' മാഷ് നിസ്സാരമായ ഒരു കാര്യം കേൾക്കുന്നതു പോലെഉരുവിട്ടു.

''കുറെ ദിവസം കൊണ്ടു വിചാരിക്കുവാ. ഇന്നു പോണമെന്ന് നേരത്തെ തീരുമാനിച്ചു. മാഷിന് പേടിയൊന്നും തോന്നുന്നില്ലല്ലോ?''

''എനിക്കൊ?'' മാഷ് ഒന്നു കുണുങ്ങി ചിരിക്കാൻ ശ്രമിച്ചു. പക്ഷേ ദുഃഖവും ലഹരിയും ആ ചിരി വികൃതമാക്കിക്കളഞ്ഞു.

അവർ അടുത്തുള്ള ഒരു ശവപ്പറമ്പിലെത്തി. മരിച്ചവരുടെ പ്രേതങ്ങൾ ഭൂമിക്കുള്ളിൽ വസിക്കുന്ന വിജനമായപറമ്പ്.ആയിരങ്ങളുടെ ശരീരങ്ങൾ മണ്ണിനോടു അലിഞ്ഞു ചേർന്ന ആ പറമ്പ് എത്ര മനുഷ്യശരീരങ്ങളെയും വിഴുങ്ങാൻ തയ്യാറായി പരന്നു കിടക്കുന്നു. അവിടേക്ക് എത്തി നോക്കാൻ കാറ്റിനോ ചന്ദ്രനോ ഭയമാണെന്നു തോന്നി.അങ്ങിങ്ങായി കുറ്റിക്കാടുകൾ പൊന്തി നില്ക്കുന്നു. ഇരുളിൽ അവ അവ്യക്തമായ നിഴലുകളായി മാത്രം കാണപ്പെട്ടു. വൃക്ഷമോ ലതയോ ഇല്ല.

ഘോരമായആ വിജനത അവരെ ഭയപ്പെടുത്തിയില്ല. അവർ ഒരു ശവക്കല്ലറയുടെ പുറത്ത് ഇരുന്നു.

ലൂയി ആ നിശ്ശബ്ദത തുടച്ചു മാറ്റി.''ഏതു മഹാപാപിയുടെ പൊറത്താണോ നമ്മൾ ഇരിക്കുന്നത്?''

അയാൾ മുണ്ടിനിടയിൽ നിന്നും കുപ്പി വലിച്ചെടുത്ത്അല്പം അകത്താക്കി.കുപ്പിമാഷിനു നീട്ടി. മാഷും കുടിച്ചു. അവർ ഇറങ്ങിയ ലഹരിയുടെ പടികൾ വീണ്ടും മുന്നോട്ടു ചവിട്ടിക്കയറി.

ലഹരിശരീരത്തെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞപ്പോൾ ലൂയി പറഞ്ഞു. ''ബാക്കി ഇവിടെ ഇരിക്കട്ടെ. അല്ലെങ്കി മാഷ് ഒരു കാര്യം ചെയ്യ്. പയ്യെ കുടിച്ചോണ്ടിരുന്നോ. ഞാൻ പോയി പരിപാടി തുടങ്ങട്ടെ.''

''എങ്ങനെ തുടങ്ങനാണ്?കൈകൊണ്ട് മാന്തിയെടുക്കനാണൊ?.''

''മാഷ് ഇവിടിരി മാഷേ. ഞാൻ അതൊക്കെ കൊണ്ടുവരാം.''

''വെണ്ട. ഞാനും വരാം. എങ്ങനെയാ മാന്തണതെന്നു പറ.'' ഉദ്വേഗപൂർവ്വം മാഷ് തിരക്കി.

''ഞാൻ ഇന്നലെയേ മൺവെട്ടി ഇവിടെ കൊണ്ടു വന്നു വച്ചിട്ടുണ്ടു മാഷേ. ഇന്നലെ മാന്താനുള്ള മൂഡ് കിട്ടിയില്ല. അതിനാ ഇന്ന് അല്പം അകത്താക്കി വന്നത്.''

''ശരി മമ്മട്ടിയെടുത്ത്വാ. ഞാനും സഹായിക്കാം.''

മാഷും ലൂയിയും കല്ലറയുടെ പുറത്തു നിന്നും വേച്ചു വേച്ച് എഴുന്നേറ്റു.കുപ്പി ആരോരുമില്ലാത്ത ശവകൂടീരത്തിനു പുറത്തു നിലയുറപ്പിച്ചു.

ലൂയി ഒരു കുറ്റിക്കാട്ടിലേക്കു കയറിമൺവെട്ടിയെടുത്തുകൊണ്ടു വന്നു. അവർ ആ ശവപ്പറമ്പിൽ അങ്ങുമിങ്ങും നടന്നു തുടങ്ങി.

''എവിടെ കുഴിച്ചാ പുരുവത്തിനുള്ളതു കിട്ടും മാഷേ?''

''മണ്ണുന്തി നില്ക്കുന്നിടം നോക്കിക്കൊ.''

അവർ നടക്കുമ്പോൾ മണ്ണിൽ എന്തോ മാന്തിപ്പറിക്കുന്ന നേരിയ ശബ്ദം നിശ്ശബ്ദതയെ ഭഞ്ജിച്ചുകൊണ്ടിരുന്നു.

''എന്ത ഒരു ശബ്ദം?''

''പ്രേതമാരിക്കും. നമ്മളെ വിഴുങ്ങാൻ.''

''നമ്മ്‌ള്‌യൊ?'' മാഷ് പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ അലകൾ ഇരുളിൽ മുഴങ്ങിക്കേട്ടു.

''ഒച്ചവെയ്ക്കാതെ മാഷേ.ആൾക്കാർ വരും.''

''ഇവിടെവ്‌ടെയാ ലൂയി ആൾക്കാർ. അടുത്തെങ്ങും ഒറ്റ വീടു പോലൂല്ല. മരിച്ച ശവങ്ങൾ എഴുന്നെറ്റു വന്നാലുണ്ട്.''

അവർ വീണ്ടും മൗനികളായി.

''ഇപ്പോൾ ആ അനക്കമില്ലല്ലോ മാഷേ.''

''നമ്മ്‌ളാണ് വന്നതെന്ന് പ്രേതത്തിന് മനസ്സിലായിക്കാണും.'' മാഷ് കുണുങ്ങിച്ചിരിച്ചു. ചിരിയുടെ അലകൾ ശവക്കല്ലറകളിൽ തട്ടിയെങ്കിലും പ്രതിധ്വനിയുണ്ടാക്കിയില്ല.

''ദാ ഇവിടെ മാന്താം.''ഇരുളിൽ അവ്യക്തമായി കണ്ടഉന്തി നില്ക്കുന്ന മൺകൂമ്പാരത്തിന്അരികിൽ ലൂയി നിന്നു.

''ശരി തുടങ്ങിക്കൊ.''

ലൂയി മൺവെട്ടികൊണ്ട് ആ കൂമ്പാരത്തിനു മുകളിൽ ആഞ്ഞു വെട്ടി. മണ്ണു വലിച്ചു പുറകിലേക്കു തള്ളിക്കളഞ്ഞു.

''ഞാനിവ്‌ടെ കിടക്കാം.''

ലഹരിയുമായി സല്ലപിച്ചുകൊണ്ട്മാഷ് ആ പച്ചപ്പുല്ലുകൾക്കു മുകളിൽ മലർന്നു കിടന്നു.

''എന്താ മാഷ് പറഞ്ഞത്?'' ലൂയി തന്റെ പ്രവൃത്തി നിർത്തിയിട്ട് അണച്ചുകൊണ്ടു ചോദിച്ചു.

''ഞാനീടെ കിടക്വാണെന്ന്. കുഴപ്പുമ്പോ വിളിച്ചാ മതി.ട്ടോ?''

''ശരി.''

ലൂയി വീണ്ടും ആഞ്ഞു വെട്ടി. മൺതരികളെ വെട്ടിപ്പൊടിച്ചുകൊണ്ടു മൂർച്ചയേറിയ മൺവെട്ടിഭൂമിയെ നൊമ്പരപ്പെടുത്തി. ഭൂമിയുടെ രോദനം ആ അന്തരീക്ഷത്തിൽ മുഴങ്ങികേട്ടു.

ക്ഷീണിച്ചപ്പോൾ ലൂയി അവിടെ ഇരുന്ന് ശ്വാസം ആഞ്ഞു വലിച്ചു കയറ്റി.

''മാഷേ, ആ കുപ്പിയിങ്ങ് എടുത്തുകൊണ്ടു വരാമോ?'' ലൂയി അണച്ചുകൊണ്ടു ചോദിച്ചു.

മാഷ് എഴുന്നേറ്റു ചെന്ന് ശവക്കല്ലറയുടെ മുകളിൽ ഇരുന്ന കുപ്പി എടുത്തുകൊണ്ടു വന്ന് പഴയ സ്ഥാനത്ത് ഇരുന്നു. ലൂയി കുപ്പി വാങ്ങി ലഹരി അടിച്ചു കയറ്റി. തൊണ്ടയിൽ നിന്നുംഒരുശബ്ദം പുറത്തേക്ക് ആഞ്ഞു പ്രവഹിച്ചു. മാഷ് വീണ്ടും അവിടെകിടന്നു.

അല്പനേരം കഴിഞ്ഞപ്പോൾ മണ്ണിൽ എന്തോ മാന്തുന്ന ആ പഴയ ശബ്ദംവീണ്ടും.

''മാഷേ, പഴയ ശബ്ദം കേൾക്കുന്നുണ്ടല്ലോ.''

''ആര്ടാ ത്?''ഒരലർച്ച.ശബ്ദം നിലച്ചു.

''നമ്മ്‌ളെപ്പോലെ ആരെങ്കിലും മാന്താൻ വന്നതാവും.''

ലൂയി വീണ്ടും എഴുന്നേറ്റ്ആഞ്ഞു വെട്ടിത്തുടങ്ങി.മണ്ണ് ഇളകി മറിഞ്ഞു.കുഴി താണു താണു പൊയ്‌ക്കൊണ്ടിരുന്നു. മണ്ണിന് നനവേറി വന്നു.

''അടുക്കാറായെന്നു തോന്നുന്നു.'' ലൂയി തൂമ്പാപ്രയോഗം നിർത്തിയിട്ടു അണച്ചുകൊണ്ടു പറഞ്ഞു. ''ഇനിയും കൈകൊണ്ട് മണ്ണ് വാരി നോക്കട്ടെ.''

ലൂയി കൈകൾ മണ്ണിലിട്ട് ആഞ്ഞു വലിച്ചു. കൈ നിറയെ തണുപ്പുള്ള ആർദ്രമായ കുഴഞ്ഞ മണ്ണ് ഇളകി വന്നു. അല്പനേരം ആ പ്രവൃത്തി തുടർന്നപ്പോൾ മണ്ണിനു വഴുവഴുപ്പു കൂടി. കൈ മുഴുവൻ വഴുവഴുത്തതെന്തോ പറ്റിയ മാതിരി ഒരു തോന്നൽ.

ലൂയി അതു മണപ്പിച്ചു നോക്കി. വല്ലാത്ത ദുർഗ്ഗന്ധം. അഴുകിയളിഞ്ഞ മാംസത്തിന്റെ അവിഞ്ഞ ഗന്ധം.

ലൂയി നീട്ടിത്തുപ്പി. ''മാഷേ, പിശകായി. ഇത് അധികം പഴക്കമില്ലാത്ത ശവമാ. മാംസം മുഴുവൻ അഴുകിക്കഴിഞ്ഞില്ല.''

മാഷ് എഴുന്നേറ്റിരുന്നു. ''ശരിയാ, വല്ലാത്ത ദുർഗ്ഗന്ധം. ഒരു കാര്യം ചെയ്യ്. അതവിടെ കിട്ക്കട്ടെ. നമുക്കു മറ്റു വല്ലതും തെര്‌യാം.''

മാഷ് കുപ്പിയുമായി എഴുന്നേറ്റു.

ലൂയി കൈകൾ പുല്ലുകളിൽ അമർത്തി തുടച്ചിട്ട് എഴുന്നേറ്റു വന്നു കുപ്പി വാങ്ങി. അല്പംദ്രാവകം കൂടി അകത്താക്കി. അവർ ആ പറമ്പിലൂടെ നടക്കാൻ തുടങ്ങി.

വീണ്ടും പഴയ ശബ്ദം കേട്ടപ്പോൾ അണച്ചുകൊണ്ടു ലൂയി പറഞ്ഞു. ''പഴയ ശബ്ദം.''

''ഇപ്രാവശ്യം അതെന്താണെന്നറിഞ്ഞിട്ടൂന്നെ കാര്യം.'' മാഷ് ഉരുവിട്ടു.

ശബ്ദം കേട്ട ഭാഗത്തേക്ക് അവർ മെല്ലെ നടന്നു. ശബ്ദത്തിന്റെ കനമേറി വന്നു.

അവരുടെ പാദചലനങ്ങൾ കേട്ടാകാം ശബ്ദം പെട്ടെന്നു നിലച്ചു. അവർ ശബ്ദത്തിന്റെ ഉറവിടസ്ഥാനത്തേക്കു സൂക്ഷിച്ചു നോക്കി.

കുറ്റിക്കാടുകൾ പൊന്തി നില്ക്കുന്നതു മാത്രം അവ്യക്തമായി കാണപ്പെട്ടു. അതിലൂടെ മറ്റൊന്നും വ്യക്തമായി കാണാൻ സാധിക്കുന്നില്ല. ഇരുളിന്റെ അപാരത ദൂരേക്കു വ്യാപിച്ചു കിടക്കുന്നു.

കാലുകൾ പയ്യെ മുമ്പോട്ടു വച്ചുനീങ്ങിയപ്പോൾ എന്തോ ഒന്നു ചാടുന്നതായി മാഷിനു തോന്നി.അതു കുറ്റിക്കാട്ടിലേക്കു വലിഞ്ഞു കയറി ഓടുന്ന ശബ്ദം.

''പട്ടിയാ.'' ലൂയി പട്ടി ഓടുന്നതു കണ്ടു പൊട്ടിച്ചിരിച്ചു.

''നമ്മൾ ചെയ്യ്ണ അതേ ജോലി പട്ടിയും ചെയ്യ്ണു.'' മാഷ് പറഞ്ഞു. ''നമ്മക്ക് മനുഷ്യന്റെ അസ്ഥികൂടം വേണം. പട്ടിക്ക് മനുഷ്യന്റെ മാംസവും.''

''മനുഷ്യൻ ജീവിച്ചിരിക്കുമ്പോ പട്ടിയെ ഉപദ്രവിക്കുന്നതിന് പട്ടി പ്രതികാരം ചെയ്യുന്നതിങ്ങനെയാ. അവന്റെ മാംസം കടിച്ചു മുറിച്ചു തിന്ന് പട്ടി ദേഷ്യവും വാശിയും വിശപ്പുമടക്കും.''

''ശരിയാ. അതണ് ലോകം. കൊടക്കണ കൈയ്ക്ക് തിരിച്ചു കടിക്കണ നായ്ക്കളാണ് ഈ ലോകം മുഴുവൻ. പിന്നെ ഇ നായെ മാത്രം എന്തിന് കുറ്റം പറയ്ണു?''

ലൂയി മറുപടി ഒന്നും പറഞ്ഞില്ല. അവർ നടത്തം നിർത്തി. മുമ്പിൽ കുഴഞ്ഞ മണ്ണു മാറിക്കിടക്കുന്നത് അവ്യക്തമായി കണ്ടു.

''ഇവിടെ അടുത്ത ദിവസമെങ്ങാനും ആരെയെങ്കിലും മറവു ചെയ്തിട്ടുണ്ട്.മണ്ണിന്റെ നനവൊന്നും മാറിയിട്ടേയില്ല.'

''ഇവിടെയാ പട്ടി മാന്തിയെ.'' മാഷ് ഇരുന്നുകൊണ്ടു പുല്ലു വളരാത്ത ആ മണ്ണിലേക്ക് ഉറ്റു നോക്കി.

''ഹേ! മനുഷ്യാ, ജീവിച്ചിരുന്നപ്പൊ നിന്നെ ചൂഷണം ചെയ്യാൻ എത്രയോ മനുഷ്യരുണ്ടാര്ന്നു. മരിച്ചു കഴിഞ്ഞപ്പൊ നിന്നെ ഈ വിജനമായ പറമ്പിൽ പട്ടിക്ക് തിന്നാൻ ഇട്ടു കൊടുത്തിരിക്ക്ണു, അവർ.'' മാഷ് ഉരുവിട്ടു.

''മാഷിന് മത്തായിയുടെ വാക്കുകൾ വരുന്നുണ്ടല്ലോ.''

''ഓ! മത്തായി.'' മാഷ് അറിയാതെ പറഞ്ഞു പോയി. ''അവനും ഇപ്പോ അഴുകി ദ്രവിച്ചു കാണും. അല്ലെ?ഉറുമ്പുംപുഴുവും അവനെ മുഴുവൻ തിന്നിട്ടുമുണ്ടാവും.അവയ്‌ക്കെങ്കിലുംനാം ഭക്ഷണമാകുല്ലോ.അത്രെങ്കിലും ഉപകാരം നമ്മളെക്കൊണ്ട് സാധിക്കുല്ലൊ. ജീവിച്ചിരിക്കുമ്പൊഴൊ ആർക്കും ഉപകാരം ചെയ്യാൻ നമ്മളെക്കൊണ്ട് പറ്റിട്ടില്ല. പറ്റുവെമില്ല. നാമും ഒരു ദിവസം ഇതു പോലെ മണ്ണിനടിയിൽ അഴുകിക്കിടക്കും. നമ്മെയും ആർക്കും വേണ്ടാണ്ടു കരിച്ചു കളയുവൊ കുഴിച്ചിടുവൊ ചെയ്യും. അല്ലെ, ലൂയി?''

കുപ്പിയിലെ ദ്രാവകം അവർ വീണ്ടും വിഴുങ്ങി.

''ഇന്നും പരിപാടി നടക്കുമെന്നു തോന്നുന്നില്ല മാഷേ. കുഴപ്പി.''

''ലൂയി കുഴപ്പിയൊ? എങ്കിൽ തൂമ്പാ കൊട്.ഞാൻ വെട്ടാം.''

അവർ വീണ്ടും അസ്ഥികൂടം തേടി പറമ്പിൽ നടന്നു. പുല്ലു കിളിർത്തു നില്ക്കുന്ന മണ്ണുന്തിയ ഭാഗം തെരഞ്ഞു പിടിച്ച് മാഷ് ആഞ്ഞു വെട്ടിത്തുടങ്ങി.

നിമിഷങ്ങൾ ഉരുണ്ടു കൂടിയപ്പോൾ, ഭൂമിയിൽ മണ്ണിനു സ്ഥാനഭ്രംശം നേരിട്ടപ്പോൾ, മാഷിന്റെ കരങ്ങൾക്കുള്ളിൽ ഞെരിഞ്ഞമർന്നുകൊണ്ടു തൂമ്പ ആഞ്ഞു ചലിച്ചപ്പോൾ, മണ്ണിനിടയിൽ കൂടി വെളുത്ത, തിളങ്ങുന്നഒരു ചെറിയ എല്ലിൻകഷണം മാഷ് കണ്ടു.

''ആയിപ്പൊയി.''

മാഷ് ആ കഷണം എടുത്തു നോക്കി.

''ഒരെല്ല്.''

ക്ഷീണം തീർക്കാനിരുന്ന സ്ഥലത്തു നിന്നും ലൂയി ചാടി എഴുന്നേറ്റു ചെന്നു. ''ഇനിയും ഞാൻ വെട്ടാം മാഷേ. എല്ലു പൊടിഞ്ഞു പോയാൽ നമ്മൾ കഷ്ടപ്പെട്ടതിനു ഗുണമുണ്ടാവില്ല.''

മാഷ് തൂമ്പ ലൂയിയുടെ കയ്യിലേക്കു വച്ചു കൊടുത്തു. ലൂയി കൈകൾ കൊണ്ടു മണ്ണു വലിച്ചു നീക്കിത്തുടങ്ങി. വെളുത്ത എല്ലിൻ ഭാഗങ്ങൾ മണ്ണിനിടയിലൂടെ പ്രത്യക്ഷപ്പെട്ടു തുടങ്ങി. വീണ്ടും മണ്ണിളകി മാറി.

ഒരസ്ഥികൂടം.

എന്നോ എവിടെയോ ജനിച്ച്, ജീവിച്ച്, മരിച്ച്, ദ്രവിച്ച ഒരു മനുഷ്യന്റെ അസ്ഥികൂടം.

മാഷും ലൂയിയെ സഹായിച്ചു. അവർ മണ്ണ് കൈകൾ കൊണ്ടു മാന്തി അസ്ഥികൂടം വെളിയിലെടുത്തു. എത്ര ശ്രമിച്ചിട്ടും തലയോടും കൈകളുടെയും കാലുകളുടെയും അസ്ഥികളും ബാക്കി ഭാഗത്തു നിന്നും വേർപെട്ടിരുന്നു.

അവർ അസ്ഥികൂടം എടുത്തു മണ്ണു തുടച്ച് പുൽമെത്തയിൽ കിടത്തി. എന്നിട്ടു കുപ്പിയിൽ അവശേഷിച്ച ദ്രാവകം രണ്ടു പേരും കൂടി കുടിച്ചു തീർത്തു. ലൂയി കുപ്പിയെടുത്തു ലക്ഷ്യമില്ലാതെ മുകളിലേക്ക് എറിഞ്ഞു. കുപ്പി ചീറിക്കൊണ്ടു പാഞ്ഞു പോയി. അതു ഒരു ശവക്കല്ലറയുടെ പുറത്തു വീണു പൊട്ടിച്ചിതറുന്ന ശബ്ദം ആ നിശ്ശബ്ദമായ അന്തരീക്ഷത്തിൽ ലയിച്ചു ചേർന്നു.

അവർ കുഴഞ്ഞ കാലുകളോടും ക്ഷീണിച്ച കരങ്ങളോടും കൂടി മെല്ലെ എഴുന്നേറ്റു. അസ്ഥികൂടം താങ്ങിപ്പിടിച്ചുകൊണ്ട് അവർ ആടിയാടി നടന്നു. മൺവെട്ടി അപ്പോഴും ആ കുഴിയിൽ കിടക്കുന്നുണ്ടായിരുന്നു.

അവർ ആദ്യം കുഴിച്ച ഭാഗത്തെത്തിയപ്പോൾ ഏതോ ജന്തു നക്കുന്ന ശബ്ദം കേട്ടു. കറുത്ത ഒരു പട്ടി ആ കുഴിയിലിറങ്ങി നിന്ന് അഴുകിയ ശവം നക്കിത്തിന്നുന്നു. അവർ പട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കാതെ റോഡു ലക്ഷ്യമാക്കി നടന്നു.

''ഒരു മനുഷ്യൻ മരിച്ചു കഴിഞ്ഞാലെങ്കിലും ഒരു ജീവിക്കു ഭക്ഷണമാകുങ്കിൽ അതെത്രയോ നല്ലാണ്.'' മാഷ് ആരോടെന്നില്ലാതെ മന്ത്രിച്ചു.

(തുടരും.........)

(സന്ദർശിക്കുക: Writer's facebook page: www.facebook.com/geemalayil)

(അറിയിപ്പ്: ഈ നോവലിലെ കഥാപാത്രങ്ങൾ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി യാതൊരു സാമ്യവും ഇല്ല. ഏതു തരത്തിലുള്ള ലഹരി പദാർത്ഥങ്ങളും കഞ്ചാവും മദ്യവും ഉൾപ്പെടെ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും ആയുസ്സിനും ഹാനികരമാണ്. നിയമവിരുദ്ധമായവ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്. അതിനാൽ അവ ഒഴിവാക്കണമെന്നാണ് എഴുത്തുകാരന്റെ അഭിപ്രായം.)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP